2014 നവംബർ 29, ശനിയാഴ്‌ച

സമരം




ഞങ്ങളെ
ബലാൽസംഗം ചെയ്യൂ..
എന്ന് 
തുറന്നു വെച്ച  പെണ്ണുടലുകൾ..

നേരെ നോക്കാൻ ത്രാണിയില്ലാതെ 
പട്ടാളക്കാരുടെ തോക്കുകൾ 

സമരമേ..
നിന്നെ ഞാൻ ചുംബിക്കുന്നു.


- ശശി കാട്ടൂർ.

നേര് ജീവിതത്തിൽ ഇടപ്പെടുന്നു.




എന്റെ വാക്കേ 
നാക്കിൽ നിന്നും, നീയന്നു 
പുറത്തു വന്നില്ലായിരുന്നെങ്കിൽ 
ഇരുളടഞ്ഞുപോയേനെ 
അവന്റെ ജീവിതം 

പലരും വിലക്കാൻ പറഞ്ഞിട്ടും 
ഒരു വാക്കിനെയും 
ഞാൻ വിലക്കിയില്ല.

ഇരുംബഴികൾക്കപ്പുറത്തെ
ചാറ്റൽ മഴ, 
മഴയുടെ നനഞ്ഞ ഗന്ധം...
തലയാട്ടി നിൽക്കുന്ന 
പൂക്ക,ളത്രയും 
അതെന്നോട്‌ പറഞ്ഞു തരുന്നു. 

നീയാണ് നേര് 
നിന്റെ വാക്കാണ് നേര് 
ഉടയാതെ, നീ കാത്ത 
ഒരു ജീവിതമാണ് നേര്..
നിന്റെ നേര്.


-ശശി കാട്ടൂർ.

2014 നവംബർ 25, ചൊവ്വാഴ്ച

മൂലകാണ്ഡം


ഈ പുഴ
നിന്റെതല്ലായിരുന്നു,
എന്റെയും
ഈ വെളിച്ചം
നിന്റെതല്ലായിരുന്നു,
എന്റെയും
ഈ കാടും, മലയും
നമ്മുടെതല്ലായിരുന്നു
നമ്മളതിന്
അതിരുകൾ നിശ്ചയിച്ചു
എന്റേതെന്നും നിന്റേതെന്നും
വേർതിരിച്ചു
ആഗ്രഹങ്ങളും
സ്വാർത്ഥതകളും കൊണ്ട്
ഭോഗിച്ചു, വർഗ്ഗത്തിന്റെയും
വർണ്ണത്തിന്റെയും വിത്തുകളാൽ.
തൃപ്തി വരാതെ
നമ്മൾ
പരസ്പരം കലഹിച്ചു
ജലത്തിൽ
വായുവിൽ
അന്നത്തിൽ
വിഷരേണുക്കൾ കടത്തിവിട്ട്
ആനന്ദം കൊണ്ടു
കുടിക്കുവാനാകാതെ
തിന്നുവാനാകാതെ
ശ്വസിക്കുവാനാകാതെ
ഛർദ്ധിച്ചതൊക്കെയും
ഒരേ ചോരയെന്നു കണ്ടിട്ടും
തായ്‍വഴികളെ കുറിച്ച്
ആരും മിണ്ടിയില്ല.
എനിക്ക്,
എന്റെ രീതിയും
നിനക്ക്,
നിന്റെ രീതിയും
സമുദ്രത്തിൽ, ഒത്തു ചേരുന്ന
നദികളെപ്പോലെ,
നിറവും, മണവും മറന്ന്
നീളവും വീതിയും മറന്ന്
എന്നാണ്
നമ്മൾ
ഒന്നായ് ജ്വലിക്കുക
നന്നായിത്തീരുക.
-ശശി കാട്ടൂർ.

2014 നവംബർ 20, വ്യാഴാഴ്‌ച

മഴച്ചതി




തന്നില്ലോരടയാളമെനിക്കു നീ, 
പുലര്‍ക്കാല വെട്ടം, കണ്ടു ഞാന്‍ പടിയിറങ്ങീടവേ 
എടുത്തില്ല ചൂടുവാൻ കുട, മടിയാണ്, മറക്കാതെ 
മടക്കിയൊതുക്കി കൊണ്ട് നടക്കുവാൻ. 

കഴിഞ്ഞുപോയ്‌ വരിഷം, കാത്തിരുന്ന കാലേ 
കനിഞ്ഞില്ല, വിളകള്‍ കൊഴിഞ്ഞതും കണ്ടുവോ 
വഴിമാറി വന്നതോ വസന്ത കാലത്തിന്‍ 
അഴകാര്‍ന്ന പകലുകള്‍ പൊഴിച്ചീടുവാനായ്   

നേരം ഇരുളുന്നു, പഠിക്കുവാന്‍ പോയ മക്കള്‍  
തിരികെ വന്നിരിപ്പുന്ടാകും വഴിയിലേക്ക് കണ്ണയ
ച്ചെന്നെയും നോക്കി, അഴിച്ചു വെക്കുവാനാകാതെ
യിട്ട വസ്ത്രത്താലെ വീടിന്നുമ്മറത്തിപ്പോൾ..

തുള്ളിക്കൊരു കുടം കണക്കെ , നീ 
പെയ്തിടുമ്പോ,
ളെത്ര നേരമീ പടുവൃക്ഷച്ചോട്ടില്‍ 
നീയുണങ്ങുന്നതും കാത്തു ഞാന്‍ നിന്നിടും.... 

പേടിയാണിക്കാലം നനഞ്ഞു നടക്കുവാന്‍. 
കുഞ്ഞു മനസ്സ് കൊതിക്കുന്നുവെങ്കിലും 
ഒട്ടിയോരുടലിന്റെ ചന്തവും നോക്കി, 
കാത്തു നില്‍ക്കുന്നുന്ടാകാം വഴിയില്‍, 
വഴിയരികില്‍, കടത്തിണ്ണയില്‍,   
കാമം കത്തുന്ന കഴുകന്‍ കണ്ണുകള്‍ .


-ശശി കാട്ടൂർ 

2014 നവംബർ 19, ബുധനാഴ്‌ച

മറവിയുടെ താക്കോൽ



ഇത് സ്വീകരിക്കുക 
ഇതെന്റെ മറവിയുടെ താക്കോൽ 

മറന്നെന്നു 
തോന്നുമ്പോഴൊക്കെയും തുറക്കാ- 
മതിൻ  നേർത്ത കവാടത്തിലൊരു കണ്ണ് 
സൂക്ഷിച്ചു വെക്കാം..
കത്തും സൂര്യന്റെ 
വെളിച്ചത്താലൊരു വിളക്ക് 
കൊളുത്തി വെക്കാം 
അണയാതിരിക്കാൻ, പതിയെ
നിന് ഹൃദയ മിടിപ്പുകൾ ചേർത്തു വെക്കാം 

നിന്നിൽ  പൊഴിയുമൊരുന്മാദ ഭരിതമാം ഗന്ധം 
എന്നിലൂടൊഴുകിപ്പരക്കുന്ന  ജീവന്റെ 
താളമായ് നിന്നീടുകിൽ 
മറക്കുവതെങ്ങനെ 
മായ്ക്കുവതെങ്ങനെ 

എങ്കിലും 
കരുതി വെച്ചേക്കുക 
ഇതെന്റെ 
മറവിയുടെ താക്കോൽ.


-ശശി കാട്ടൂർ 

തിളക്കം


ഒട്ടിയ കവിളും 
എല്ലുന്തിയ ദേഹവും മറയ്ക്കുവാൻ 
ശ്വാസം 
വിടാതെ പിടിച്ചിട്ടുണ്ട്...

ദയവായി 
ചിരിപ്പിക്കരുത് 
ചിന്തിപ്പിക്കരുത്...! 


-ശശി കാട്ടൂർ 

2014 നവംബർ 17, തിങ്കളാഴ്‌ച

കഴുത്ത്




ആശാരിചെക്കൻ 
കവിതയെഴുതാൻ തുനിഞ്ഞപ്പോഴാണ് 
വീതുളി കഴുത്തിൽ വന്നു വീണത്‌ 

അച്ഛനെക്കാൾ കേമനോ, മകൻ..?
ഒളിഞ്ഞും തെളിഞ്ഞുമുള്ള 
നാട്ടാരുടെ വാക്കുകൾ

മറക്കുടക്കുള്ളിലെ ശില്പത്തെ 
കല്ലിലേക്ക് ആവാഹിച്ച നിമിഷങ്ങൾ 
മനസ്സിലിപ്പോഴും ജ്വലിച്ചു നില്ക്കുന്നു

ശില്പ്പം പണി തീർന്നാൽ 
ശിൽപ്പി 
വെറുമൊരു കാഴ്ചക്കാരൻ 
അസ്പൃശൻ, കീഴാളൻ..!  

കൈ വിറച്ചതും, വീതുളി-
കൃത്യം വീണു പതിച്ചതും 
ശിരസ്സിനെ താങ്ങുന്ന 
കഴുത്തിൽ തന്നെ...! 


-ശശി കാട്ടൂർ 

2014 നവംബർ 16, ഞായറാഴ്‌ച

വേവലാധികൾ




മലയും പുഴയും 
മരങ്ങളും 
ഒന്നും,  ഒന്നും - 
നമുക്ക് വേണ്ടാ. 

നെടുനീളെ,
ആകാശത്തേക്ക് നോക്കി 
എന്റെ ചേല് കണ്ടോയെന്നു 
പല്ലിളിച്ച് നില്ക്കുന്ന 
കൂറ്റൻ കെട്ടിടങ്ങൾ മാത്രം മതി 

എന്റെ കുട്ടികൾ 
അടച്ചിട്ട മുറിയിൽ 
കമ്പ്യുട്ടറിനു ചുറ്റും 
അവരുടെ ലോകം തിരയട്ടെ..

മണ്ണും,
ചെളിയും പുരളാതെ 
അവരുടെ ദേഹം 
മിനുമിനുത്തും 
വെളുവെളുത്തും 
കാത്തിടട്ടെ.

കരയുവാനോ, ചിരിക്കുവാനൊ 
മറന്നു പോയാൽ  
മുഖം പിന്നെയെന്തിന്..?

എന്റെ ദൈവമേ 
നീ 
അരുതാത്തതൊന്നും ചിന്തിക്കരുതെ.

സൌഗന്ധികം





തിരഞ്ഞിട്ടും, തിരഞ്ഞിട്ടും
കാണാതെ 

നടന്നിട്ടും, നടന്നിട്ടും 
തീരാതെ

മോഹിപ്പിച്ചും 
ചിരിപ്പിച്ചും 
കരയിപ്പിച്ചും 

ഹാ, സുന്ദര സുരഭില കാമ സൌഭാഗ്യമേ  

ഇനിയും എത്ര കാതം 
നിന്നിലെക്കെത്തുവാൻ..!  

മുഖങ്ങൾ




കവിതയുടെ തഴപ്പായിൽ  
വിടർന്ന  നിലാവിനെ പോൽ 
ഉടുതുണിയില്ലാതെ   
മലർന്നു  കിടക്കുവാൻ ക്ഷണിച്ചപ്പോഴത്രേ  
അവളൊരു  
സദാചാരവാദിയായത്.

ഞാൻ പറഞ്ഞതും ആഗ്രഹിച്ചതും 
ഇത്രമാത്രം 

കാണട്ടെ,
നിന്റെ അംഗലാവണ്യം 
കയറ്റവും 
ഇറക്കവും 
ചോലയും, 
ചേലാർന്ന കാടും  

നുകരട്ടെ, ഞാ-
നതിൻ  ലഹരിയും 
ലഹരിയുടെ ചൂടും 
ചൂടിൽ, 
പൊട്ടിയൊലിക്കും വാക്കും 
വാക്കിൽ തെളിയുന്ന നേരും, 
നേരിന്റെ നിറവും 
ഞാനാകു, ന്നോരെന്നിലെ കാപട്യവും. 



ശശി കാട്ടൂർ 
25.09.14

ചില നേരങ്ങൾ



അങ്ങിനെ, ചെയ്യേണ്ടിയിരുന്നില്ല 
പലവട്ടം തോന്നിയതാണ് 
എന്നിട്ടും ചെയ്തു.
 
ഇല്ലായിരുന്നെങ്കിൽ.. 

ആളുകൾ  വരുന്നതും കാത്തു 
ഉമ്മറത്തിങ്ങനെ കിടക്കെണ്ടായിരുന്നു 
 
മക്കളോടൊത്ത്
ഭാര്യയോടൊത്ത് 
വീടകത്തിന്റെ സ്നേഹച്ഛായയിൽ  
ഒളിച്ചു കളിക്കാമായിരുന്നു.

പോയ നിമിഷങ്ങളേ.. 
ഇനിയൊരിക്കലും 
നിങ്ങളീ വഴി 
തിരികെ 
വരില്ലല്ലോ. ..


- ശശി കാട്ടൂർ. 



ഭൂമിയുടെ മകൾ - പുസ്തക പരിചയം



ഞങ്ങളെല്ലാം മാഷ് എന്ന് വിളിക്കുന്ന ഒരു മുതിർന്ന ജേഷ്ടനോളം അടുപ്പമുള്ള  പ്രിയ സുഹൃത്ത്‌ സുധീഷ്‌ രാഘവന്റെ പുതിയ നോവൽ  തുടങ്ങുന്നത് ഇങ്ങനെ:

ദമ്പതികൾ മരിച്ചു 
ആദ്യം സ്ത്രീ.
അവരുടെ പട്ടട കെട്ടടങ്ങുന്നതിൻ മുന്പേ അയാളും.

വായനയുടെ ഒറ്റ നോട്ടത്തിൽ എത്രമേൽ ആത്മ ബന്ധം കാത്തുസൂക്ഷിച്ചിരുന്നവരായിരിക്കാം ഈ ദമ്പതികൾ എന്ന് നമ്മോടു പറഞ്ഞു വെക്കുന്നു. നോവലിലെ പ്രധാന കഥാപാത്രമായ സുനന്ദയുടെയും അവരുടെ ഭർത്താവ് മധുവിന്റെയും മരണത്തെകുറിച്ചാണ്  മേലെ പ്രതിപാദിച്ചിരിക്കുന്നത്.

അക്ഷരാർത്ഥത്തിൽ വളരെയേറെ സ്നേഹിക്കപ്പെട്ട രണ്ടു മനസ്സുകൾ തന്നെയായിരുന്നു സുനന്ദയും മധുവും.  പക്ഷെ, അറിഞ്ഞോ അറിയാതെയോ  പുരുഷന്റെ നിലനില്ക്കാനുള്ള വ്യഗ്രതയിൽ ഉപേക്ഷിക്കപ്പെടെണ്ടി വരുന്ന ഒരു വസ്സ്തുവെന്ന നിലയിലോ യാത്രാമധ്യേ ഉപേക്ഷിക്കുകയും, നിരവധി ആളുകളാൽ ആക്രമിക്കപ്പെടുകയും പിന്നീട് വേശ്യാലയത്തിന്റെ ചുവരുകൾക്കിടക്ക് തളച്ചിടപ്പെടെണ്ടി വരുന്ന കഥാപാത്രമായി മാറുന്നുണ്ട് നായികയായ സുനന്ദ . 

അതി സങ്കീർണ്ണവും അടച്ചിടപ്പെട്ടതുമായ ജീവിതാവസ്ഥകൾക്കിടയിൽ കാണപ്പെടുന്ന നിരവധി സ്ത്രീകളിൽ സുനന്ദയുമായി ഏറെ അടുത്തുപ്പോയ ഒരു ജീവിതമാണ് ഭ്രാന്തിയായി മുദ്ര കുത്തപ്പെട്ട ജയന്തിയുടെത്.  ഭ്രാന്ത് ഇന്നത്തെ സമൂഹത്തിന്റെ കാപട്യത്തിന് നേരെയുള്ള ഒരായുധമായി പ്രയോഗിക്കാം എന്നുള്ളിടത്താണ് ജയന്തിയുടെ നിലനില്പ്പും അവർ പകര്ന്നു വെക്കുന്ന ആശയങ്ങളും.

ഭർത്താവും രക്ഷാകർത്താക്കളും ഒക്കെ തന്നെ യുണ്ടായിട്ടും പലവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടു പോകുകയും, ജീവിത ഭാരം ചുമക്കേണ്ടിയും വരുന്ന നിരവധി സ്ത്രീ ജീവിതങ്ങളുടെ നേരുകൾ തുറന്നു  കാട്ടപ്പെടുന്നുണ്ട് ഇവിടെ. 

എന്തെല്ലാം തീഷ്ണതകൾ  അനുഭവിക്കേണ്ടി വന്നാലും ജീവിതം ഒരു വെല്ലുവിളിയെന്ന പോലെ ജീവിച്ചു തന്നെ തീർക്കാനുള്ള സ്ത്രീ ജിവിതത്തിന്റെ ഒരു പുതു മാതൃക ഒരുക്കി വെച്ചിരിക്കുന്നു ഇതിലുടനീളം. തൊഴിലിനിടെ പരിചയപ്പെടുന്ന, സുനന്ദയുടെ ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്ന ചിത്രകാരിയായ, ചെറുപ്പത്തിലെ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പീഡനമേൽക്കേണ്ടി വന്ന  മേഴ്സിയുടെ കഥയും ഇതിൽ നിന്നും ഭിന്നമല്ല. മേഴ്സിയുടെ സഹായത്താൽ രക്ഷപ്പെടുന്ന സുനന്ദ ചെന്നെത്തുന്ന ശാന്ത സുന്ദരമായ നികുന്ജം എന്ന താമസ സ്ഥലത്തും നിരാലംബരായ ഒട്ടനവധി കുട്ടികളെയും സ്ത്രീകളെയും കാണപ്പെടുന്നത് എത്രയൊക്കെ മഹത്തരമെന്നു കൊട്ടിഘോഷിക്കപ്പെട്ടാലും  സമൂഹത്തിന്റെ ഉള്ളിൽ  നടമാടുന്ന ജീർണ്ണതയായി ഇതിനെ വാ യിക്കപ്പെടേണ്ടതുണ്ട്.

കെട്ടുപാടില്ലാത്ത  സ്നേഹബന്ധത്തിന്റെ ലാളനയും കരുതലും പിന്നീട് സുനന്ദയുടെ ജീവിതത്തിൽ ശംസ് എന്ന ചെറു പ്പക്കാരനിലൂടെ മനസ്സിലാക്കപ്പെടുന്നിടത്താണ് പല തരം നിബന്ധനകളാലും അച്ചടക്കത്താലും ക്രമീകരിക്കപ്പെടുന്ന സ്ത്രീ ജീവിതത്തിന്റെ ആസ്വാദ്യത ബോധ്യപ്പെടുന്നത്.
 
ആണ്‍കോയ്മയുടെ കഴുകൻ കണ്ണുകളാൽ പിച്ചി ചീന്തപ്പെടുന്ന തൻറെ  പെണ്‍കുട്ടികളുടെ വേദനയിൽ വീണ്ടും ഭ്രാന്തിന്റെ അമൂർത്ത തലത്തിലേക്ക് ചേർക്കപ്പെടുകയും സമൂഹത്താൽ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്ന ജയന്തി പലപ്പോഴായി എഴുതി വെച്ച തോന്നലുകൾ തന്നെയാണ് "ഭൂമിയുടെ മകൾ"  എന്ന പേരിൽ  സുനന്ദക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ നമ്മൾ വായിക്കാൻ ഇടവരുന്നത്. 

ഗർഭിണിയായ സീതയെ കാട്ടിലുപേക്ഷിച്ച മര്യാദ പുരുഷോത്തമനായ രാമന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നതിൽ നിന്നും തുടങ്ങി ശാന്തരും സമച്ചിത്തരുമായി വസിക്കുന്ന വനവാസികളിലേക്ക് നഗരവാസികൾ എങ്ങിനെ കടന്നു കയറുന്നുവെന്നും കാണിച്ചു തരുന്നതിലൂടെ വർത്തമാന കാലത്തിന്റെ, മുതലാളിത്ത വ്യവസ്ഥകൾ അധികാര കേന്ദ്രങ്ങൾ എങ്ങിനെ നടപ്പാക്കുന്നു എന്നതിന്റെ രാഷ്ട്രീയം ചർച്ച  ചെയ്യുന്നിടത്തും, അധികാരവും ഭരണകൂടങ്ങളും എങ്ങിനെ സ്ത്രീകളെയും, ബലഹീനരെയും സമൂഹമദ്ധ്യത്തിൽ  നിന്നും മാറ്റിനിർത്തപ്പെടുന്നു എന്ന് വെളിപ്പെടുന്നിടത്തും നോവൽ  എത്തി നിൽക്കുമ്പോൾ അനുസ്യൂതമായ വായനക്ക് കോട്ടം തട്ടാതെ വായിച്ചെടുക്കാൻ വായനക്കാരനെ പ്രാപ്തനാക്കുകയും, തൃപ്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ നോവൽ. 

ചിന്താ പബ്ലിഷേഴ്സ തിരുവനന്തപുരം പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ വില 120 രൂപ.


-ശശി കാട്ടൂർ.

ദഹനക്കേട്





കാട്ടുചോലയിൽ കുളിച്ച് 
കാട്ട് തേനുണ്ട് 
കാട്ട് മൃഗങ്ങളൊത്ത്  കളിച്ചവർ 
അപരിഷ്കൃതർ  
നിശബ്ദർ, നിരായുധർ 
കാടിന്റെ മക്കൾ. 

നിൽപ്പ്..നിൽപ്പ്...
തിടുക്കപ്പെട്ട് 
കാടിറക്കിയവർക്ക് മുൻപിൽ..
നിൽപ്പ്.

കാടില്ല, നാടില്ലാ  
വെയിലിൽ കുതിര്ന്നു
മഴയിൽ നനഞ്ഞു 
മണ്ണിലമർന്ന് 
അമർന്ന്  
നില്ക്കുകയാണ്....
നിൽപ്പ്, നിൽപ്പ്. 
കാടിൻ മക്കളുടെ നിൽപ്പ് 

നഗരങ്ങൾ, 
പുതിയ ജ്ഞാനങ്ങളെക്കൊണ്ട് 
മലിനപ്പെട്ടപ്പോൾ  
കാട് കയറി  
പട്ടണങ്ങൾ  തീർക്കുന്ന തിരക്കിലാണ്..
ആയതിനാൽ 
നിൽക്കുന്നവരെക്കുറിച്ച് പാടുന്നത് 
ഇരുന്നും, കിടന്നും 
ഉണ്ടും ഉറങ്ങിയും 
ആഘോഷിക്കുന്നവർക്ക്  
രസിച്ചെന്നു വരില്ല,
ദഹിച്ചെന്നും വരില്ല.


-ശശി കാട്ടൂർ 

കറുത്തവൻ പാടുന്നു



കറുത്തവനാണ് ഞാൻ 
കരുത്തിനൂറ്റമേറിയോൻ
കാട്ടാളനാണ് ഞാൻ 
കാട്ടു കനികൾ തിന്നു നടന്നവൻ  

ചോടു വെച്ചു കളിക്കും,  മുന്നിൽ
ജഘന ഭാരം കണ്ടു വിയർത്തും 
നാല് കൂട്ടി മുറുക്കി രസിച്ചും 
വീശി വീശി നീ മയങ്ങവേ 

നേരമൊന്നു തെറ്റാതെ 
കാലമൊന്നു മാറാതെ 
കുലുങ്ങി നടക്കും നിന്റെ 
വിശപ്പടക്കി രസിക്കുവാൻ 

പശിമയുള്ള മണ്ണിൽ ചവിട്ടി 
 വിഷച്ചൂട് മെയ്യിൽ പൊതിഞ്ഞു 
പൊന്നിൻ കതിർമണി നെയ്തെടുത്തവൻ
അയിത്തമുള്ളവൻ, കറുത്തവൻ ഞാൻ ... 
 
അകത്തുള്ളോളെ മടുക്കുമ്പോൾ 
കറുത്തവരാമടിയാന്റെ കുടിയിൽ 
കറുത്തവളുടെ അരക്കെട്ടിൽ 
കറുപ്പാ,മയിത്തം മറന്നവനും നീ.

നീതികളൊക്കെ 
നിനക്ക് വേണ്ടി 
നീ 
തീർത്തത് 

ചന്തമേറിയതെല്ലാം 
നിനക്ക് വേണ്ടി
നീ
വെട്ടിപിടിച്ചത്..

ഒടുവിൽ 
കാട് കേറി, നീ...
നാളേക്കായ്  
ഞങ്ങൾ കരുതി വെച്ചതൊക്കെയും
കനിവില്ലാതെ,
കരിച്ചുകളഞ്ഞതും നീ . 

കലിയാണ് നിങ്ങൾക്ക് 
കറുത്തവരെ കാണവേ 
പുരോഗമനവഴിയിലെ 
കരടാണ് പോലും ഞങ്ങൾ...!

വേണ്ട, 
നിങ്ങടെ ചേലുകളൊന്നുമിനി
വേണ്ട, 
നിങ്ങൾ ചമച്ച കൂടുകളൊന്നുമിനി   

തരിക, 
ഞങ്ങടെ കാടും 
ഞങ്ങടെ പാട്ടും 
ഞങ്ങടെ മണ്ണും, മലയും തിരികെ.


-ശശി കാട്ടൂർ