മുള പൊട്ടിയ മണ്ണിലേക്കോ
ജീവജലം പകർന്നിടത്തേക്കോ
എവിടെക്കാണിനിയും നീങ്ങേണ്ടതെന്നറിയാതെ
കണ്മിഴിക്കുന്നു
പഴയൊരു വേര്.
തലയ്ക്കു മുകളിൽ
കെട്ടുപ്പോയ സൂര്യൻ
താഴെ,
വറ്റിപ്പോയ മുലക്കണ്ണ് നോക്കി
പെറ്റു കൂട്ടിയ മണ്ണ്
വാവിട്ടു കരയുന്നു.
ചിതല് കാർന്ന തടിയിലേക്കു
മുറുകെ പിടിച്ചു ,
ദൈന്യതയോടെ
പൂക്കാൻ വെമ്പുന്ന
നാളെയുടെ
കുഞ്ഞിളം കൊമ്പുകൾ.
കടൽ താണ്ടിപ്പോയ
ദ്രവിച്ച വേരുകളെ ,
കുട്ടിത്തം
കളിച്ചു മറിച്ച മണ്ണ്
തിരസ്ക്കരിക്കുന്നു.
വേരില്ലാത്തതിന്റെ
മഹിമയെ കുറിച്ച് പറഞ്ഞു
പറന്നു പോകുന്നു,
എങ്ങു നിന്നോ വന്നൊരാ കാറ്റ് ....
എത്ര പറിച്ചു നട്ടാലും
വിട്ടു പോകാത്ത ജന്മ മണ്ണിന്റെ മണത്തെയാകെയും ആവാഹിച്ചെടുത്തു
ഇനിയുമെങ്ങോട്ടെന്നു
വഴി തിരക്കുന്നു
സ്നേഹം കൊണ്ട്
ആന്ധ്യം ബാധിച്ച
പഴയ വേര്.
- ശശി കാട്ടൂർ.