2014 മാർച്ച് 12, ബുധനാഴ്‌ച

അന്നും ഇന്നും



അന്ന്
അടഞ്ഞ വാതിലിനു പുറത്തു  
സ്വര്‍ണ്ണം കെട്ടിയ ഊന്നുവടി 
ഒരു ജോഡി മെതിയടി 
ഒരു കിണ്ടി വെള്ളം..... 

കെട്ടുപോകാതിരിക്കാന്‍
ഇടയ്ക്കിടെ 
ചൂട്ടു വീശിയിരിക്കുന്ന 
കാര്യസ്ഥന്‍, 
എഴുതിക്കിട്ടേണ്ട നിലവും,
തെങ്ങിന്‍ പറമ്പും
മനസ്സില്‍ താലോലിക്കുന്ന 
ഗൃഹനാഥന്‍ ... !


ഇന്ന് 
മോഡിയേറിയ വീട്,
ക്ഷേത്ര സമിതിയിലെ വമ്പന്‍  
വിലയേറിയ 
വിദേശ നിര്മ്മിത കാറില്‍
സര്‍വ്വാഭരണ വിഭൂഷിതനായി
പാഞ്ഞു നടക്കുന്നു....

ഇരിപ്പുണ്ട് 
ബസ്‌ സ്റ്റോപ്പില്‍..
പിന്നിയ 
ശീലക്കുടയിലൂന്നി  
മെതിയടിയില്ലാതെ,
മുഷിഞ്ഞ തുണിയോടെ  
കുടുമ മുറിച്ച, 
നരച്ച ഒരാള്‍. !

പട്ടം



കുതിക്കുന്നു മുന്നോട്ടു മുകളിലോട്ടു  
പുതിയൊരു ലോകം നോക്കി,നോക്കി 
അതിരുകളില്ലാ വിഹായസ്സിലോ 
ചതിയില്ലാ, തടസ്സങ്ങളേതുമില്ല 

പിന്നിലെക്കൊരു നോട്ടമില്ലാതെ 
ആകാശനീലിമ കണ്ടു കണ്ടു.
കാറ്റിന്റെ ഗതിയെ ഗമിച്ചീടിലും
നീറ്റലൊന്നുണ്ടുള്ളില്‍ പിടഞ്ഞിടുന്നു 

വന്നിടാ, മൊരു പിന്‍ വിളി നിനച്ചിടാ 
തേതു നേരത്തും പൊടുന്നനെയങ്ങനെ .
നിയന്താവിന്‍ കണ്ണും, കരങ്ങളും 
വിടാതെ പിന്തുടരുന്ന വേളയില്‍  

എത്രമേലുയര്‍ന്നു പറന്നീടിലും
അത്രമേലാഘാതം ഭവിച്ചിടാമോര്‍ക്കുക   
ഉയരത്തിലെത്തുമ്പോളഹങ്കരിച്ചീടാതെ   
ചരിക്കുക, ആയുസ്സൊടുങ്ങുംവരേയ്ക്കും 

*ലേബര്‍ സെന്റര്‍


 
കുമാരേട്ടന്റെ മുടിവെട്ട് കട
കുട്ടിക്കായുടെ ചായപ്പീടിക
ദേവ്സ്യാപ്ലയുടെ പലചരക്കു കട
അതായിരുന്നു മുപ്പതാണ്ട് മുന്പത്തെ
"ലേബര്‍ സെന്റെര്‍ "
 
നീലക്കുപ്പായമിട്ടു
നീലത്തോര്ത്തു തലയില്‍ കെട്ടി
കാലത്തും വൈകിട്ടും
ഒരു കൂട്ടമാളുകള്‍ 
സൊറ പറഞ്ഞിരുന്നു....
 
ആ വഴിക്ക് പോകുമ്പോള്‍ 
ഇടംകണ്ണിനാല്‍ ഞാനവരെ നോക്കാറുണ്ട്..
കമ്മ്യൂ ണിസ്റ്റുകളായ , യൂനിയന്ക്കാരായിരുന്നു അവര്‍.
അവര്‍ പറയുന്നത് രാഷ്ട്രീയവും...
 
ഇന്ന്,
കുട്ടിക്കായുടെ ചായപ്പീടിക
കറുകത്തല സ്റ്റോഴ്സായി പരിണമിച്ചു
കുമാരേട്ടന്റെ മുടിവെട്ടുക്കടയും
ദേവസ്യാപ്ലയുടെ പലച്ഛരക്ക് കടയും
വിസ്മൃതിയിലേക്കമര്‍ന്നു ..!!
 
നീലക്കുപ്പായക്കരായ ആളുകള്ക്ക് പകരം
കാവി നിറത്തിലും,
ചുവപ്പ് നിറത്തിലും
പരസ്പ്പരം വെട്ടിയും കീറിയും
ഫ്ലക്സ് ബോര്‍ഡുകള്‍ സംവദിക്കുന്നു.
 
ആ വഴിക്ക് പോകുമ്പോള്‍,
"എന്റെ നാടേ"യെന്നൊരു 
നിലവിളിയാണ് 
പ്രവാസം കൊണ്ട് പഴഞ്ചനായ
എന്നില്‍ നിന്നും
ഉയര്ന്നുയര്ന്നു വരുന്നത്....!!
 
 
*ലേബര് സെന്റര്‍ : കാട്ടൂരില്‍, എന്റെ വീടിനടുത്തുള്ള ബസ്‌ സ്റ്റോപ്പടങ്ങുന്ന സ്ഥലം.

സംസ്കാരധാരകള്‍


 
സൈന്ദവമാം സംസ്ക്കാര പുളിനത്തില്‍ 
ചന്തമായ്  പടര്ന്ന വിചാര ധാരയാല്‍ 
സംഗതമായതൊക്കെയുള്‍ക്കൊണ്ടും,ഭേദ-  
ചിന്തകളൊട്ടുമില്ലാതെയൊന്നിച്ചു വാണവര്‍  .... .
 
പഞ്ചവംശജര്‍, തങ്ങള്‍ തന്‍  നിസ്വകര്‍മ്മങ്ങളാല്‍  ലോക- 
നെറ്റിത്തടത്തില്‍  ഭാരത, നാമധേയം  വിളക്കി ചേര്‍ത്തും,
മർത്യ ജീവത്സംസ്കാരത്തെ രാകി രാകി മിനുക്കിയെടുത്തും 
ആരറിവൂ, പോയക്കാലത്തിന്‍  ശ്രേഷ്ഠമാം കര്‍മ്മങ്ങളത്രയും ..!    
 
കര്‍മ്മമത്രേ  തങ്ങളുടെ ജീവിതലക്ഷ്യമെന്നു 
ഉള്ളാല്‍  പകര്ന്നവര്‍, അനുഭവത്തിന്‍ ശാസ്ത്ര
സത്യം ചികഞ്ഞു , വരും തലമുറക്കായി നൂതന
വീഥികള്‍  തെളിച്ചു മുന്നോട്ടു ചരിക്കവേ, വന്നൂ
 
വര്‍ണ്ണ ഭേദത്തിന്‍ കൊടും വിഷവുമായൊരുവര്‍ .
സരവ്വവും കയ്യടക്കി,  കറുപ്പെന്നും, വെളുപ്പെന്നും 
മര്ത്യരെ വിഭജിച്ചു, മന്ത്ര തന്ത്രങ്ങള്‍ കാണിച്ചു
കര്മ്മ ജനതയെ, യോടിച്ചു വിട്ടവര്‍, കഷ്ട്ടം!
 
പോയ്മറഞ്ഞു, ഭാരതത്തിന്‍ സുവര്‍ണ്ണ കാലം
ജാതി മത ചിന്ത പെരുത്തു, ദൈവങ്ങള്‍ നിറഞ്ഞു..
ദൈര്‍ഘ്യ വീക്ഷണ പ്രകാശം പൊലിഞ്ഞു ,ചുറ്റും ‌  
തന്താങ്ങളില്‍ വലിപ്പ ചെറുപ്പം കുമിഞ്ഞു പോയ്‌...!
 
ഇന്നിതാ ബലഹീനമാം മനസ്സുകള്‍ക്കുള്ളില്‍ 
കുടിയിരുപ്പുണ്ടാള്‍ ദൈവങ്ങളല്‍പ്പജ്ഞാനികള്‍  
സുഖ ശീതള തല്പ്പത്തില്‍ മയങ്ങുന്നു, രമിക്കുന്നു 
ചിരിക്കുന്നു, തന്‍  ഭക്തരെ വിഡ്ഡികളാക്കി കൊണ്ടെ...!
.
ലജ്ജയാല്‍ തല താഴ്ത്തിടട്ടെ, ഞാന്‍ കൂട്ടരേ, പ-
ണ്ടാത്മ ശോഭയാല്‍ പരിലസിച്ചിരുന്നൊരെന്‍ നാടിന്‍ 
ഗതകാല ഗരിമയോര്‍ത്തു,മാ ചൈതന്യമെഴും പേരിനെ 
വ്യഭിചരിക്കുമീ ആര്‍ത്തിപൂ ണ്ട ജനതക്ക് മുന്പില്‍.!!