നിങ്ങളിപ്പോൾ
പുറത്തേക്ക് വരരുത്
ഇവിടെ,
ഇരുട്ട് പരക്കാൻ തുടങ്ങിയിരിക്കുന്നു
നിങ്ങൾ കൊളുത്തിയ വെളിച്ചത്താൽ
ഇരുട്ടിൽ ഒളിപ്പിച്ചു വെച്ച
നുണകളും, ദാർഷ്ട്യങ്ങളും
വെളിപ്പെട്ടേക്കും.
അതിനു കാവൽ നില്ക്കുന്ന
കുട്ടി പട്ടാളക്കാർ
നിങ്ങളുടെ നാക്ക്
അജ്ഞതയുടെ ദേവതക്കു
ബലിയർപ്പിക്കും..
ഇന്ന്,
വിശപ്പും തണുപ്പും
ഒടുങ്ങിയപ്പോൾ
അന്ന്,
ആകാശത്തേക്ക് ഉയർത്തിയ
അവകാശത്തിന്റെ മുഷ്ടികളൊക്കെയും
മണ്ണിനോടും മലയോടുമൊപ്പം
വിറ്റു പോയിരിക്കുന്നു
വറ്റിപ്പോയ
പുഴയുടെ
മണലാഴങ്ങളിലേക്ക് ...!
അക്ഷരങ്ങളേ.......
നിങ്ങളേറ്റുപ്പിടിച്ചിരുന്ന
വിയർപ്പിന്റെ കരുത്തുള്ള
ആ
മുഷ്ടികൾ
നിശ്ചയമായും ഉണർന്നെണീക്കും.
ചങ്ങലക്കണ്ണികളുടെ കിലുക്കം
കാതിലേക്ക്
അരിച്ചരിച്ചെത്തുന്നതിനോടൊപ്പം
പുതിയ തിരച്ചറിവുകളോടെ...!.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ