2018 ഡിസംബർ 20, വ്യാഴാഴ്‌ച

കൈ കോർക്കുക


കൈ കോർക്കുക നമ്മൾ ഒന്നായ്
കാലത്തിന് കെടുതികൾ നീക്കാൻ
പെണ്ണുങ്ങളുയര്ന്നു   വരുന്നത് കാണുമ്പോൾ പേടിക്കുന്നോ ...
മാറുക , മാറുക വൈതാളികരെ
കാക്കട്ടെ നാടിന് പൊലിമ
പല ജാതി മതങ്ങൾ മനുഷ്യർ
ഒന്നായി പാർക്കും നാട്ടിൽ
വർഗ്ഗീയ കാറ്റു പടർത്തി അധികാരം കൊയ്യാനായി
കഴിയില്ല കഴുകന്മാരേ ...
കേട്ടോളു, നിങ്ങൾക്കായൊരു
താക്കീതിത് , ഞങ്ങളൊരുക്കും കൈകോർത്തു പിടിക്കും മതിലിത് ,  നിങ്ങള്ക്ക് പുറത്തെ നിൽക്കാം....

കൈകോർക്കുക,  നമ്മൾ ഒന്നായ്
കാലത്തിന് കെടുതികൾ നീക്കാം.

- ശശി കാട്ടൂർ.

2018 ഡിസംബർ 1, ശനിയാഴ്‌ച

X അന്ധകാര ഭൂമികൾ


അന്ധകാര ഭൂമികൾ 

കൊടുങ്കാറ്റിന്റെ ചൂളം വിളിയിൽ 
എന്റെ ഒച്ച മുങ്ങിപ്പോയതായിരിക്കും 

അമ്മേ .....
ഞാനെത്ര തവണ നിങ്ങളെ വിളിച് അലറിക്കരഞ്ഞുവെന്നോ....

ഇടിവാളിന് വെട്ടത്തിൽ മരങ്ങളും തെങ്ങിൻ തലപ്പുകളും കോമരം തുള്ളുന്നത് കണ്ട് 
ഞാനെത്ര, എത്ര പേടിച്ചുവെന്നോ...!

അപ്പാ..
തൊഴുത്തിലെ പശുവിന്റെ അമറലൊന്നു  കേട്ടാൽ  , ഞെട്ടി ഉണരാറുള്ള 
എന്റെ അപ്പാ....
ഞാൻ പറഞ്ഞിരുന്നില്ലേ 
ആ കൂരയിൽ , വൈക്കോൽ വിരിപ്പിൽ, ഒറ്റയ്ക്ക് കിടക്കാൻ 
എനിക്ക് പേടിയാണെന്ന്.! 

നിങ്ങളെ ഞാൻ കുറ്റം പറയില്ല,
അത്രമേൽ മഴയും തണുപ്പുമായിരുന്നല്ലോ 
നമ്മുടെ മേൽക്കൂരയിൽ താളമിടുന്ന മഴത്തുള്ളികളുടെ ചിണുക്കം കേട്ട് ഉറങ്ങാൻ എന്ത് രസമായിരിക്കും...!

അമ്മേ ...
എന്റെ അനുജത്തിയെ 
എന്നെപ്പോലെ നിങ്ങൾ മാറ്റിക്കിടത്തരുത്.
അവൾക്ക്  പേടിയാവില്ലേ...
അവൾക്ക് വളരേണ്ടേ , 
പെണ്ണായി, വസന്തമായി 
വിടർന്നുല്ലസിക്കേണ്ടേ ...

അമ്മേ , അപ്പാ...
ഇനി നിങ്ങൾ സങ്കടപ്പെട്ടിട്ടെന്തിന് ...?
നിങ്ങളുടെ ഓരോ ചലനത്തിനും കാതോർത്ത് 
എന്റെ അനുജത്തിമാർക്കൊക്കെയും ഓർമ്മപ്പെടുത്തലായി  
ഞാനിവിടെ, 
ഈ മൺകൂനക്കടിയിൽ 
എപ്പൊഴും ഉണർന്നു കിടപ്പുണ്ട്.....!

- ശശി കാട്ടൂർ .

2018 നവംബർ 27, ചൊവ്വാഴ്ച

യാത്രയിൽ ചിലർ.


യാത്രയിൽ  ചിലർ.

നടുറോഡിൽ 
ചോരയിൽ തകർന്നു കിടക്കുന്ന 
അയൽവാസിയാം ഇയാളെ 
ഞാൻ കണ്ടിട്ടുണ്ടെന്ന് നിശ്ചയം.

പലവട്ടം മുഖത്ത് നോക്കി ഞാൻ 
പുഞ്ചിരിക്കാൻ ശ്രമിച്ചതും 
അയാളുടെ മുഖമപ്പാടെ 
മൊബൈലിലേക്ക് വീണുപോയതും 
ഇവിടെ ഞാൻ ഓർത്തെടുക്കട്ടെ.

ഞാൻ താമസിക്കുന്ന വാടക വീടിന്റെ മതിലിന്നപ്പുറം 
ഒറ്റക്കിരിക്കുന്ന കണ്ട് 
കൊച്ചു വർത്തമാനം പറയുവാൻ 
കൊതിച്ചതും , കഴുത്തൊടിഞ്ഞപോലെ 
ഇയാളുടെ മുഖം
 മൊബൈലിലേക്ക് 
പൂണ്ടുപോയതും 
ഇവിടെ ഞാൻ ചേർത്തുവെക്കട്ടെ.

തകർന്ന ബൈക്കും 
തകർന്ന മൊബൈലും 
ചോരയിൽ കുതിർന്ന ഇയാളെ 
ഞാൻ കണ്ടിട്ടുണ്ടെന്ന് മാത്രം പറയട്ടെ.

പേരെന്ത്,നാടെന്ത് , ഭാഷയെന്ത് ...
ഇനി മോർച്ചറിയിൽ കിടക്കട്ടെ,
പോലീസുകാർ തിരക്കട്ടെ.

- ശശി കാട്ടൂർ.

2018 നവംബർ 19, തിങ്കളാഴ്‌ച

ശത്രു



ശത്രു


ഗാന്ധിയെ കൊന്നത് നീയാണ്, നവ -
ഖാലിയിൽ കണ്ടു, ഗോധ്രയിൽ കണ്ടു,
ബാബരി പള്ളി  തൻ  മകുടത്തിൽ കണ്ടു 
തെരു വീഥിയിൽ മർഥ്യനെ മർദ്ധിച്ചതും
നിറം നോക്കുന്നതും,നാട് കത്തിപ്പതും 
കണ്ടു,ദീപമാമക്ഷര ജ്വാലക്കു 
നേരെ കൂപമണ്ഡൂകമായ് ചിലപ്പതും കണ്ടു,
പോരാതെ, വെടിവെച്ചു    തീർത്തതും കണ്ടു..!


റൊട്ടിയെ പറ്റി നീ  മിണ്ടിയില്ലിതുവരെ,
പൊട്ടിയ പാത്രത്തിൽ നോക്കി 
ദൈവ ലോകത്തിന്റെ  മഹിമ പാടി..
കൊള്ളയടിച്ചു പോകുന്നതറിയാതെ , യാ 
പാവങ്ങൾ,
കൈകൂപ്പി നിന്നവർ ....
കന്നും 
കലപ്പയും വിട്ടു ,    രഥത്തിന്റെ
പിന്നാലെ, പിന്നാലെ  പാഞ്ഞു.

ആണ്ടുകൾ പിന്നിലേക്കാണ്ടുപോയ് 
ഇന്നിതാ നിൽക്കുന്നു, നിശ്ശബ്‌ദം,
ചോര  വാർന്നും  തളർന്നും  !...

"എന്തനായാസം .ദൈവത്തിന് പേരിൽ 
ചിന്തുവാൻ സോദര  ബന്ധത്തെപ്പോലും.."

മെതിയടിയൊച്ചയോ കേൾക്കുന്നു    
വന്നു നിൽക്കുന്നു  വാമനൻ 
ചതിയുമായ് 
മലയാള  മണ്ണിതിൽ  വീണ്ടും ...
ഉറക്കെ പറയണം,  മടിക്കാതെ നമ്മളിനി.
കുറച്ചു മുൻപത്തെ ചരിത്രങ്ങളൊക്കെയും...
ഗാന്ധിയെ കൊന്നതും, 
ഇന്ത്യ  തൻ ആത്മാവ് തകർത്തതും 
നീയാണ്, 
നീയാണ്, നീയാണ്
നീ തന്നെയാണ് 
ഭാരത ദേശത്തിന് 
ആജന്മ ശത്രു.

- ശശി കാട്ടൂർ 

2018 മാർച്ച് 27, ചൊവ്വാഴ്ച

പ്രവാസകാണ്ഡം



മുള പൊട്ടിയ മണ്ണിലേക്കോ 
ജീവജലം പകർന്നിടത്തേക്കോ 
എവിടെക്കാണിനിയും  നീങ്ങേണ്ടതെന്നറിയാതെ 
കണ്മിഴിക്കുന്നു 
പഴയൊരു വേര്.

തലയ്ക്കു മുകളിൽ 
കെട്ടുപ്പോയ സൂര്യൻ
താഴെ,
വറ്റിപ്പോയ മുലക്കണ്ണ് നോക്കി 
പെറ്റു കൂട്ടിയ മണ്ണ് 
വാവിട്ടു കരയുന്നു.

ചിതല് കാർന്ന തടിയിലേക്കു 
മുറുകെ പിടിച്ചു , 
ദൈന്യതയോടെ 
പൂക്കാൻ വെമ്പുന്ന 
നാളെയുടെ 
കുഞ്ഞിളം കൊമ്പുകൾ.

കടൽ താണ്ടിപ്പോയ 
ദ്രവിച്ച വേരുകളെ ,
കുട്ടിത്തം 
കളിച്ചു മറിച്ച മണ്ണ് 
തിരസ്ക്കരിക്കുന്നു.

വേരില്ലാത്തതിന്റെ 
മഹിമയെ കുറിച്ച് പറഞ്ഞു 
പറന്നു പോകുന്നു,
എങ്ങു നിന്നോ വന്നൊരാ കാറ്റ് ....

എത്ര പറിച്ചു നട്ടാലും 
വിട്ടു പോകാത്ത ജന്മ മണ്ണിന്റെ മണത്തെയാകെയും  ആവാഹിച്ചെടുത്തു 
ഇനിയുമെങ്ങോട്ടെന്നു 
വഴി തിരക്കുന്നു 
സ്നേഹം കൊണ്ട് 
ആന്ധ്യം ബാധിച്ച 
പഴയ വേര്.

- ശശി കാട്ടൂർ.

2018 മാർച്ച് 14, ബുധനാഴ്‌ച

ചക്ക 

ചക്ക

കൊണ്ടു പോകുകയാണ്  ഞങ്ങളെ,
പാണ്ടി നാട്ടിലേക്ക്
വിറ്റു പണമാക്കുവാൻ 
മൂപ്പു നോക്കി,
തരം തിരിച്ചു
മുറിച്ചെടുത്തു
കൊണ്ടുപോകുവാൻ
വന്നുനില്‌ക്കുന്നു  വണ്ടി,
മലയാണ്മയുടെ ചൂടും, ചൂരും
കാത്തൊരീ ഞങ്ങളെ.

ഞങ്ങളല്ലോ മുൻകാലം
വയർ നിറച്ച് വിശപ്പാറ്റി
പുതഞ്ഞ മണ്ണിൽ നിന്നു -
മെണീറ്റു നിൽക്കുവാൻ
കെൽപ്പു തന്നതും, അതൊക്കെയും
മറന്നുവോ നിങ്ങൾ..
മറക്കുകയെന്നതേ,
മണ്ണിനു പോലു-
മയിത്തം കാണുമീ
കാലത്തിന് സംഹിത.

ഓർമ്മകൾ അറിവുകളാകുന്നു,
ചരിത്രമാകുന്നു  ചിലപ്പോൾ,
ചിലരെ  ഭയപ്പെടുത്തുന്ന
 ഭാരമാകുന്നു....

നിറമുള്ള വാക്കുകൾ നീട്ടി
മറവി മൂടിയ നിങ്ങളാൽ
നാട് കടത്തുന്നു ഞങ്ങളെ
അർബുദ വാഹകർക്കുള്ളാകെ 
കാർന്നു തിന്നീടുവാൻ...

മുള്ളാണ് ,പുറമെയെങ്കിലും
ഉള്ളിലെ സത്തിനാൽ
സുഖവിരേചനം നടത്തി
മുഖപ്രസാദം കാത്തൊരാ  കാലം ഓർത്തുവെച്ചീടണം
ദുരിത കാലത്ത്‌
കരുത്തു പാർന്നു  തന്നവർ,
ഞങ്ങ-
ളീ മണ്ണിന്റെ മക്കൾ.

- ശശി കാട്ടൂർ.

2018 ഫെബ്രുവരി 6, ചൊവ്വാഴ്ച

ഇരുട്ട് വിളി


ഇരുട്ട് വിളിക്കുമ്പോൾ 

വാതിലിൽ മുട്ടുന്നു 
പുറത്തി,രുട്ടിലാണവരുടെ  
നിൽപ്പ് ,
എന്റെ വാക്കിനാൽ പൊയ് മുഖം 
വെളിപ്പെട്ടുപോയവർ...

കത്തിയോ, കടാരയോ 
തോക്കിൻ മുനകളോ
വരവേറ്റിടാമെന്നെ, 
വാതിൽ തുറന്നു 
പുറത്തു ഞാൻ ചെല്ലുകിൽ...!

ആറാം തിരുമുറിവും 
മതമില്ലാ ജീവനും
പശുദൈവ പാലരും 
മൂന്നെന്നു കാൺകിലും 
അല്ലല്ല ,മൂന്നല്ലിവർ  
മുപ്പത്തിമുക്കോടി ദേവകൾ പോലെ, 
കണ്ടിടാം പല പല 
നാമധേയങ്ങളില് 
സർവ്വ ദേശങ്ങളിൽ...

ഏതു കാറ്റിനും  വെളിച്ചത്തിനും 
വാക്കിനും, വാതിൽ തുറന്നു വെച്ചൊരെൻറെ ഇന്ത്യയാണിത്...
മാറി നില്ക്കു, ഇരുട്ടിന്റെ 
സന്തതികളെ നിങ്ങൾ.!

മുട്ടുന്നതാ, വീണ്ടുമവർ
അവർക്കു വേണ്ടത്,
അവരെടുത്തോട്ടെ....
എന്റെ ജീവൻ,
എന്റെ ചോര
എന്റെ മാംസവും....

എങ്കിലും 
ഞാനൊന്ന് പറയട്ടെ,
അടിമകളാകുന്നതിന് മുന്നേ, ചെറുക്കണം 
വാക്കു കൊണ്ട്,
നോക്ക് കൊണ്ട് 
നേരിന്റെ കരുത്തുകൊണ്ടവരെ നാം ! 

വെടിവെച്ചിടാനാകില്ല,
കൊത്തിക്കീറുവാനാകില്ല,
കത്തിച്ചുകളയുവാനാകില്ല 
ഞാൻ പറത്തിവിട്ടൊരെൻ 
പ്രണയപ്പിറാവുകളെ...
ദേശകാല ഋതു - ഭേദമന്യേ  
ജ്വലിക്കും 
മഹാകാല സത്യങ്ങളെ ...

നിങ്ങളാണ് സാക്ഷി
ക്ഷമയറ്റുപോയോ, രരിയുടെ,
യടുത്ത 
മുട്ടിനു  മുൻപേ 
തുറക്കട്ടെ,
ഞാനെന്റെ വാതിൽ...

- ശശി കാട്ടൂർ.


2018 ജനുവരി 24, ബുധനാഴ്‌ച

പുതിയ പ്രഭാതം

പുതിയ പ്രഭാതം

നീ വരുമെന്ന് കരുതിയുള്ള
കാത്തിരിപ്പിലാണ് ഞാനിപ്പോഴും
എന്നിലെ, അഴുക്കുകളൊക്കെയും കഴുകിക്കളഞ്ഞു ,
വൃത്തിയും വെടിപ്പും തേൻമണമോലുന്ന വാക്കും
പറയുന്ന
പുതിയോരെന്നെ മെനഞ്ഞെടുത്തീടുവാൻ
നീ വരുമെന്നതും കാത്തു, കാത്തിരിപ്പാണ് ഞാനിപ്പോഴും .

നിന്നെക്കുറിച്ചുള്ള ആധിയാലാണ് ഞാൻ
ഇത്രയേറെ വെടക്കായതെ,ന്നറിഞ്ഞിട്ടും അറിയാത്തവളായി നീ.
അല്ലേലും
അഴുക്കുകൾ ആർക്കും ഇഷ്ടമേയല്ലല്ലോ.
നെന്മണി പുഴുങ്ങി വിശപ്പടക്കുമ്പോഴും ,
പൊന്മണി,യത് നിന്നിരുന്ന  ചേറിനെപ്പറ്റിയോർക്കവേ   ഓക്കാനം
വരുന്നവരായി നാം.
ഒക്കെയും നേരാണെന്നു ശരിവെച്ചുകൊണ്ടു , ഇന്നിലേക്കെന്റെ കൈ പിടിക്കുന്നവളെ
വരിക,
ചിന്തയുടെ വെയിലേറ്റു നരച്ചുപ്പോയ
എന്റെ മുടിയിഴകളെ കറുപ്പിച്ചെടുക്കുക.
മൂർച്ഛയേറും അക്ഷരങ്ങളാൽ പൊള്ളി, ഉണങ്ങിപ്പോയൊരെൻ വിരലുകളെ
രാകി രാകി മിനുക്കുക.
കാഴ്ചയിലെ, കാഴ്ചകൊണ്ട് ജ്വലിക്കുന്ന കണ്ണുകളെ  മൂടുവാൻ,
കറുത്ത കണ്ണടയൊരെണ്ണം വെച്ച് തരിക ,
വിതുമ്പി, വിതുമ്പി കോടിപ്പോയൊരെൻ ചുണ്ടുകളെ ,
ഉമ്മവെച്ചുമ്മ വെച്ച് നേരേയാക്കീടുക .
വരിക നീ,
വരികെന്റെ വാഴ്വേ , പുതിയ  ചക്രവാളത്തിലേക്ക് കൈപിടിച്ചു കരയേറ്റുവാൻ വരിക ....
കാലപ്രമാണ തേരിലേറി , പണ്ടത്തെ സൂത്രശാലിയാം തേരാളിയെപ്പോലെ വരിക നീ, വന്നെന്റെ
കരം പിടിക്കുക.

- ശശി കാട്ടൂർ.

2018 ജനുവരി 18, വ്യാഴാഴ്‌ച

സങ്കട സഞ്ചാരി

സങ്കട സഞ്ചാരി

കവിത കൊണ്ട് മുറിപ്പെട്ടവനെ ,
കാരിരുമ്പു കൊണ്ടാണ്
നിന്റെ ഹൃദയം കരുപ്പിടിപ്പിച്ചതെന്ന്
കരുതിയത്,
എന്റെ തെറ്റ് .

കിളിയുടെ പിടച്ചിലിൽ
നിലവിളിച്ചവനാണ് നീ.
പ്രേമമാണ് , ലോകദുരിതങ്ങൾക്ക് മരുന്നെന്നു
കലഹിച്ചു നടന്നവൻ .
ആകാശത്തിന്റെ ഗരിമ കണ്ട്
കരളു ചോദിച്ചവർക്കൊക്കെയും കരളറുത്തു    കൊടുത്തവൻ....
പെറ്റു പെറ്റു പേര് കേട്ട
വിരല് ചോദിച്ചവർക്കൊക്കെയും
വിരലൊടിച്ചു കൊടുത്തവൻ.

ഒടുവിൽ,
ആർക്കും വേണ്ടാതെ
സർവ്വവും ചർദ്ധിച്ചു കിടക്കുന്ന
കരളിനെയും ,
വർണ്ണാർബുദം  ബാധിച്ച വിരലിനെയും കണ്ട്‌
നെഞ്ചു കീറി കരയുന്നവൻ....

ഏകനാണെന്നു ഇനിയും പഠിക്കാത്തവനെ ,
സർവ്വ സങ്കടങ്ങളെയും കെട്ടിയേറ്റി നടക്കുന്നവനെ ,
എന്റെ കവിയേ ...
നീയറിയുന്നുവോ
നീയാണ് ആദിമ ശബ്ദം , ജീവന്റെ എന്നത്തേയും, എന്നത്തേയും നിലവിളി.

- ശശി കാട്ടൂർ .