2016 നവംബർ 14, തിങ്കളാഴ്‌ച

എൻറെ കാമുകി



പൂത്ത മരക്കൊമ്പി-
ലൂഞ്ഞാലാടും പ്രണയമേ...
കണ്ടുവോ നീയെന്റെ കാമുകിയെ  
കാട്ടുചോല തഴുകിയ 
വരാലിന്നുടലിനെ 
കിന്നാരം ചൊല്ലിയെൻ 
കാതു കടിച്ചെടുത്തു 
കടന്നു പോയവളെ 
മണ്ണിന്റെ മദഗന്ധം 
കുടിക്കുവാനെത്തും 
മഴവള്ളി പോൽ നനുത്തവളെ
ചുംബനത്തിന്റെ കൈപ്പിനാലെൻറെ  
ചുണ്ടു പൊള്ളിച്ച 
വാക്കിന്റെ മൂദേവിയെ 

കണ്ടുവോ, കണ്ടുവോ നീ  
പൂത്ത മരക്കൊമ്പിലൂഞ്ഞാ-
ലാടുമെൻ പ്രണയമേ...

നിലാവ് പൂവിട്ട 
തണലിന്റെ പാടത്ത് 
വാക്കുകൾ 
ഉന്മാദ നൃത്തം ചവിട്ടും 
കളിയച്ചനൊരുക്കിയ 
കളിത്തൊട്ടിലൊന്നിൽ 
കാഞ്ഞിരത്തിന് കയ്പു മോന്തിയോൾ ,
കാട്ടു കിഴങ്ങിൻ മൂട്ടിൽ മുളച്ചവൾ 
മണ്ണിന്റെ ചൂടും ചൂരും നിറഞ്ഞവൾ 
ആരാലും തളക്കപ്പെടാതെ,യശ്വ-
മേധ കുതിരയായലയുവോൾ  
പുണർന്നിട്ടും പുണർന്നിട്ടും 
കൊതി തീരാതെ 
മരണക്കയത്തിലേക്കു  
കൊണ്ടു പോകുന്നവൾ
ശൂന്യമാം തേജസ്സിൽ 
പേറ്റ് നോവാൽ പൊള്ളി കിടക്കുന്നു
നിന്റെ രേതസ്സ് ചുട്ടെടുത്തവൾ
കാല കാപട്യത്തിൻ 
മുഖത്തേക്ക് തുപ്പുവാൻ 
കാല വൈരിയാം കാമുകിയായവൾ .

-ശശി കാട്ടൂർ 
.02.11.16.

പ്രായമാകുമ്പോൾ




പ്രണയമെല്ലാം ചോർന്നു പോകുന്നുവോ,
പ്രിയതമേ നമുക്ക് പ്രായമാകുന്നുവോ 

എന്ത് സൗരഭ്യമായിരുന്നു,   പണ്ട് 
നീയെൻറെ ചാരെ വന്നു നിന്നീടുമ്പോൾ 
താമരപ്പൂ വിരിയുന്ന ഗന്ധം 
പൂവിതൾ തൊട്ടു നോക്കും മൃദുലത 
എപ്പോഴും മൊത്തി കുടിക്കുവാൻ തോന്നും 
സ്നിഗ്ദ സൗന്ദര്യ മധുപൂർണ്ണ ചന്ദ്രിക ! 

ഇന്ന് നീയെൻ അരികത്തിരിക്കെ 
വെന്തു നീറിയ അരിയുടേതാകാം
അരിഞ്ഞു വെക്കെ നിന്നോടലിഞ്ഞ 
എരിവേറിയ മുളകിന്റേതാകാം,
കണ്ണ് നീറ്റിയ സവാളയുമാകാം  
കൂട്ട് ചേർക്കേ ഉടുപ്പിൽ തെറിച്ച 
കറി മസാല തൻ ഗന്ധവുമായിടാം 
കുട്ടിക്കൂറയും ഫയർ ആൻറ് ലൗവ്ലിയും 
മാറി നിന്നതിന് മനുഷ്യ മണമാകാം ...!

ഇന്ന് നിന്നെ തൊട്ടു നോക്കീടവേ, തള്ളി-
മിനുക്കാത്തുരുപ്പടി പോലെയാം 
കാലം നിൻറെ മെയ്യിൽ പുരട്ടിയ 
അനുഭവത്തിൻറെ  പരു പരുപ്പായിടാം 

എങ്കിലും പ്രിയേ ഒന്നുണ്ട് കാണുന്നു, ഉഷ-
സന്ധ്യ വന്നു വിളിക്കുന്നതിന് മുൻപേ 
ഭാരമെല്ലാം ഒന്നായെടുത്തു നീ 
രാഗ ദ്വേഷ വികാരങ്ങളെല്ലാം
മക്കളോടുള്ള പ്രേമത്തിൽ മുക്കി 
രാവിരുട്ടി  തല ചായ്ക്കും വരെ, ഋതു-
ഭേദങ്ങൾ വന്നു പോകുന്നതറിയാതെ 
ഭൂമിയെപ്പോൽ നിന്ന് തിരിയുന്നു, 
ചോർന്നു പോകാത്ത സഹനത്തെയോർത്ത് 
പാതിയാളെ നിന്നെ നമിക്കുന്നു.!

പ്രിയതമേ നമുക്ക് പ്രായമായെങ്കിലും 
പ്രണയിച്ചു പോകുന്നു നിന്നെ ഞാൻ വീണ്ടും. 

-ശശി കാട്ടൂർ 

മാലിന്യ നിവാരണം



സമയം പാതി രാത്രി പന്ത്രണ്ടു മണി 

അതാ ഫോണിൽ ബീപ്പ് ബീപ്പ് ( ബീഫല്ല, തെറ്റിദ്ധരിക്കണ്ട) ശബ്ദം. ഞാൻ ഞെട്ടിയുണർന്നു 

അതാ നമ്മുടെ രാജാവ്.... 

രാജാവ് വാർത്താ  പ്രക്ഷേപണിക്കു മുമ്പിൽ നിൽക്കുന്ന വീഡിയോ 

ഞാൻ ആനന്ദ പുളകിതനായി. ആ മുഖം കണ്ടപ്പോഴേ എന്റെ സകലമാന നാഡീ ഞരമ്പുകളും ദേശ സ്നേഹം കൊണ്ട് വിജ്രംഭിച്ചു. 

രാജാവ് പറയാൻ തുടങ്ങിയതോടെ ഉറക്കച്ചടവിനാൽ താഴ്ന്നിരുന്ന എന്റെ ശിരസുയർന്നു....നെഞ്ചു വികാസം കൊണ്ടു,  അത് അമ്പത്താറു ഇഞ്ചിലേക്കു വലിഞ്ഞു മുറുകി നിന്നു ...!

വാഹ്,  എത്ര മനോഹരമായ ശബ്ദം.. എന്തു ഗാംഭീര്യം . ഞാൻ ഫോണിന്റെ ശബ്ദം കൂട്ടി. ഉറങ്ങിക്കിടന്ന ഭാര്യയും മക്കളും വരെ ആലസ്യമില്ലാതെ എണീറ്റിരിക്കുന്നു....

അതാ അദ്ദേഹം, ഉറക്കം പോലും കളഞ്ഞു രാജ്യത്തെ കൃഷിക്കാരെയും, പാവങ്ങളെയും  പറ്റി സംസാരിക്കുന്നു. പറഞ്ഞു പറഞ്ഞു നാട്ടിൽ വേണ്ടത്ര കക്കൂസുകൾ ഇല്ലാത്തതെ പറ്റി ആശങ്കപ്പെട്ടു. 

ഓ.. ഈ രാത്രിയിലും രാജ്യത്ത് കക്കൂസ് ഇല്ലാത്തതിനെ പറ്റി വേവലാതിപ്പെടുന്ന രാജാവ്....മുമ്പൊരിക്കലൂം ഉണ്ടായിട്ടില്ല ഇതുപോലൊരാൾ.

ഞാൻ എൻറെ കാതുകൾ  കൂർപ്പിച്ചു വെച്ചു, യോഗാസന മുറയാൽ ഏകാഗ്രനായി....രാജാവിന്റെ ശബ്ദം മാത്രമാണ് ഇപ്പോൾ എന്റെ കാതിൽ....അത് അങ്ങിനെ ഉള്ളിലേക്ക്, ഉള്ളിലേക്ക്...  എന്നെ ശാന്തനാക്കുന്നു. 

" അതുകൊണ്ട് , ഈ നിമിഷം മുതൽ ഈ പാതിരാത്രിയിൽ ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു, രാജ്യത്തിന്റെ ശുചിത്വ ബോധത്തെ മുൻ നിറുത്തി ആരും തന്നെ സർക്കാർ വക ശുചി മുറി എത്തുന്നതുവരെ 
മുള്ളുകയോ, തൂറുകയോ, തുമ്മുകയോ, തുപ്പുകയോ  ചെയ്യരുത്. അഥവാ നിങ്ങളിൽ ആർക്കെങ്കിലും സ്വന്തമായി ശുചി മുറികൾ ഉള്ളവരുണ്ടെങ്കിൽ അത് അതിനായി നിയോഗിക്കപ്പെട്ട ഉദ്യഗസ്ഥരെ അറിയിക്കേണ്ടതും, അവർ  നിങ്ങളുടെ സ്ഥലത്തു വന്നു പരിശോധിച്ചു ഗുണനിലവാരവും കൃത്യതയും ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്..."

ഈ പ്രഭാഷണം  കേട്ട് കഴിഞ്ഞിട്ട് വേണം ഒന്ന് മുള്ളാൻ എന്ന് കരുതിയ എൻറെ അരയിൽ നിന്നും യോഗമ്മാവൻ പ്രത്യേകമായി പറഞ്ഞു തന്ന മുറപ്രകാരം എല്ലാം നാടിനു വേണ്ടിയല്ലേ എന്ന ചിന്തയാൽ ഞാൻ മൂത്രത്തെ ഉള്ളിലേക്കാവാഹിച്ചു,
യോഗ പഠിക്കാത്തതിനെ ചൊല്ലി ഭാര്യയെയും മക്കളെയും ശാസിച്ച് പുഞ്ചിരിയോടെ ഉറങ്ങാൻ കിടന്നു.

 - ശശി കാട്ടൂർ.

2016 ഒക്‌ടോബർ 29, ശനിയാഴ്‌ച

ഒരു തുള്ളി വെളിച്ചം



ഒരു വാക്കെങ്കിലും 
നീയെനിക്കു തരിക 
അഴുകിയ 
എന്റെ ഉച്ചിയിൽ,
ഞാനൊന്ന് ചൂടട്ടെ,
അതിൻ പ്രകാശമെങ്കിലും 
തെളിഞ്ഞു നിൽക്കട്ടെ..

നഗ്നത പോലും കാണുവാനാകാ വിധം 
ഇരുട്ടാണെന്റെ, ചുറ്റിനും.
ഉടുപ്പുകളെല്ലാം ഊരിക്കളഞ്ഞു  
ഒറ്റക്കിരിപ്പാണ് ഞാനിപ്പോൾ , 

കട്ടെടുത്തു കൊണ്ടുപോയ്   
കാത്തു വെച്ച ശില്പങ്ങളെല്ലാം 
ഇതിലെ, ഇതിലെയെന്നു
അടയാളങ്ങൾ കാട്ടി 
പടുവഴി നയിക്കുന്നവർ 

സ്വപ്നത്തിൽ പോലും 
പൂവൊന്നു വിരിയാതിരിക്കുവാൻ 
വിഷം മോന്തി, 
വഴി നീളെ തുപ്പുന്നവർ..
വാക്കിന്റെ നാക്കെടുക്കുവാൻ 
ചുറ്റി തിരിയുന്നവർ..!  

കാറ്റിനെ, വെളിച്ചത്തെ 
നിറങ്ങളിൽ മുക്കി 
ദേശപെരുമയാൽ മുദ്ര കുത്തുന്നു...
കറുപ്പ് പുതച്ചു നൃത്തമാടിക്കുന്നു  
അറിയാതെ, അറിയാതെ 
നാളത്തെ അടിമയെ..!

വാക്കേ, 
എനിക്ക് തരിക നീ 
ഒരു തുള്ളി വെളിച്ചം  
അഴുകിയ എന്റെ ഉച്ചിയിൽ,
അതിൻ പ്രകാശമെങ്കിലും 
തെളിഞ്ഞു നിൽക്കട്ടെ 
എൻറെ മക്കൾക്ക് 
വഴി വിളക്കാകുവാൻ
നേരിന്റെ 
ഒച്ചയായ്ത്തീരുവാൻ.


-ശശി കാട്ടൂർ 
28.10.16.

2016 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

കാഴ്ചയുടെ കാഴ്ചകൾ



ഉണ്ണീ നീയത് കണ്ടോ 
ഉണങ്ങിയ പാറമേൽ 
കുണുങ്ങി ചിണുങ്ങി 
നിൽക്കുന്ന പൂമരം 

ഉണ്ണീ നീയത് കണ്ടോ 
മണ്ണിൻ പുതപ്പാൽ പുതച്ചു 
നീണ്ടു നിവർന്നു കിടക്കും 
പഴയൊരു പുഴയുടെ 
ശവകുടീരം ..!

ഉണ്ണീ നീയത് കണ്ടോ 
മരം തേടിയലയുന്ന കാറ്റിനെ 
ചാടിക്കളിക്കും കുരങ്ങിനെ, യണ്ണാനെ 
വിശ്രമം ചൊല്ലിയലയും കിളികളെ 

ഉണ്ണീ നീയത് കണ്ടോ 
ഒളിയിടം പോയൊരു പാമ്പിനെ 
വട്ടം വരച്ചു കുടുക്കിയ കീരിയെ 
ദാക്ഷിണ്യമില്ലാത്തതാം 
കാലത്തിൻ നേരിനെ 

അച്ഛനൊന്നുണ്ടോ മിണ്ടാണ്ടിരിക്കു ...
ഇക്കാണും ദൈവത്തിൻ 
ചിത്രമൊരായിരം ചങ്ങാതിമാർ-
ക്കയച്ചീടുകിൽ കൈവരും, ഭാഗ്യം !
നമ്മുടെ ദുരിതവും തീരും 

മൊബൈലിൽ തെളിഞ്ഞൊരാ 
ദൈവത്തിൻ  ചിത്രമെടുത്തു 
എന്നെ കാണിച്ച് 
ചാരിതാർത്ഥ്യമോടെ പറയുന്നു ഉണ്ണി 

ഉണ്ണി തൻ വാക്കു കേൾക്കെ 
തെല്ലിട ചങ്കു കലങ്ങുന്നു, വെങ്കിലും 
പിന്നെയും പായുന്നു 
കണ്ണുകൾ വെളിയിൽ  

പുഴയതു മൂടി ...
പുതിയ പാതയൊന്നുണ്ട് നിവരുന്നു 
അതിന്നപ്പുറത്താളുകൾ 
നടന്നു നീങ്ങുന്നു..
കുടവും, കലവുമായ് 
കുടിനീര് തേടി.

ഉണ്ണികളേ...
പുറംകാഴച കാണാത്ത 
നിങ്ങളെന്തെറിയുന്നു 
കാഴ്ചയിലുണ്ടറിവുകൾ, ഭാഗ്യ-
ദൗർഭാഗ്യങ്ങൾ വരുംകാല 
ജീവിത ചന്തങ്ങൾ, ആധികൾ..!

ഉണ്ണികളേ, ഉണർന്നിരിക്കട്ടെ  
അകത്തേക്കും പുറത്തേക്കും 
നോക്കുവാൻ, നേരുകൾ 
നേരായിക്കാണുവാൻ, അറിവിൻ 
തീ പന്തമായ് ജ്വലിക്കുവാൻ 
യാത്രയിലൂടെ നീളം വിടർന്നിരിക്കട്ടെ 
ഉണ്ണികളേ,
നിങ്ങൾ തൻ കണ്ണുകൾ.


-ശശി കാട്ടൂർ 
20.08.16

സാക്ഷി




നിന്നെ വരക്കാൻ 
തുടങ്ങുമ്പോഴൊക്കെയും 
പിണങ്ങിപ്പോയ 
ഓർമ്മകൾ വന്ന് 
കണ്ണ് മൂക്ക് കാത് 
ഇവയെല്ലാം മായ്ച്ചു കളയുന്നു.

കാലങ്ങളുടെ തപസ്സു കൊണ്ട് 
ഞാൻ പണിതെടുത്ത 
ചിത്ര കൂടാരത്തിലേക്ക് 
ഒരിക്കൽ പോലും, നീ 
എത്തിനോക്കിയില്ല 

നിന്റെ ഗന്ധങ്ങളാൽ 
ഞാൻ വാർത്തെടുത്ത ശില്പങ്ങളിലേക്ക് 
ഒരിക്കലെങ്കിലും നീ 
ചേക്കേറണം.

വഴി തെറ്റാതിരിക്കാൻ 
ഒരു മിന്നാമിനുങ്ങിന്റെ തെളിച്ചം 
നിനക്കായ് പടിവാതിക്കൽ 
ഞാൻ  സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ലോകം എന്നിൽ നിന്നും 
ഒളിച്ച്ചോടുന്നതിന് മുൻപേ 
മണ്ണടരുകൾ പൊള്ളിയടർന്ന് 
മണ്ണിലേക്കെന്നെ 
കട്ടെടുക്കുന്നതിന് മുൻപേ 
നിന്നെയെനിക്ക് അഴിച്ചു കാട്ടേണ്ടതുണ്ട്.

-ശശി കാട്ടൂർ.

വീടൊഴിയുമ്പോൾ


കൂടൊഴിയുകയാണ് വീണ്ടും
മഹാ യാത്രയ്ക്കിടയിലെ
മറ്റൊരു തുരുത്തിൽ നിന്നും 
രംഗമൊന്നുകൂടി തീരുകയാണ്
സംസാര നാടകത്തിൽ
രംഗമിനിയുമെത്ര
ബാക്കിയുണ്ടെന്നറിയാതെ 
ഒന്നുമില്ല അടയാളങ്ങൾ
എന്നിൽ നിന്നും ഊർന്നുപോയ
അഴുകിയ ഗന്ധങ്ങളല്ലാതെ
മതിമറന്നു ചൊല്ലിയ കവിതകളുടെ
ചിലമ്പൊച്ചയല്ലാതെ, കൂർക്കം
വലിയുടെ  താരാട്ടല്ലാതെ...
നിശബ്ദം നിൽക്കും ചുവരുകളെ
ചൊല്ലി ഞാൻ കേൾപ്പിച്ച കവിതകളാൽ
നിങ്ങളെന്നെ പ്രാകിയിരുന്നുവോ..അതോ
പ്രണയിച്ചിരുന്നുവോ..?
കാഴ്ചകൾ കാണിച്ചു തന്ന
ഇളം കാറ്റ് എന്നിലേക്കെത്തിച്ച
വാതായനങ്ങളെ, നി-
ന്നഴികളിലെൻ ശിരസ്സൊന്നു
ചേർത്തു വെക്കട്ടെ.
എന്റെ ശ്വാസോച്ച്വസങ്ങളാൽ 
 കനം വെച്ച പരുപരുത്തൊരീ
പ്രതലത്തിൽ ഞാനൊന്ന് ചുംബിച്ചിടട്ടെ
ഇറങ്ങി പോകുന്നതിന് മുന്നേ

പുതിയ വേഷം നീയണിയുമ്പോൾ
പതിയെ മാഞ്ഞുപോകുമോ
ഞാൻ പൊഴിച്ച സ്വരവും, ഗന്ധവും
സ്പർശന രസമൊക്കെയും... 
പോകെ പോകെ നമ്മളിരുവരും 
മറവിയിയുടെ ഇരുളിലമരും...
കാറ്റായ്, മണമായ്, മണ്ണായ്, ജലമായ്
ഒന്നായ്ണ ചേർന്ന്
പുതിയ സംഗീതം
നൂറ്റെടുക്കും.


ശശി കാട്ടൂർ 
10.07.16

ഹർത്താലുകൾ - ഭീതിയുടെ വിജയങ്ങൾ



 കേരളത്തിൽ അവധിയുടെ ഘോഷയാത്രക്കിടെ, ഹർത്താലിലൂടെ കൈവന്ന ഒരധിക അവധി ദിനം കൂടിയായിരുന്നു ഇന്നലെ.

കോൺഗ്രസ്സുകാർ അഴിമതിക്കെതിരെ നടത്തുന്ന സമരം പോലെ ബി ജെ പി ക്കാർ അക്രമത്തിനെതിരെ നടത്തിയ ഒരു പൊറാട്ടു നാടകം.

അക്രമം ഏതു രാഷ്ട്രീയ കക്ഷി നടത്തിയാലും, തികച്ചും പ്രാകൃതവും, അനുവദിക്കാൻ പാടില്ലാത്തതും  എന്നു പറയുന്നതോടൊപ്പം നിസ്സഹായരായ ജനതയ്ക്ക് മേലെ അധികാരത്തിന്റെയും,  കരുത്തിന്റെയും പ്രകടനപരമായ അഹന്തയുടെ  തേർവാഴ്ച്ച എന്ന് കൂടിയും വിലയിരുത്താം.  വെറും പത്താളുകൾ മാത്രമുണ്ടായാലും ഒരു ഹർത്താൽ പ്രഖ്യാപിച്ചു വിജയം നേടാം എന്നതാണ് വർത്തമാന കാലത്തെ കേരളത്തിലെ ഒരു പ്രത്യേകത. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും പ്രസ്തുത കക്ഷികൾ അത് അവരുടെ വിജയമായി, അവരോടുള്ള അനുകൂല നിലപാടായി കാണാറുണ്ട് എന്നുള്ളത് കുരുടന്മാർ ആനയെ കണ്ട പോലെ എന്ന് പറയുന്നതായിരിക്കും ശരി.

മനുഷ്യൻ പുരോഗതി കൈ വരിച്ചിട്ടുള്ളത് നിരവധി സമര മാർഗ്ഗങ്ങളിലൂടെയും, ത്യാഗങ്ങളിലൂടെയും, സത്യാഗ്രഹങ്ങളിലൂടെയും ഒക്കെ തന്നെയാണെന്നത് പിന്നിട്ട ഓരോ നാളുകളും നമ്മോടു പറയുന്നുണ്ട്. ജനാധിപത്യ മേഖലയിൽ ജന ജീവിതത്തിന്റെ നിലനിൽപ്പിനും, മുന്നോട്ടുള്ള പ്രയാണങ്ങൾക്കും സമരവും, സത്യാഗ്രഹവും, ഒക്കെ ആവശ്യമാണെന്നിരിക്കെ, രാഷ്ട്രീയ കക്ഷികൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾക്കും നീതി കേടിനും അവർ തന്നെ ഹർത്താലും ബന്ദും പ്രഖ്യാപിച്ചു ആഘോഷമാക്കുന്നതു കാണുമ്പോൾ അത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയായി മാറുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്.  

പ്രിയ അക്രമ രാഷ്ട്രീയ സുഹൃത്തുക്കളെ, നിങ്ങൾ നടത്തുന്ന ഒരു ഹർത്താലും നിങ്ങളോടുള്ള അനുഭാവത്തിന്റെ വിജയമല്ലെന്നും, മറിച്ചു ജീവിക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ  ഉപോല്പന്നമായ ഭീതിയിൽ നിന്നും ഉളവാകുന്ന വിജയമാണെന്നും, അത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്കു ഒരിക്കലും ഭൂഷണമല്ലെന്നും, ഓർക്കുക. 

14.10.16

അഭൗമം



ഞാനെഴുതിടും കവിതയ്ക്ക്  
കുഴപ്പമെന്തെന്നറിയാതെ 
കുഴങ്ങുകയാണ് ഞാൻ 

ചന്തമേറും നെറ്റിയിൽ 
ചന്ദനക്കുറി ചാർത്തിയാലോ 
കണ്ഠത്തിലിത്തിരി കാകളി 
മൂക്കിലൊരു മുക്കുറ്റി 
ചുണ്ടിലൊരു തേൻകണം 
കൈകളിൽ മുദ്രകൾ 
കാൽകളിൽ ചിലങ്കകൾ 

ഇത്രമേലൊരുക്കീട്ടും 
ഭംഗിയില്ലെന്നും ഭാവമില്ലെന്നും 
താളമില്ലെന്നും  ഭവിക്കുകിൽ  
എന്തെന്തു ചെയ്യണം....?

ഒരു കയറിൽ കുരുക്കി 
ആകാശ മേലാപ്പിൽ 
നക്ഷത്രക്കൊളുത്തിൽ 
തൂക്കിയിട്ടാലോ 

അതാ, അവിടെയാണെൻ കവിതയെന്ന് 
ചൂണ്ടിക്കാണിച്ചീടുകിൽ  
അക്ഷരങ്ങളറിയാത്തവർക്കും 
എത്തിപ്പിടിക്കാലോ,വായിച്ചെടുക്കാലോ !


-ശശി കാട്ടൂർ 

15.09.16

2016 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ഉണർവ്




വഴി നിറയെ മഴയാണ് 
പുഴയൊഴുകിയ വഴിയാണ് 
കളിവഞ്ചിയിറക്കുവാൻ 
കടലാസ്  തേടി ഞാൻ 
കടലാഴത്തിലേക്ക് 
കയറൂരി പോകയാണ് 

ചിത്രത്തിൽ കണ്ടപ്പോൽ തന്നെ-
യുണ്ടീ നഗരം 
രാവും പകലും ഒരുമിച്ചു 
നൃത്തം വെക്കുന്നു.

പുലരിയിൽ പൂത്ത മര-
ക്കൊമ്പിലാടുന്നു പ്രണയം 
നനുത്ത ചിറകടിച്ചു പറക്കാൻ 
വെമ്പി നിൽക്കും കിളികൾ 

ആറ്റുനോറ്റുണ്ടായോ-
രുണ്ണികളൊക്കെയും 
മണ്ണിൽ പാതകത്തിൻ 
നിറങ്ങൾ ചാലിക്കുന്നു.

ഒച്ചയുണ്ടാക്കാതെ,  പതുങ്ങി 
വരുന്നു നിയമം, കയ്യിലൊരു 
വാറോല പോലുമില്ലാതെ
കണ്ണിമകൾ പൂട്ടാതെ .

കാത്തുവെച്ചൊരു കൈത-
പൂവുണ്ടെന്റെ കയ്യിൽ 
വഴി തെറ്റാതെ മടങ്ങി 
വരാമെന്ന വാക്കോടെ..

കാട്ടുതേനിൻ നിണം ചുരത്തി 
കാത്തിരിപ്പുണ്ടൊരുവൾ 
തേക്കുപ്പാട്ടിഴഞ്ഞുപ്പോയ 
പാടവരമ്പിലിപ്പോഴും 

കരിമരുന്നു പൂത്തുനിൽക്കും
കവിതേ നിൻ ഗുഹാമുഖത്തൂടേ 
കറുകറുത്തൊരുടലുമായി  
പുനർജ്ജനി ഞാൻ നൂഴട്ടെയോ.

-ശശി കാട്ടൂർ.

സ്വപ്ന ദർശനം




വന്നുവോ നീയെൻറെ മുറ്റത്തും
വാർത്തിങ്കളെ, 
വാതായനങ്ങൾ തുറന്നിട്ടു, 
ഉറക്കം വരാതെ ഞാ-
നിരിക്കുമീ രാവിതിൽ...!

ചിരിച്ചിരിച്ചെത്തുന്ന പൂംകാറ്റിനൊപ്പം 
മരക്കൊമ്പിലും,ഇലയിലും
പൊൻപ്രഭ തുളിച്ചും, അരികെ 
വരികെന്നു കൈകാട്ടി വിളിച്ചൂം

കിലുങ്ങും അരമണി താളത്തി, ലിളകി 
പുലരും വരേക്കു മധുര മധു നുകർന്ന് 
പുതിയൊരുഷസ്സിന്റെ വെളിപാടുമായി
കുതികൊൾകെന്നു മൊഴിയുന്നുവോ നീ..
  
മറവിയുടെ മാളത്തിലമർന്നു പോയ 
കറയറ്റ പദങ്ങളത്രയും 
തിരകെ വന്നെന്റെ പാദങ്ങളിലൂടെ 
പിണഞ്ഞേറുന്നു...നീ വിരിച്ചിട്ട 
നന നിലാവത്രയും, എന്നെ പൊതിഞ്ഞു 
ധ്യാനത്തിലാഴ്ത്തുന്നു 

മാറാല കെട്ടിയ പെരുംകാല
മറക്കപ്പുറത്തു നിന്നെത്തി 
നോക്കുന്നുണ്ടൊരുടലും ഉടലിനെ
കാത്തുപോന്ന മൺപുറ്റും 

ഞാനൊന്നലറി വിളിക്കവേ,
ഉടഞ്ഞുവോ, അറിവിന്റെ 
മൺകവചമൊക്കെയും,  
അടഞ്ഞ മിഴിയോടെ 
നടകൊൾകയായ് രത്നാകരൻ,
ദിവാകരനുദിക്കുന്ന  ദിക്ക് നോക്കി,

അവിടെയുണ്ടൊരു കിളിയുടെ 
രോദനം കേൾക്കുന്നുവോ...
കവിത തൻ ആദ്യപ്രപഞ്ചമുദിച്ചപോൽ
കൺകളുണർന്നെണീറ്റുവോ..!!  ...!





മുപ്പെണ്ണ്



ഒരുവൾ വ-
ന്നെന്നോട് ചോദിക്കുന്നു 
കരുത്തുറ്റ, നിൻ 
ഉടല് കാണിക്കുമോ  

വേറൊരുവൾ, 
അവൾക്കു വേണ്ടത് 
കുടിക്കുവാനത്രേ,
എന്റെ പരുക്കനാം സ്വരം..

ഇനിയൊരുവളോ...
അവൾക്കു വേണം 
ഇനിമയില്ലാത്ത എൻറെ 
കരളു തിന്നീടുവാൻ .! 

ശരീരത്തോട് പറഞ്ഞു 
വേനലിലൂടെ നടന്നു 
അവളെ പൊതിയുവാൻ 

സ്വരത്തിനോട് പറഞ്ഞു 
കൊടുങ്കാറ്റായ് ചെന്ന് 
ചെവിയിൽ 
നിറയുവാൻ 

കരളിനോടോ,
നഗ്നനായ് ചെന്ന് 
ഉയിരെടുക്കുവാനും ..

നാല് നാള് കഴിഞ്ഞിട്ടും 
പോയവരെ കാണാതെ 
ആടിലാവ് ഓടിലാവ്
ഓണലാവിൽ തിരയവേ   
 
ശരീരം 
ഉരുകി ചേർന്നതായും 
സ്വരം 
കാതിൽ ലയിച്ചതായും 
കരള് പൊരുളിനോട് ചേർന്ന് 
പൂത്തു പൂത്ത് 
പൂത്തു പൂത്ത് 
പൂമരമായി വളർന്നതായും 
അതിന്റെ 
ചോരയിറ്റുന്ന ശാഖികളിൽ 
നിറയെ പ്രണയക്കിളികൾ 
കൂടു വെച്ചതായും 
കാണുന്നൂ ഞാൻ..

-ശശി കാട്ടൂർ.












 

2016 ജൂലൈ 25, തിങ്കളാഴ്‌ച

വൃദ്ധചിത്തം




ആരും വരുന്നില്ല 
മിണ്ടിപ്പറയുവാൻ 
തീരാത്ത നോവുകൾ 
ഊരിക്കളയുവാൻ 
വീഴാതെ നോക്കുവാൻ, 
താങ്ങിപ്പിടിക്കുവാൻ 
ആരും വരുന്നില്ല 
ആരിതു കേൾക്കുവാൻ .

കണ്ടുവോ നിങ്ങളെൻ മക്കളെ 
കണ്ടെങ്കിൽ ചൊല്ലുക 
കണ്ണു ദാഹിക്കുന്നു കരള് നോവുന്നു...
കണ്ടു മരിക്കുവാൻ മോഹം പൊടിയുന്നു

താഴത്തു  വെച്ചാൽ ഉറുമ്പരിക്കും 
തലയില് വെച്ചാലോ പേനരിക്കും
വളരുമ്പോൾ അവരൊരു 
തണലാകുവാൻ 
അളവില്ലാ സ്നേഹം പകുത്തുകൊടുത്തും  
മുണ്ടു മുറുക്കി മുറുക്കിയുടുത്തും 
വയറിന്റെ കാളൽ 
അറുത്തെ കളഞ്ഞും 
വയലിന്റെ മാറിൽ 
കത്തിയെരിഞ്ഞും   
പോറ്റി വളർത്തിയ 
മക്കളെ കണ്ടുവോ..? 

കണ്ണനെ കാണുന്ന മാതിരി, മക്കളെ 
കണ്ണു നിറച്ചൊന്നു കാണുവാൻ മാത്രമായ്
കണ്ണടയുന്നതിന് മുൻപേ വന്നീടുവാൻ.
മക്കളേ നിങ്ങൾ കണ്ടെങ്കിൽ ചൊല്ലുക..!


വലിയവരാണവർ 
തിരക്കുള്ളോരാണവർ
വിലയില്ലാതായെടോ..., 
വൃദ്ധരാം നമ്മളും..!


-ശശി കാട്ടൂർ.

ശേഷം



മുതലാളീ മൂതലാളീ 
മുതലാളീന്നു വിളിക്കാതെടാ 

അതെന്താ മുതലാളീ 

നോക്കെടാ നമ്മടെ മെയ്യിലേക്കു 
നമ്മ രണ്ടും ഒരുപോലെ അല്ലേടാ 

ശരിയാണല്ലോ, അല്ലെ 
എനിക്കും രണ്ടു കൈ 
മൊതലാളിക്കും രണ്ടു കൈ 
എനിക്കും രണ്ടു കാൽ 
മൊതലാളിക്കും രണ്ടു കാൽ 
എനിക്കും ഒരു മൊകം 
മൊതലാളിക്കും ഒരു മൊകം 
എനിക്കും ഒരു ലിംഗം 
മൊതലാളിക്കും ഒരു ലിംഗം  
പിന്നെന്തായിരുന്നു മൊതലാളി 
ഭൂമിപൊറത്താരുന്നപ്പോ 
മിണ്ടാണ്ടെ നടന്നിരുന്നേ 

അതൊക്കെ ഭൂമിലെ 
ലീലാവിലാസങ്ങളല്ലെടാ 
നീയതൊക്കിനി മറക്കെടാ..

എവിടെ മൊതലാളീ 
മൊതലാളീടെ സ്വർണ്ണ പല്ല് 
സ്വർണ്ണം കെട്ടിയ വാച്ച് 
സ്വർണ്ണ നൂൽ തുന്നിയ കുപ്പായം...?

അതെല്ലാം മനുഷ്യന്റെ  
അഹങ്കാരമല്ലേടാ 
അറിവില്ലായ്മയല്ലേടാ 
നീയതൊക്കിനി മറക്കെടാ.

എന്നാലും മൊതലാളീ 
അയല്പക്കത്തിരുന്നീട്ടും 
എന്റെ ക്ടാങ്ങൾ കരഞ്ഞീട്ടും 
വയറൊട്ടി നടന്നീട്ടും 
ഒരു കണ്ണുകൊണ്ടുപോലും 
നോക്കില്ലല്ലോ മൊതലാളീ 

അതൊക്കെ മറക്കെടാ 
ഉടലിലേക്കു നോക്കെടാ 
നമ്മ രണ്ടും ഒരുപോലെ, 
നീയിനി വിഷമിക്കാതെടാ ..!

ശരി തന്നെ മൊതലാളീ 
നമ്മ രണ്ടും ഒരുപോലെ 
  
എങ്കിൽ ഒരു പെഗ്ഗ്‌ ഒഴിക്കെടാ 
ചീയേഴ്സ്  എന്നു പറയടാ
നഗ്നരായ നമ്മളിപ്പൊ 
ഒരുപോലെന്നു നോക്കെടാ.....!! 

-ശശി കാട്ടൂർ 

2016 മാർച്ച് 30, ബുധനാഴ്‌ച

കുഞ്ഞുപ്രണയത്തിൻ ഓർമ്മയ്ക്ക്‌




ഓര്മ്മയുണ്ടോ നിനക്ക് 
നമ്മളവസാനമായ് 
കണ്ടതെന്നാണെന്ന് 
ഓര്മ്മയുണ്ടോ നിനക്ക് 

വയലറ്റ് പുള്ളികളുള്ള 
നിനറെയാ പാവാടയായിരിക്കണം 
വയലറ്റിനോടിത്ര കമ്പ-
മെന്നിലേറുവാൻ കാരണം..!

ആയിടെ വന്ന കണക്കു വാദ്യാരുടെ 
ചൂരലടി  കണ്ടു പേടിച്ചു 
ആരോടും പറയാതെ കടന്നു പോയ്‌ 
നീ, മറ്റൊരു വിദ്യാലയത്തിലേക്ക്‌ !

നിനക്കായ്‌ ഞാൻ വരച്ച ചിത്രങ്ങളിൽ 
സങ്കടക്കരി  പരടർന്നുവോ, 
ഞാൻ നട്ടു വളർത്തിയ ചെമ്പക,പ്പൂമണം 
പാറി പൊഴിഞ്ഞകന്നുവോ... 

എങ്കിലും, നീ വരും വഴികളിലൊക്കെയും  
എന്റെ കണ്ണുകൾ വിതറി 
കാത്തു നിന്നിരുന്നു...നീ അറിയുന്നുവോ....  

എവിടെയാണ് നീ, ഇപ്പോൾ  
എന്ത് ചെയ്യുകയാവാം 
ഓർമ്മകൾ ചോദിക്കുന്നു 
അമ്മയായിട്ടുണ്ടാം, ഒരു പക്ഷെ 
അമ്മൂമ്മയായിട്ടുണ്ടാം  
മെല്ലെ,യെൻ മനസ്സ് പറയുന്നു....

ആരുമില്ലവിടെ, യാ
വീട്ടിലെന്നറിഞ്ഞിട്ടും 
തിരയുവാറു,ണ്ടെന്റെ കണ്ണുകൾ 
നിന്റെ വീട്ടു വഴി 
കടന്നുപോകുമ്പോഴോക്കെയും !

തിരക്കേറും വീഥിയിൽ
യൌവനയുക്തയാം  
സ്ത്രീകളെ കാണവേ, വെറുതെ 
കൌതുകം പോൽ 
നിന്റെ മേല്ച്ചുണ്ടി,ന്നഴകേറ്റും കരിം പുള്ളി 
 തിരയാറുണ്ട് ഞാനിപ്പോഴും.

എന്റെ കൗമാര പ്രേമത്തിലെ 
സുന്ദരീ, ഇമ വെട്ടാതെ 
എന്നെ നോക്കി ജ്വലിപ്പിച്ച 
നിനറെയാ  വിടർകണ്ണുകൾ കാണുവാൻ,
ഇപ്പൊഴും, 
എന്നുള്ളിൽ കാത്തു കിടക്കും, കാക്കപുള്ളിയൊന്നു 
കണ്ണിൻ കൃഷ്ണമണികളാൽ നുകരുവാൻ 
വന്നു നില്ക്കാമൊ, നമ്മുടെ വിദ്യാലയ-
പൂമുറ്റത്തൊരിക്കൽ കൂടി...!



-ശശി കാട്ടൂർ 
 
 

2016 മാർച്ച് 7, തിങ്കളാഴ്‌ച

വർത്തമാന ഭാരതീയം




മിണ്ടാതിരിക്കുന്നതെങ്ങിനെ,
എൻറെ മുറ്റത്തും
ഇരുളു പടർന്നു കനക്കവേ, ചൊല്ലുക  .
മിണ്ടാതിരിക്കുന്നതെങ്ങിനെ,

ഉണ്ടോ,  ഇതിൽപ്പരം നാണ, ക്കേ-
ടെന്റെ ഇന്ത്യാ മഹാരാജ്യമേ...നുണ-
ച്ചീട്ടിനാൽ അധികാര തിമിരം പൂണ്ട 
"ഭാരത നാരി" യാമൊരുവൾ 
തരുണരെ  തുറുങ്കിലേറ്റുന്നതും ,നേരു -
പറയുന്ന കണ്ഠമറുക്കുന്നതും, എഴു-
ത്താളുകൾ തൻ കൈയ്യ് വെട്ടുന്നതും, ബലാൽ-
സംഗത്താൽ കൊല്ലുമെന്നലറുന്നതും കേട്ട് , 
ഉള്ളിലൊരു കടലിളകി ഉണരവേ......   
മിണ്ടാതിരിക്കുന്നതെങ്ങിനെ., ചൊല്ലുക
മിണ്ടാതിരിക്കുന്നതെങ്ങിനെ. ..? 

അല്ല,ല്ലതെൻറെ ദേശമല്ല, 
അന്യന്റെ വിശ്വാസം മാനിച്ചിടാത്ത 
മണ്ണിനെ, നിസ്വനെ സ്നേഹി,ച്ചിടാത്ത ചൊല്ലുകൾ 
ചൊല്ലി നടക്കുന്നോരാരവർ, അവരെൻറെ 
ചങ്ങാതിയല്ല, സോദരനല്ല, അയൽക്കാരനല്ല,
മനുഷ്യരുമല്ലാ  മൃഗങ്ങളുമല്ലാ...! 

ജാതിമത വേഷ വിശ്വാസങ്ങളെല്ലാം ഒന്നായി-
ക്കാണുമിന്ത്യരാം നമ്മളെ, തമ്മിൽ പിണക്കി തൻ
കാര്യം നേടുന്ന പിംബുകളാണവർ, മതം- 
പൊട്ടിയൊഴുകുന്ന ദുർഗന്ധമാണവർ 
വാക്കും വരയും അറിയാത്തോരാണവർ 
ചിന്തയിൽ നഞ്ചുമായാളെ കറക്കുന്ന 
ഭ്രാന്തന്മാരാണവർ, മതഭ്രാന്തന്മാരാണവർ.
ഭ്രാന്തന്മാരാണവർ, മതഭ്രാന്തന്മാരാണവർ ...!

-ശശി കാട്ടൂർ 
03.03.16 

 
  

2016 മാർച്ച് 1, ചൊവ്വാഴ്ച

ഇരുൾ വിഴുങ്ങും മുൻപേ





ഒന്ന് നീ പാടാമോ ,
ഒരു വരി 
അന്ന്,  പാടി നിർത്തിയ 
അതേ വരി 

എന്റെ ഓർമ്മകൾ 
മരിക്കാൻ തുടങ്ങുകയാണ് 

ഞാൻ കണ്ട കാഴ്ചകൾ 
ഞാൻ കേട്ട ശബ്ദങ്ങൾ 
ഞാനനുഭവിച്ച ചൂരുകൾ  
എല്ലാം
ഒന്നിന് മീതെ ഒന്നൊന്നായി 
എന്നിൽ മാത്രം ഒടുങ്ങുകയാണ്
  
ഏറ്റവും മുകളിൽ 
നീയായിരിക്കണം, മരിച്ച- 
ഓർമ്മകളിൽ നിന്നും 
പെട്ടെന്നു 
എനിക്കനുഭവിക്കാൻ,
എടുത്തോമനിക്കാൻ... 

ഒന്ന് നീ പാടാമോ , ഒരു വരി 
അന്ന് പാടി നിർത്തിയ 
അതേ വരി.

-ശശി കാട്ടൂർ 

2016 ഫെബ്രുവരി 25, വ്യാഴാഴ്‌ച

എന്തുക്കൊണ്ടെന്നാൽ - ലേഖനം



ഡൽഹിയിൽ നിന്നും ആയിരക്കണക്കിനു കിലോമീറ്റർ ദൂരെയാണ് ഞാൻ ജീവിക്കുന്നത്. ദൂരത്തെ കുറിച്ചു പറയാൻ കാരണം എന്തിനാണ് "വല്ലവന്റെ"യും കാര്യത്തിൽ അഭിപ്രായങ്ങൾ പറഞ്ഞ്  വെറുപ്പ് സമ്പാദിക്കുന്നത്  എന്ന എന്റെ ചില സുഹൃത്തുക്കൾ ഉന്നയിച്ച ചോദ്യങ്ങൾ മൂലമാണ്. ദൽഹി എത്ര അകലെയായിരുന്നാലും അത് ഇന്ത്യയിലാണെന്നും അവിടുത്തെ ജനങ്ങള് ഇന്ത്യാക്കാരാണെന്നും, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളും, അവകാശങ്ങളും സ്വാതന്ത്ര്യവും ഇന്ത്യയിലെവിടെയും നടപ്പിലാകെണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നതുകൊണ്ടുമാണ്.

ഡൽഹിയിൽ ജവഹർലാൽ നെഹ്‌റു യൂനിവേർസിറ്റിയിൽ നടക്കുന്ന പോലീസിന്റെയും ഭരണകൂടത്തിന്റെയും അതിക്രമങ്ങൾ മേല്പ്പറഞ്ഞ കാരണങ്ങളെക്കൊണ്ട് തന്നെ അറിഞ്ഞില്ലെന്നു നടിക്കാനാവില്ല. കപടമായ കാരണങ്ങളും ,അവകാശ വാദങ്ങളും നിരത്തി, ആവശ്യങ്ങൾ ഉന്നയിക്കുന്നവരെയും, ചോദ്യം ചെയ്യുന്നവരെയും രാജ്യ ദ്രോഹ മുദ്ര കുത്തി, നിശ്ശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ ദിവസം ചെല്ലും തോറും ശക്തി പ്രാപിച്ചു വരുന്നു. അതിൻന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജെ  എൻ യു വിൽ ഇപ്പോൾ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. അവിടുത്തെ വിദ്യാർത്ഥികളെ  തുറങ്കിലടക്കാനുള്ള പോലീസിന്റെയും ഭരണ വര്ഗ്ഗത്തിന്റെയും കണ്ടുപ്പിടുത്തങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞുക്കൊണ്ടിരിക്കുന്നു.

ഭരണകൂടം എന്നത് ,രാമനോ, കൃഷ്ണനോ മായാ ശക്തിയാൽ  ഉരുവപപെടുത്തി ഭൂമിയിലേക്ക് അയച്ച ഒന്നല്ല. അത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ തലയിൽ കയറി ഭരിക്കുക, എന്നല്ല ജനങ്ങളോട് വിധേയരായി, സേവകരായി രാഷ്ട്രത്തിന്റെയും ജനങ്ങളുടേയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു തരുന്ന നിയമങ്ങളിൽ ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നത്. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും  തന്റെ അഭിപ്രായം നിർഭയമായി രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യം അതുറപ്പാക്കുന്നു. ഭരണകർത്താക്കൾ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ അതിനെ വിമർശിക്കാനും നമുക്ക് കഴിഞ്ഞിരുന്നത് അതുകൊണ്ടാണ്. അത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഭരണക്കർത്താക്കൾക്ക് ഉണ്ടാകണമെന്ന് മാത്രം. അതില്ലാതാകുമ്പോഴാണ്, പൊതുജനത്തെ നോക്ക് കുത്തികളാക്കി കപട വാർത്തകൾ ഉണ്ടാക്കി രാജ്യദ്രോഹികളെ സൃഷ്ട്ടിക്കാൻ ഇറങ്ങുന്നത്. 

അവകാശങ്ങളെക്കുറിച്ച്  സംസാരിക്കുമ്പോൾ, ചില സുഹൃത്തുക്കളിൽ ഈയിടെയായി കണ്ടു വരുന്ന ഒരു രോഗമാണ്  അതിര്ത്തിയിൽ വെടിയേറ്റ്‌ മരിച്ച പട്ടാളക്കാരുടെ ചിത്രങ്ങൾ നിരത്തി വെച്ച് കപട വിലാപം നടത്തുക എന്നത്. പട്ടാളക്കരോടും അവരുടെ സേവനത്തോടും അങ്ങേയറ്റത്തെ കടപ്പാടും ബഹുമാനവും നിലനിര്ത്തിക്കൊണ്ട് തന്നെ ഈ കപട ഖേദക്കാരോട് ചോദിക്കട്ടെ, രാജ്യത്തെ പട്ടാളക്കാർ ചിലയിടത്തെങ്കിലും അതിക്രമിച്ചു കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിനെ പറ്റി നിങ്ങൾ അറിഞ്ഞിട്ടുണ്ടോ...? അവരോട് അങ്ങിനെ ചെയ്യരുതെന്ന് പറയാൻ നിങ്ങൾ എന്നെങ്കിലും മുതിര്ന്നിട്ടുണ്ടോ..? അവരാൽ ബലാല്സംഗം ചെയ്യപ്പെട്ടത് ഭാരതത്തിലെ തന്നെ സ്ത്രീകളാണെന്ന്, അമ്മമാരാണെന്ന്  ഒരിക്കലെങ്കിലും നിങ്ങളിലെ ദേശീയ ബോധം  ഓർത്തിട്ടുണ്ടോ...? 
ഉണ്ടാകില്ല, കാരണം ആ സ്ത്രീകള് സാധാരണക്കാരും ദരിദ്രരും ആണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ദേശീയബോധം ഉണരില്ല.

പട്ടാളക്കാരുടെ അമിത അധികാരങ്ങളിൽ ദുരിതം അനുഭവിക്കേണ്ടി വരുന്നതിനാൽ വര്ഷങ്ങളായി നിരാഹാരം അനുഷ്ടിക്കുന്ന ഇറോം ശര്മ്മിലയെ നിങ്ങൾ അറിയുമോ....?
നിങ്ങള്ക്ക് അറിയില്ല....അറിവ് എന്നത് നിങ്ങളെ സംബന്ധിച്ചു അപകടമായ ഒന്നാണല്ലോ. 

 വ്യത്യസ്ത ആചാരങ്ങൾ, ഭാഷകൾ, വേഷങ്ങൾ, മത വിശ്വാസങ്ങൾ ഇതെല്ലാം ഒന്നിച്ചു ചേർന്ന്  ഒരേ കുടുംബമായി നില്ക്കുന്നതാണ് ഇന്ത്യയുടെ ദേശീയത. അതുപോലെ തന്നെ അത്  പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും സന്തുലിതമായ നിലനില്പ്പും ജീവിതവും കൂടിയാണ്. പ്രകൃതിക്ക് നിലനിൽപ്പില്ലെങ്കിൽ പിന്നെന്തു ദേശീയത. 

ദേശീയതയുടെ കമ്പോളം വിലക്കെടുത്തിട്ടുള്ള സുഹൃത്തുക്കളെ. പ്രകൃതിയുടെ നിലനില്പ്പിനും അതിലെ ജീവജാലങ്ങളുടെയും സ്വതന്ത്രമായ ജീവിതത്തിനും 
പ്രകൃതി ചൂഷകരായ പ്രമാണിമാരോട് എന്നെങ്കിലും നിങ്ങൾ സമരം ചെയ്തിട്ടുണ്ടോ..? വിദേശ കുത്തകകൾ വന്നു രാജ്യത്തെ വിപണികൾ കീഴടക്കി, സ്വന്തം രാജ്യത്തെ ഉല്പ്പന്നങ്ങളുടെ വിലയിടിച്ചു  രാജ്യ സമ്പത്ത് കടത്തികൊണ്ട് പോകുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും അവര്ക്കെതിരെ അണി നിരന്നിട്ടുണ്ടോ..? എന്തിനു രാജ്യാന്തര വിപണിയിൽ വിലയിടിഞ്ഞിട്ടും ജനങ്ങൾക്ക്‌ ലഭിക്കേണ്ട ലാഭം രിലയന്സും കൂട്ടരും ചോർത്തിയെടുക്കുമ്പോൾ നിങ്ങൾ ചോദ്യം ചെയ്തിട്ടുണ്ടോ..?
എത്രയോ ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയായി ഇന്നും മരിക്കാതെ മരിച്ചു കൊണ്ടിരിക്കുന്ന എന്ടോ സല്ഫാൻ പ്രദേശത്തെ ജനങ്ങൾ ഇന്ത്യാക്കാരല്ലെന്നു നിങ്ങൾ കരുതുന്നുണ്ടോ..?
ചാലക്കുടി പുഴയെ(പുഴ ഒന്ന് മാത്രമല്ല) മലിനപ്പെടുത്തി, കുടി വെള്ളം രോഗാണുക്കളെക്കൊണ്ട് നിറച്ചു, പ്രവർത്തിച്ച്ചുക്കൊണ്ടിരിക്കുന്ന നിറ്റ ജലാറ്റിൻ കമ്പനികളെ പോലുള്ള നിരവധി വ്യവസായ സ്ഥാപനങ്ങളാൽ ജന ജീവിതം ദുരിതമയമായിക്കൊണ്ടിരിക്കുന്നവരിലേക്ക് ഒരിക്കലെങ്കിലും നിങ്ങൾ പോയിട്ടുണ്ടോ..?
നിങ്ങള്ക്ക് കഴിയില്ല. കാരണം നിങ്ങളുടെ അടിസ്ഥാനവിഷയം മറ്റൊന്നാണ്, അതിന്റെ കൊടി നാട്ടാനുള്ള ശ്രമങ്ങളാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നിങ്ങൾ പരീക്ഷിച്ച്ചുക്കൊണ്ടിരിക്കുന്നത്.   

മേല്പ്പറഞ്ഞ പോലെ നിങ്ങള്ക്ക് പരിചിതമല്ലാത്ത നിരവധി നിരവധി ചോദ്യങ്ങളുണ്ട് , മനുഷ്യനെയും അവന്റെ നിലനില്പ്പിനെയും കുറിച്ച്.  അത് നില നിന്നെങ്കിൽ മാത്രമേ മനുഷ്യൻ നിർമ്മിച്ചെടുത്ത ദേശീയത പോലും  പ്രസക്തമാകുന്നുള്ളൂ. 

രാജ്യത്തെ ശിഥിലമാക്കാൻ നിങ്ങൾ നുണകൾ നെയ്തുക്കൊണ്ടേയിരിക്കും. അതാണ്‌ ഏറ്റവും വലിയ രാജ്യദ്രോഹമെന്നു കാലം തെളിയിച്ച്ചുക്കൊണ്ടിരിക്കുകയും ചെയ്യും.


-ശശി കാട്ടൂർ.

2016 ഫെബ്രുവരി 16, ചൊവ്വാഴ്ച

മനുഷ്യകൃതം



വേനൽ കഴിഞ്ഞു 
മഴയൊന്നഴിഞ്ഞു വീഴാൻ തുടങ്ങീ 
ഇഴഞ്ഞു പോകാൻ, നിറഞ്ഞു തുടിക്കാൻ 
വഴിയേതും കാണാതെ,
മഴ  
നിന്ന നില്പാലെ കരയാൻ തുടങ്ങീ

മണ്ണിലെ, 
പണിയാളരുടെ കൂരകളൊക്കെയും
മഴയുടെ കണ്ണീരിലലിഞ്ഞമരവെ  
പാടം നികത്തി. പുഴയെ മുടക്കി 
കോടികൾ മുക്കി മാളികകൾ മെനഞ്ഞ
ചങ്ങാതിമാരൊത്തു 
മഴയുടെ വർണ്ണങ്ങൾ കോരി-
ക്കുടിച്ചിരിക്കെ,
സങ്കടപപെട്ടതിങ്ങനെ....
" ദൈവഹിതം"
അല്ലാതെന്തു പറയാൻ...

അത് കേട്ട് പൊട്ടിച്ചിരിച്ചു
പാവം ദൈവം...
"മഠയാ" നിന്റെ തെറ്റുകൾ 
ഇനിയും എന്നിലേക്ക്‌ ചാരി വെക്കല്ലേ ....!

-ശശി കാട്ടൂർ 

2016 ഫെബ്രുവരി 11, വ്യാഴാഴ്‌ച

വെറുതെയിരിക്കുമ്പോൾ



വെറുതെയിരിക്കുമ്പോൾ 
കാലുകൾ കാട് കയറുന്നു 

പുഴയും പെരുമ്പാമ്പും 
പുലിയും കടുവയും 
കൈകോർത്ത് ചിരിക്കുന്നു 

കാറ്റിലുലാത്തുന്നു 
കണ്ണ് കെട്ടിയ മനസ്സ് 
പണ്ടു കണ്ട,പരിചിതരെപ്പോൽ 
അത്ഭുതം കൂറുന്നു  

ഇന്നലെ വരെ  വലിച്ചു കേറ്റിയ 
അഹങ്കാരത്തിൻ പുടവയെല്ലാം 
അഴിഞ്ഞു വീഴുന്നു 

എന്തിനേ വന്നുവെന്ന ചോദ്യം നിഴലിക്കേ 
നഗ്നനായോരെന്റെ 
ഉടല് പൊള്ളുന്നു 

കാട് വിട്ട് വീട് പൂകാനാകാതെ 
തുള വീണ വെയില് നോക്കി തുള്ളി കളിക്കെ,
ഓർമ്മയിൽ നിന്നുമന്ന്യനാകുന്നു....
ഞാൻ, 
പൂത്ത്  നില്ക്കുമൊരു വനമായി 
വസന്തമായി മാറുന്നു.


-ശശി കാട്ടൂർ 

2016 ഫെബ്രുവരി 1, തിങ്കളാഴ്‌ച

കാതുകളുടെ കാഴചകൾ.



ഈ പാതക്കടിയിലൂടെ 
മുൻപെങ്ങൊ
ഒരു പുഴയൊഴുകിയിരിക്കണം 
പാദങ്ങൾക്കടിയിലൂടെ 
ചൂടായി വരുന്നുണ്ട് 
ഹരം പകരുന്നൊരു 
തണുപ്പ്.   

ചീറി പായുന്ന വണ്ടികളുടെ 
ഒച്ചകൾക്കും മീതെ 
ജലപാതത്തിന്റെ മർമ്മരം തൊട്ടു നോക്കുവാൻ, 
കാതുകൾ 
ആക്ര തുളച്ച്ചേറ്റും പോലെ 
മണ്ണിന്നുള്ളിലേക്കുള്ളിലേക്ക്  

നേർത്തു ചിലംബിച്ച്ച ചെത്തം 
അടക്കിപ്പിടിച്ച, 
ഒരു കരച്ചിലായി 
തിരിഞ്ഞേറി വരുന്നു, 
കഥയൊന്ന് പറയുവാൻ 
എന്നുള്ളിലേക്ക്‌. 

-ശശി കാട്ടൂർ.

2016 ജനുവരി 22, വെള്ളിയാഴ്‌ച

അറിവു തിന്നവർ



നഗ്നനായിരുന്നപ്പോൾ 
എത്ര സുഖമായിരുന്നു 
കാറ്റും വെളിച്ചവും 
തഴുകി തലോടുമ്പോഴും 
അത് എന്നെയായിരുന്നില്ല...
എന്നിലായായിരുന്നില്ല.

അറിവ് തിന്നത് മുതല്ക്കാണ് 
എല്ലാം മറച്ചു വെക്കാൻ തുടങ്ങിയത് 
പോകെ പോകെ 
മറ നീക്കി കാണുമ്പോൾ 
കണ്ണുകൾക്ക്‌ കൌതുകം 
തൊട്ടു നോക്കുമ്പോൾ 
വൈദ്യുതിയേൽക്കും 
കിരുകിരുപ്പ്‌....

മറ്റാരും കാണാതെ 
കാറ്റും വെളിച്ചവും ചൂടാതെ 
അടക്കി വെച്ചതൊക്കെയും    
ദുഷിച്ചതാകില്ലേ...

നഗ്നനായി തുടരുന്നോളം സുഖം 
മറ്റെന്തുണ്ട്, സഖേ...

ഭ്രാന്തനെന്നോ....?
വിളിച്ചോളു 
സത്യത്തിനെപ്പോഴും 
ഭ്രാന്തിന്റെ നിറമായിരിക്കും.

-ശശി കാട്ടൂർ.

2016 ജനുവരി 19, ചൊവ്വാഴ്ച

കണക്ക്



പതിനായിരം രൂപ
വരുമാനമുള്ളയാൾ 
സ്ത്രീധന പണ്ടവും 
ബാങ്കിലെ ലോണുമായ്  
ലക്ഷങ്ങൾ വിലയുള്ള 
വീടൊന്നു തീർത്തു 

ആണ്ടുകൾ രണ്ടു 
തികയുന്നതിൻ മുന്പേ 
എത്തീ, 
കുറിക്കൂട്ടണിഞ്ഞവൻ കേമൻ
കെട്ടിടത്തി,ന്നിരിപ്പും, മരിപ്പും 
ചൊല്ലുന്നവൻ...  
പത്തുകാശുണ്ടാക്കാൻ 
പുത്തനാം ലാപ്പുമായ്...    

കടം തന്നെ കാര്യം, 
ചൊല്ലുന്നു ഗൃഹനാഥൻ
മേൽക്കുമേലേറി 
വരുന്നോരു ദുരിതം...

പുരയാകെയളന്നു കുറിക്കുമ്പോഴും 
പറഞ്ഞില്ല, നോട്ടക്കാരനവൻ 
വീട്ടുകാരനിൽ തെളിഞ്ഞു നില്ക്കുന്ന   
വരവു് ചിലവു കണക്കിലെ പിഴവുകൾ... 

അടുക്കള, 
പൊളിച്ചു മാറ്റിപ്പണിയാൻ 
അടുത്ത ലോണിനായ് നെട്ടോട്ടമോടുന്നു  
പതിനായിരം 
രൂപ വരുമാനമുള്ളയാൾ
അഞ്ചംഗ കുടുംബത്തെ 
പോറ്റി പുലരുന്നവൻ.

-ശശി കാട്ടൂർ.

2016 ജനുവരി 6, ബുധനാഴ്‌ച

കവിതയുടെ കാമുകൻ



നിൽക്കു  സുഹൃത്തേ,  ചോദിക്കട്ടെ 
എന്താണിത്രമേൽ വിഷാദം നിനക്ക് 
പിന്നിൽ നിന്നൊരാൾ വിളിച്ചുചോദിക്കെ,
തിരിഞ്ഞു, "ഇല്ലല്ലോ ചങ്ങാതീ.."
പുഞ്ചിരിച്ചു, മറുപടി ചാർത്തി ഞാൻ  
എങ്കിലും ഉള്ളിലുണ്ടൊരു നീറ്റൽ 
ഊറിക്കൂടും കാർമേഘം കണക്കിനെ...

"നുണ പറയരുതെന്നോട് 
കാണാം, നിന്റെയുള്ളിൽ 
പുകയുന്നുണ്ടൊരു കൂട്ടം.."
മുഖത്തു ചൂണ്ടി പറയുകയാണയാൾ     

അത്ഭുതപ്പെട്ടു ഞാൻ
ദൈവമോ, മന്ത്രവാദിയോ, 
മന:ശാസ്ത്രജ്ഞനോ... നിങ്ങളാരെന്റെ 
മനസ്സ് വായിക്കുവാൻ....?

കേട്ടപാടെ പൊട്ടി,ച്ചിരിയുയരുന്നു 
കാട്ടാളൻ, കേട്ടിട്ടില്ലേ 
ഉണ്മയുടെ പുറ്റിലൊളിച്ഛവൻ   
പ്രണയ സുരഭിലമീയൂഴിയിൽ 
പ്രപഞ്ച ദു:ഖങ്ങളേറ്റു വാങ്ങി
കെടാക്കിനാവു കണ്ടു നടക്കും  
കാലസ്വരൂപൻ,കവിതയുടെ 
കാമുകൻ. 


ശശി കാട്ടൂർ