2013 മേയ് 27, തിങ്കളാഴ്‌ച

പൂവായ് ...



എനിക്ക് മുൻപിൽ 
വിടര്ന്നു നില്ക്കവേ 
പൂവേ,
നീയെത്രമേൽ സുന്ദരീ... 

സൂര്യ നയനങ്ങൾ, 
നിന്, ദളങ്ങളിൽ പൂക്കവേ 
പൂവേ..
നീയെത്രമേൽ ലജ്ജാവതീ...

പാറി വന്നെത്തും
ഭ്രമരത്തിൻ മൂളലിൽ 
പൂവേ 
നീയെത്രമേൽ വിജ്രുംബിത...

കൊള്ളരുതായ്മകളധർമ്മങ്ങളെ-
ന്നിവയാൽ നടുങ്ങും മാനസത്തി
നിത്തിരിയാശ്വാസമായ് 
നില്ക്കും 
പൂവേ...
നീയെത്രമേൽ ധന്യവതി...

പ്രപഞ്ചത്തിനുൽസവമായുള്ള  
നിഷ്കളങ്കരാം
കുഞ്ഞുങ്ങളെപ്പോൽ 
പൂവേ..
നീയേകുന്നു, 
ചിദാനന്ദമെത്രമെൽ..

വിടരുന്നു, കൊഴിയുന്നൂ, ചെറു-
ദിനങ്ങളാലെങ്കിലും 
പൂവേ 
നീയേകിയതെത്രയോ സുഗന്ധവും   
നയനാന്ദമാം കുളിർ- 
കാഴ്ചയും...!!

കൊതിക്കുന്നൂ 
നിന്നെപ്പോലൊരു ജന്മം 
അൽപ്പ-
മാത്രയാണെങ്കിലും,
പൂവേ,..ഒന്നും-
മോഹിച്ചിടാതെ, യന്യനു 
നീ പകർന്നേകിടും
പുണ്യങ്ങളോർക്കുകിൽ...!!   

2013 മേയ് 21, ചൊവ്വാഴ്ച

യാത്ര



യാത്രക്കിറങ്ങുമ്പോൾ 
ആരും ഓർക്കാറില്ല 
ഒപ്പം കൂടുന്നവനെക്കുറിച്ച്  
ചെയ്യേണ്ട കാര്യങ്ങൾ,
എത്തേണ്ട ഇടങ്ങൾ 
അത് മാത്രമായിരിക്കും ചിന്തയിൽ..

ഇറങ്ങുമ്പോൾ 
ചിലര് ഏറുക്കണ്ണിട്ടു പറയും 
നേരത്തെ വരാമെന്ന്..
നേരെ നോക്കുവാൻ 
ത്രാണിയില്ലാത്തവർ
കണ്ണുകളിൽ 
സങ്കടം വന്നടയുമ്പോൾ   
ഒന്നും മിണ്ടാതെ പോകും 
അല്ലെങ്കിൽ,
പോയിട്ട് വരാമെന്ന് മൊഴിയും.....

യാത്രക്കിറങ്ങുമ്പോൾ
ആരും ഓർക്കാറില്ല  
ഒരിക്കലും ഉറപ്പില്ലാത്ത 
തരിച്ചു വരവിനെ പറ്റി ..

പോകുന്നത് 
പണിയെടുക്കുവാനാകാം,
അരിവാങ്ങുവാനാകം,
മറ്റൊരുവനെ കൊല്ലുവാനാകാം...

എന്തിനായിക്കൊള്ളട്ടെ 
എല്ലാം ഒരു യാത്രയാണ്..
കൂടെയുള്ളവന്റെ കൂട്ടിപിടുത്തം 
ഏതു സമയത്തുമാകാ-
മെന്നറിയാത്ത 
കാമനകളുടെ യാത്ര... !

2013 മേയ് 18, ശനിയാഴ്‌ച

കെടുതികൾ



പണ്ടിവിടം
പച്ച പുതച്ചു
വൃശ്ചിക കാറ്റേറ്റ്
തലയാട്ടിക്കളിച്ചിരുന്ന
വയലേലകൾ..
ചാത്തനും, ശങ്കരനും ചക്കിയും
ഞങ്ങളൊരു മനസ്സുപ്പോലെ
മണ്ണറിഞ്ഞ് 
ഉഴുതു മറിച്ചു 
വിത്തെറിഞ്ഞു 
വളമെറിഞ്ഞു 
കൊയ്ത്തുപ്പാട്ടുകൾ ചേർന്ന് പാടി 
വിളവെടുത്തേ,യുണ്ടവർ.... 
പഠിപ്പായ പഠിപ്പൊരു
അഴകായ്‌ ചമഞ്ഞപ്പോൾ
മണ്ണും പണിയും
അഴുക്കായ് മാറിപ്പോൽ ...!!
കൃഷിയിറക്കീട്ടെന്തു ഗുണം..?
നമുക്കിവിടൊരു പാണ്ടികശാല കെട്ടാം
പണമൊക്കെ കയ്യിൽ വന്നാൽ 
പണിയെടുക്കേണ്ടതുണ്ടോ..
പലിശക്കാശെടുത്തു കുശാലാക്കം
ദിനങ്ങൾ  പിന്നെ...
കേട്ടപ്പാതി കേള്ക്കാത്ത പാതി
തലകുലുക്കി...
"ശരി തന്നെ" 
നടുവൊടിഞ്ഞു പണിയെടുത്തതല്ലേ 
ഇനിയല്പ്പം നടു നിവർക്കാം  
വെറുതെയിരിക്കുമ്പോൾ 
വിമാനങ്ങൾ വന്നു പോകുന്നതും 
നോക്കിയിരിക്കാനുണ്ടല്ലോ രസം വേറെ..!! 
കടലിന്നപ്പുറത്തിന്നു
പണ്ടേപ്പോൽ 
വിളവെടുപ്പില്ല..
അവിടുങ്ങളിലെല്ലാം
സ്വാശ്രയമായ് തീര്ന്നുവല്ലോ...!!
വരുന്നില്ല, പോകുന്നുമില്ല
വിമാനങ്ങൾ, യാത്രക്കാർ
അടച്ചുപ്പൂട്ടുവാൻ തക്കം
പാർത്തിരിക്കുന്നു ഭരണകൂടം...
കത്തുകയാണ്  കണ്ണുകൾ 
ചുട്ടുപ്പൊള്ളൂമീ തരിശു- 
ഭൂമി കാണ്‍കെ,
കരയുകയാണ് നെഞ്ചം 
വിരിയുമോ...
വീണ്ടുമീ മണ്ണിൽ  
വയൽത്തലപ്പുകൾ 
പച്ചപ്പിൻ പട്ടു മെത്തകൾ....

പരാജയങ്ങൾക്കപ്പുറം




സീത അതാണ്‌ അവളുടെ, എന്റെ കഥാനായികയുടെ പേര്.

ഏതൊരു സ്ത്രീയെയും പോലെ, ഭര്ത്താവിനെ അളവറ്റു സ്നേഹിച്ചവൾ..സന്തോഷമായാലും സങ്കടമായാലും എല്ലാം ഒന്നിച്ചു എന്ന് ഉറപ്പിച്ചവൾ. അങ്ങിനെയുള്ള അവളുടെ ഇന്നത്തെ ദിവസം അല്പ്പം ആശങ്കകൾ നിറഞ്ഞതാണ്‌. സമയം പത്തു മണി ആകുന്നെ ഉള്ളു...ഇന്ന് പതിവിലും നേരത്തെ അവൾ കുളിച്ചൊ രുങ്ങിയിരിക്കുന്നു... 

സാധാരണ, ഭര്ത്താവ് ജോലിക്കും മകൾ  സ്കൂളിലേക്കും പോയിക്കഴിഞ്ഞാൽ നേരത്തെ ഉണര്ന്നെണീറ്റതിന്റെ ക്ഷീണം തീരും വരെ ഉറങ്ങും. ഇവിടെ, ഈ പവിഴ ദ്വീപിൽ എത്തിപ്പെട്ടതിനു ശേഷമാണ് അവൾ ഇങ്ങനെ മടിച്ചിയായത്. നാട്ടിൽ  അയിരുന്നപ്പോൾ എത്ര കൃത്യതയോടെ കാര്യങ്ങൾ ചെയ്തിരുന്നവളാണ്.

അവൾ ക്ലോക്കിലേക്ക് ഒന്നുകൂടി കണ്ണെറിഞ്ഞു. ഇനിയും അര മണിക്കൂർ കൂടി ബാക്കിയുണ്ട്. അകാംക്ഷകൊണ്ടായിരിക്കണം സമയം നീങ്ങാത്തതു പോ ലെ..മനസ്സ് ഒരിടത്തും നില്ക്കുന്നില്ല. ആകെ ഒരസ്വസ്തത. പതിനൊന്നു മണിക്ക് എത്താമെന്നാണ് അയാള് ഇന്നലെ പറഞ്ഞിരുന്നത്. 

അവൾ കണ്ണാടിക്കു മുന്പിൽ ഒന്ന് കൂടി വന്നു നിന്ന്., ഒരു പുതുപ്പെണ്ണിനെപ്പോലെ...സാരിയുടെ ഞൊറികൾ ശരിപ്പെടുത്തി. സാരി ഉടുത്തു കാണുന്നതാണ് അയാൾക്കിഷ്ട്ടം, ചാറ്റിങ്ങിനിടയിൽ ഒരു ദിവസം അയാള് പറഞ്ഞിരുന്നു.  

കിടക്കയിൽ ആകെ അഴുക്കായിരിക്കുന്നു...സ്കൂളിൽ പോകാൻ നേരം മോളുടെ എഴുത്തും വായനയുമെല്ലാം കട്ടിലിലിരുന്നാണ്. നേരത്തെ അത് ശ്രദ്ധിക്കാതിരുന്നതിൽ അവൾക്കു, അവളോട്‌ തന്നെ ദേഷ്യം തോന്നി. അലമാരയിൽ നിന്നും പുതിയ വിരികളിലൊന്നിൽ എടുത്തു വിരിച്ചു.തലയിണയും മറ്റും നേരെയാക്കി വെച്ചു. ആകാംക്ഷ നിറഞ്ഞ കാതുകൾ വാതിലിനു പുറത്തു അയാള്ക്കായി കാത്തു നിന്നു...

അവൾ ചിന്തിക്കയായിരുന്നു..അവളിലെ മാറ്റത്തെകുറിച്ച്..അയാളുമായി എട്ടോ പത്തോ മാസത്തെ പരിചയമേ അവള്ക്കുള്ളൂ. ഭര്ത്താവും, മകളും  പോയിക്കഴിഞ്ഞാൽ ഒറ്റപ്പെടുന്ന പകല നിമിഷങ്ങളിലേക്ക് ഒരു സാന്ത്വനമായിട്ടാണ് അയാള് കടന്നു വന്നത്.


ഇവിടെ വന്ന ആദ്യത്തെ നാളുകളിലോന്നും അങ്ങിനെ ഒരു ഒറ്റപ്പെടൽ അവൾക്കു തോന്നിയിരുന്നില്ല.ഗൾഫ്  ലോകത്തിന്റെ കൌതുകകരമായ കാഴ്ച്ചകളിലായിരുന്നു കണ്ണും കാതും മനസ്സും. അതെ ഉത്സാഹത്തിൽ തന്നെയായിരുന്നല്ലോ മകളുടെ ഉരുവപ്പെടലും....

പിന്നെ, ഒരു ഗര്ബിണിയുടെ ആധിയും ആലോസരങ്ങളും...എത്രയും പെട്ടെന്ന് നാട്ടിലേക്ക് പറന്നു. പ്രസവമെല്ലാം കഴിഞ്ഞു ഏതാണ്ട് ഒരു വര്ഷത്തിനു ശേഷമാണ് തിരികെയെത്തിയത്. ഇവിടെ അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം ഒരു വകയായിരിക്കും എന്നറിയാവുന്നതുകൊണ്ട് തന്നെ,                                                                
മുത്തച്ഛനും, മുത്തശ്ശിക്കും പേരക്കുട്ടിയെ താലോലിച്ചു മതിയായില്ല എന്നാ പരാതിക്കിടയിലും അവിടെ നിന്നും പോന്നത്.

മകളുടെ നിഷ്ക്കളങ്കമായ കളിചിരിയും, അവൾക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളും ശരിക്കും ജീവിതത്തിൽ പുതിയ പ്രകാശം പകര്ന്ന നാളുകളായിരുന്നു. മകളുണ്ടായത്തിനു ശേഷം, രാത്രിയിൽ ഏറെ വൈകിയാണ് അവളുടെ ഉറക്കം. പക്ഷെ, എന്തെല്ലാം ബഹളങ്ങൾ ഉണ്ടായാലും ബര്ത്താവിനെ ഉണര്ത്താതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു...ജോലി കഴിഞ്ഞു വരുന്നതല്ലേ..ക്ഷീണം കാണും, ഉറങ്ങിക്കോട്ടെ..അവൾ വിചാരിക്കും.

അങ്ങിനെ ഉറങ്ങാൻ വൈകിപ്പോയ ഒരു രാത്രിയിലാണ്, അദ്ദേഹത്തിന്റെ മൊബൈലിലേക്ക് ഒരു മിസ്സ്‌ കാൾ വന്നത്.
ആരെങ്കിലും തെറ്റി വിളിച്ചതായിരിക്കും..
അടുത്ത ദിവസങ്ങളിലും അതെ സമയത്ത് ഫോണ്‍ ശബ്ദിച്ചു. ...

ഇതാരാണ്...അതും ഈ നേരത്ത്. ഒരു ദിവസം അവൾ അതെടുക്കാൻ തീരുമാനിച്ചു. പക്ഷെ അന്ന് ഇതു എടുക്കുന്നതിനു മുന്പേ കട്ടായിപ്പോയി. അതെപറ്റി അവൾ ഭർത്താവിനോട് ചോദിക്കുകയോ പറയുകയോ ചെയ്തില്ല.

രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഫോണ്‍ ബെല്ലടിച്ചു., അതേ സമയത്ത്..അവൾ ഒന്ന് മയങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ. ഉണര്ന്നു നോക്കിയപ്പോൾ മോളാണെങ്കിൽ നല്ല കളിയാണ്...ആ മുഖത്തെ  നിഷ്കള ങ്കതയിലെക്കു കണ്ണും നട്ടിരിക്കുംബോഴാണ് വേണ്ടും മൊബൈൽ ഒച്ച വെച്ചത്.
എണീറ്റ്‌ അതെടുക്കാൻ ശ്രമിക്കുമ്പോഴേക്കും ഫോണ്‍ നിലച്ചു.

ഒന്ന് തിരിച്ചു വിളിച്ചാലോ..?.. അവൾ കോൾ വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചു.

"ഹലോ.." അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം.

ഭര്ത്താവിന്റെ ഉറക്കം മുറിയേണ്ടെന്നു കരുതി, കുറച്ചു മാറി നിന്ന് വിരയാര്ന്ന ശബ്ദത്തോടെ അവൾ ചോദിച്ചു. " ആരാണ്...?"

ആ ചോദ്യം കേട്ടതും, അപ്പുറത്ത് ഫോണ്‍ വെച്ചു. ഒന്നും മനസ്സിലാകാത്തതുപോലെ ഏറെ നേരം അവൾ അങ്ങിനെ നിന്നു. പിന്നെ മകളെ മാരോട് ചേര്ത്തു പിടിച്ചു ഉറങ്ങാൻ കിടന്നു.

പതിവിനു വിപരീതമായി ഭര്ത്താവ് തട്ടി വിളിച്ചപ്പോഴാണ് അവൾ ഉണര്ന്നത്.നേരം ഒരുപാട് വൈകിയിരിക്കുന്നു. മനസ്സില് ഇപ്പോഴും ആ സ്ത്രീയുടെ ശബ്ദം....ആരാണ് അവർ...എന്തിനാണ് അവർ നിരന്തരം വിളിക്കുന്നത്‌...മനസ്സില് ഇത്തരം വിചാരങ്ങള മേഘപടലം പോലെ ഉരുണ്ടു നടന്നു. രാവിലെ തന്നെ അദ്ദേഹത്തിനെ മനസ്സ് വേദനിപ്പിക്കേണ്ടെന്നു കരുതി അവൾ അതെപ്പറ്റി ഒന്നും ചോദിച്ചില്ല.

അദ്ദേഹം ജോലിക്ക് പോയതിനു ശേഷം തലേന്ന് രാത്രി കുറിച്ച വെച്ച നം ബരിലേക്ക് അവൾ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു ആ സമയം.

അദ്ദേഹത്തോട്  ഒന്ന് ചോദിച്ചാലോ..?..അല്ലെങ്കിൽ വേണ്ട. എടുത്തു ചാടി ചോദിക്കെണ്ടെന്നും പിന്നീടാവട്ടെ എന്നും അവൾ തീരുമാനിച്ചു. 

അന്ന് രാത്രി വളരെ വൈകിയാണ് അദ്ദേഹം ജോലി കഴിഞ്ഞെത്തിയത്. വന്ന പാടെ ഭക്ഷണം പോലും കഴിക്കാതെ കിടന്നു. തുടര്ന്നുള്ള ദിവസങ്ങളിലും ജോലി കഴിഞ്ഞെത്താൻ വൈകുകയും , നേരെ കിടക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഈ പ്രവണത അവളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിരുന്നു.

ഓഫീസിൽ ജോലി കൂടുതൽ ഉണ്ടോ.എന്ന.അവളുടെ ചോദ്യത്തിന്  "തിരക്കാണ് " എന്ന് മാത്രം പറയുകയും, പഴയ പോലെ ഓഫീസ് കാര്യങ്ങൾ ഒന്നും പറയാതെ ഒഴിഞ്ഞു മാറുകയും ചെയ്തത് അവളെ ഏറെ വേദനിപ്പിച്ചു.

എന്താ പറ്റിയത്...? അവൾക്കു ഒന്നും മനസ്സിലാകുന്നില്ല. അവൾ നാട്ടില പോകുന്നതിനു മുൻപുള്ള ആളെ അല്ല...ഇവിടെ വന്ന സമയത്തൊക്കെ, അവൾ അടുക്കളയില കയറിയാൽ, ഒപ്പം കൂടും...തൊട്ടും ഉരുമ്മിയും, ഇടയ്ക്കു പിന്നിലൂടെ വന്നു മുറുകെ പുണർന്നും ...എന്തെല്ലാം കുസൃതികൾ കാട്ടിയിരുന്ന ആളാണ്‌...ഇനി മകളുണ്ടായതിനു ശേഷം അദ്ദേഹത്തെ ശ്രദ്ദിക്കുന്നില്ല എന്നാ തോന്നലുണ്ടാകുമോ...? ഈ ആണുങ്ങളുടെ ഒരു കാര്യം..!!

അന്ന് രാത്രി പണികളെല്ലാം നേരത്തെ തീർത്തു അവൾ അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു. എന്ത് പറയാൻ അന്നും പതിവിലും വൈകിയാണ് ജോലി കഴിഞ്ഞെത്തിയത്. മാത്രമല്ല മുൻദിവസങ്ങളെപ്പോലെ തന്നെ വന്ന പാടെ കിടന്നു.  

അവൾക്കു വല്ലാത്ത സങ്കടം തോന്നി.. ഈ അവഗണന...അവളും ഭക്ഷണമൊന്നും കഴിക്കാതെ അദ്ദേഹത്തിന്റെ ചാരെ കിടന്നു...മാറിലേക്ക്‌ എടുത്ത വെച്ച കയ്യ് അദ്ദേഹം എടുത്തു മാറ്റി അവൾക്ക് പുറം തിരിഞ്ഞു കിടക്കുക കൂടി ചെയ്തപ്പോൾ ശരിക്കും അവളുടെ നിയന്ത്രണം വിട്ടുപ്പോയി...നിശബ്ദയായി കരയാൻ തുടങ്ങി. 
ഫോണിന്റെ മുരളിച്ച കേട്ടാണ് അവൾ പാതി മയക്കത്തിൽ നിന്നും ഉണര്ന്നത്.
അദ്ദേഹം ഉണരാതിരിക്കാൻ വളരെ സൂക്ഷ്മതയോടെയാണ് ഫോണെടുത്തു അവൾ ചെവിയോടു ചേര്ത്തു വെച്ചത്.
"...വീട്ടില് എത്തിയിട്ട് വിളിക്കാമെന്നു പറഞ്ഞത്, മറന്നോ...?" അപ്പുറത്ത് അന്ന് കേട്ട ആ സ്ത്രീയുടെ ശബ്ദം. 
അത് കേട്ട പാടെ അവൾ ചോദിച്ചു..." നീയാരാ ?, എന്താ നിനക്ക് വേണ്ടത്..?" ആ ചോദ്യം കേട്ടതും മറുതലക്കൽ ഫോണ്‍ നിശ്ചലമായി. അവളുടെ പതിവില്ലാത്ത ശബ്ദം കേട്ടായിരിക്കണം അദ്ദേഹം ഉണർന്നത്.
"ഉം,..എന്തെ നീ ഉറങ്ങിയെല്ലേ ഇത് വരെ ?..."
  ആരാ ഇത് ..ഇപ്പൊ തന്നെ വിളിച്ചത്..?" സങ്കടം കൊണ്ട് അവളുടെ ശബ്ദം പതറുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു...

                                                                
"പറ.. ആരാ ഇവൾ..? " അവൾ പ്രതീക്ഷിച്ചതിനപ്പുറമായി അദ്ദേഹം അവളെ തള്ളി മാറ്റി .."നീ എന്തിനാ ഫോണെടുത്തെ? " അടിക്കാൻ ഉയര്ത്തിയ കയ്യ്  എന്തുകൊണ്ടോ അയാള് പിൻ വലിച്ചു പുതപ്പിനുള്ളിലേക്ക് മറഞ്ഞു. ഒന്നും പറയുവാനാകാതെ നിസ്സഹായതയോടെ അവൾ കിടന്നു.
നേരം പുലര്ന്നു അദ്ദേഹം ജോലിക്ക് പോയതൊന്നും അവൾ അറിഞ്ഞതേയില്ല....ഉണർന്നിട്ടും ഒന്നും ചെയ്യുവാനാകാതെ ഏറെ നേരം കിടന്നു. 
"ഒരു വര്ഷം താൻ മാറി നിന്നപ്പോഴേക്കും ആരാണ് നിങ്ങളിൽ കുടിയേറി പാര്ത്തത്..?.." ഇന്ന് ചോദിക്കണം.അവൾ തീരുമാനിച്ചു 
പതിവുപോലെ ജോലി കഴിഞ്ഞെത്തി അവളിൽ നിന്നും ഒഴിഞ്ഞു മാറി കിടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടയിൽ അവൾ ചോദിച്ചു.
"എന്തെ നിങ്ങള്ക്ക് പറ്റിയത്...എന്തെ എന്നോടൊന്നും സംസാരിക്കാത്തെ...എന്തായാലും എന്നോട് പറഞ്ഞൂടെ.." അവൾ അയാൾക്ക്‌ മുന്പിൽ കെഞ്ചുകയായിരുന്നു. അവളുടെ ചോദ്യമൊന്നും ഗൗനിക്കാതെ അയാള് കട്ടിലിലേക്കമർന്നു. അവളുടെ സകല നിയന്ത്രണങ്ങളും വിട്ടു.. "..ഏതാ..ഏതാ..ആ പെണ്ണ്...? എന്തിനാ അവൾ ഇങ്ങനെ വിളിക്കുന്നെ..? "

ആ ചോദ്യം കേട്ടതും അദ്ദേഹം എണീറ്റ്‌ അവളുടെ മുഖത്തു അടിച്ചു. അവൾ ശരിക്കും തരിച്ചു പോയി...നിലത്തമർന്നിരുന്നു കരയാൻ തുടങ്ങി..

പിന്നീടുള്ള ഓരോ ദിവസങ്ങളും സങ്കടത്തിന്റെയും കലഹത്തിന്റെതുമായിരുന്നു. ഇപ്പോൾ എന്നും അദ്ദേഹം വൈകിയാണ് വരുന്നത്. അതുകൊണ്ടായിരിക്കാം ഫോണ്‍ വരവും നിലച്ചിരിക്കുന്നു എന്ന് തോന്നിയത്...അവളുടെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു...അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ കയര്ക്കും..ചിലപ്പോൾ മര്ദ്ധനവും.  ഇടയ്ക്കു രണ്ടു തവണ  നാട്ടില്  പോയിരുന്നു….അവിടെ നില്ക്കാനുള്ള അവളുടെ ആഗ്രഹത്തിന് അദ്ദേഹം ഒരുക്കമല്ലായിരുന്നു. അങ്ങിനെയുള്ള ചില സന്ദർഭങ്ങളിൽ അദ്ദേഹം സ്നേഹം പ്രകടിപ്പിക്കുകയും അവളുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുകയും ചെയ്യും. പക്ഷെ അവിടെയും അദ്ദേഹം പരാജയപ്പെടുന്നത് അവൾ വേദനയോടെ അറിഞ്ഞു. 

ദിവസങ്ങൾ വിരസമാകുന്നു എന്ന് തോന്നാൻ തുടങ്ങിയപ്പോഴാണ് ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമം അവൾ ആരംഭിച്ചത്. അദ്ദേഹത്തോട് അതെ പറ്റി ചോദിച്ചത് മറ്റൊരു കലഹത്തിൽ അവസാനിച്ചു. അദ്ദേഹത്തിനു അവളിലുള്ള സംശയത്തിന്റെ എല്ലാ സാധ്യതകളും മറ നീക്കി പുറത്തു വന്നു. അതോടെ ജോലി എന്ന ചിന്തയും അവൾ ഉപേക്ഷിച്ചു.

ഒറ്റപ്പെടുത്തലിന്റെയും കുറ്റപെടുത്തലുകളുടെയും തീക്ഷ്ണതയിൽ നിന്നും ഒരു മോചനം എന്ന രീതിയിലാണ് ഇന്റെര്നെറ്റിന്റെ സഹൃദ ലോകത്തിലേക്ക് അവൾ ആകര്ഷിക്കപ്പെട്ടത്‌. പുതിയ സൌഹൃദങ്ങളുടെ ഒരു വലയം അവൾക്കു മുന്പിൽ നിറപ്പകിട്ടോടെ വിടർന്നപ്പോൾ മനസ്സും ശരീരവും അതിലേക്കു പറിച്ചു വെക്കുകയായിരുന്നു.

ഒരിക്കൽ കുടുംബ ബന്ധങ്ങളെ കുറിച്ചുള്ള ഒരു ചര്ച്ചക്കിടയിലാണ് അവൾ അയാളെ പരിചയപ്പെടുന്നത്. ചില നല്ല കാഴ്ചപ്പാടുകൾ അയാളുടെ പ്രത്യേകതയായി അവൾക്കു തോന്നി. അയാള് എഴുതിയ ഒരു കുറിപ്പിന് മറു കുറിപ്പ് എഴുതിയതോടെയാണ് അവളെ അറിയാനുള്ള


ആഗ്രഹം അയാള് പ്രകടിപ്പിച്ചത്. വ്യക്തിപരമായ ഒരു കാര്യങ്ങളും ചര്ച്ചയാക്കരുതെന്നു അവൾ ആഗ്രഹിച്ചിരുന്നെങ്കിലും അയാളുമായി നിത്യേനെയുള്ള ചാറ്റിങ്ങിൽ അവളില നിന്നും ഒരോ കാര്യങ്ങളും അയാള് പുറത്തേക്കെടുത്തു. ഇത് വരെ പ്രൊഫൈലിൽ ഇടാതിരുന്ന അവളുടെ ഫോട്ടോ അയാള്ക്കായി അവൾ കാണിച്ചു കൊടുത്തു. അത് കണ്ടപ്പോഴാണ്, അവളെ കണ്ടിട്ടുണ്ടെന്നും, ഭര്ത്താവിനെ അറിയാമെന്നും ഇവിടെ അടുത്തു തന്നെയാണ് താമസമെന്നും ഇയാൾ പറഞ്ഞത്. 

അത് കേട്ടപ്പോൾ അവൾക്കു പേടി തോന്നിയെങ്കിലും പേടിക്കെന്ടെന്നും, ഇതൊന്നും ആരും അറിയാൻ പോകുന്നില്ലെന്നും അയാള് അവൾക്കു വാക്ക് കൊടുത്തു. അയാളുമായുള്ള ചാറ്റിംഗ്  വളരെയേറെ ഉണർവ്വു  പകരുന്നതായി അവൾക്കു തോന്നാൻ തുടങ്ങി....ചില സമയങ്ങളിൽ ഒരു ശലഭത്തേ  പോലെ അവളുടെ ശരീരമാകെ അയാള് പറന്നു നടന്നു..

തമ്മിൽ കാണാനുള്ള ആഗ്രഹങ്ങൾക്ക് മുന്പിൽ അയാള് പല വഴികളും പറഞ്ഞുവെങ്കിലും അതൊന്നും സ്വീകാര്യമായി അവൾക്കു തോന്നിയ്യില്ല.അങ്ങിനെ ഏറെ നാളത്തെ കാത്തിരിപ്പിനും, ആലോചനകൾക്കും ശേഷമാണ് ഇന്നത്തെ ഈ ദിവസം ഒത്തു വന്നത്.  അവളുടെ ഭര്ത്താവ് ജോലി സംബന്ധമായി ദുബായിലേക്ക് പോകുന്നു. മിക്കവാറും നാളെ മാത്രമേ തിരിച്ചെത്തു.അഥവാ രാത്രിയെങ്ങാനും വന്നാലോ എന്നാ ചിന്തയാണ് കൂടിക്കാഴച്ച ഈ പകലിലേക്ക് ഒതുക്കിയത്. മാത്രമല്ല മകൾ  സ്കൂളിലും ആയിരിക്കുമല്ലോ

ദിവസേനെയുള്ള പകലുറക്കത്തിന്റെ സ്വാധീനമായിരിക്കനം ഈ വക ചിന്തകൾ ക്കിടക്ക് അവൾ ഉറങ്ങിപ്പോയത്. കോളിംഗ് ബെല്ലിന്റെ നിര്ത്താതെയുള്ള കരച്ചിലാണ് അവളെ ഉറക്കത്തിൽ നിന്നും ഉണര്ത്തിയത്. ഉണര്ന്ന പാടെ അവൾ ക്ലോക്കിലേക്ക് നോക്കി...സമയം മൂന്നു മണി!!! മകൾ  സ്കൂളിൽ നിന്നും തിരിച്ചെത്തിയിരിക്കുന്നു. അവൾ വല്ലാതെ അസ്വസ്ഥയായി.

അയാള് എന്തെ വന്നില്ലാ....വരുമ്പോൾ മിസ്സ്കാൾ അടിക്കാം എന്ന് പറഞ്ഞിരുന്നതാണല്ലോ...ഈ വക ചിന്തകളോടെ അവൾ എണീറ്റ്‌ ചെന്ന് വാതില തുറന്നു. മകള വിടര്ന്ന കണ്ണുകളോടെ അവളെ നോക്കി..."അമ്മ ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ..?"

"ഒന്ന് മിണ്ടാതെ പോ.. പെണ്ണേ.."  അവൾ വാതില ആശക്തിയായി അടച്ചു. നേരെ വന്നു മൊബൈൽ എടുത്തു നോക്കി..."ഛെ.." അവൾ വല്ലാതെയായി. ഇന്നലെ രാത്രിയില ചാർജ്ജു തീർന്നപ്പോൾ ഓഫാക്കി വെച്ചിരുന്നു...പിന്നീട് അത് എടുത്തു നോക്കാതിരുന്ന നിമിഷങ്ങളെ അവൾ ഒരായിരം വട്ടം ശപിച്ചു.

പെട്ടെന്ന് തന്നെ കംപ്യുട്ടെർ ഓണ്‍ ചെയ്തു. അയാളുടെ മെസ്സേജ് എന്തെങ്കിലും ഉണ്ടായിരിക്കണം. അവൾ വല്ലാതെ തിടുക്കം കൂട്ടി. കരുതിയിരുന്ന പോലെ തന്നെ അയാളുടെ മെസ്സേജ് വന്നു കിടന്നിരുന്നു. അവൾ അത് വായിച്ചു...

" ഞാൻ അവിടെ വന്നിരുന്നു. പലതവണ ഫോണിലേക്ക് വിളിച്ചു. ഒരു മറുപടിയും ഇല്ലായിരുന്നു.. ഏറെ നേരമായി ഞാൻ അവിടെ നില്ക്കുന്നത് പലരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു...അത് കൊണ്ട്                                         
തന്നെ തിരികെ പോന്നു. എനിക്ക് തോന്നുന്നു സീതയ്ക്ക് എന്നോട് മാനസീകമായി അടുപ്പമില്ലായിരുന്നു എന്ന്...അതുകൊണ്ടായിരിക്കാം നമ്മുടെ സമാഗമം സംഭവിക്കാതെ പോയത്. ഇല്ല, എനിക്കതിൽ വിഷമമില്ല..എന്നും ജീവിതത്തിൽ തോറ്റവനാണ് ഞാൻ.. ഇവിടെയും തോറ്റിരിക്കുന്നു....ഇനി നമ്മൾ ഒരിക്കലും കാണില്ല. നിങ്ങള്ക്ക് നല്ലത് വരട്ടെ....ഗുഡ് ബൈ..” 
അത് വായിച്ചു തീര്ന്നതോടെ അവൾ കരയാൻ തുടങ്ങി. അവളുടെ എങ്ങൽ കേട്ടായിരിക്കണം മകൾ അടുത്തേക്ക് വന്നത്. മകൾ കാണാതിരിക്കാൻ അയാളുടെ മെസ്സേജു അവൾ ഡിലീറ്റ് ചെയ്തു. 

"എന്താ അമ്മെ, എന്തിനാ കരയുന്നെ..?"

ഒന്നും പറയുവാനാകാതെ അവൾ മകളെ കെട്ടിപ്പിടിച്ചു രണ്ടു കണ്ണുകളിലും അമര്ത്തി ചുംബിക്കുമ്പോൾ, കരച്ചിലടക്കാൻ അവൾ ശ്രമപ്പെടുകയായിരുന്നു.