2015 ജനുവരി 27, ചൊവ്വാഴ്ച

നിനക്കായ് മാത്രം




പാടാൻ മറന്ന 
പാട്ടുകളിലൊന്നു ഞാൻ 
പാടട്ടെ സഖീ 
നിനക്കായ് മാത്രം 

പാരിജാതപ്പൂമണം 
നിറഞ്ഞു തൂവും 
താരകങ്ങൾ പൊട്ടി 
വിടരുന്ന രാവിൽ 

ആരോരുമറിയാതെ 
നിൻ കവിളിണകൾ 
കോരിക്കുടിച്ചു 
തുടിപ്പിച്ച നേരുകൾ 

മറന്നുവോ സഖീ 
ഒടുവിലായ് നമ്മൾ 
പറയുവാനാകാതെ 
പിരിയേണ്ടി വന്ന നാൾ 

ഈറനുടുത്തു ശ്രീ-
കോവിലിൻ മുൻപിൽ 
മുറുകെ കണ്ണടച്ചു നിൽ-
പ്പെങ്കിലും കണ്ടു, നിൻ 

വിറയാർന്ന മിഴികളെൻ  
നേർക്കു നീളുന്നതും 
പറയാതെ പറഞ്ഞ 
യാത്രാ മൊഴികളായ് ...

കാത്തു സൂക്ഷിക്കു,
ന്നെൻ ഹൃദയച്ചിമിഴിൽ  
പൂത്തു നില്ക്കുമുന്-
മത്ത വസന്തമായിന്നും 

പാടട്ടെ സഖീ, 
നിനക്കായ് മാത്രം
പാടാൻ മറന്ന 
പാട്ടുകളിലൊന്നു ഞാൻ 

2015 ജനുവരി 25, ഞായറാഴ്‌ച

പൂവ്




ഏതു നിമിഷവും 
കൊഴിഞ്ഞുവീണേക്കാവുന്ന 
ഒരു പൂവുണ്ട്...
എന്റെ നെഞ്ചിൽ 

രക്ത തുടിപ്പാർന്ന  
ഇളം തെന്നലിൽ 
ചാഞ്ഞും ചെരിഞ്ഞും 
കളിക്കുന്ന ഒന്ന്...

ഉമ്മ വെക്കുമ്പോൾ 
ഇതളുകളിൽ
 മഞ്ഞു മഴ പെയ്യുകയും 
സ്നേഹ നിരാസങ്ങളിൽ 
പൊള്ളി തിണർത്ത് 
പിടയുന്നതുമായ ഒന്ന് ....

മോഹങ്ങളുടെ പെരുംപാതയിലൂടെ 
സഞ്ചരിക്കുമ്പോഴും 
ഒരിക്കൽപ്പോലും 
ഓർത്തെടുക്കാത്ത ഒന്ന്.

സ്നേഹം കൊണ്ട്
നീയതിനെ വീർപ്പു മുട്ടിക്കുകയോ 
വൈരാഗ്യം കൊണ്ട് 
വെറുപ്പിക്കുകയോ ചെയ്യരുത്..! 


-ശശി കാട്ടൂർ 

2015 ജനുവരി 24, ശനിയാഴ്‌ച

ചെരുപ്പ്




നീ തന്ന ചെരുപ്പ് 
എന്റെ കാലുകൾക്കിണങ്ങില്ലായിരുന്നു 
ഞാനത് 
പാതി വഴിയുലുപേക്ഷിച്ചു 

ആടുകളെ തമ്മിലടിപ്പിച്ച് 
ചുടുചോര കുടിക്കുന്ന 
കുറുക്കന്റെ മുഖം പോലെ 
കൂർത്തതായിരുന്നു ചെരുപ്പ്.

ഉപ്പൂറ്റിയിലൂടെ 
തലച്ചോറിലേക്ക് ഇരച്ചെത്തിയ 
സ്പന്ദനങ്ങൾ  
ആ സൂത്രക്കാരന്റേതായിരുന്നു

എനിക്കത് 
ഉപേക്ഷിക്കാതെ വയ്യായിരുന്നു 
മനസ്സ് ഉരുവിട്ടുകൊണ്ടേയിരുന്നു...

നഗ്നപാദ നായാലെന്ത്
എന്റെ  നാടല്ലെ 
നടക്കാൻ പഠിച്ച 
മണ്ണല്ലേ...!


-ശശി കാട്ടൂർ 
 

2015 ജനുവരി 19, തിങ്കളാഴ്‌ച

കപ്പലണ്ടി വറുക്കുന്നയാൾ



ചൂടുള്ള സ്വപ്‌നങ്ങൾ 
വറുക്കുകയാണൊരാൾ 
പാതയോരത്തിരുന്ന് 
കൊടും തണുപ്പിലലിഞ്ഞ് 

കാസരോഗിയായ അമ്മയുടെ 
പതിഞ്ഞ  ശബ്ദംപോലെ    
പഠിക്കാൻ മിടുക്കരായ പെണ്മക്കളുടെ 
ഓർമ്മപ്പെടുത്തൽ പോലെ
മുറി വാടക ചോദിച്ചെത്തുന്ന 
അറബിയുടെ തെറിവിളി പോലെ 
വിസ തീർന്നവനു മേലുള്ള 
പോലീസുകാരന്റെ കണ്ണേറു പോലെ 
ഇത്തിരി ചൂടിനു കൊതിക്കുന്ന 
പാതിയാളുടെ പരിഭവം പോലെ 
വറുക്കുകയാണയാൾ 

നേരെമേറെയായിട്ടും  
വരുവാനാരുമില്ലെന്നറിഞ്ഞിട്ടും 
ഒരു പൊതി പോലും വിറ്റു പോകാതെ 
ഉരുണ്ടു കളിക്കുന്ന സ്വപ്നങ്ങളെ  
കരിഞ്ഞു പോകാതെ 
താലോലിക്കയാണയാൾ 
ചുട്ട മണലിലിട്ട്  
പതിയെ, പതിയെ
വറുക്കുകയാണയാൾ 

മുൻപും  
ഞാനിയാളെ കണ്ടിട്ടുണ്ട് 
കത്തിയൊലിക്കുന്ന വേനലിൽ 
ഇതേ പാതയോരത്ത് 
ഇതേ ഇരിപ്പിൽ 

വറുത്തെടുക്കാൻ 
കനപ്പെട്ട സ്വപ്‌നങ്ങൾ 
ഉള്ളതുകൊണ്ടാകാം 
ചൂടോ തണുപ്പോ 
അയാളെ അലട്ടാതിരിക്കുന്നത്  
അയാൾ അറിയാതിരിക്കുന്നത്. 

2015 ജനുവരി 13, ചൊവ്വാഴ്ച

നാരീപൂജ



ഇതാ, നഗ്നമായ എന്റെ ഉടൽ  
ഭോഗിക്കുക 
മതിയാകും വരെ 

അതിനു മുന്പ് 
ഒരു വ്യവസ്ഥയുണ്ട് 
പരമ്പരാഗത ക്രീഡകളൊന്നും വേണ്ട...

നിന്റെ അടിയിൽ കിടന്നു 
മടുത്തുപോയതുകൊണ്ടാണ് ..! 

പുതിയവ....
അതിനു വേണ്ടി 
കുറഞ്ഞത്‌, 
നാല് വെളുവെളുത്ത 
നീലചിത്രങ്ങളെങ്കിലും 
നീ കാണണം

നീ ഞെട്ടി, ല്ലേ...
നിന്റെ മുഖം 
അത് പറയുന്നുണ്ട് 

എന്നാലും, 
എനിക്കറിയാം 
തേടിപ്പിടിച്ച് 
നീയത് കണ്ടിരിക്കും.

കാരണം, 
എന്നെ ജയിക്കലാണല്ലോ 
എന്നെത്തെയും 
നിറെ പേടി.

- ശശി കാട്ടൂർ 

2015 ജനുവരി 12, തിങ്കളാഴ്‌ച

സങ്കട ഹർജി




നാളെയാണ്, എൻറെ വിധി 
നോക്കു, കുറച്ചു മുൻപാണ് 
അവരെൻറെ കൂട്ടുകാരുടെ 
ജീവനെടുത്തത്..

കൌതുകം തോന്നിയത്, 
ആരാച്ചാരൊക്കെയും 
ഉച്ചച്ചൂടിൽ
ഇത്തിരി നേരം വിയർപ്പാറ്റിയത് 
എൻറെ കുടക്കീഴിൽ വന്നിരുന്നായിരുന്നു....!

ഞാനവർക്ക് 
ശരിക്കും വീശി കൊടുത്തു.
"ശത്രുവായാലം, അഭയം തേടുന്നവനെ 
കൈവിടരുതെന്നല്ലേ..."

ഇനി, ഞാൻ കൂടി വീണുപോയാൽ 
അവർക്കിത്തിരി നേരം വിശ്രമിക്കാൻ 
ആരാണ് 
അഭയം കൊടുക്കുക...?

ദയാവായ്പ്പിന് അപേക്ഷിക്കാൻ 
ഞങ്ങളുടെ ഭാഷ മനസ്സിലാകുന്ന 
കോടതിയോ, 
ഭരണകർത്താക്കളോ ഇല്ലല്ലോ..!!

നാഗരീകനാകാനുള്ള ത്വരയിൽ 
നാളെ,
നിങ്ങളുടെ പൊന്നു മക്കൾ 
ഇത്തിരി തണലിനു വേണ്ടി 
ശുദ്ധ- 
ജലത്തിന് വേണ്ടി 
വായുവിനു വേണ്ടി 
നെട്ടോട്ടമോടും.....
അതാണെന്റെ സങ്കടം
അത്.. മാത്രമാണെന്റെ സങ്കടം .


-ശശി കാട്ടൂർ 

2015 ജനുവരി 7, ബുധനാഴ്‌ച

അടയാളം




തോറ്റു പോകുന്നു,
ഒറ്റക്കാകുമ്പോൾ..

വേഗം 
വേഗമെന്നു പറയുമ്പോൾ
ഭാഷയെ പ്പറ്റി പറയുമ്പോൾ
വേഷത്തെപ്പറ്റി പറയുമ്പോൾ
മലകളെ പ്പറ്റി 
മതങ്ങളെ പ്പറ്റി 
പുഴയെ പ്പറ്റി 
പുലരിയെ പ്പറ്റി 
പൂക്കളെപ്പറ്റി 
പൂമ്പാറ്റയെ പ്പറ്റി 
മണ്ണിനെപ്പറ്റി 
മർത്യനെപ്പറ്റി 
ഇല്ലായ്മയെപ്പറ്റി 
കൊള്ളരുതായ്മയെപ്പറ്റി 

പറയുമ്പോഴൊക്കെയും 
ഉച്ചത്തില,വ-
രെന്നെ 
വന്നു മൂടുന്നു..

നിശബ്ദമാക്കപ്പെടുന്ന 
ചുണ്ടുകളുടെ മേലാട 
ചീന്തിക്കളഞ്ഞ് 
ഒരുക്കി വെച്ചിട്ടുണ്ട് 
പൊള്ളത്തരങ്ങളെ 
പൊള്ളിക്കാൻ പോന്ന 
ഉയിർപ്പിൻറെ 
ചൂടുള്ള ചുംബനം.