2017 ഡിസംബർ 27, ബുധനാഴ്‌ച

ഒരു ലോകം കാണാതാകുന്നു.

ഒരു ലോകം കാണാതാകുന്നു.

നീയെന്നോട് മിണ്ടാതായപ്പോൾ
ഏതു കിളിയുടെ ചിറകാണ്
നഷ്ടപ്പെട്ടത്.
ഏതു കാറ്റിന്റെ ഇലകളാണ്
ദിശയറിയാതെ
കൊഴിഞ്ഞു വീണത്.
ഏത് ഇരുട്ടാണ്
സൂര്യനെ വിഴുങ്ങിക്കളഞ്ഞത് ,
നിലാവിനെ പുതപ്പിച്ചുറക്കിയത് ...
പ്രളയത്തിന്റെയോ,
പ്രണയത്തിന്റെയോ
ഏതു  തിരകളാണ്
കടലിളക്കി മറിക്കുന്നത്  മേഘങ്ങളെ വെടിവെച്ചിടുന്നത് .....

ഉമ്മ വെക്കെ,
പരസ്പരം
നുണഞ്ഞെടുത്ത   ഉമിനീരിൽ
ഞാൻ നിന്നെയും,
നീ എന്നെയും
ഒളിച്ചു കടത്തിയിരുന്നു
രുചിമുകുളങ്ങളിൽ, ഓർമ്മകളായി
തിണർത്തു കിടക്കുവാൻ.

നീയറിഞ്ഞുവോ
നീയെന്നോട് മിണ്ടാതായതിൽപ്പിന്നെ
ഒരു ലോകം തന്നെ കാണാതായിരിക്കുന്നു .

- ശശി കാട്ടൂർ.