കണ്ടു ഞാനിന്നലെ ചന്ത-
മൊത്ത മുഴുത്തിങ്കളെ
കൂരിരുട്ടിന്നിടയിലൂ,
ടെത്തി നോക്കുന്ന പൈതലെ
കണ്ണിലുണ്ട് ചോദ്യങ്ങൾ,
തേടുകയാവാമമ്മയെ
രണ്ടു നാളുണ്ട് കണ്ടിട്ട്,
മുലകുടിക്കുന്നോരനുജനെ..
മുരണ്ടുരുണ്ട് വരുന്നുണ്ട്
തീ തുപ്പുന്ന കോപ്പുകൾ
തിരഞ്ഞുപ്പിടിച്ചു കൊല്ലുന്ന
ദയയില്ലാ കശാപ്പുകാർ
മാറി നിന്നിടട്ടെ ഞാ-
നൊരിത്തിരി നേരത്തേക്കിനി...
ആധി പൂണ്ട തമ്പുരാന്മാർ
തേരുരുട്ടി പോകും വരെ
ഒളിഞ്ഞിരിക്കുകുണ്ണീ, നീ-
യവരുടെ വെട്ടത്തു നിന്നും
വെളിവില്ലാത്തവരാണവർ,
രക്ത ദാഹികളാണവർ
പറഞ്ഞു തീർന്നേയില്ലല്ലോ,
കേൾപ്പൂ വെടിയൊച്ചകൾ
തറപറ്റികിടക്കുന്നു,
ചിതറിയ...കണ്ണാടി പോലതാ !!!
പൊന്നുണ്ണീ പൊറുക്കുക, വഴി-
പ്പോക്കരിലൊരുവൻ ഞാൻ
പേനക്കൊണ്ട് സങ്കടങ്ങൾ
പൊലിപ്പിക്കും കഥാകാരൻ
ശാന്തിയില്ലാ മനസ്സി-
ന്നുടമയാണ് ഞാ,നെങ്കിലും
ചേർത്തുവെപ്പൂ നിന് മുഖം,
എന്റെ ഹൃദയത്തിനുള്ളിലായ്.
-ശശി കാട്ടൂർ
16.09.14