കരുത്തിനൂറ്റമേറിയോൻ
കാട്ടാളനാണ് ഞാൻ
കാട്ടു കനികൾ തിന്നു നടന്നവൻ
ചോടു വെച്ചു കളിക്കും, മുന്നിൽ
ജഘന ഭാരം കണ്ടു വിയർത്തും
നാല് കൂട്ടി മുറുക്കി രസിച്ചും
വീശി വീശി നീ മയങ്ങവേ
നേരമൊന്നു തെറ്റാതെ
കാലമൊന്നു മാറാതെ
കുലുങ്ങി നടക്കും നിന്റെ
വിശപ്പടക്കി രസിക്കുവാൻ
പശിമയുള്ള മണ്ണിൽ ചവിട്ടി
വിഷച്ചൂട് മെയ്യിൽ പൊതിഞ്ഞു
പൊന്നിൻ കതിർമണി നെയ്തെടുത്തവൻ
അയിത്തമുള്ളവൻ, കറുത്തവൻ ഞാൻ ...
അകത്തുള്ളോളെ മടുക്കുമ്പോൾ
കറുത്തവരാമടിയാന്റെ കുടിയിൽ
കറുത്തവളുടെ അരക്കെട്ടിൽ
കറുപ്പാ,മയിത്തം മറന്നവനും നീ.
നീതികളൊക്കെ
നിനക്ക് വേണ്ടി
നീ
തീർത്തത്
ചന്തമേറിയതെല്ലാം
നിനക്ക് വേണ്ടി
നീ
വെട്ടിപിടിച്ചത്..
ഒടുവിൽ
കാട് കേറി, നീ...
നാളേക്കായ്
ഞങ്ങൾ കരുതി വെച്ചതൊക്കെയും
കനിവില്ലാതെ,
കരിച്ചുകളഞ്ഞതും നീ .
കലിയാണ് നിങ്ങൾക്ക്
കറുത്തവരെ കാണവേ
പുരോഗമനവഴിയിലെ
കരടാണ് പോലും ഞങ്ങൾ...!
വേണ്ട,
നിങ്ങടെ ചേലുകളൊന്നുമിനി
വേണ്ട,
നിങ്ങൾ ചമച്ച കൂടുകളൊന്നുമിനി
തരിക,
ഞങ്ങടെ കാടും
ഞങ്ങടെ പാട്ടും
ഞങ്ങടെ മണ്ണും, മലയും തിരികെ.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ