ചൂടുള്ള സ്വപ്‌നങ്ങൾ
വറുക്കുകയാണൊരാൾ
പാതയോരത്തിരുന്ന്
കൊടും തണുപ്പിലലിഞ്ഞ്
കാസരോഗിയായ അമ്മയുടെ
പതിഞ്ഞ ശബ്ദംപോലെ
പഠിക്കാൻ മിടുക്കരായ പെണ്മക്കളുടെ
ഓർമ്മപ്പെടുത്തൽ പോലെ
മുറി വാടക ചോദിച്ചെത്തുന്ന
അറബിയുടെ തെറിവിളി പോലെ
വിസ തീർന്നവനു മേലുള്ള
പോലീസുകാരന്റെ കണ്ണേറു പോലെ
ഇത്തിരി ചൂടിനു കൊതിക്കുന്ന
പാതിയാളുടെ പരിഭവം പോലെ
വറുക്കുകയാണയാൾ
നേരെമേറെയായിട്ടും
വരുവാനാരുമില്ലെന്നറിഞ്ഞിട്ടും
ഒരു പൊതി പോലും വിറ്റു പോകാതെ
ഉരുണ്ടു കളിക്കുന്ന സ്വപ്നങ്ങളെ
കരിഞ്ഞു പോകാതെ
താലോലിക്കയാണയാൾ
ചുട്ട മണലിലിട്ട്
പതിയെ, പതിയെ
വറുക്കുകയാണയാൾ
മുൻപും
ഞാനിയാളെ കണ്ടിട്ടുണ്ട്
കത്തിയൊലിക്കുന്ന വേനലിൽ
ഇതേ പാതയോരത്ത്
ഇതേ ഇരിപ്പിൽ
വറുത്തെടുക്കാൻ
കനപ്പെട്ട സ്വപ്‌നങ്ങൾ
ഉള്ളതുകൊണ്ടാകാം
ചൂടോ തണുപ്പോ
അയാളെ അലട്ടാതിരിക്കുന്നത്
അയാൾ അറിയാതിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ