വായനയും, എഴുത്തും വിനിമയം ചെയ്യപെടാനുള്ളതും അതുപോലെ അക്ഷരങ്ങളെയും അറിവിനെയും ഏറ്റവും വലിയ ആയുധമായും കാലം വിലയിരുത്തപ്പെട്ടിട്ടുള്ള ഒന്നുമാണ്.
ഇന്നലെ, ബഹ്റിന്‍ "ഭൂമിക" സംഘടിപ്പിച്ച, കാതിക്കുടത്തെയും, എന്ടോ സള്‍ ഫാന്‍ പ്രദേശത്തെയും അവിടുത്തെ ജനതയുടെ വികാരങ്ങളെയും തുറന്നു കാണിച്ചുകൊണ്ടുള്ള ശ്രീ ശരത് ചന്ദ്രന്റെ ഡോകുമെന്ററി പ്രദര്ശനവും, തുടര്ന്നുള്ള ചര്ച്ചയും അക്ഷരാര്‍ ത്ഥത്തില്‍ അതില്‍ പങ്കെടുത്ത ഓരോരുത്തരെയും ഉള്ളില്‍ വേദനയുടെ ചെറിയ ഒരു മുറിപ്പാടെങ്കിലും തീര്ക്കാന്‍ പോന്നതായിരുന്നു. അതുകൊണ്ടായിരിക്കണം, ഏതാനും നിമിഷങ്ങളിലേക്ക് ഒന്നും മിണ്ടുവാനാകാതെ ഏറെപേരും നിശബ്ദതയിലേക്ക് ആണ്ടു പോയത്.
ഇത്രയും വലിയ അത്യാഹിതങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് നമ്മില്‍ ഭൂരിഭാഗവും ഇത്തരം വിഷയങ്ങളില്‍ നിന്നും മുഖം തിരിക്കുന്നത്..? ആരാണ് യഥാര്‍ത്തത്തില്‍ ഇതിനു ഉത്തരവാദികള്‍..?
ആരാണ് ഇതില്‍ നിന്നും നേട്ടം കൊയ്യുന്നത്?
മണ്ണിനെയും, കുടിവെള്ള ശ്രോതസ്സുകളെയും, വായുവിനെയും വിഷലിപ്തമാക്കി കൊണ്ട് പ്രവത്തിച്ചു പോരുന്ന വ്യവസായ ശാലകള്‍. ഒരു പക്ഷെ ഇന്ത്യയില്‍ മാത്രമായിരിക്കും, നിയമപരമായ സകല മാനദണ്ടങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടു ഇത്തരം വ്യവസായ ലോബികള്‍ അരങ്ങു വാഴുന്നത്.
വര്ഷങ്ങളായുള്ള എന്ടോ സള്‍ഫാന്‍ മരുന്നിന്റെ തളിയിലൂടെ ആ ഭൂപ്രദേശത്തും, പുഴയിലേക്കും, വായുവിലെക്കും തള്ളി വിടുന്ന മാലിന്ന്യങ്ങളാല്‍ കാതിക്കുടത്തും ജീവിക്കാന്‍ വേണ്ടി നടത്തപ്പെടുന്ന
ജനതയുടെ അവകാശ സമരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന നമ്മുടെ മുഖ്യധാര രാഷ്ട്രീയ കക്ഷികളും, ഭരണകൂടവും. ഇക്കഴിഞ്ഞ മാസം കാതിക്കുടത്തു നടത്തപ്പെട്ട ശക്തമായ സമരങ്ങളില്‍ നമ്മുടെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും, ഹരിത എം എല് എ മ്മാരുടെയും മന്ത്രിമാരുടെയും നിലപാടുകള്‍ നമ്മള്‍ തിരിച്ചറിഞ്ഞതാണ് .ഒടുവില്‍ ഭരണകൂടത്തിന്റെ കയ്യൊപ്പോടെ, പോലീസിനാല്‍ സമരക്കാരെ തല്ലിച്ചതക്കുകയും, അവരുടെ വീടുകളില കയറി അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്.... ഒരു ജനാധിപത്ത്യ രാജ്യത്തെ ജനതയുടെ അവകാശങ്ങളെ മാനിക്കാതെ കപട ന്യായങ്ങളുയര്ത്തി കുത്തകകള്‍ക്ക് കൂട്ട് നില്ക്കുന്നതാണ് നമ്മുടെ ഭരണകൂടങ്ങള്‍ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കാതിക്കുടം സമരത്തിനു ഐക്യദാര്ഡ്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നടത്തപ്പെട്ട ഹര്‍ത്താല്‍, ഭാഗീകമായി മാത്രമേ വിജയം കണ്ടുള്ളൂ. അതായത് തദ്ദേശ വാസികള്‍ ഒഴികെ ആരും തന്നെ അതിനെ ഗൌരവത്തിലെടുത്തില്ല എന്ന് വേണം കരുതാന്‍. ഇത്തരം മനുഷ്യന്റെ നിലനില്പ്പിനായുള്ള ജനകീയ സമരങ്ങള്‍ അതതു പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങുകയും, അതില്‍ പങ്കെടുക്കുന്നവരെ വികസന വിരോധികളെന്നും, മറ്റും മുദ്ര കുത്തി ഒറ്റപ്പെടുത്തുവാനുമാണ് നമ്മില്‍ ഏറെ പേര്ക്കും താല്പ്പര്യം. ഇതില്‍ പ്രധാനം വികസനം എന്ന പദത്തെ കുറിച്ചുള്ള തികഞ്ഞ അജ്ഞത തന്നെയാണ്. ഏതൊരുവന്റെ നെഞ്ചത്ത് കൂടെയാണെങ്കിലും എന്റെ കാര്യം സാധിക്കട്ടെ എന്ന സ്വാര്ത്ത ബോധത്തിന്റെയും, മുതലാളിത്ത കൂട്ടികൊടുപ്പിന്റെയും നിലപാടുകളാണ് ഇവിടെ തെളിഞ്ഞു കാണുന്നത്.
വേദനിക്കുന്നവന്‍ ഒഴികെ, അവന്റെ വേദനയില്‍ പങ്കു കൊള്ളൂവാനോ, ആശ്വസിപ്പിക്കാനോ, ആ ഇടങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് അറിയുവാനോ ഉള്ള വ്യഗ്രതയും, സാമൂഹ്യ ബോധവും, പ്രതിബദ്ധതയും നമ്മുടെ സമൂഹത്തില്‍ നിന്ന് കൈമോശം വന്നിരിക്കുന്നു. എന്തിനേറെ പറയുന്നു, ഇവിടെ എഫ് ബി യിലും സ്ഥിതി മറിച്ചല്ല എന്ന് തോന്നുന്നു...ജനകീയ പ്രശ്നങ്ങള്‍ ചര്ച്ച ചെയ്യപ്പെടുന്ന ഇടങ്ങളില്‍ നിന്നും പലപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍ ഒളിച്ചോടുകയും, പകരം ബ്രിറ്റീഷ് രാജകുമാരിയുടെ പ്രസവവും, പേരിടലിലും അഭിരമിച്ചു നേരം പോക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണുവാന്‍ കഴിയുന്നത്.
ജനാധിപത്ത്യ രാജ്യത്ത് ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതികള്‍ വികസനത്തിന്റെ പേരില് യാതൊരു വിധ മുന്‍ കരുതലുകളുമില്ലാതെ ജനത്തിന്റെ മേലെ അടിച്ചേല്‍ പ്പിക്കുവാനുള്ള ഭരണകൂടങ്ങളുടെ താല്പ്പര്യം, വ്യവസായ ഭീമന്‍മാരെ സുഖിപ്പിക്കുകയും അതിലൂടെ തങ്ങളുടെ കസേരകള്‍ ഉറപ്പിച്ചു നിര്‍ത്തുവാനുമുള്ള ശ്രമമായി തന്നെയാണ് വിലയിരുത്തേണ്ടത്.
ഒരു വ്യവസായ സ്ഥാപനം പ്രവര്ത്തിക്കുവാന്‍ അനുമതി തേടുമ്പോല്‍, ആ വ്യവസായ ഉല്‍പ്പന്നത്തിന്റെ ഭാഗമായ, അവശിഷ്ടങ്ങള്‍ എന്ത് ചെയ്യും എന്നുള്ളതെങ്കിലും അന്വേഷിക്കുവാന്‍ നമ്മുടെ ഭരണ നേതൃത്വങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. അല്ലാതെ നമ്മുടെ ജീവന്റെ നിലനില്പ്പുകളായ പുഴകളിലെക്കോ, രാത്രികാലങ്ങളില്‍ ആരും അറിയാതെ വായുവിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും ചേരി പ്രദേശങ്ങളിലോ കൊണ്ട് തള്ളൂവാനാകരുത്. അതുകൊണ്ട് തന്നെ അതിനു വേണ്ടതായ സജ്ജീകരണങ്ങള്‍ക്ക് മുന്‍ ഗണന നല്കുകയും, അത് പ്രാവര്‍ത്തീകമായതിനു ശേഷവുമായി രിക്കണം പ്രസ്തുത സ്ഥാപനം തുറക്കുവാന്‍ അനുവധിക്കേണ്ടത്.
ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രത്തോടു കൂറും, ജനങ്ങളോട് പ്രതിബദ്ധതയുള്ള നട്ടെല്ലുള്ള ഭരണകര്‍ത്താക്കളെയാണ് നമുക്ക് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില ഇന്ന് ഇല്ലാതെ പോയതും അത് തന്നെയാണ്.
കാതിക്കുടത്തും, എന്ടോ സള്‍ഫാന്‍ പ്രദേശങ്ങളിലൂടെയുമെല്ലാം വീശു ന്ന കാറ്റ് അവിടെ മാത്രം ഒതുങ്ങിന്നില്ലെന്നും, അവിടങ്ങളിലെ പുഴയിലെ വെള്ളം പമ്പ് ചെയ്തു മറ്റു പലയിടങ്ങളിലെക്കും വിതരണം ചെയുന്നുവെന്നും, ഉല്പ്പാദിപ്പിക്കപ്പെടുന്ന പഴവര്ഗ്ഗങ്ങളും പച്ചക്കറികളും രാജ്യത്തിന്റെ മറ്റു ദിക്കുകളിലേക്കും എത്തുന്നുണ്ടെന്നും അതിലെല്ലാം ആ പ്രദേശത്തുള്ളവരെ ബാധിച്ചിരിക്കുന്ന മാരക രോഗത്തിന് കാരണമായ വിഷത്തിന്റെ കണികകള്‍ ഒളിഞ്ഞിരിക്കുന്നുവെന്നും മനസ്സിലാക്കി അതിനെ പ്രധിരോധിക്കുവാന്‍ സമരക്കാരോട് നമ്മളും ഐക്യദാര്ഡ്യം ഉറപ്പിക്കെണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ നമ്മുടെ വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിര്ക്കും ഇതിലൂടെ അടിച്ചമര്‍ത്തപ്പെടുന്നത്.