2013 ജൂലൈ 28, ഞായറാഴ്‌ച

വളരേണ്ടായിരുന്നു...

എന്തിനാടാ... 
നീയെന്നെ കൊന്നു കളഞ്ഞത് ..?
ഒന്നുമില്ലെങ്കിലും 
നമ്മൾ
ഒരേ ക്ലാസ്സിൽ 
ഒരേ ബെഞ്ചിൽ 
ഒന്നായി ചേർന്നിരുന്നവരല്ലേടാ ...

എത്ര ചാമ്പക്ക 
എത്ര കശുമാങ്ങ 
എന്തെല്ലാം, 
എന്തെല്ലാം നമ്മൾ പകുത്തു 
കഴിച്ചിരുന്നെടാ..
എത്ര ഉച്ച്ചകൾ 
നമ്മുടെ ചോറ്റുപാത്രം 
പരസ്പ്പരം ഊട്ടിയിരുന്നെടാ...

എന്റെ പെങ്ങളെ, വഴി-  
പോക്കനൊരുത്തൻ കേറിപ്പിടിക്കെ 
തല്ലി നീ, യവനെയോടിച്ച്ചു വിട്ടത് 
എന്റെ പെങ്ങൾ, നിന്റെയുമെന്ന്  
നമ്മൾ പണ്ടേ 
അറിഞ്ഞു കൊണ്ടല്ലേടാ....

ഓണത്തിനും പെരു-
ന്നാളിനും നമ്മുടെ വീട്ടുകാർ  
കാത്തുവെച്ചിരുന്ന 
പലഹാരത്തിന്റെ മണം 
അങ്ങോട്ടും ഇങ്ങോട്ടും 
കയറിയിറങ്ങുന്നത് നമ്മ-
ളെന്തേ മറന്നു പോയോടാ...? 

കേള്ക്കുന്നുണ്ടോടാ 
നമ്മുടെ 
അമ്മമാരുടെ 
കൂട്ടക്കരച്ചിൽ....

-എന്തിനാടാ 
നീയെന്നെ കൊന്നുകളഞ്ഞത്‌...?

ഒരു വാക്ക് 
ചോദിക്കാമായിരുന്നില്ലേ.
നിനക്കെന്നോട്...
ഒന്നുമില്ലെങ്കിലും, നമ്മൾ 
ഒന്നുപോലെ വളർന്നവരല്ലെടാ...!  

നിന്നോടന്നവർ പറഞ്ഞത് പോലെ
ആരാധനാലയത്തിന്നു മുൻപിൽ 
പോസ്റ്ററൊട്ടിച്ചതും, വേദ-
പുസ്തകം തീയിട്ടെരിച്ച്ചതും 
രക്തം തളിച്ഛശുദ്ധീ വരുത്തീതും  
സത്യം, ഞാനല്ലായിരുന്നെടാ

എന്തിനാടാ, നമ്മ-
ളിങ്ങനെ വളർന്നുപോയത്....?
നമുക്ക് 
ആ.. 
പഴയ 
കുട്ടികളായിരുന്നാൽ 
മതിയായിരുന്നെടാ..
കുട്ടികളായിരുന്നാൽ 
മതിയായിരുന്നെടാ..!!

2013 ജൂലൈ 27, ശനിയാഴ്‌ച

പൂതികള്‍


പുഴയില്‍ മുങ്ങി കുളിക്കുന്നത് 
സ്വപ്നം കണ്ടാണ്‌ 
ഉറക്കമുണര്ന്നത്
നനുത്ത കുളിരിലൂടെ 
ഊളിയിട്ട്
നേര്മ്മയുള്ള ചൂടിന്റെ 
അടിത്തട്ടിലേക്ക്....
"ഹൊ..!"
സോപ്പും തോര്ത്തുമെടുത്തു 
അടുക്കളയിലേക്കു 
തല നീട്ടി പറഞ്ഞു 
ഞാനൊന്ന് കുളിച്ചിട്ടു വരാം
അല്ല, നിങ്ങളീ ലോകത്തൊന്നുമല്ലേ..?
മീനായ മീനെല്ലാം 
ചത്തുപൊന്തീതും 
തെളിഞ്ഞ വെള്ളം 
കരഞ്ഞു കരഞ്ഞു
കറുത്തു പോയതും....
അറിഞ്ഞില്ലേ?

അറിയാഞ്ഞിട്ടല്ല, 
നീണ്ട പ്രവാസത്തിന്റെ
വിടുതലില്‍ നിന്നും 
നാടിന്റെ നിറവിലേക്ക്
വന്നിറങ്ങിയവന്റെ   
ഓരോരോ പൂതികള്‍ !

ആറടി നീളമുള്ള ബാത് ടബ്ബില്‍  
വെള്ളം നിറച്ചു
മലര്ന്നു കിടക്കുമ്പോള്‍  
ഇതില്‍ നീന്തി തുടിക്കാന്‍ മാത്രം 
താനൊരു കുഞ്ഞായി,
കുഞ്ഞു ശരീരമായി 
മാറിയെങ്കിലെന്ന് 
വെറുതെ,
വെറുതെ ഒരു പൂതി ...!

2013 ജൂലൈ 22, തിങ്കളാഴ്‌ച

ലേഖനം -- അതിജീവനത്തിന്റെ സമരങ്ങൾ



പത്രത്തിലെ ഏതാനും വാർത്തകൾ ഏറെ സങ്കടമായിരുന്നു ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങലെപ്പോലെ തന്നെ ഇന്നും എനിക്ക് പകര്ന്നു തന്നത് .

ബീഹാറിലെ പാട്നയിൽ വിഷം കലര്ന്ന ഭക്ഷണം കഴിച്ചു മരണമടഞ്ഞ കൊച്ചു കുഞ്ഞുങ്ങൾ....
കരിമ്പ്‌ മുതലായ കൃഷികൾക്കു തളിക്കാൻ ഉപയോഗിക്കുന്ന മാരകമായ കീടനാശിനിയാണത്രെ ഭക്ഷണത്തിൽ കലര്ന്നിരിക്കുന്നത്....!!!!

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ "ഈ ഭക്ഷണം നല്ലതല്ല"  എന്ന് പറഞ്ഞ കുട്ടികളെ നിര്ബന്ധിപ്പിച്ച്ചു ഭക്ഷണം കഴിപ്പിച്ച അധ്യാപകര്....!!!

എന്തായിരുന്നു നിഷ്കളങ്കരായ ഒരു പറ്റം കുഞ്ഞു മക്കളോട് ഇങ്ങനെ കാണിക്കുവാനുണ്ടായ കാരണം..? 

ഇത് സംഭവിച്ചത് വടക്കൻ സംസ്ഥാനമായ ബീഹാരിലായിരുന്നുവെങ്കിൽ, ബുദ്ധിക്കും, അറിവിനും പേരുകേട്ട, ദൈവത്തിന്റെ സ്വന്തം നാട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന കുട്ടികളോടുള്ള ക്രൂരതകളുടെ വാർത്തകൾ ഒരു തരത്തിലും ആശാസ്യമല്ല.

സ്വാർത്ഥത പിടിമുറുക്കിയ സമൂഹത്തിൽ, മാതാപിതാക്കളിൽ നിന്ന് തന്നെ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്ന പിഞ്ചു കുട്ടികൾ...അത്തരം പീഡനത്തിനിരയായ ഒരു കുഞ്ഞു ഇപ്പോഴും ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവർത്തികളുടെയെല്ലാം കാരണങ്ങൾ എന്തൊക്കെ തന്നെയായാലും ഒരിക്കലും മാപ്പര്ഹിക്കാത്ത ചെയ്തികളാണ് ഇതെന്നതിൽ തര്ക്കമില്ല ..!!!

ഇങ്ങിനെ മൃഗീയ വാസനകളാൽ ക്രൂശിക്കപ്പെടുന്ന നിസ്സഹായരായ കുട്ടികളുടെയും, സ്ത്രീകളുടെയും ദയനീയ മുഖം ഒരു വശത്ത്‌....

ഒരു കൂട്ടര് അതിജീവനത്തിനു വേണ്ടി പൊരുതുമ്പോൾ, ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയങ്ങളല്ലെന്ന മട്ടിൽ പണത്തിന്റെ ഹുങ്കിനാൽ സഞ്ചരിക്കുന്ന സമ്പന്നരുടെയും, വ്യാവസായികളുടെയും ഒരു ലോകം. ഒപ്പം അവരുടെ താല്പ്പര്യങ്ങൾക്കനുസൃതമായി വികസനത്തിന്റെ പുതിയ ലോകം കെട്ടിപ്പടുക്കാൻ പണിപ്പെടുന്നതിലൂടെ തകര്ന്നടിയുന്ന പ്രകൃതിയും, നിസ്സഹായരും ദരിദ്രരുമായ ജനതയും.......കൂടാതെ, ഇന്ന് മനുഷ്യ മനസ്സുകളെ ജാതിയുടെ പേരില് വിഘടിപ്പിച്ച് നിർത്തി തങ്ങളുടെ സ്വകാര്യ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന മത ആന്ധ്യം ബാധിച്ച വേറൊരു കൂട്ടര്...

അഴിമതിയും, സ്വജന പക്ഷപ്പാതവും, സ്വന്തം സുഖസൌകര്യങ്ങളും മാത്രം ലക്‌ഷ്യം വെക്കുന്ന ഭരണക്കർത്താക്കളും. സത്യത്തെ വിളിച്ചു പറയുന്നവരെ തെറ്റുകാരാക്കി ചിത്രീകരിക്കാനും, അടിച്ചമർത്താനും, ജയിലിലടക്കാനുമുള്ള അധികാര പ്രമത്തത ബാധിച്ച ഭരണകൂടത്തിന്റെ വ്യഗ്രത മറ്റൊരു വശത്ത്‌.....

അത്തരത്തിലുള്ള ഭരണകൂടത്തിന്റെ നിഷേധ നിലപാടുകളുടെ ഏറ്റവും അടുത്ത ഉദാഹരണമായിരുന്നു ഇന്നലെ കാതിക്കുടത്തു സംഭവിച്ചതും.

ചാലക്കുടിക്കടുത്ത കാതിക്കുടം എന്നാ ഗ്രാമത്തിലെ നിറ്റജലാറ്റിൻ എന്ന കമ്പനിയിൽ നിന്നും ബഹിര്ഗമിക്കുന്ന മാലിന്യമാണ് മനുഷ്യ ജീവിതത്തെ പോലും അസ്സാധ്യമാക്കികൊണ്ട് പ്രവര്ത്തിക്കുന്നത്. മൃഗങ്ങളുടെയും മറ്റും എല്ലിനെ സംസ്കരിച്ചെടുത്തു വളമാക്കി മാറ്റുന്ന പ്രക്രിയയാണ് ഈ കമ്പനിയിലൂടെ നടന്നു വരുന്നത്. ഇങ്ങനെ സംസ്കരിച്ചെടുക്കുന്നതിൽ നിന്നും ഉണ്ടാകുന്ന അവശിഷ്ട്ടങ്ങളൊക്കെയും, പുറംത്തള്ളൂന്നത് കുളിക്കുകയും,കുടിക്കുകയും ചെയ്തിരുന്ന ചാലക്കുടി പുഴയിലേക്കും. ഏതാനും ദിവസ്സങ്ങൾക്കു മുന്പാണ് പുഴയിലെ മീനുകളൊക്കെ തന്നെ ചത്തു പൊന്തിയത് എന്ന് പ്രത്യേകം ശ്രദ്ധെയമത്രെ.

പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും, ശ്വസിക്കാനാവാത്ത വിധം അന്തരീക്ഷത്തിലേക്കും മാലിന്യത്തിന്റെ പ്രസരണം ശക്തമായപ്പോഴാണ് പ്രദേശ വാസികൾ കമ്പനി അധികൃതരുമായി ചർച്ചകൾക്ക് ഒരുങ്ങിയത്. ആദ്യമൊക്കെ ജനപക്ഷത്തു നിന്ന സര്ക്കാരും, ചില താല്പ്പര കക്ഷികളും പിന്നീട് അതിൽ നിന്നും പിന്മാറി ജനങൾക്ക് നേരെ തിരിയുകയും ചെയ്തതിന്റെ ഫലമായാണ്, ജീവിക്കാനുള്ള അവകാശത്തെ ചൊല്ലി ജനങ്ങള് സമരപരിപാടികളുമായി മുന്നോട്ടു പോയത്.

അങ്ങിനെ ജീവിക്കാനുള്ള ഇടത്തിനും, വെള്ളത്തിനും, വായുവിനും വേണ്ടി,ഏറെക്കാലമായി  തുടർന്ന് വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി,  വളരെ സമാധാനപരമായി  സമരം ചെയ്ത കാതിക്കുടത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന  ജനതയെയാണ്, ഇന്നലെ ന്യായീകരിക്കാനാകാത്ത വിധം അധികാരം ഉപയോഗിച്ചു തല്ലി ചതച്ചിരിക്കുന്നത്.. 

ഇതെല്ലാം കാണുമ്പോഴും കേള്ക്കുമ്പോഴും ഭയം തോന്നുന്നു...ഒപ്പം  രോഷവും, അതിലേറെ സങ്കടവും. 
ഏതു രീതിയിലാണ് ഇതിനോടെല്ലാം പ്രതികരിക്കേണ്ടത്....??? 

ഇത്തരത്തിലുള്ള സങ്കടങ്ങളാണ് എപ്പോഴും പീഡിപ്പിക്കപ്പെടുന്നവന്റെ, നിസ്സഹായന്റെ ഒപ്പം നില്ക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. സമരത്തിൽ പങ്കു ചേർന്നിട്ടുള്ള ധീരരായ ഓരോ സുഹൃത്തുക്കള്ക്കും അഭിവാദ്യങ്ങൾ....!

2013 ജൂലൈ 14, ഞായറാഴ്‌ച

മരണ വാറണ്ട്


താലിബാന്റെ പെണ്‍ട്ടികളുടെ വിദ്യാഭ്യാസ നയത്തിനും അടിച്ചമർത്തലിനുമെതിരെ ശബ്ദമുയര്ത്തിയ മലാല എന്ന ധീരയായ പെണ്‍ക്കുട്ടിയെ നമ്മൾ ഉയരത്തി കാണിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ, അമേരിക്കയുടെ കാപട്യത്തെയും ദാര്ഷ്ട്യത്തെയും, കൊള്ളരുതായ്മകളേയും തുറന്നു കാണിച്ച "എട്വേഡു സ്നോഡൻ" എന്ന മരണം ഉറപ്പിച്ച ചെറുപ്പക്കാരനെ നമ്മൾ ബോധപൂർവ്വം വിസ്മരിക്കുന്നു.

മരണ വാറണ്ട് 

പ്രിയപ്പെട്ട സ്നോഡൻ 
നീ കാണിച്ചു തന്ന സത്യങ്ങൾ 
നിനക്കുള്ള 
മരണ വാറണ്ടുകളാണ് 

അഭയത്തിനു വേണ്ടിയുള്ള 
കാത്തിരിപ്പിന്റെ ഒരോ നിമിഷത്തിലും 
മരണത്തിന്റെ കാലൊച്ചയാണ് 
നിന്റെ കാതുകളിൽ മുഴങ്ങുന്നത്...

എനിക്കറിയാം  
ധീരരായ, 
ഞങ്ങളുടെ മുൻഗാമികൾ 
ഇപ്പോൾ ലജ്ജിക്കുന്നുണ്ടാകാം... 

ഒരു പുൽത്തൊഴുത്തെങ്കിലും മതി 
നിനക്കിന്നു അഭയത്തിന്...
പക്ഷെ,
അഭയം തരേണ്ടവർ
ആമയെപ്പോലെ 
ഭയത്തിന്റെ പൊത്തിലേക്ക് 
തലയും  ഉൾവലിച്ചിരിപ്പാണ്.
ഒന്നും കാണേണ്ട, കേള്ക്കേണ്ട...

പ്രിയപ്പെട്ട സ്നോഡൻ
ക്ഷമിക്കുക..
ഞാനൊരു, 
കുഞ്ഞുകുട്ടി- 
പരാധീനക്കാരനായിരുന്നാൽ കൂടി
ഈ അക്ഷരങ്ങൾ കൊണ്ടെങ്കിലും  
എനിക്ക് 
നിന്നോട് ഐക്യപ്പെടണമെന്നുണ്ട്...

എന്റെ,  
അടിവസ്ത്രത്തിന്റെ നിറം പോലും 
അവർ 
സ്കാൻ ചെയ്തുകൊണ്ടിരിക്കയാണെന്ന 
തെളിഞ്ഞ അറിവോടുകൂടി തന്നെ!

2013 ജൂലൈ 11, വ്യാഴാഴ്‌ച

എനിക്കായ് മാറ്റിവെച്ചത്


അലച്ചിലാണ് 
ഈ കൊടും ചൂടിലും 
പരതുകയാണ് 
ചുറ്റിനും കണ്ണുകൾ..

ഒളിച്ചിരിപ്പുണ്ടാം 
എനിക്കായ് മാറ്റിവെച്ചത് 
കവിതയൊരെണ്ണം
എവിടെയെങ്കിലും..

കാളുന്ന വയറിന്റെ 
വാണിഭങ്ങളാൽ  കൊഴുക്കുന്ന 
തെരുവോരങ്ങളിൽ 

വേര്പ്പിന്റെ 
ചുടുനീർ കണങ്ങൾ 
പെയ്തിറങ്ങുന്ന 
ആകാശ കീറുകളിൽ...

മാനം മുട്ടെ 
ഉയര്ന്നു നില്ക്കും 
അഹങ്കാരത്തിന്റെ 
കെട്ടിടത്തലപ്പുകളിൽ 
അതിന്റെ,
ഓരോ അണുവിലും 
അലിഞ്ഞു ചേര്ന്ന 
വേര്പാടിന്റെ 
വേരറ്റവന്റെ 
പ്രാരബ്ദത്താൽ നീറുന്ന 
സ്പന്ദനങ്ങളിൽ....!

അഴുക്കു പുരണ്ട 
ശ്വാസോച്ച്വാസങ്ങൾ 
ഇടിമിന്നല് തീര്ക്കുന്ന 
പ്രവാസത്തിന്റെ 
ഇരുണ്ട മുറികളിൽ...

നാഭിയിലൊളിപ്പിച്ചു വെച്ച 
പൂർത്തികരിക്കാനാവാത്ത 
ചോദനകളാൽ 
തീ  തുപ്പുന്ന 
വിഷ സർപ്പങ്ങളിൽ..

നീ കേൾക്കുന്നുണ്ടോ 
എന്റെ 
സ്വരങ്ങളെന്ന് 
കടല് താണ്ടി വന്നെത്തുന്ന 
പരിഭവത്തിന്റെ 
ഉഷ്ണക്കാറ്റിൽ....

കൊടും മഴയാണിവി-
ടെന്നു പറഞ്ഞ് 
അലിഞ്ഞു ചേരാൻ കൊതിക്കുന്ന 
മനസ്സിന്റെ 
പറയാതെ പറയുന്ന 
കിതപ്പുകളിൽ...

ഉണ്ണിക്കഞ്ഞി വെക്കാത്ത 
മണ്ണപ്പം ചുടാത്ത 
ഉണ്ണികൾ 
ഓടി കളിക്കുന്ന 
അതിരിട്ട 
കല്ലുറഞ്ഞ 
കളിയിടങ്ങളിൽ....

എവിടെങ്കിലും 
ഒളിച്ചിരിപ്പുണ്ടാം 
എനിക്കായ് മാറ്റിവെച്ച 
കവിതയൊരെണ്ണം..

പരതുകയാണ്, 
കണ്ണുകളിപ്പോഴും... 
അറിവിന്റെ 
നീറുന്ന കവിതയൊരെണ്ണം  

ഒളിച്ചിരിപ്പുണ്ടാം  
എവിടെങ്കിലും 
എനിക്കായ് മാറ്റിവെച്ചത്....

2013 ജൂലൈ 8, തിങ്കളാഴ്‌ച

പ്രണയ പർവ്വം



അവന്റെ പ്രണയാഭ്യര്ഥന 
തള്ളികളയാനായില്ലവൾക്ക്
ബൈക്കുണ്ട്‌,
പുത്തൻ മൊബൈലുണ്ട്...
കാണാനേറെ 
ചന്തവുമുണ്ട് .... 

ഒരു നാൾ, 
അച്ചനും അമ്മയും അറിയാതെ 
വേണ്ടപ്പെട്ടതെല്ലാം കെട്ടിപ്പൂട്ടി 
അവനോടൊപ്പം... 

നാടും നാട്ടുകാരും 
പഴി പറഞ്ഞും 
കളി പറഞ്ഞും 
വളര്ത്തു ദോഷം പറഞ്ഞും  
നാളുകളേറെ കഴിയവേ 
കരിഞ്ഞുണങ്ങിയ മുഖവും 
കറുത്ത മുലക്കണ്ണുമായി
അവൾ...

കെട്ടിപ്പൂട്ടിയതെല്ലാം 
അഴിച്ചെടുത്തു 
അവൻ 

കടന്നു കളഞ്ഞുവത്രേ... 

2013 ജൂലൈ 7, ഞായറാഴ്‌ച

സീതായനം...2000.



സീതേ,
ഞാൻ പോകട്ടെ..?

കാട്ടിലേക്കല്ലേ 
തന്നെയങ്ങ് പോയാ മതി..
അച്ഛനെ പിടിച്ചു കെട്ടി 
ഭരണം ഏറ്റെടുക്കാൻ 
ധൈര്യമില്ലാത്ത ഭീരു..!!
എന്ത് വിശ്വസിച്ചാണ് 
ഞാൻ 
നിങ്ങളോടൊപ്പം വരേണ്ടത്..?

രാമൻ യാത്ര പുറപ്പെടുമ്പോൾ 
സീത തയ്യാറാവുകയായിരുന്നു 
വഴിയരികിലെ
ബൈക്കിന്റെ മുരള്ച്ച്ചക്ക് 
കാതോർത്ത്കൊണ്ട് ...!

2013 ജൂലൈ 2, ചൊവ്വാഴ്ച

ഇരകൾ


നാല് മരങ്ങൾ 
മുറിച്ചു മാറ്റിയാണ് 
മൊബൈൽ ടവറൊന്ന് സ്ഥാപിച്ചത്.

ദേശാടനത്തിനു പോയ കിളികൾ 
തിരിച്ചു വന്നു..
തങ്ങളുടെ കൂടുകൾ,
കുഞ്ഞുങ്ങൾ, 
അടയിരിക്കേണ്ടും മുട്ടകൾ 
നാളേക്ക് വെച്ച സ്വപ്‌നങ്ങൾ...!

ക്ലാ, ക്ലീ, ക്ലൂ 
അവർ ഒച്ച വെച്ചു 
ആരും 
എത്തി നോക്കിയില്ല..!  

അപ്പുറത്തെ 
ധനികന്റെ മകൾ 
വിദേശത്തുള്ള അമ്മയോട് 
മൊബൈലിൽ സംസാരിക്കുന്നു...

ഇപ്പോൾ
നല്ല ക്ലിയറാണമ്മേ,
അടുത്ത പറമ്പിൽ  
പുതിയ ടവര് വെച്ചിട്ടുണ്ട്.

2013 ജൂലൈ 1, തിങ്കളാഴ്‌ച

ശങ്ക



എനിക്ക് ഒരു ഹൃദയം വേണം 
വെറും ഹൃദയം പോര...
*ഹിന്ദുവെന്ന സീല് 
പതിച്ചത് തന്നെ വേണം!!

വേണ്ടാ, വേണ്ടേ വേണ്ട.... 
അടുത്തുള്ള നസ്രാണിയുടെ ആസ്പത്രിയിൽ 
അവരെങ്ങാനും അതിന്മേൽ 
കുരിശു വരച്ചെങ്കിലോ..?

അകലത്തെങ്കിലും, 
ചിലവേറിയാലും 
ഹിന്ദു ഡോക്ടറുള്ളിടം മതി... ..
ഹിന്ദുവിൻ ആതുരാലയത്തിൽ മതി

സാമഗ്രികൾ 
വിദേശത്തു നിന്നാണെങ്കിലും
പൂജിച്ചു, പുണ്യാഹ 
ശുദ്ധി വരുത്തിയതല്ലേ..!!

"വടക്കേലെ നബീസുമ്മ 
എന്താണാവോ വൈകുന്നത്..?
കെട്ടിവെക്കാനുള്ള പണം, 
എത്തിക്കാമെന്നു പറഞ്ഞിരുന്നു..."

(*ഇത് അവരവരുടെ മതങ്ങള്ക്ക്നുസരിച്ചു മാറ്റി വായിക്കാവുന്നതാണ്.)