2015 ഡിസംബർ 28, തിങ്കളാഴ്‌ച

ദൈവത്തെ തേടുന്നവർ.







തെരുവിൽ ഉറങ്ങുന്നുണ്ടൊരമ്മ
ഇരുപുറവും 
ചാവാലി നായ്ക്കളുടെ സംരക്ഷണയോടെ   
തെരുവ് മക്കളുടെ സ്വപ്നങ്ങളത്രയും 
തലയിണയാക്കിചമച്ചുക്കൊണ്ട്..

കൊട്ടാര സദൃശമായ കെട്ടിടത്തിൽ 
കെട്ടിലമ്മയെപ്പൊലെ മറ്റൊരമ്മ 
ആട്ടവും പാട്ടും , ഉപദേശങ്ങളുമായി 
ദൈവത്തിലേക്കുള്ള വഴി നടക്കുന്നു 

ജനങ്ങളായ ജനങ്ങളും 
ജനപ്രതിനിധികളും
പാട്ട് കേട്ട കെട്ടിടത്തിലേക്ക് 
മുട്ടിലിഴഞ്ഞു പോകുന്നു....

തെരുവിലെ അമ്മയുടെ 
കയ്യിലുണ്ടൊരുണ്ണി
ആരോ പെറ്റിട്ടു പോയ
ജാര സന്തതിയാകാം 

തെരുവിലെ അമ്മയൊരു  
താരാട്ട് പാട്ടാകുമ്പോൾ  
ഉണ്ണിയുടെ പാൽ ചുണ്ടിൽ വിരിഞ്ഞു നില്ക്കുന്നു 
കൊട്ടാരക്കെട്ടിലെ അമ്മതേടുന്ന 
നഗ്നനായ ദൈവം.


-ശശി കാട്ടൂർ 

2015 ഡിസംബർ 22, ചൊവ്വാഴ്ച

എന്റെ വാക്ക്




മിണ്ടാതിരിക്കാൻ വയ്യെനിക്കിനിയുമീ 
പണ്ടാരക്കാലന്മാർ അരങ്ങു വാണീടവേ 
വേണ്ടാ,യെനിക്കിനി ജാതി തന്നടയാള 
ചന്തങ്ങൾ,
കുന്തങ്ങളായെന്റെ നെഞ്ചു നീറ്റുമ്പോൾ..

സംഘർഷഭരിതമായീടുന്നു ഭൂതലം 
സംഘങ്ങളായീ മതങ്ങൾ മാറീടവേ   
ഒരിറ്റു വെള്ളത്തിനും തുണ്ടുറൊട്ടിക്കും  
കരിഞ്ഞു വാടീടുന്നു കുഞ്ഞുങ്ങൾ, മത- 
ഭ്രാന്തർ ഭരിക്കു-
മിടങ്ങളിലൊക്കെയും...
നഗ്നനാണ് രാജാവെന്നു പറയുവോന്റെ 
നാക്ക് പിഴുതെടുക്കുവാനെത്തുന്നു 
ആയുധധാരികൾ, 
തന്താങ്ങൾ ധരിക്കുന്നതു ശരിയെന്നു
ശടിക്കുന്ന മടയന്മാർ.....
ഒന്നായി പുലരുന്ന ജനതയെ, തമ്മിൽ പിണക്കി  
കാര്യം നേടുന്ന മാനവ വൈരികൾ, 
കാലത്തിനോട് കലഹിച്ചു 
നേടിയെടുത്ത നന്മകൾ തകർക്കും 
കാലന്മാർ .
മനുഷ്യരോടല്ല,
പ്രകൃതിയോടല്ല, കടപ്പാടിവർക്ക് 
പാഷാണ ഭാഷണം കൊ-
ണ്ടേഷണി കൂട്ടി 
ശാന്ത ജീവിതം തകിടം മറിക്കും 
ആന്ത്യ വർണ്ണങ്ങളോടത്രേ... 

ആട്ടിയോടിക്കുക ദൂരേക്ക്‌, ദൂരേക്ക്‌..
ആട്ടിയോടിക്കുകീ ദുരാത്മാക്കളെ 
മനുഷ്യ ജാതിയൊന്നായ് വാഴുമീ
മണ്ണിൽ നിന്നെന്നേക്കുമെന്നെക്കും.

-ശശി കാട്ടൂർ 

2015 ജൂൺ 15, തിങ്കളാഴ്‌ച

ഭാഷയില്ലാത്തവന്റെ യാത്രാമൊഴികൾ






നിന്റെ വിയർപ്പിന്റെ ഗന്ധം 
എനിക്കെത്ര ആസ്വാദ്യകര-
മായിരുന്നെന്നോ...
രാവേറെ വൈകിയാലും 
നീ നടന്നു തീർത്ത ഗന്ധങ്ങളോരോന്നും 
എന്നിലേക്ക്‌ അഴിച്ചടുക്കുമ്പോൾ 
തീർത്തും, ഉന്മാദം കൊള്ളു-
മായിരുന്നു ഞാൻ.
  
തിരികെയുള്ള നിന്റെ പോക്കുണ്ടല്ലോ 
ശരിക്കും സങ്കടം തന്നെയാണ് കേട്ടോ.... 
നീ പോകുന്നതോടെ
എവിടെയെങ്കിലും  എന്നെ  
കൊണ്ട് കളയുമോ....? അതോ
മറ്റാർക്കെങ്കിലും കൈമാറുമോ 
നിങ്ങൾ മനുഷ്യർക്ക്‌ 
ഉപയോഗം കഴിഞ്ഞാൽ 
കളയേണ്ട വസ്തുക്കൾ മാത്രമല്ലേ, ഞങ്ങൾ...!
നിങ്ങളുടെ ഭാഷയും വിരുതും  
വശമുണ്ടായിരുന്നെങ്കിൽ 
നിന്റെ അടിവസ്ത്രങ്ങളൊക്കെയും 
കാമാതുരനായ ഒരുവനെപ്പോലെ 
നിശ്ശബ്ദം ഒളിപ്പിച്ചു വെച്ചേനെ, 
നിന്റെ ഗന്ധത്തിലലിഞ്ഞ് 
ഒരിക്കലും വേർപിരിയാൻ 
കഴിയാത്ത വിധത്തിൽ. 


-ശശി കാട്ടൂർ 

2015 ജൂൺ 3, ബുധനാഴ്‌ച

പ്രളയ ശേഷം




നിനച്ചിരിക്കാതെയാണ് 
പേമാരി വന്നത്.
അത്,
ഒരു പ്രളയത്തിന്റെ തുടക്കമായിരുന്നു  
സർവ്വവും നശിച്ചിരിക്കുന്നു 
മണ്ണും, മലയും, മരങ്ങളും 
മനുഷ്യനും മൃഗങ്ങളും, പക്ഷികളും 
എല്ലാം..എല്ലാം.....

ഓർമ്മ വരുമ്പോൾ.
ചു റ്റും ശൂന്യത, 
ജഡങ്ങൾ...
അരിച്ചെത്തുന്ന കാറ്റിനു പോലും നിശബ്ദത 

തിരകൾ വന്ന്   
കരക്കുപേക്ഷിച്ച പോലെ, 
അയാൾ  മാത്രം

എത്ര ദിവസം കിടന്നെന്നറിയില്ല...
ജീവന്റെ  ചൂടൊന്ന് 
കാതിൽ മുട്ടിയപ്പോഴാണ് 
ഉണർന്നതെന്ന് തോന്നുന്നു.

അയാൾ കണ്ടു 
ഒരു സ്ത്രീയെ, അവൾ 
പൂർണ്ണ നഗ്നയായിരുന്നു 
നാണത്തോടെ 
സ്വയമേ നോക്കിയപ്പോഴാണ്  
താനും നഗ്നനാണല്ലോ 
എന്നറിഞ്ഞത്. 

അവൾ.. 
ഓർമ്മയിൽ തെളിയുന്നുണ്ട് 
പേരും ഊരും വീടും..
അവളൊരു ,
മുസ്ലീം ആയിരുന്നില്ലേ....
താൻ,  ആഡ്യനായ ഒരു ഹിന്ദുവും.

"എല്ലാം നശിച്ചിരിക്കുന്നു 
നാടും, വീടും 
മാതാപിതാക്കളും, കുട്ടികളും..."
രണ്ടു പേരും പറഞ്ഞത്‌ 
ഒരേ സമയത്തായിരുന്നു....
" എല്ലാം നശിച്ചിരിക്കുന്നു "
എന്റെ ജാതിയും, നിന്റെ ജാതിയും. 
നോക്കു, 
നമ്മൾ ഇപ്പോൾ നഗ്നരാണ്..
നഗ്നരായ മനുഷ്യർ. 
സ്ത്രീയും പുരുഷനും എന്ന ഭേദം മാത്രം "

അയാൾ അവളിലേക്കും 
അവൾ അയാളിലേക്കും ചാഞ്ഞു.
പ്രപഞ്ചം 
പുനർന്നിർമ്മിതിയിൽ എർപ്പെട്ടു.


-ശശി കാട്ടൂർ 

2015 മേയ് 28, വ്യാഴാഴ്‌ച

കാവലാൾ




കണ്ണടക്കാതിരിക്കുന്നു ഞാനെപ്പോഴും.
പരുന്തായ് വന്നു കൊത്തി പറന്നാലോ 
കാതുകൾ കൂർപ്പിച്ചിരിക്കുന്നു, നിശബ്ദത
 ശബ്ദമില്ലാതെ വന്നെടുത്തു പോയാലോ 

കുന്നുകൾ വന്നെപ്പൊഴാണോ 
പുഴയെ  പുതപ്പിക്കുകയും  പുക-
കുഴലുകളും യന്ത്രങ്ങളും കൊണ്ട്
പുഴുക്കളെ, പൂക്കളെ, പക്ഷിമൃഗങ്ങളെ 
കഴുകിക്കളയുന്നതെന്നുമറിയില്ല...
  
കാൽപ്പാദങ്ങളാ പുഴയിലുറപ്പിച്ചും 
കത്തും കണ്ണുകൾ കുന്നിൻ മുകളേറ്റി 
കുത്തി നിവർത്തി  വെച്ചതിനാ-
ലൊട്ടുമുറക്കം വരില്ലെന്ന നേരിലും..

എന്റെ നേരെ തൊടുക്കുവാനുള്ള 
അസ്ത്രങ്ങളത്രയും അണിയറയിൽ 
തയ്യാറാവുന്നുണ്ടെന്നറിവോടെ തന്നെ 
കണ്ണടക്കാതിരിക്കുന്നു ഞാനെപ്പൊഴും.
കണ്ണടക്കാതിരിക്കുന്നു ഞാനെപ്പൊഴും.


-ശശി കാട്ടൂർ 

2015 മേയ് 14, വ്യാഴാഴ്‌ച

തിരസ്കൃതകാലം




പൂക്കാറില്ല, 
നാളുകളേറെയായി 
വരാറില്ല 
ഈ വഴിയെ, 
ഒരു കിളിയും. 
സാന്ത്വനത്തിന്റെ തലോടലുമായി 
ഒരു 
ചെറു കാറ്റ് പോലും...!

പാദങ്ങളിലൂടെ 
തുടിച്ചു കേറി    
ഉടലിലാകെ നിറഞ്ഞു തൂവിയിരുന്ന 
പാദസരക്കാരി 
പാതാളത്തിലേക്കെങ്ങൊ 
വീണുപോയിരിക്കുന്നു 

ഈർപ്പം വറ്റിയ കാഴ്ചയും  
ധാർഷ്ട്യമേറിയ ഒച്ചകളും  
മാത്രമാണ്
അന്തിയാവും വരെയുള്ള, 
സാന്നിദ്ധ്യം.  

ചേലും ചൂരും നിറഞ്ഞ്  
പൂത്തു പൂത്തു നിന്നിരുന്ന 
പോയ കാലങ്ങളോർത്ത്‌ 
ഊർദ്ധ്വം വലിക്കലാണ് 
ഒരേയൊരു 
ജോലി. 

-ശശി കാട്ടൂർ.

2015 മേയ് 10, ഞായറാഴ്‌ച

ഭൂമി കുലുങ്ങുമ്പോൾ




ഓർമ്മയുണ്ടോ സാറേ 
ഈ മുഖം 

മിനുമിനുത്ത വലിയ കാറിൽ 
സാറിരിക്കുമ്പോൾ, വഴിവക്കിൽ 
റോസാപ്പൂവൊന്നു നീട്ടി 
വേണോന്നു ചോദിച്ചത്...
ഓർമ്മയുണ്ടോ സാറേ..

ഓർമ്മയില്ലായിരിക്കും 
സാറെന്നെ, യന്ന് ശരിക്കൊന്നു 
നോക്കിയില്ലല്ലോ..

സാറേ...
ആ പൂക്കളത്രയും വിറ്റിട്ട് വേണായിരുന്നു 
എന്റെ താഴെയുള്ളതുങ്ങൾക്ക് 
കഴിക്കാൻ വല്ലതും വാങ്ങിക്കൊടുക്കാൻ 

എന്ത് ചെയ്യാം...വണ്ടിയുടെ 
ചില്ല് താഴ്ത്താൻപ്പോലും  
ഏവർക്കും  മടിയായിരുന്നു 
വണ്ടിക്കകത്തെ കുളിര് 
പറന്നു പോയെങ്കിലോ...?

ഒർമ്മയിലില്ലാ സാറെ, എ-
ന്നമ്മയെയോ അച്ഛനെയോ... 
കുളിരു പുതച്ചുറങ്ങുവാനൊരു 
കൊച്ചു വീടിനെയോ...

കരയരുത്, സാറെ- 
ഒന്ന് ചോദിക്കട്ടെ 
ഉടഞ്ഞു കിടക്കുമീ കൂറ്റൻ 
കെട്ടിടമായിരുന്നോ സാറിന്റെ വീട്...?

ആയിരിക്കും ...അല്ലെ..
ആയിരിക്കും 

കോണ്‍ക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ 
തകർന്നു കിടക്കുന്ന 
ആ കാറിലല്ലേ, ഞാനന്ന് 
സാറിനെ കണ്ടത്.


-ശശി കാട്ടൂർ 

2015 ഏപ്രിൽ 29, ബുധനാഴ്‌ച

വർത്തമാനത്തിലെ വഴികൾ





നടക്കുക 
നോക്കരുത് പിന്നിലേക്ക്‌ നിങ്ങൾ  
പിന്നിലുണ്ട് ചരിത്രങ്ങൾ... 
എത്രയൊക്കെ മൂടിവെച്ചാലും 
കുറിക്കു കൊള്ളുന്ന സത്യങ്ങളായി 
നിങ്ങളെ, യവ വിളിച്ചെന്നിരിക്കും 
ഗതി മുടക്കിയെന്നിരിക്കും  

അറിവല്ല, ആയുധം  
നെഞ്ചളവും കൈക്കരുത്തും  
കാഴ്ചയിൽ പച്ചയും 
കർമ്മത്തിൽ കത്തിയും 
എന്നതത്രേ, യി-  
ക്കാലത്തിൻ പ്രമാണം.

വെളുക്കുന്നതിനു മുൻപൊ,രുവൻ  
തൂറിയിട്ടുപോയ മന്ത്രങ്ങളാണ് 
അധികാരത്തിലേക്കുള്ളോരെളുപ്പ വഴി
അത് മുറുകെ പിടിക്കണം, നടക്കണം.
അവസരങ്ങൾക്കൊത്തു 
വേഷഭൂഷാദികൾ മാറ്റണം
വർണ്ണങ്ങൾ നോക്കി 
വരിയുടക്കണം 

ബാങ്ക് വിളികൾക്കും, 
ശാന്തി മന്ത്രങ്ങൾക്കും മീതെ 
അശാന്തി അലയടിക്കട്ടെ..... 
മർഗ്ഗമല്ലല്ലൊ 
ലക്ഷ്യമല്ലേ, നമു-
ക്കിന്ന് പ്രധാനം.


-ശശി കാട്ടൂർ.

2015 ഏപ്രിൽ 27, തിങ്കളാഴ്‌ച

കൗമാര കൌതുകം





മാമ്പൂ പൂത്തു മണം പൊഴിഞ്ഞു 
മാദക ചന്ദ്രിക ചിരി ചൊരിഞ്ഞു 
പോയ കാലങ്ങളോർത്തു നമ്മൾ 
കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു 

കൊയ്ത്തു കഴിഞ്ഞ പാടങ്ങളപ്പാടെ 
ആമ്പൽപ്പൂക്കളാൽ മതി മറന്നാടവേ,  
മുട്ടോളമെത്തും നിൻ പാവാടത്തു,മ്പൊന്നു  
കാറ്റിനോടോത്തു പാറി മറയവേ 

നാണമെന്തേ വിരിഞ്ഞതാ കണ്‍കളിൽ 
താണുപോയ മുഖാബ്ജം തുടുത്തതും, 
എന്തു ചന്തമാണിന്നുമെ,ന്നോർമ്മയിൽ
കണ്ടു, കോൾമയിർ കൊണ്ട് ഞാൻ നിന്നതും.. 

എത്ര ഹേമന്ത, മെത്ര ശിശിരങ്ങൾ 
എത്ര പൂക്കാലം,വിടര്ന്നു കൊഴിഞ്ഞതും 
എന്നോ പിരിഞ്ഞു പോയിരുധ്രുവങ്ങളിൽ   
ചെന്നു ചേർന്നു നമ്മളോരോ ഗൃഹങ്ങളായ്    

വീണ്ടുമിന്നീ നിലാവിൽ പരസ്പ്പരം 
കണ്ണിൽ  കണ്ണിലായ് നോക്കിയിരിക്കവെ, 
ഒന്ന് തൊട്ടു നോക്കീടുവാൻ കൌതുകം 
പെണ്ണെ, പരിഭവം കാട്ടീടുകില്ലെങ്കിൽ 

നോക്കു നീയെൻ മുഖത്തേക്കു വീണ്ടും,  
പൂത്തു നില്ക്കുമാ കൌമാരം കണ്ടുവോ   
ഒന്ന് തൊട്ടു നോക്കീടുവാൻ കൌതുകം 
പെണ്ണെ, പരിഭവം കാട്ടീടുകില്ലെങ്കിൽ.


-ശശി കാട്ടൂർ 

2015 ഏപ്രിൽ 20, തിങ്കളാഴ്‌ച

ആഗോളീകരണ കാലത്തെ ജീവിതം.





രണ്ടു പെണ്‍തുടകൾക്കിടയിൽ നിന്ന് 
ഊരിപ്പോരുക എന്നത് 
ഏറെ ദുഷ്ക്കരമാണ്, 
മാംസളമാണവ, അത് 
നമ്മെ പ്രലോഭിപ്പിക്കും 
വർണ്ണ വൈവിധ്യങ്ങളുടെ കാഴ്ചകൾ 
കാട്ടിത്തരാമെന്ന്... 

മനസ്സൊന്ന് തെന്നിയാൽ 
തീർച്ചയാണ് 
അത് നമ്മെ വീഴ്ത്തിക്കളയും 

നെഞ്ചിനു നേരെ 
കാഞ്ചി വലിക്കുന്നവനെക്കുറിച്ച് 
നമ്മൾ മറക്കും 
ശ്വസിക്കുന്ന വായുവിനെക്കുറിച്ചും 
കുടിക്കുന്ന വെള്ളത്തെക്കുറിച്ചും
മറുത്തൊന്നും പറഞ്ഞെന്നു വരില്ല 

സുഹൃത്തെ കരുതിയിരിക്കുക 
നമുക്കിടയിലൂടെയുള്ള 
അതിന്റെ സഞ്ചാരം. 


-ശശി കാട്ടൂർ.

2015 ഏപ്രിൽ 16, വ്യാഴാഴ്‌ച

സൈലന്റ് അറ്റാക്ക്‌



നിനക്കെന്നെ, യൊന്ന്   
വിളിക്കാമായിരുന്നില്ലെ 
സമയമേറെ വൈകിപ്പോയ് 
വിളിച്ചാലും, കേൾക്കാൻ 
കഴിയാത്തത്ര 
ദൂരയാണ് ഞാനിപ്പോൾ 


ഒരലർച്ചയുണ്ട്, മുട്ടി-
ത്തിരിയുന്നു നിന്റെ ഉള്ളിൽ 
കാണുന്നു ഞാൻ .....

കരയരുതെന്ന് 
കണ്ണ് തുടക്കാൻ 
കൈ പൊന്തുന്നേ-
യില്ല പെണ്ണേ.  

നിത്യവും 
ഉണർന്നെണീറ്റാൽ 
ആദ്യം 
വിളിക്കുന്നത്‌ നിന്നെ 

സമയമറിയാതുറങ്ങിപ്പോകിലോ  
നിന്റെയൊരു വിളിക്ക് 
കാതോർത്തിരുന്നു 
പലപ്പോഴും ഞാൻ
 
മേച്ചൂടകലും മുൻപേ  
ഒന്ന് നീ വിളിച്ചിരുന്നെങ്കിൽ 
ഒരു പക്ഷെ, ഞാ-
നുണർന്നിരുന്നേനെ
നീയതറിയുന്നുവോ .....!


-ശശി കാട്ടൂർ 

2015 ഏപ്രിൽ 9, വ്യാഴാഴ്‌ച

വഴി തെറ്റി വരുന്നത്





വഴി തെറ്റി വന്നൊരു കാറ്റാണ് നീ 
മിഴിയിൽ 
ഒളിയമ്പ് പെയ്തൊരു നോവാണ് നീ.
 
ചെളിയിലൊരു സൂര്യൻ 
മിന്നി തെളിയവെ
പുളകിത ഹർഷയായ് 
വിടരുന്ന മൊട്ടു പോൽ  
എന്നെയും തഴുകി തലോടി,യുണർത്തി  
ഒന്നായെടുത്തു പോകു,ന്നതെങ്ങാണ് നീ.

ദൂരെയായ് കാണുന്നു പൊൻതാരകം 
നേരിൽ, 
ഇരുളിൽ വെളിച്ചമായ്  
പൊള്ളി പിടയുന്നു.
   
ഞാനൊന്ന് തൊട്ടോട്ടെ,യാ മൃദു സ്മേരത്തിൽ  
വാനവും ഭൂമിയുമൊന്നാകും വേളയിൽ.
മുറുകെ പിടിക്കുക, കൈവിരൽത്തുമ്പിൽ നീ 
ഉറവയായൊഴുകട്ടെ, സപ്ത സ്വരങ്ങളും.  

നിന്നിൽ നിറഞ്ഞു ഞാൻ പാടട്ടെ, 
എന്നിലെ, 
ആരാമ വാടിക തളിരിട്ടു നിൽക്കട്ടെ
ആരാധികേ , 
നമ്മൾ 
നമ്മെയറി, ഞ്ഞറിയും വരേയ്ക്കും.


-ശശി കാട്ടൂർ 

2015 മാർച്ച് 31, ചൊവ്വാഴ്ച

കറുപ്പ്




നിന്റെ വഴിയാണ് ശരിയെന്നു 
നീയും 
അവന്റെ വഴിയാണ് ശരിയെന്നു 
അവനും 

ചത്തൊടുങ്ങുന്നത് 
ആശയക്കുഴപ്പത്തിലായ 
മനുഷ്യരും  
കുടുംബവും,
കുലവും, 
രാഷ്ട്രവും.....

കൊന്ന് കൊന്ന് 
ചത്തു ചത്ത് 
നീയും അവനും ബാക്കിയാകുമ്പോൾ 
പരസ്പരം കൈ കൊടുത്ത് അട്ടഹസിക്കുന്നത് 
എനിക്കറിയാൻ കഴിയുന്നു..

വിളിച്ചു പറയണമെന്നുണ്ട് സത്യം 
പക്ഷേ,
അതിനു മുന്പേ 
മതത്തിന്റെ വെടിയേറ്റ്‌ തകർന്നില്ലേ 
പിറവിയിൽ നഗ്നമായിരുന്ന 
എന്റെ ഹൃദയം....!


-ശശി കാട്ടൂർ 

പോന്നീടുക



നീ വരുന്നോ 
മല കാണാൻ 
ഉലകിന്റെ നേരറിയാൻ 

നീ വരുന്നോ 
പുഴ കാണാൻ 
ഒഴുകുന്ന ജീവിതമറിയാൻ 

നീ വരുന്നോ 
മഴ കാണാൻ 
മഴയുടെ കുളിർ  ചൂടാൻ 

നീ വരുന്നോ 
പൂ പറിക്കാൻ 
പൂവിന്റെ മണം നുകരാൻ 

നീ വരുന്നോ 
ഞാറു നടാൻ 
ചേറിന്റെ കൂറാകാൻ 

നീ വരുന്നോ 
കതിർ കൊയ്യാൻ 
ചതിയില്ലാ നിധി തേടാൻ 

നീ വരുന്നോ 
ചോദിക്കാൻ 
ആധി,യെല്ലാമാറ്റീടാൻ 

ഈ മണ്ണും ഈ വിണ്ണും 
തീറെഴുതും നാളിൻ മുന്നേ...  
നിന്നീടാം ഒന്നായി   
നന്നായി വന്നീടാൻ 
പോന്നീടുക ചങ്ങാതീ 
പിന്നീടെന്നൊഴിയാതെ.
പോന്നീടുക പോന്നീടുക 
പോന്നീടുക ചങ്ങാതീ..... 


-ശശി കാട്ടൂർ 

2015 മാർച്ച് 29, ഞായറാഴ്‌ച

ജീവിത ചന്തം



കാണാനെന്തൊരു ചേലെടീ പെണ്ണെ 
നാണം കൊണ്ട് തുടുക്കാതെ പൊന്നെ 
കാവിൽ പൂരം വന്നെടീ പെണ്ണെ 
കാണാൻ നീയെന്റെ കൂടെ പോരുന്നോ 
ചാന്ത്‌, പൊട്ട്, കണ്മഷി കൈവള 
വാങ്ങി തരാമെന്റെ പേടമാൻ കണ്ണേ 
ചേലുള്ള പട്ടൊന്നു ചുറ്റുക വേഗം 
ആരും കണ്ടാൽ കൊതിക്കുന്ന പെണ്ണെ 
എണ്ണക്കറുപ്പിൻ അഴകുള്ള മേയ്യേൽ 
എള്ളിൻ പൂവ് മണക്കുന്നു ചെമ്മേ 
 ഉള്ളിലൊരിത്തിരി ചൂട് നിറയുന്നു 
കള്ളീ, വന്നെന്റെ ചാരത്തു നില്ക്കെ 

പൂരവും വേണ്ടിനി കാഴ്ചയും വേണ്ടാ 
മാറോടു ചേർന്ന് നീ നിൽക്കവേ കാന്തെ 
ഉണ്ടോ ഇതില്പ്പരം ആനന്ദം ഭൂവിൽ 
കണ്ണായ് കാതായ് ഒന്നിച്ചു വാഴ്കെ.


-ശശി കാട്ടൂർ  

2015 മാർച്ച് 26, വ്യാഴാഴ്‌ച

ദേവശുദ്ധി




പ്രപഞ്ചത്തെ അളന്ന മുഴക്കോലും 
ശിൽപ്പം തുടിക്കും തന്നുളിയുമായി 
അമ്പല നടയിൽ ആചാരി നിൽക്കവേ 
കണ്ടു, ശ്രീ കോവിലിലിരിക്കുന്ന ദേവത  
 ചാടിയെണീറ്റെ നിൽപ്പൂ പൊടുന്നനെ  
"എന്തിത്.." .നില്ക്കുന്ന ദേവിയെ നോക്കി 
വെന്തൊരു മോന്തയുമായിട്ടുറയുന്നു നമ്പൂരി ...
"നിൽക്കുക, മാറീ നടയീന്നും ശുദ്ധി കെടുത്താ,താശാര്യേ " 
 
അത് കേട്ടല്ലോ ചൊല്ലുന്നു ദേവത 
അരുതരുതു തംബ്രാ, അറിയില്ലേ,
നിനക്ക് മുന്പേ മനസ്സിൻറെ കണ്ണാൽ 
എന്നെ തൊഴുതുണർത്തിയോനാണവൻ, 
മാളോർക്കൊക്കെയും ഭജിക്കാൻ വിധത്തിൽ 
അളവൊത്തഴകൊത്തു ചമയിച്ചൊരുക്കിയോൻ...
സൃഷ്ടി കർത്താവാണവൻ, ആരാധ്യൻ , 
എനിക്കെന്നച്ഛനായീടുന്നവൻ..... !


-ശശി കാട്ടൂർ 

2015 മാർച്ച് 19, വ്യാഴാഴ്‌ച

നഗ്നരൂപൻ




ഹേ മത്സ്യകന്യകേ  
കഥകളിൽ, കേട്ട് പഴകിച്ച 
കൊട്ടാരങ്ങൾ ഇപ്പോഴും 
നീ കാത്തു വെക്കുന്നുവോ...

സ്ഫടിക സദൃശമായ നിന്റെ മേനിയിൽ 
ഒരു വരാലിനെപ്പോലെ ഒഴുകി നടന്ന് 
മൗനത്തിന്റെ കടലാഴങ്ങളിലേക്ക് 
ഊളിയിട്ടിറങ്ങണം, 
നീ  ഒളിപ്പിച്ചു വെച്ച 
മുത്തുകൾ കണ്ടെടുക്കണം 

ഭൂമിയിലുള്ളതിനെയെല്ലാം പ്രേമിച്ചു പ്രേമിച്ച്   
പാപിയായിപ്പോയവനാണ് ഞാൻ 
സൌന്ദര്യം തേടി തേടി 
കണ്ണുകൾ  നഷ്ട്ടപ്പെട്ടവൻ  
സ്നേഹം തേടി തേടി 
ഹൃദയം മുറിഞ്ഞു പോയവൻ 

ചിറകുകളുണ്ടായിരുന്നെങ്കിൽ 
പറവകളോടൊത്തു പറന്ന്  
ആകാശത്തിന്റെ അതിരുകൾ 
മറി കടന്നേനെ...
ആഴമേറിയ മിഴികളിലൂടെ
അരൂപിയുടെ സഞ്ചാരം പോലെ 
ഒരിക്കലും വിടരാത്ത പൂവിന്റെ 
സുഗന്ധം പോലെ.

വരൂ,  മത്സ്യ കന്യേ
ഈ പ്രഭാതം നമുക്കുള്ളത് 
ഒടുങ്ങാത്ത തൃഷ്ണയുടെ ശൂന്യതയിലേക്ക് 
പരസ്പരം കൈകോർത്തു 
തുഴയാം ...
വരൂ മത്സ്യ കന്യേ..വരൂ . 


-ശശി കാട്ടൂർ

2015 മാർച്ച് 12, വ്യാഴാഴ്‌ച

ഭാരം



ഞാൻ എഴുതാതിരിക്കുന്നു 
എഴുതിക്കഴിയുമ്പോൾ 
ശൂന്യം 
പ്രസാദാത്മകം, അകം 

എഴുതാതിരിക്കുമ്പോൾ 
വിങ്ങി വിലപിക്കുന്നു, 
ഉള്ളം.
 
തുറന്നിരിക്കുന്നു, കണ്ണും കാതും  
എന്നിട്ടും, 
കാണുന്നില്ലല്ലോ 
നഗരം കൊളുത്തി വെച്ച 
നക്ഷത്ര വിളക്കുകൾ....  
വിശപ്പൊടുങ്ങി
വർണ്ണ വെറിപ്പൂണ്ടവന്റെ 
വേഷഭൂഷാദികൾ,
മന്ത്രോച്ചാരണങ്ങൾ.   

വെളിച്ചത്തിനപ്പുറത്ത് 
മിഴികളിൽ ഇരുട്ട്
കോലാഹലങ്ങള്‍ക്കപ്പുറത്ത് 
എച്ചിൽ കൂമ്പാരങ്ങളിൽ 
വിശപ്പിന്റെ   
കത്തിപ്പിടിക്കുന്ന ഒച്ചകൾ  

കണ്ണും കാതും തുറന്നാണിരിപ്പെങ്കിലും 
നീയില്ല, നിന്റെ ചന്തമില്ല
നീ പാടും പാട്ടുമില്ല  
 
ഉള്ളത്, 
ചായം പൂശിയ  മുഖ കാഴ്ചകൾ 
പറയാതെ,
 നീ ഒളിപ്പിച്ച സങ്കടങ്ങൾ 

അതുകൊണ്ട് തന്നെ 
എഴുതാതിരിക്കാം ....

നെഞ്ചു വിങ്ങി വിങ്ങി 
വേദനയാൽ പുളയട്ടെ 
സങ്കടക്കടൽ വറ്റാതെ 
അലയടിക്കട്ടെ ...
 
ഞാനിത്തിരി നേരം 
മനുഷ്യനായിരിക്കട്ടെ.


-ശശി കാട്ടൂർ 

2015 മാർച്ച് 9, തിങ്കളാഴ്‌ച

കാട് കയറരുത്.





കാട് കാണാൻ പോയതായിരുന്നു 
മരങ്ങളുടെ പ്രണയവും മർമ്മരവും ആസ്വദിക്കാൻ  
കിളികളുടെ കൂകലും കുറുകലും കേൾക്കാൻ
ചെറു മൃഗങ്ങളുടെ താന്തോന്നിത്തം ആവാഹിക്കാൻ 

കാൽ സരായിയും ജൂബ്ബയുമായിരുന്നു വേഷം 
ക്യാമറയോടൊപ്പം, അത്യാവശ്യ സാധനങ്ങൾക്കായി 
പതിവുപോലൊരു 
തോൾസഞ്ചിയും..

നിങ്ങൾ ഉദ്ദേശിക്കുന്നയാൾ 
ഞാനേ-
യല്ലെന്ന് പറഞ്ഞിട്ടും,
അവരെന്നെ 
പിടിച്ചു കൊണ്ട് വന്നു 
ഇരുട്ടിലടച്ചു 

മാവോവാദി പോയിട്ട്, 
മനുഷ്യവാദി  പോലുമല്ലെന്ന്  
എങ്ങിനെയാണ്, 
ഭയത്താൽ 
കണ്ണും കാതുമടഞ്ഞുപോയ 
എന്റെ ഭരണകൂടമേ,  നിന്നെ 
ഞാൻ ബോദ്ധ്യപ്പെടുത്തേണ്ടത്...  !


-ശശി കാട്ടൂർ 

09.03.15

2015 ഫെബ്രുവരി 23, തിങ്കളാഴ്‌ച

നാഥ നില്ലാത്ത വീടുകൾ


 നാഥനില്ലാത്ത വീടുകൾ  


ആണ്ടിലൊരിക്കൽ, അച്ഛനു-
മമ്മയും, മക്കളുമൊന്നിച്ചു  വന്നിടും  
അടിച്ചു തളിച്ച്, കളിച്ചു ചിരിച്ച്  
വന്ന പോലെ തിരിച്ചു പോകും

എന്ത് സന്തോഷമാണെന്നോ, അവർ- 
വന്നുകഴിഞ്ഞാ,ലെനിക്ക്  
എങ്ങും വെളിച്ചം, 
ശ്വാസ നിശ്വാസങ്ങൾ
കുട്ടികളുടെ കലപിലകൾ 
പാട്ടുകൾ, 
പാത്രങ്ങളുടെ 
കൂട്ടിമുട്ടലുകൾ 

ഒറ്റയായുള്ള  
ഈ  നിൽപ്പിനിടയിൽ 
ആരൊക്കെയോ
ഉണ്ടെന്നൊരു തോന്നൽ...! 

അവർ 
പോയ്ക്കഴിഞ്ഞാലോ  
മൂകം, ഇരുളിലാണ്ട ദേഹം... 
അടുത്ത വരവിനു കാതോർത്ത് 
നിൽപ്പ് തുടരുന്നു ഞാൻ ...

വരാറില്ല, ആരുമീ- 
കൂറ്റൻ മതിലുകൾ കടന്ന്  
ഇല്ലായ്മയുടെയും,കുന്നായ്മയുടെയും 
ചില കണ്ണുകളല്ലാതെ. 

ഇന്നലെ,  
മുഷിഞ്ഞ വസ്ത്രത്തോടെ 
മതിൽ ചാടി വന്നു
ചാക്കുമായ് 
കുട്ടികൾ രണ്ടു പേർ 
ഒട്ടും ഭംഗിയില്ലാത്തവർ  

ചുറ്റിനും നടന്നു നോക്കി, എൻറെ -
അഴകിലും, അളവിലും കണ്ണുടക്കി
മുതിർന്നവൻ ഇളയവനോട് പറയുന്നു  
"ഇത്പോലൊന്നു നമുക്കും പണി തീർക്കണം " 

"അതിനും ഇടം വേണ്ടേ....
തെരുവിലെങ്ങിനെ...പറ്റുമോ..?"
തിരിച്ചു ചോദിക്കുന്നു.... 
കുഞ്ഞു വായിലെ വാക്കുകൾ 

എടുക്കുവാനൊന്നുമില്ലെന്നറിവോടെ 
കണ്ണുകളെന്നിൽ ഉപേക്ഷിച്ച്  
ഒഴിഞ്ഞ ചാക്കുമായ്
മതിൽ കടന്നു പോകുന്നു കുട്ടികൾ.

നോക്ക് കുത്തിയെപ്പോലെ  
മഴയും വെയിലും 
മഞ്ഞും കൊണ്ട്
എന്നോ വരാനുള്ളവരെ കാത്ത് 
എന്റെ നിൽപ്പ് തുടരുന്നു...
വീടെന്ന പേരുമായ്.... ! 


* കേരളത്തിൽ വിദേശത്തു ജോലി ചെയ്യുന്ന ഏതാണ്ട് 10 ലക്ഷത്തോളം ആളുകളുടെ വീടുകൾ താമസമില്ലാതെ പൂട്ടി കിടക്കുന്നു. അതേ കേരളത്തിൽ  ഏതാണ്ട് 12 ലക്ഷത്തോളം ആളുകൾ വീടില്ലാതെ തെരുവിൽ കഴിയുന്നു.

 

-ശശി കാട്ടൂർ
25.02.15 

2015 ഫെബ്രുവരി 22, ഞായറാഴ്‌ച

ഉന്മാദി




ഒറ്റയ്ക്ക്, വെയിൽ നോക്കി 
ചുട്ടി കുത്താനിരിക്കുമ്പോഴാണ്
ചെണ്ടയും ചേങ്ങിലയുമായി
കാറ്റ് വന്നു വിളിച്ചത് .

വിളിച്ചപാടെ കൂടെ പോയ്‌...
കൈകോർത്തു ചൂളം വിളിച്ചു 
ഓലപമ്പരവും, ഓലപീപ്പിയുമായി 
ഓടിനടന്ന ഇടവഴികളിലൂടെ 

മറന്നതൊക്കെയും ചൂണ്ടിക്കാട്ടി 
വരണ്ട തൊണ്ടയോടെ  കാറ്റ് പറഞ്ഞു 
കാവിരുന്നിടം, കാലം  
കുടിയിരുന്നിടം 

മുവാണ്ടൻ മാവിന്റെ 
തണല് കൊള്ളാൻ കൊതിച്ച കാറ്റ് 
പച്ചമാങ്ങയിൽ ഉപ്പ് ചേർത്ത്  
എരിയുന്ന ഊഞ്ഞാലിലിരുത്തി വീശി 

തോട്ടു വക്കത്തെ
ചേറ്റു മണത്തെക്കുറിച്ചു പറഞ്ഞ് 
ഉച്ച വെയിൽ കായുന്ന 
വരാലിനെ പൊരിച്ചു തന്നു 

തുപ്പലാം കൊടിച്ചികളെ 
തുപ്പൽ കൊണ്ട് കൊതിപ്പിച്ചു... 
ചേറിൽ പുതഞ്ഞുപോയ ചക്രത്തെ
പാദമമർത്തി പുനർജ്ജനിപ്പിച്ചു  

വെയിൽ ചീളുകളിൽ വെട്ടി-
ത്തിളങ്ങും കതിര് കണ്ടു,  
കൊയ്ത്തരിവാളും പാട്ടുമായ് 
പണിയാളരെല്ലാം നിരന്നു 

പാടുക, പാടുക 
പാടെ മറന്ന വായ്ത്താരികൾ
കാറ്റൊന്നു കുലുങ്ങിച്ചിരിച്ചു 
ചിറകു തേടി പറന്നു പോകുന്നു 

ചിലങ്കയൊ ചങ്ങലയോ.... 
ചിതറിത്തെറിപ്പിച്ചതെന്നിൽ  
ഇനിയും മുറിപ്പാടുണങ്ങാത്ത
അടക്കമില്ലാത്തൊരെൻ ചിന്തയെ.


-ശശി കാട്ടൂർ 

18.02.15

Bahrain