2018 നവംബർ 27, ചൊവ്വാഴ്ച

യാത്രയിൽ ചിലർ.


യാത്രയിൽ  ചിലർ.

നടുറോഡിൽ 
ചോരയിൽ തകർന്നു കിടക്കുന്ന 
അയൽവാസിയാം ഇയാളെ 
ഞാൻ കണ്ടിട്ടുണ്ടെന്ന് നിശ്ചയം.

പലവട്ടം മുഖത്ത് നോക്കി ഞാൻ 
പുഞ്ചിരിക്കാൻ ശ്രമിച്ചതും 
അയാളുടെ മുഖമപ്പാടെ 
മൊബൈലിലേക്ക് വീണുപോയതും 
ഇവിടെ ഞാൻ ഓർത്തെടുക്കട്ടെ.

ഞാൻ താമസിക്കുന്ന വാടക വീടിന്റെ മതിലിന്നപ്പുറം 
ഒറ്റക്കിരിക്കുന്ന കണ്ട് 
കൊച്ചു വർത്തമാനം പറയുവാൻ 
കൊതിച്ചതും , കഴുത്തൊടിഞ്ഞപോലെ 
ഇയാളുടെ മുഖം
 മൊബൈലിലേക്ക് 
പൂണ്ടുപോയതും 
ഇവിടെ ഞാൻ ചേർത്തുവെക്കട്ടെ.

തകർന്ന ബൈക്കും 
തകർന്ന മൊബൈലും 
ചോരയിൽ കുതിർന്ന ഇയാളെ 
ഞാൻ കണ്ടിട്ടുണ്ടെന്ന് മാത്രം പറയട്ടെ.

പേരെന്ത്,നാടെന്ത് , ഭാഷയെന്ത് ...
ഇനി മോർച്ചറിയിൽ കിടക്കട്ടെ,
പോലീസുകാർ തിരക്കട്ടെ.

- ശശി കാട്ടൂർ.

2018 നവംബർ 19, തിങ്കളാഴ്‌ച

ശത്രു



ശത്രു


ഗാന്ധിയെ കൊന്നത് നീയാണ്, നവ -
ഖാലിയിൽ കണ്ടു, ഗോധ്രയിൽ കണ്ടു,
ബാബരി പള്ളി  തൻ  മകുടത്തിൽ കണ്ടു 
തെരു വീഥിയിൽ മർഥ്യനെ മർദ്ധിച്ചതും
നിറം നോക്കുന്നതും,നാട് കത്തിപ്പതും 
കണ്ടു,ദീപമാമക്ഷര ജ്വാലക്കു 
നേരെ കൂപമണ്ഡൂകമായ് ചിലപ്പതും കണ്ടു,
പോരാതെ, വെടിവെച്ചു    തീർത്തതും കണ്ടു..!


റൊട്ടിയെ പറ്റി നീ  മിണ്ടിയില്ലിതുവരെ,
പൊട്ടിയ പാത്രത്തിൽ നോക്കി 
ദൈവ ലോകത്തിന്റെ  മഹിമ പാടി..
കൊള്ളയടിച്ചു പോകുന്നതറിയാതെ , യാ 
പാവങ്ങൾ,
കൈകൂപ്പി നിന്നവർ ....
കന്നും 
കലപ്പയും വിട്ടു ,    രഥത്തിന്റെ
പിന്നാലെ, പിന്നാലെ  പാഞ്ഞു.

ആണ്ടുകൾ പിന്നിലേക്കാണ്ടുപോയ് 
ഇന്നിതാ നിൽക്കുന്നു, നിശ്ശബ്‌ദം,
ചോര  വാർന്നും  തളർന്നും  !...

"എന്തനായാസം .ദൈവത്തിന് പേരിൽ 
ചിന്തുവാൻ സോദര  ബന്ധത്തെപ്പോലും.."

മെതിയടിയൊച്ചയോ കേൾക്കുന്നു    
വന്നു നിൽക്കുന്നു  വാമനൻ 
ചതിയുമായ് 
മലയാള  മണ്ണിതിൽ  വീണ്ടും ...
ഉറക്കെ പറയണം,  മടിക്കാതെ നമ്മളിനി.
കുറച്ചു മുൻപത്തെ ചരിത്രങ്ങളൊക്കെയും...
ഗാന്ധിയെ കൊന്നതും, 
ഇന്ത്യ  തൻ ആത്മാവ് തകർത്തതും 
നീയാണ്, 
നീയാണ്, നീയാണ്
നീ തന്നെയാണ് 
ഭാരത ദേശത്തിന് 
ആജന്മ ശത്രു.

- ശശി കാട്ടൂർ