2019 മാർച്ച് 28, വ്യാഴാഴ്‌ച

അനാഥന്റെ കാത്തിരിപ്പ്




ഒടുക്കത്തെ വണ്ടിയും 
കടന്നുപോകുന്നിതാ 
ഇന്നും, നീ വന്നില്ല ഞാനു -
മെൻ നിഴലും ബാക്കിയാകുന്നു...

രാവുറങ്ങുവാൻ ,കൂട്ടു വിളിക്കുന്നു, 
രാപ്പക്ഷി 
രാത്രിയുടെ കടത്തിണ്ണയിൽ 
നിത്യവും എന്നപോലിന്നും  
നിന്നെയും കാത്തിരിക്കുമ്പോഴും ...

ചാക്കു വിരിച്ചിട്ട അന്നത്തെ രാത്രിയിൽ 
തെരുവിന്റെ മക്കളെ സ്വപ്നവും കണ്ട് 
ക്ഷീണിതനായി ഞാ, നുറങ്ങിക്കിടക്കവേ 
ഉണ്ണിക്കഞ്ഞി കളിച്ച തന്നോർമ്മയിൽ 
ഉണ്ണി വീട് തേടി നീ പോയതല്ലയോ...!

ചാരെ കിടന്നൊരാ തെരുനായ പോലും 
മുരടോന്നനക്കി,യുണർത്തിയതില്ലെന്നെ. 

തൂങ്ങിയാടുന്ന രണ്ടു ദേഹങ്ങളിപ്പോഴും 
വിങ്ങുന്നൊരോർമ്മയായ് കണ്ണിൽ തെളിയുന്നു.
ഒന്നുമറിയാതെ കളിക്കയാണപ്പോഴും 
ഉണ്ണി നീ, ജപ്തിയാൽ പേടിച്ച മുറ്റത്ത് ...!

എല്ലാം കഴിഞ്ഞു ഏവരും പോയതും 
രണ്ടുപേർ നമ്മൾ ബാക്കിയായി  നിന്നതും  
ദിക്ക് നോക്കാതെ,ഇരുളിൻ വെളിച്ചത്തിൽ നിന്നെയെടുത്തു നടന്നേ നടന്നതും...
എത്ര ദൂരം താണ്ടിയോർ നമ്മൾ  
ഉണ്ണി നീ, അതൊന്നുമറിഞ്ഞതേയില്ല ...

ശ്വാസമൊന്നു തടയുന്നിടക്കിടെ 
കാലമേറെ നരച്ചുപോയില്ലേ .. ..
അവസാന വണ്ടിയും കടന്നുപോയെങ്കിലും 
നീ വരും വരുമെന്നൊരൊറ്റ നിനവിനാൽ 
ആയുസ്സു നീണ്ടു നീണ്ടു പോകുന്നെടോ...
നീ വരും,വരുമല്ലേ ഉണ്ണീ..!

-ശശി കാട്ടൂർ.

2019 മാർച്ച് 24, ഞായറാഴ്‌ച

ഒറ്റയ്ക്ക് നടത്തം



 നടക്കുന്നവന്റെ കണ്ണുകൾ കണ്ടിട്ടുണ്ടോ
ആരെയാണവൻ തിരയുന്നത് ...?
അവന്റെ കാതുകൾ എഴുന്നേറ്റു നിൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ..?
മണം ചികയുന്ന
മൂക്ക് നോക്കിയിട്ടുണ്ടോ..?
അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുക
വിതുമ്പാൻ ഒരുങ്ങി നിൽക്കുന്ന ചുണ്ടുകൾ കാണാം.
അന്വേഷിച്ചിട്ടും കണ്ടെത്താത്ത വിഷാദത്തിന്റെ അസഹ്യത കണ്ണുകളിൽ നീലിച്ചു കിടക്കുന്നുണ്ടാകും
ഇനിയും പിടി തരാത്ത ജീവോൽഭവത്തിന്റെ ഉന്മത്ത ഗന്ധം പരതുന്ന കിരുകിരുപ്പ് മൂക്കിന്മേലറിയാം..

കാറ്റിന്റെ മൂളലിനും
പാതകളുടെ മുരളിച്ചക്കും
കിളികളുടെ കൂകലിനും
പട്ടി, പൂച്ച അണ്ണാറക്കണ്ണൻ
എന്ന് വേണ്ട സർവ്വ ജീവജാലങ്ങളുടെയും ഒച്ചകൾക്കപ്പുറത്തുള്ള ഒന്ന്....

എന്ത് കണ്ടാലാണ്,
എന്ത് കേട്ടാലാണ്,
എന്ത് മണത്താലാണ്
പൂർണതയിലേക്ക് എത്തിപ്പെടുക...?

തിരച്ചിലിന്റെ ദൃഷ്ട്ടാന്തമാണ്‌
ഒറ്റക്കുള്ള അവന്റെ നടത്തം.
ഒരു ചങ്ങലക്കും ബന്ധിക്കാനാവില്ല അവനു മുൻപേ സഞ്ചരിക്കുന്ന
അവന്റെ ഏകാന്തതയെ...

ഒറ്റയ്ക്ക് നടക്കുമ്പോഴല്ലേ
പുതിയ വെളിച്ചങ്ങൾ തെളിഞ്ഞു, തെളിഞ്ഞു വരുന്നത്....
മനുഷ്യകുലം പ്രകാശപൂര്ണമാകുന്നത്...

-ശശി കാട്ടൂർ.
23. 03. 19       

2019 മാർച്ച് 13, ബുധനാഴ്‌ച

യുദ്ധവും സമാധാനവും 


യുദ്ധവും സമാധാനവും

ഭാരതാംബയുടെ കാൽക്കീഴിൽ, കടലോരത്ത്  കടല  കൊറിച്ചും 
ഹരമേറിയ  യുദ്ധവാർത്തകൾ നോക്കിയും,  ഇരിക്കവേ
മുഖ
പുസ്തകത്താളിൽ അയാളെഴുതിയതിങ്ങനെ 
യുദ്ധം വേണം,
വേണം  വേണം   
അയൽക്കാരാകിലും  ശത്രുക്കളാ, ണവരെ  മുച്ചൂടും
മുടിക്കണം
അതും  പോരാ
യുദ്ധവിരുദ്ധർ,
രാജ്യദ്രോഹികളെ നാട് കടത്തണം...
പോയ്  തുലയട്ടെ ഭംഗി വിരോധികൾ   !

അസ്തമയ കാന്തി കണ്ടു നിന്നിടും
കാന്ത,യവളലത്ഭുതത്താൽ
വിളിച്ചൊച്ച 
വെക്കുന്നു
നിങ്ങളത്  കണ്ടുവോ
കൂറ്റൻ തിരമാല,യൊന്നതിന് 
ചുരുൾ ഭംഗി !

മുഖപുസ്തകത്തിൽ നിന്നുമയാൾ        മുഖമുയർത്തി
നോക്കുമ്പോഴതാ
ആയിരം തലകളുള്ളനന്തൻ
വാ പിളർന്നു വരുന്നതായി കാണുന്നു...

മണൽതിട്ടയിൽ കുഞ്ഞു വീട് ചമക്കും കുഞ്ഞിനേയും വാരി , തൻ ഭാര്യയുടെ കൈകൾ കക്ഷത്തിലെടുത്തു
യുദ്ധ ഭീതിയോടെ പായവേ പറയുന്നു
സുനാമിയാകാം, പടുത്തതൊക്കെയും തകർത്തു കളയാൻ
പണ്ടാരമതാ  വീണ്ടും വരുന്നു...!

-ശശി കാട്ടൂർ


2019 ഫെബ്രുവരി 4, തിങ്കളാഴ്‌ച

വിഷമവൃത്തം

വിഷമവൃത്തം

നീ പൂക്കുന്ന കാട്ടിലേ-ക്കെനിക്കൊന്നു   ചേക്കേറണം
കട്ട പിടിച്ച ഇരുളിനെ വകഞ്ഞു
നിന്റെ പാദങ്ങൾ ഉപേക്ഷിച്ചു പോയ
മണല്തരികളിലെ വിട്ടുപോകാത്ത ചുടുനിശ്വാസം മണത്തെടുത്തു
നീ തൊട്ടുഴിഞ്ഞ പുൽനാമ്പുകളുടെ മധുര
ഗന്ധം നുണഞ്ഞു
നീ കോരി കുടിച്ച കാട്ടരുവിയുടെ ദാഹത്തിലലിഞ്ഞു ചേർന്ന്
നിന്നുടലിന്റെ മൂർച്ചയിൽ മുറിപ്പെട്ടുപോയ
എന്റെ കാഴ്ചകൾ വീണ്ടെടുക്കുവാൻ  എന്നിലുറഞ്ഞുപോയ സങ്കടത്തിന്റെ മഞ്ഞുപാളികളുടച് എനിക്കെന്നെ പുതുക്കിപ്പണിയുവാൻ
പുനർജ്ജനിയുടെ ഗുഹാമുഖങ്ങൾ നൂണ്ട്
നിന്നിലേക്ക്‌ എത്തേണ്ടതുണ്ട്.

നീ പൂക്കുന്ന കാട് തേടി , ദിക്കുകൾ മറന്നു , ദിശയറിയാതെ മറ്റൊരു ഭൂമിയാകുന്നു ഞാൻ.

- ശശി കാട്ടൂർ 

2019 ജനുവരി 9, ബുധനാഴ്‌ച

വാക്‌ലോകം

വാൿലോകം

പട്ടു പോയൊരു വസന്തത്തെ നെയ്‌തെടുക്കുവാൻ നിന്നോട് ഞാൻ ചോദിച്ചത്
ഒരു വാക്കിന്റെ
കനല് മാത്രം.

എന്നിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ കെട്ടിപ്പൂട്ടി കൊണ്ടുപോയ
വാക്കുകളിൽ നിന്ന് ഒന്നെങ്കിലും
എനിക്ക് നീ തിരിച്ചു തരിക.

കാറ്റും മഴയും കൊള്ളാതെ
ആകാശവും ഭൂമിയും കാണാതെ
ഞാനതിനെ കാത്തുവെക്കാം.
കാലങ്ങൾക്കപ്പുറം, അത്
പെറ്റു പെറ്റു
പെറ്റു പെറ്റു
കാടും മേടും നിറഞ്ഞ
വാക്മലകൾ ഉണ്ടായെങ്കിലോ ....
അതിലവിടവിടെ,
അവിടവിടെ
കിളികളും ശലഭങ്ങളും
കൂടു വെച്ചെങ്കിലോ ...
മാനും മയിലും
കുരങ്ങനും
സിംഹങ്ങളും
ആടിപ്പാടി, ചാടിക്കേറി ഓടിയോടി കളിച്ചു രസിച്ചെങ്കിലോ ...
ചോപ്പും മഞ്ഞയും വെള്ളയും നീലയും ഇടകലർന്നു
കലർന്നുള്ള പൂക്കൾ , പുതിയൊരു ലോകം തീർത്തു തന്നെങ്കിലോ.

- ശശി കാട്ടൂർ.

2019 ജനുവരി 6, ഞായറാഴ്‌ച

അഭയം

അഭയം

എവിടെയാണഭയം,  എവിടെയും
 തിരക്കാണ് പതിവുപോൽ ...
സമചിത്തതയില്ലാതെ പായുന്ന പാതയോരങ്ങളിൽ നിൽപ്പുണ്ട് നിശ്ചലം
ഗാന്ധി,നാരായണഗുരു , വിവേകാനന്ദൻ, പ്രഗൽഭമതികളായുള്ളവർ

അതിന്നിടയിലൂടൊഴുകിയെത്തുന്നു ,
വാഗ്ദോരണികൾ
മതമഹത്വങ്ങളായ് അധികാരപ്പടവുകളേറുവാൻ   ആചാരവിചാരങ്ങളാൽ ആയുധം രാകുന്നു...

പ്രളയപ്പരവശതയിലൊരു മെയ്യായി
ഉയിർക്കൊണ്ട ജനതതി
പിരിയുന്നു,
ഓരോ മതകവാടത്തിലും

എവിടേക്കു പോകേണ്ടതെന്നറിയാതെ, ഒറ്റയായിപ്പോകുന്നു ഞാൻ.
ഒറ്റുകൊടുത്തവരാൽ മുറിപ്പെട്ടു കിടക്കുന്ന ധരണിയിൽ , നേര് ചേർത്തുപിടിക്കയാൽ ഒറ്റപ്പെട്ടവന് ...
ഭയമില്ലാത്തിതിരി നേരമിരിക്കുവാൻ,
തണല് തേടുന്നു...

എവിടെയാണഭയം,
നേര് കോർത്തു പിടിക്കുവാൻ
കൊതിക്കുന്ന കൈകളെ,
വരൂ ....
നമുക്കിവിടെയൊരു  ബോധി വൃക്ഷ ചുവടൊരുക്കാം ,
നേരിന്റെ പുലരി വിരിയട്ടെ,
ഭയമൊടുങ്ങട്ടെ.

- ശശി കാട്ടൂർ.

2018 ഡിസംബർ 20, വ്യാഴാഴ്‌ച

കൈ കോർക്കുക


കൈ കോർക്കുക നമ്മൾ ഒന്നായ്
കാലത്തിന് കെടുതികൾ നീക്കാൻ
പെണ്ണുങ്ങളുയര്ന്നു   വരുന്നത് കാണുമ്പോൾ പേടിക്കുന്നോ ...
മാറുക , മാറുക വൈതാളികരെ
കാക്കട്ടെ നാടിന് പൊലിമ
പല ജാതി മതങ്ങൾ മനുഷ്യർ
ഒന്നായി പാർക്കും നാട്ടിൽ
വർഗ്ഗീയ കാറ്റു പടർത്തി അധികാരം കൊയ്യാനായി
കഴിയില്ല കഴുകന്മാരേ ...
കേട്ടോളു, നിങ്ങൾക്കായൊരു
താക്കീതിത് , ഞങ്ങളൊരുക്കും കൈകോർത്തു പിടിക്കും മതിലിത് ,  നിങ്ങള്ക്ക് പുറത്തെ നിൽക്കാം....

കൈകോർക്കുക,  നമ്മൾ ഒന്നായ്
കാലത്തിന് കെടുതികൾ നീക്കാം.

- ശശി കാട്ടൂർ.