നാഥനില്ലാത്ത വീടുകൾ
ആണ്ടിലൊരിക്കൽ, അച്ഛനു-
മമ്മയും, മക്കളുമൊന്നിച്ചു വന്നിടും
അടിച്ചു തളിച്ച്, കളിച്ചു ചിരിച്ച്
വന്ന പോലെ തിരിച്ചു പോകും
എന്ത് സന്തോഷമാണെന്നോ, അവർ-
വന്നുകഴിഞ്ഞാ,ലെനിക്ക്
എങ്ങും വെളിച്ചം,
ശ്വാസ നിശ്വാസങ്ങൾ
കുട്ടികളുടെ കലപിലകൾ
പാട്ടുകൾ,
പാത്രങ്ങളുടെ
കൂട്ടിമുട്ടലുകൾ
ഒറ്റയായുള്ള
ഈ നിൽപ്പിനിടയിൽ
ആരൊക്കെയോ
ഉണ്ടെന്നൊരു തോന്നൽ...!
അവർ
പോയ്ക്കഴിഞ്ഞാലോ
മൂകം, ഇരുളിലാണ്ട ദേഹം...
അടുത്ത വരവിനു കാതോർത്ത്
നിൽപ്പ് തുടരുന്നു ഞാൻ ...
വരാറില്ല, ആരുമീ-
കൂറ്റൻ മതിലുകൾ കടന്ന്
ഇല്ലായ്മയുടെയും,കുന്നായ്മയുടെ യും
ചില കണ്ണുകളല്ലാതെ.
ഇന്നലെ,
മുഷിഞ്ഞ വസ്ത്രത്തോടെ
മതിൽ ചാടി വന്നു
ചാക്കുമായ്
കുട്ടികൾ രണ്ടു പേർ
ഒട്ടും ഭംഗിയില്ലാത്തവർ
ചുറ്റിനും നടന്നു നോക്കി, എൻറെ -
അഴകിലും, അളവിലും കണ്ണുടക്കി
മുതിർന്നവൻ ഇളയവനോട് പറയുന്നു
"ഇത്പോലൊന്നു നമുക്കും പണി തീർക്കണം "
"അതിനും ഇടം വേണ്ടേ....
തെരുവിലെങ്ങിനെ...പറ്റുമോ..?"
തിരിച്ചു ചോദിക്കുന്നു....
കുഞ്ഞു വായിലെ വാക്കുകൾ
എടുക്കുവാനൊന്നുമില്ലെന്നറിവോടെ
കണ്ണുകളെന്നിൽ ഉപേക്ഷിച്ച്
ഒഴിഞ്ഞ ചാക്കുമായ്
മതിൽ കടന്നു പോകുന്നു കുട്ടികൾ.
നോക്ക് കുത്തിയെപ്പോലെ
മഴയും വെയിലും
മഞ്ഞും കൊണ്ട്
എന്നോ വരാനുള്ളവരെ കാത്ത്
എന്റെ നിൽപ്പ് തുടരുന്നു...
വീടെന്ന പേരുമായ്.... !
* കേരളത്തിൽ വിദേശത്തു ജോലി ചെയ്യുന്ന ഏതാണ്ട് 10 ലക്ഷത്തോളം ആളുകളുടെ വീടുകൾ താമസമില്ലാതെ പൂട്ടി കിടക്കുന്നു. അതേ കേരളത്തിൽ ഏതാണ്ട് 12 ലക്ഷത്തോളം ആളുകൾ വീടില്ലാതെ തെരുവിൽ കഴിയുന്നു.
-ശശി കാട്ടൂർ
25.02.15