ഇരുട്ട് വിളിക്കുമ്പോൾ
വാതിലിൽ മുട്ടുന്നു
പുറത്തി,രുട്ടിലാണവരുടെ
നിൽപ്പ് ,
എന്റെ വാക്കിനാൽ പൊയ് മുഖം
വെളിപ്പെട്ടുപോയവർ...
കത്തിയോ, കടാരയോ
തോക്കിൻ മുനകളോ
വരവേറ്റിടാമെന്നെ,
വാതിൽ തുറന്നു
പുറത്തു ഞാൻ ചെല്ലുകിൽ...!
ആറാം തിരുമുറിവും
മതമില്ലാ ജീവനും
പശുദൈവ പാലരും
മൂന്നെന്നു കാൺകിലും
അല്ലല്ല ,മൂന്നല്ലിവർ
മുപ്പത്തിമുക്കോടി ദേവകൾ പോലെ,
കണ്ടിടാം പല പല
നാമധേയങ്ങളില്
സർവ്വ ദേശങ്ങളിൽ...
ഏതു കാറ്റിനും വെളിച്ചത്തിനും
വാക്കിനും, വാതിൽ തുറന്നു വെച്ചൊരെൻറെ ഇന്ത്യയാണിത്...
മാറി നില്ക്കു, ഇരുട്ടിന്റെ
സന്തതികളെ നിങ്ങൾ.!
മുട്ടുന്നതാ, വീണ്ടുമവർ
അവർക്കു വേണ്ടത്,
അവരെടുത്തോട്ടെ....
എന്റെ ജീവൻ,
എന്റെ ചോര
എന്റെ മാംസവും....
എങ്കിലും
ഞാനൊന്ന് പറയട്ടെ,
അടിമകളാകുന്നതിന് മുന്നേ, ചെറുക്കണം
വാക്കു കൊണ്ട്,
നോക്ക് കൊണ്ട്
നേരിന്റെ കരുത്തുകൊണ്ടവരെ നാം !
വെടിവെച്ചിടാനാകില്ല,
കൊത്തിക്കീറുവാനാകില്ല,
കത്തിച്ചുകളയുവാനാകില്ല
ഞാൻ പറത്തിവിട്ടൊരെൻ
പ്രണയപ്പിറാവുകളെ...
ദേശകാല ഋതു - ഭേദമന്യേ
ജ്വലിക്കും
മഹാകാല സത്യങ്ങളെ ...
നിങ്ങളാണ് സാക്ഷി
ക്ഷമയറ്റുപോയോ, രരിയുടെ,
യടുത്ത
മുട്ടിനു മുൻപേ
തുറക്കട്ടെ,
ഞാനെന്റെ വാതിൽ...
- ശശി കാട്ടൂർ.