2013 മാർച്ച് 30, ശനിയാഴ്‌ച

കൂടുമാറ്റം

 
 
തേടണം വേറൊരു കൂടെനിക്ക്
ആണ്ടുകളായുള്ളീ പൊറുതിക്കിടക്ക്
കൂടുകളെത്രയോ മാറുന്നൂ നമ്മള്, മറു-
നാടൻ ജീവിത പ്രാരബ്ദക്കാർ... 
 
വാടക താങ്ങീടാനായീടാതെ, യല്ലേൽ
വീടിന്റെ മോഡികൾ കൂട്ടുവാനായ്, ഭരണ-
കൂടത്തിന്നറിയിപ്പു വന്നിടുമ്പോൾ, മൂട്ട- 
ക്കടിയാൽ ഉറക്കം മുറിഞ്ഞിടുമ്പോൾ,
വെള്ളത്തിൻ ലഭ്യത കുറഞ്ഞിടുമ്പോൾൽ...
തൊഴിൽ തേടി പല ദിക്കലഞ്ഞിടുമ്പോൾ,
കൂടുകളെത്രയോ മാറുന്നൂ നമ്മള്, മറു-
നാടൻ ജീവിത പ്രാരബ്ദക്കാർ... !!
 
മാറുന്നു കൂടുകൾ പക്ഷി മൃഗാധികൾ
ജീവനം തേടിയലഞ്ഞിടുമ്പോൾ
ഋതു  ഭേദങ്ങൾക്കനുസൃതമായ് 
പ്രകൃതി തൻ ചൊല്ല് കേട്ടിട്ടെന്നപോൽ....    
 
മാറ്റങ്ങൾ അനിവാര്യമത്രേ,
തുടക്കത്തിലേ തന്നെ ചെന്നു 
ചേരേണ്ടുന്നൊരീ യാത്രയില്     
കൂട് വിട്ടു കൂട് തേടുമീ യാത്രയിൽ...
 
ഒടുവിലായൊരു മാറ്റമുമുണ്ട് 
പ്രബഞ്ച്ത്തിൻ താള ഗതി-
ക്കനുസൃതമാമൊരു മാറ്റം, നമ്മൾ 
നിശ്ചയിക്കാത്ത മാറ്റം..
അഴുക്കാര്ന്ന വസ്ത്രം, ഉടലിൽ നിന്നും
ഊരിക്കളയുന്നപ്പോലൊരു മാറ്റം..  
കൂടുമാറ്റം, ഇനിയും പിടിതരാത്ത
ജീവന്റെയനുസ്യൂതമാം കർമ്മം.

2013 മാർച്ച് 24, ഞായറാഴ്‌ച

പ്രണയം



പ്രണയം 
പാൽ നിലാവ് പോൽ 
ഹൃദയത്തിലാകെ 
ഒഴുകി പരക്കുന്ന മധുരം 

പ്രണയം 
നനവാര്ന്ന ഋതു ശോഭതൻ 
ചെമ്പകപൂമണം
നിറയുന്ന കൌതുകം

പ്രണയം 
സര്ഗ്ഗ ശേഷി തൻ വാടാമലരുകൾ, 

മൊട്ടിട്ടു 
പൊട്ടി തെറിക്കും വസന്തം 

പ്രണയം 
കാഴ്ചയും കേള്വിയും നിന്നിലെ-

ക്കെന്നോതി പിണങ്ങും 
പരിഭവ നിമിഷം 

പ്രണയം 
ആദിയെന്തെന്നുമന്തമെന്തെന്നു 

മറിയാതെ തങ്ങളിൽ മാത്ര-
മൊതുങ്ങുന്ന കാലം 

പ്രണയം 
പകൽ കൊഴിയാതിരിക്കട്ടെ
യിനിയെന്നു
വെറുതെ 
മോഹിക്കും നേരം 

പ്രണയം
നിത്യമാം യൗവ്വനക്കുളിരായ് മനസ്സില് 
കൂട് 

ചമക്കുന്ന മോഹം 

പ്രണയം 
ഇരുകരയിലിരുന്നോർത്തു നുണയുവാൻ 
പകരാതെ പോയ 

ചഷകം... 

പ്രണയം 
പിരിയുവാൻ നേരം 

ഒരുപിടി ഓർമ്മകൾ 
തിക്കി തിരക്കും വിഷാദം ... 

പ്രണയം 
എത്ര മടുത്താലു
മെന്നെയും നിന്നെയും
ജീവിതത്തോ-
ടടുപ്പിക്കും മന്ത്രം ... !

2013 മാർച്ച് 18, തിങ്കളാഴ്‌ച

പച്ച


പച്ചയിലുണ്ടൊരു പച്ച 
പരമാർത്തത്തിൻ പച്ച 
കൊടിയിലുമുണ്ടേ പച്ച
ഹൃദയത്തുടിച്ചേർന്നുള്ളോരു പച്ച  

കാഴ്ചയിലുണ്ടൊരു പച്ച 
ഭാവിക്കുള്ളോരു പച്ച 
കാടിനുമുണ്ടേ പച്ച 
മലയിലുമുണ്ടേ പച്ച 
ജലത്തിനുണ്ടൊരു പച്ച 
ഇലയിലുമുണ്ടൊരു പച്ച
മീനിനുമുണ്ടൊരു പച്ച 
ചൂരിനുമുണ്ടൊരു പച്ച  
കറിയിലുമുണ്ടേ  പച്ച 
തെറിയിലുമുണ്ടേ പച്ച 
മുറിവുണക്കും പച്ച 
കമ്മുനിസ്റ്റിൻ പച്ച !!

പച്ചയിലുണ്ടൊരു ചിഹ്നം  
പച്ചകളെന്നൊരു ചിഹ്നം 
തുടച്ചു നീക്കും പച്ച, കേൾപ്പു-  
തംബ്രാക്കളുടെയൊച്ച.. !! 

പച്ചയിലല്ലോ ജീവൻ 
പച്ച പിടിച്ചെന്നറിവൂ 
പച്ച പിടിക്കാത്തെന്തും, പി- 
ന്നെന്തിനുകൊളളാ, മോർക്കൂ !!

പച്ചയിലുണ്ടൊരു പച്ച 
പരമാർത്തത്തിൻ പച്ച..! 



കടപ്പാട്: പച്ച - ലേഖനം: കെ ഇ എൻ, മാധ്യമം ആഴ്ചപ്പതിപ്പ്  

2013 മാർച്ച് 14, വ്യാഴാഴ്‌ച

പര്ദ്ധ

 
എനിക്ക് ഒരു പര്ദ്ധ വേണം 
മനസ്സിനെ പൊതിയാൻ.. 
ചിന്തകള് ഉദ്ധരിച്ചു 
പുറത്തേക്ക് നില്ക്കുന്നത് തടയാൻ!!!

മതമില്ലാത്തവർ


 

ഇത്തിരി നേരമിരിക്കുകീ തണലില്‍ 
ഇക്കിളിയിട്ടു തലയാട്ടി വിളിക്കുന്നു മരച്ചില്ലകള്‍  

പോയൊളിക്കട്ടെ നിന്റെ ഖേ:ദങ്ങളകലെ   
നോക്കുകീ മുഖത്തേക്കൊരുവേള, യെന്നു- 
ചിരിച്ചു ചൊല്ലുന്നു ചുറ്റിനും പൂക്കള്‍ 

പൊഴിക്കാം നിനക്കായ് കളകളാരവം
ഒഴിയട്ടെ നിന്നിലെ നഗരാരവങ്ങള്‍    
മൊഴിയുന്നു, പാറിപറക്കുന്ന കിളികള്‍.. 

ഹിന്ദുവോ, മുസല്മാനോ, ജൈനനൊ  
ബുദ്ധനോ, ക്രൈസ്തവനോ മതങ്ങ-
ളേതുമാകട്ടെ,ഭേദമില്ലെങ്ങുമൊഴുകി
പരക്കുന്ന കാറ്റിനും, നറുമണം വിതറി 
ചിരിതൂകി നില്‍ക്കുമാ പൂക്കൾക്കും  
തേനുണ്ണാൻ വിരുന്നെത്തും പൂവാലന്‍
തുംബികള്‍ക്കും,തുംബമകറ്റുന്ന കിളികള്‍ക്കും..

കണ്ടുവോ കൂട്ടരേ പ്രകൃതി തന്‍ 
സ്നേഹ വായ്പ്പുകള്‍, സമസ്ത  
ജീവജാലങ്ങള്‍ക്കുമൊരുപോലെ 
നിരവൃതിയായ് നിലക്കൊള്ളൂന്നവര്‍

എന്റെ മതം മാത്രം വലുതെന്നും ശരിയെന്നും 
കൊമ്പ് കുലുക്കി ശടിക്കുന്നൂ ചില,രെന്തെന്നു-
മെന്തിനെന്നുമറിയാതെ...മാനവ ഹൃദയങ്ങളിൽ   
നഞ്ചു കലക്കി രസിച്ചിടുന്നൂ വൃഥാ..  

മരത്തിനോട് ഞാൻ ചോദിച്ചൂ 
മതമേതെന്നു ?.. പൂവിനോടും, കിളികളോടും
സകല ചരാചരങ്ങളോടും ചോദിച്ചൂ... 
മതങ്ങളേതെന്നു...? ഹാ കഷ്ട്ടം.! 
ചിരിക്കയാണവരെന്നെ നോക്കി, 
ഇനിയുമുദിക്കാത്തോരെന്നിലെ,
യജ്ഞതയെ നോക്കി...തമ്മിൽ 
തല്ലിയോടുങ്ങും മനുഷ്യ കുലത്തെ നോക്കി !!

2013 മാർച്ച് 5, ചൊവ്വാഴ്ച

ഇരുട്ട്

മിണ്ടാതിരിക്കാം നമുക്കിനി 
മിണ്ടിയാല് പോലീസ് പിടിച്ചെങ്കിലോ 


സര്‍ക്കാരിന്റെ വക മദ്യം 
ചാനല് വക 
ദിവസം മുഴുക്കെ ക്രിക്കറ്റ് കളി. 
ബലേ ഭേഷ് ... 

വില വര്‍ദ്ധന,
അക്രമം, ബലാത്സംഗം, 
കുടിവെള്ളം, അണുനിലയം, 
എന്ടോസള്‍ഫാന്‍ ,  കുത്തക വ്യാപാരം... 
എന്തൂട്ട്, 
കുന്ത്രാണ്ടം...    
നിങ്ങള്‍ക്കൊന്നും വേറെ ജോലിയില്ലേ കൂട്ടരെ..???.