2016 നവംബർ 14, തിങ്കളാഴ്‌ച

എൻറെ കാമുകി



പൂത്ത മരക്കൊമ്പി-
ലൂഞ്ഞാലാടും പ്രണയമേ...
കണ്ടുവോ നീയെന്റെ കാമുകിയെ  
കാട്ടുചോല തഴുകിയ 
വരാലിന്നുടലിനെ 
കിന്നാരം ചൊല്ലിയെൻ 
കാതു കടിച്ചെടുത്തു 
കടന്നു പോയവളെ 
മണ്ണിന്റെ മദഗന്ധം 
കുടിക്കുവാനെത്തും 
മഴവള്ളി പോൽ നനുത്തവളെ
ചുംബനത്തിന്റെ കൈപ്പിനാലെൻറെ  
ചുണ്ടു പൊള്ളിച്ച 
വാക്കിന്റെ മൂദേവിയെ 

കണ്ടുവോ, കണ്ടുവോ നീ  
പൂത്ത മരക്കൊമ്പിലൂഞ്ഞാ-
ലാടുമെൻ പ്രണയമേ...

നിലാവ് പൂവിട്ട 
തണലിന്റെ പാടത്ത് 
വാക്കുകൾ 
ഉന്മാദ നൃത്തം ചവിട്ടും 
കളിയച്ചനൊരുക്കിയ 
കളിത്തൊട്ടിലൊന്നിൽ 
കാഞ്ഞിരത്തിന് കയ്പു മോന്തിയോൾ ,
കാട്ടു കിഴങ്ങിൻ മൂട്ടിൽ മുളച്ചവൾ 
മണ്ണിന്റെ ചൂടും ചൂരും നിറഞ്ഞവൾ 
ആരാലും തളക്കപ്പെടാതെ,യശ്വ-
മേധ കുതിരയായലയുവോൾ  
പുണർന്നിട്ടും പുണർന്നിട്ടും 
കൊതി തീരാതെ 
മരണക്കയത്തിലേക്കു  
കൊണ്ടു പോകുന്നവൾ
ശൂന്യമാം തേജസ്സിൽ 
പേറ്റ് നോവാൽ പൊള്ളി കിടക്കുന്നു
നിന്റെ രേതസ്സ് ചുട്ടെടുത്തവൾ
കാല കാപട്യത്തിൻ 
മുഖത്തേക്ക് തുപ്പുവാൻ 
കാല വൈരിയാം കാമുകിയായവൾ .

-ശശി കാട്ടൂർ 
.02.11.16.

പ്രായമാകുമ്പോൾ




പ്രണയമെല്ലാം ചോർന്നു പോകുന്നുവോ,
പ്രിയതമേ നമുക്ക് പ്രായമാകുന്നുവോ 

എന്ത് സൗരഭ്യമായിരുന്നു,   പണ്ട് 
നീയെൻറെ ചാരെ വന്നു നിന്നീടുമ്പോൾ 
താമരപ്പൂ വിരിയുന്ന ഗന്ധം 
പൂവിതൾ തൊട്ടു നോക്കും മൃദുലത 
എപ്പോഴും മൊത്തി കുടിക്കുവാൻ തോന്നും 
സ്നിഗ്ദ സൗന്ദര്യ മധുപൂർണ്ണ ചന്ദ്രിക ! 

ഇന്ന് നീയെൻ അരികത്തിരിക്കെ 
വെന്തു നീറിയ അരിയുടേതാകാം
അരിഞ്ഞു വെക്കെ നിന്നോടലിഞ്ഞ 
എരിവേറിയ മുളകിന്റേതാകാം,
കണ്ണ് നീറ്റിയ സവാളയുമാകാം  
കൂട്ട് ചേർക്കേ ഉടുപ്പിൽ തെറിച്ച 
കറി മസാല തൻ ഗന്ധവുമായിടാം 
കുട്ടിക്കൂറയും ഫയർ ആൻറ് ലൗവ്ലിയും 
മാറി നിന്നതിന് മനുഷ്യ മണമാകാം ...!

ഇന്ന് നിന്നെ തൊട്ടു നോക്കീടവേ, തള്ളി-
മിനുക്കാത്തുരുപ്പടി പോലെയാം 
കാലം നിൻറെ മെയ്യിൽ പുരട്ടിയ 
അനുഭവത്തിൻറെ  പരു പരുപ്പായിടാം 

എങ്കിലും പ്രിയേ ഒന്നുണ്ട് കാണുന്നു, ഉഷ-
സന്ധ്യ വന്നു വിളിക്കുന്നതിന് മുൻപേ 
ഭാരമെല്ലാം ഒന്നായെടുത്തു നീ 
രാഗ ദ്വേഷ വികാരങ്ങളെല്ലാം
മക്കളോടുള്ള പ്രേമത്തിൽ മുക്കി 
രാവിരുട്ടി  തല ചായ്ക്കും വരെ, ഋതു-
ഭേദങ്ങൾ വന്നു പോകുന്നതറിയാതെ 
ഭൂമിയെപ്പോൽ നിന്ന് തിരിയുന്നു, 
ചോർന്നു പോകാത്ത സഹനത്തെയോർത്ത് 
പാതിയാളെ നിന്നെ നമിക്കുന്നു.!

പ്രിയതമേ നമുക്ക് പ്രായമായെങ്കിലും 
പ്രണയിച്ചു പോകുന്നു നിന്നെ ഞാൻ വീണ്ടും. 

-ശശി കാട്ടൂർ 

മാലിന്യ നിവാരണം



സമയം പാതി രാത്രി പന്ത്രണ്ടു മണി 

അതാ ഫോണിൽ ബീപ്പ് ബീപ്പ് ( ബീഫല്ല, തെറ്റിദ്ധരിക്കണ്ട) ശബ്ദം. ഞാൻ ഞെട്ടിയുണർന്നു 

അതാ നമ്മുടെ രാജാവ്.... 

രാജാവ് വാർത്താ  പ്രക്ഷേപണിക്കു മുമ്പിൽ നിൽക്കുന്ന വീഡിയോ 

ഞാൻ ആനന്ദ പുളകിതനായി. ആ മുഖം കണ്ടപ്പോഴേ എന്റെ സകലമാന നാഡീ ഞരമ്പുകളും ദേശ സ്നേഹം കൊണ്ട് വിജ്രംഭിച്ചു. 

രാജാവ് പറയാൻ തുടങ്ങിയതോടെ ഉറക്കച്ചടവിനാൽ താഴ്ന്നിരുന്ന എന്റെ ശിരസുയർന്നു....നെഞ്ചു വികാസം കൊണ്ടു,  അത് അമ്പത്താറു ഇഞ്ചിലേക്കു വലിഞ്ഞു മുറുകി നിന്നു ...!

വാഹ്,  എത്ര മനോഹരമായ ശബ്ദം.. എന്തു ഗാംഭീര്യം . ഞാൻ ഫോണിന്റെ ശബ്ദം കൂട്ടി. ഉറങ്ങിക്കിടന്ന ഭാര്യയും മക്കളും വരെ ആലസ്യമില്ലാതെ എണീറ്റിരിക്കുന്നു....

അതാ അദ്ദേഹം, ഉറക്കം പോലും കളഞ്ഞു രാജ്യത്തെ കൃഷിക്കാരെയും, പാവങ്ങളെയും  പറ്റി സംസാരിക്കുന്നു. പറഞ്ഞു പറഞ്ഞു നാട്ടിൽ വേണ്ടത്ര കക്കൂസുകൾ ഇല്ലാത്തതെ പറ്റി ആശങ്കപ്പെട്ടു. 

ഓ.. ഈ രാത്രിയിലും രാജ്യത്ത് കക്കൂസ് ഇല്ലാത്തതിനെ പറ്റി വേവലാതിപ്പെടുന്ന രാജാവ്....മുമ്പൊരിക്കലൂം ഉണ്ടായിട്ടില്ല ഇതുപോലൊരാൾ.

ഞാൻ എൻറെ കാതുകൾ  കൂർപ്പിച്ചു വെച്ചു, യോഗാസന മുറയാൽ ഏകാഗ്രനായി....രാജാവിന്റെ ശബ്ദം മാത്രമാണ് ഇപ്പോൾ എന്റെ കാതിൽ....അത് അങ്ങിനെ ഉള്ളിലേക്ക്, ഉള്ളിലേക്ക്...  എന്നെ ശാന്തനാക്കുന്നു. 

" അതുകൊണ്ട് , ഈ നിമിഷം മുതൽ ഈ പാതിരാത്രിയിൽ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു, രാജ്യത്തിന്റെ ശുചിത്വ ബോധത്തെ മുൻ നിറുത്തി ആരും തന്നെ സർക്കാർ വക ശുചി മുറി എത്തുന്നതുവരെ 
മുള്ളുകയോ, തൂറുകയോ, തുമ്മുകയോ, തുപ്പുകയോ  ചെയ്യരുത്. അഥവാ നിങ്ങളിൽ ആർക്കെങ്കിലും സ്വന്തമായി ശുചി മുറികൾ ഉള്ളവരുണ്ടെങ്കിൽ അത് അതിനായി നിയോഗിക്കപ്പെട്ട ഉദ്യഗസ്ഥരെ അറിയിക്കേണ്ടതും, അവർ  നിങ്ങളുടെ സ്ഥലത്തു വന്നു പരിശോധിച്ചു ഗുണനിലവാരവും കൃത്യതയും ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്..."

ഈ പ്രഭാഷണം  കേട്ട് കഴിഞ്ഞിട്ട് വേണം ഒന്ന് മുള്ളാൻ എന്ന് കരുതിയ എൻറെ അരയിൽ നിന്നും യോഗമ്മാവൻ പ്രത്യേകമായി പറഞ്ഞു തന്ന മുറപ്രകാരം എല്ലാം നാടിനു വേണ്ടിയല്ലേ എന്ന ചിന്തയാൽ ഞാൻ മൂത്രത്തെ ഉള്ളിലേക്കാവാഹിച്ചു,
യോഗ പഠിക്കാത്തതിനെ ചൊല്ലി ഭാര്യയെയും മക്കളെയും ശാസിച്ച് പുഞ്ചിരിയോടെ ഉറങ്ങാൻ കിടന്നു.

 - ശശി കാട്ടൂർ.