2013 ജൂൺ 30, ഞായറാഴ്‌ച

ധാര്മ്മികത.

കേരള മുഖ്യമന്ത്രി, ബഹറിനിൽ വന്നു.. പുരസ്കാരം വാങ്ങി, ഒപ്പം ജ്ജ്വലമായ സ്വീകരണങ്ങളും, പ്രത്യേകിച്ച് ബഹ്‌റൈൻ സര്ക്കാരിന്റെ ആഥിത്യം.. ഒരു രാഷ്ട്ര തലവനു നല്കുന്ന അതെ പ്രൌഡിയോടെ...

തീര്ച്ചയായും സന്തോഷിക്കുന്നു. സന്തോഷിക്കാൻ ഞാൻ ഒരു കോണ്ഗ്രെസ്സുകാരനല്ല, (ഖദർ കുപ്പായത്തിന്റെ മഹിമ തൊട്ടു തീണ്ടിയിട്ടില്ലാത്ത, കൊണ്ഗ്രെസ്സിനെ സ്വ-കാര്യങ്ങള്ക്കായി കൊണ്ട് നടക്കുന്ന ഇന്നത്തെ കൊണ്ഗ്രെസ്സുകാരോടോ അവരുടെ പ്രവര്ത്തനങ്ങളോടോ, അനുഭവത്തിന്റെയും അറിവിന്റെയും വെളിച്ചത്തിൽ ഒരു ബഹുമാനവും എനിക്ക് ഇല്ല).എങ്കിലോ,  പ്രവാസികളായവരുടെ വരുമാനത്താൽ താങ്ങി നിർത്തപ്പെട്ട ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിക്ക്, പ്രവാസ ലോകത്ത് , ഇവിടുത്തെ ഭരണാധികാരികളാൽ നല്കപ്പെട്ട ആദരവിന്...  നാടും വീടും വിട്ടു ഈ രാജ്യത്തിന്റെ ഉയര്ച്ചക്ക് വേണ്ടി വിയര്പ്പോഴുക്കുന്ന തൊഴിലാളികളെയാണ്, അവരോടുള്ള അനുഭാവമാണ് ഇവിടുത്തെ ഭരണകൂടം ഇതിലൂടെ പ്രകടിപ്പിച്ചത്  എന്ന ചിന്ത ഉളവായത്കൊണ്ട്..അതുകൊണ്ടുള്ള സന്തോഷം...!!

ഇവിടെ എഫ് ബിയിലൂടെയും മറ്റും കൊണ്ഗ്രെസ്സുകാരെന്നു പറഞ്ഞു ഖദർ ഇടുന്നവരും, ഇടാത്തവരുമായ സുഹൃത്തുക്കളുടെ അതിരറ്റ സന്തോഷം കാണുമ്പോൾ യഥാർത്തത്തിൽ കുരുടൻ ആനയെ കണ്ട കഥയാണ് ഓര്മ്മ വരുന്നത്..പൊതുവെ ഇരുട്ട് കൊണ്ട് ഓട്ട അടക്കുക എന്നുള്ളതാണല്ലോ ഇവരുടെ ബുദ്ധി.

സാദാരണക്കാരനെ സംബന്ധിച്ച് കേരളത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എന്ത് പ്രവര്ത്തികളിലാണ് അഭിമാനിക്കാൻ വകയുള്ളത്‌...? 

രാജ്യത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തീക മേഖലകളെ തകര്ത്തുകൊണ്ടുള്ള വികസന പദ്ധതികൾ ഒരു  പക്ഷം മുതലാളിമാരെ മാത്രം ലക്‌ഷ്യം വെക്കുന്നു. അരിയില്ല, പച്ചക്കറികളില്ല എന്ന് വേണ്ട മലയാളിയുടെ ഒരു ദിവസം കഴിയണമെങ്കിൽ തമിഴന്റെ വണ്ടി വന്നെത്തണം...ശരിയായ കാഴ്ച്ചപാടില്ലാത്ത വികസനത്തിന്റെ   ഫലമായി വെള്ളം കെട്ടികിടന്നും മറ്റും പക്ര്ച്ച് വ്യാധികളുടെ ആഘോഷം, വേനലായാൽ കുടിവെള്ളമില്ല, കറന്റില്ല ഇങ്ങിനെ പോകുന്നു സംസ്ഥാനത്തിന്റെ യഥാര്ത്ത അവസ്ഥകൾ ...ഭരണത്തിന്റെ ധാര്മികതയെ ചോദ്യം ചെയ്യുകയോ, എഴുതുകയോ ചെയ്‌താൽ അവനെതിരെ കേസ്സെടുക്കുന്ന പുത്തൻ വ്യവസ്ഥകൾ ..സാമുദായിക പ്രീണനം, അഴിമതി, പരസ്ത്രീ ഗമനം ഇതൊക്കെയായിരിക്കുന്നു ഭരണകൂടത്തിന്റെ മുഖമുദ്രകൾ... 

പൊതു ജനത്തിന്റെ നികുതിയിനത്താലും, പ്രവാസികളുടെ വിയർപ്പാലും സ്വരൂപിച്ചെടുത്ത പണം കൊണ്ട് കേരളത്തിന്റെ തെക്ക് നിന്ന് വടക്കോട്ട്‌ യാത്ര ചെയ്തു, ജനങ്ങൾക്ക്‌ ആശ്വാസം കണ്ടെത്തുവാൻ തുനിഞ്ഞ നമ്മുടെ മുഖ്യമന്ത്രിയെ ശ്ലാഘിക്കെണ്ടിയിരിക്കുന്നു..!! 
പക്ഷെ, അതിനു നമ്മൾ ഇത്ര ആഹ്ലാദപ്പെടെണ്ടാതായുണ്ടോ...പ്രത്യേകിച്ചും മേല്പ്പറഞ്ഞ സംഗതികളുമായി തട്ടിച്ചു നോക്കുമ്പോൾ..? 

കക്ഷികൾ ഏതുമാകട്ടെ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കു വേണ്ടി പ്രയത്നിക്കുവാൻ നിയോഗിക്കപ്പെട്ട ജനങ്ങളുടെ ഒരു പ്രതിനിതി (ജനസേവകർ) മാത്രമാണ് ജനാധിപത്ത്യ രാജ്യത്ത് ഭരണാധികാരികൾ. അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിതികൾ സ്വന്തം ജനതയുടെ ക്ഷേമം ഉറപ്പു വരുത്തുവാൻ ബാധ്യസ്ഥരാണ്.

പുരസ്കാരങ്ങളും ബഹുമതികളും എറ്റു വാങ്ങുമ്പോൾ തന്നെ തന്റെ കര്തവ്യ നിർവഹണത്തിൽ വന്നു ഭവിച്ചിട്ടുള്ള വീഴ്ചകളെ കൂടി വിലയിരുത്തുവാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. തന്റെ കര്മ്മ മണ്ടല ത്തോട് ആത്മാർത്ഥത  എന്ന ഒന്നുണ്ടെങ്കിൽ  ആ വീഴ്ച്ചകൾക്കുള്ള പരിഹാരം, സ്ഥാന പരിത്യാഗം എന്നതാണെങ്കിൽ അത് ചെയ്യുവാൻ തായ്യാറാകേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ, തിരഞ്ഞെടുത്തു വിജയിപ്പിക്കുന്നവന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും അവകാശങ്ങളും നിറവേറ്റപ്പെടൂ.  

കൊണ്ഗ്രെസ്സുക്കാരായ സുഹൃത്തുക്കളോട് പറയുവാനുള്ളത്, മറ്റൊരു പുസ്തകവും നിങ്ങൾ വായ്ചിട്ടില്ല എന്നിരുന്നാലും, കുറഞ്ഞത്‌  ഗാന്ധിജിയുടെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" (അങ്ങിനെ ഒരു പുസ്തകം ഉണ്ട്) എങ്കിലും വായിച്ചിരിക്കണം., സേവനമാണ് നിങ്ങളുടെ  ഉദ്ദേശമെങ്കിൽ.

2013 ജൂൺ 18, ചൊവ്വാഴ്ച

വില



ഇന്നലെയെഴുതിയ 
പതിനാറു വരി കവിത 
പതിവുപോലെ, 
അവള്ക്ക് നീട്ടി 

ഏറെ നേരത്തെ 
മൌനത്തിനു ശേഷം 
അവൾ പറഞ്ഞു 
"ഒന്നും മനസ്സിലായില്ലെന്ന്..!"

എനിക്കും....
മുഖമുയർത്താതെ ഞാൻ 

പിന്നെന്തിനീ എഴുത്ത്..?
കൊലുസ്സുകൾ നിശബ്ദമാകുന്നു..

തെറികളും,ധിക്കാരങ്ങളും നിറഞ്ഞ 
വാക്കുകൾ തന്നെ വേണോ 
നിനക്കാളാകാൻ..?

അല്ലാതെ പിന്നെ...

തന്തയില്ലായ്മയുടെ ഇക്കാലത്ത് 
കഴുത്തിൽ 
സ്വന്തം തലയുണ്ടായിരിക്കരുത്...
അരയിൽ നിന്നും ഊർന്നുപോയ 
കാൽസായിക്കിടയിലൂടെ 
അടിവസ്ത്രത്തിന്റെ 
സകല  ബ്രാന്റും, അതിന്റെ കരുത്തും  
എഴുന്നു നില്ക്കണം..!!

മാറ് മറക്കരുത്..
(മാറ് മറക്കാൻ സമരം ചെയ്ത കഥ 
തല്ക്കാലം നമുക്ക് മറക്കാം..)
ആലിലയുടെ വാല് 
താഴേക്കു പരന്നു കിടക്കണം..
മേല്ക്കുപ്പായത്തിന് 
നീളമുണ്ടായിരിക്കരുത് !!!
നിതംബം 
ഗജപ്രുഷ്ട്ടം കണക്കെ 
ലെഫ്റ്റ് റൈറ്റ് എന്ന് താളമിടണം.. 
അല്ലേ,... 
അതല്ലേ അതിന്റെ ഒരിത്..

ന്യൂ ജനറേഷന്റെ
ഭാഷയും വേഷവും അണിയിച്ചെങ്കിലേ 
എന്റെ സഖീ, 
എനിക്കും 
ഈ മാർക്കെറ്റിൽ വിലയുള്ളൂ.

പാവക്കൂത്ത്



ഇപ്പോള്‍ കുറേശ്ശെ ഓര്‍ക്കാന്‍ കഴിയുന്നു.
കൈ ഉയര്‍ത്താനുള്ള ശ്രമം വിഫലമാകുന്നത് അറിഞ്ഞു. കാല്‍മുട്ടിന് താഴെ ഒരു tതരം മരവിപ്പ് മാത്രം. ഈ കിടപ്പ് തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു മാസത്തോളമായിരിക്കുന്നു. 


ഷെയ്ക്ക്‌ സയെദ്‌ റോഡിലെ പാഞ്ഞു വരുന്ന വാഹനങ്ങളാണ് കണ്മുമ്പില്‍ നിറയെ.നെഞ്ചു ഇപ്പോഴും വിറക്കുന്നു.തലച്ചോറിലൂടെ ഒരു മിന്നല്‍..ചുവരില്‍ എരിഞ്ഞു കത്തുന്ന സീറോ ബള്‍ബിനു മുന്പില്‍ അച്ഛന്റെ ചായാചിത്രം. അച്ഛന്‍ തന്നെ തന്നെയാണ് നോക്കുന്നത്. ഈ കിടപ്പ് കണ്ടിട്ടാവണം, പുഞ്ചിരിക്കുന്ന ആ മുഖത്ത്‌ വിഷാദം പടര്‍ന്നത്. പതിനാറാമത്തെ വയസ്സില്‍ ഒരുപാട് ഭാരങ്ങള്‍ ചുമലിലെടുത്ത് വച്ച് കടന്നു കളഞ്ഞതല്ലേ...
തന്റെ, പത്താം തരം കഴിഞ്ഞു എഞ്ചിനീയറിങ്ങിനു ചേര്‍ന്ന ആദ്യ വര്ഷം തന്നെയായിരുന്നു അച്ഛന്റെ മരണം....

താഴെ മൂന്ന് സഹോദരികള്‍., അവരുടെ പഠനം, വീട്ടിലെ മറ്റു ചിലവുകള്‍...അതിനിടയിൽ സ്വന്തം പഠനം ഉപേക്ഷിക്കേണ്ടി വന്നു. ബാങ്കുകളില്‍ നിന്നും, മറ്റു പണമിടപാടുകാരിൽ നിന്നും  അച്ഛന്‍ വീട് പണിക്കായെടുത്ത പണത്തിന്മേല്‍ പലിശ വര്‍ദ്ധിച്ചു ജപ്തിയോളം എത്തി.

ഏതോ മുജ്ജന്മ സുകൃതമോ അച്ഛന്റെ തന്നെ സത്പ്രവര്‍ത്തികളുടെ ഫലമോ ആയിരിക്കണം ചിലവൊന്നുമില്ലാതെ ആയിടക്ക്  ഗള്‍ഫിലേക്ക് വിസ തരപ്പെട്ടത്.

കടങ്ങള്‍ ഒന്നൊന്നായി തീര്‍ന്നു.സഹോദരിമാരുടെ വിവാഹം, പ്രസവം എന്ന് വേണ്ട അവര്‍ക്ക് വേണ്ടതായ എന്തും കഴിയും വിധത്തില്‍ ചെയ്തു കൊടുത്ത്. വര്‍ഷങ്ങള്‍ക്കു ദിവസത്തിന്റെ  ദൈര്ഘ്യം  പോലുമില്ലെന്ന് തോന്നി തുടങ്ങി. ഒടുവില്‍ അമ്മയുടെ നിര്‍ബന്തത്തിനു വഴങ്ങി നാല്പതാമത്തെ വയസ്സില്‍ വിവാഹം!

ഇപ്പോള്‍ മൂത്ത മകള്‍ക്ക് ഇരുപതു വയസ്സായിരിക്കുന്നു. വിവാഹാലോചനകള്‍ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുന്നു. കയ്യില്‍ ശേഷിപ്പോന്നും ഇല്ലെന്ന യാഥാര്‍ഥ്യം അറിയാവുന്നതുകൊണ്ടും, താന്‍ തന്നെയായിരുന്നു ഓരോ ആലോചനയും നീട്ടികൊണ്ട് പോയതും. ഇനിയും നീട്ടി കൊണ്ട് പോകാനകില്ലെന്ന ഭാര്യയുടെ വാക്കുകള്‍, പിന്നെ സഹോദരിമാരുടെ ജീവിതംഭദ്രമാക്കാനുള്ള തത്രപ്പാടില്‍ സ്വന്തം കുട്ടികളെ മറന്നു എന്നാ കുറ്റപ്പെടുത്തലുകള്‍...പോരാത്തതിന് താനും അവരെപ്പോലെ വികാരവും വിചാരവുംമുള്ള സ്ത്രീയാണെന്ന ഓര്‍മപ്പെടുത്തലും...

ഒരു ശരാശരി ഗള്‍ഫുക്കാരന്റെ ജീവിതം ഇങ്ങിനെയോക്കെയാണെന്നു, സ്വയം ഒന്ന് കൂടി ഉറപ്പിച്ചു  ശരീരത്തിലെ ഓരോ അവയവവും പെന്‍ഷന്‍ ചോദിക്കുന്നത് അറിഞ്ഞില്ലെന്ന മട്ടില്‍ ഒരു യന്ത്രം കണക്കെ രാവിലെ ഉണര്‍ന്നു, വൈകുവോളം വിയര്‍പ്പൊഴുക്കി... എല്ലാ സങ്കടങ്ങളും മറക്കാന്‍ ഒരിറുക്ക് മദ്യം.. അതിന്റെ ലഹരിയില്‍ ഉറക്കം.. 
വീണ്ടും  ഉണര്‍ന്നു ഉറങ്ങി.. ഒരു യന്ത്രം കണക്കെ തെറ്റാത്ത ദിനചര്യകള്‍...

വിസയുടെ കലാവുധി മൂന്നു മാസം കൂടി ബാക്കിയുല്ലാപ്പോഴാനു, തന്നെ, ഇനിയും കമ്പനിയില്‍ തുടരാന്‍ അധികൃതര്‍ക്ക് താല്‍പ്പര്യമില്ലെന്ന അറിയിപ്പ്  ഒരു തുലാവര്‍ഷം കണക്കെ ഇടിയും മിന്നലുമായി നെഞ്ചിൽ വന്നു വീണത്‌.....അതോടെ മകളുടെ വിവാഹത്തിന് പണം കടം തരാമെന്നു പറഞ്ഞവര്‍ ഓരോരുത്തരായി പിന്മാറാന്‍ തുടങ്ങി.

ഉറക്കമില്ലാത്ത രാത്രികള്‍.. മൂന്നു നാല് ദിവസം നീണ്ടു നിന്ന ചിന്തകള്‍ൾ ...ഒടുവില്‍ ചെന്നെത്തിയത് കമ്പനി വകയായുള്ള ഇൻഷൂറൻസിൽ . ഉദ്ദേശം അഞ്ചു ലക്ഷം രൂപയെങ്കിലും കിട്ടുമായിരിക്കും ....

പിറ്റേന്ന് ജോലി കഴിഞ്ഞു പതിവിനു വിപരീതമായി താന്‍ മാത്രം നടന്നു പോന്നു. ഷെയ്ക്ക്‌ സായെദ്‌  റോഡില്‍ തിരക്ക് ഏറി വരുന്നു...വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നുണ്ട് ...ഇതിനിടയില്‍ അപ്പുറത്തേക്ക് ഒരു കടന്നു കയറ്റം...മരണത്തിലേക്ക് ഒരു കാല്‍ വെപ്പ്....പക്ഷെ,  പാതിയറ്റ കൈ കാലുകളും ജീവന്‍ വിടാത്ത ഹൃദയവുമായി ശരീരം പിന്നെയും ബാക്കി! 
ജീവന്‍ തന്നവന് ഇനിയും തന്നോടു അനുകമ്പ തോന്നിയിട്ടില്ലായിരിക്കാം... 

പാവക്കൂത്തിലെ അണിയറ ശില്പിയെ പോലെ അവന്‍ ചരട് വലിച്ചു രസിക്കുന്നു...ആ ചരട് മുറിഞ്ഞു വീഴുന്നത് വരെ...ഇനിയും എത്ര കാലം....

2013 ജൂൺ 16, ഞായറാഴ്‌ച

ഗന്ധങ്ങൾ



ഗന്ധങ്ങൾ,
പലപ്പോഴും 
ഒരുപാട് പിറകിലേക്ക് 
കൂട്ടിക്കൊണ്ടു പോകുന്നു, നമ്മെ.

കട്ടിലിന്റെ, കസേരയുടെ 
ഒട്ടുന്ന ഗന്ധം
അതിട്ടേച്ചു പോയവരെ  
ഓര്മ്മപ്പെടുത്താറുണ്ട്..

ജൂണ്‍ മാസത്തിലെ
ചെമ്പകപ്പൂവിന്റെയും , 
പുസ്തക താളിന്റെയും, 
ഉശിരാര്ന്ന ഗന്ധങ്ങൾ 
നമ്മളറിയാതെ, 
സ്കൂളിന്റെ മുറികളിൽ 
കൊണ്ടിരുത്തിയേക്കും...

വൃത്തിയുള്ളതെങ്കിലും 
തിരക്കേറിയ വീഥി
പകര്ന്നു തരുന്ന ഗന്ധം 
വലിച്ചു കൊണ്ടുപോകുന്നത്  
ഭക്ഷണ ശാലയിലേക്കോ,  
മദ്യ ശാലയിലേക്കോ ആയിരിക്കാം 

ഗന്ധത്തിൽ 
സുഗന്ധം തേടിയാണ് 
ഏറിയ കൂറും സഞ്ചരിക്കുന്നത്..
അതുകൊണ്ടായിരിക്കാം 
പണിയെടുക്കുന്നവന്റെ ഗന്ധം 
ആരും ഇഷ്ട്ടപെടാതെ പോകുന്നത് 

അഴുകിയ ഇടവഴികൾ 
വഴിപിഴച്ച ചിന്തകൾക്കെന്നപോലെ 
വിപ്ലവത്തിന്റെ വഴിയിലേക്കും   
വെളിച്ചം തെളിച്ചേക്കും ...

ശുക്ലത്തിന്റെതുപോലെ,  
ദുര്ഗന്ധത്തിന്റെ വഴികൾ 
വെളിപാടുകളുടേതാണ് 

ഉല്പ്പത്തിയുടെതാണ്...

2013 ജൂൺ 13, വ്യാഴാഴ്‌ച

ചായില്യം

ചായില്യം 

ഈ വര്ഷത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരം തീര്ച്ചയായും അര്ഹമായ കൈകളില് തന്നെ എത്തിചേർന്നിരിക്കുന്നു എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.പൽമരാജൻ പുരസ്കാരം, ഗോവ ഫിലിം ഫെസ്റിവൽ അംഗീകാരം, നല്ല കഥ തുടങ്ങി ഏറെ പുരസ്കാരങ്ങൾ...

ഒട്ടും അതിശയോക്തിയോ,ഫുൾസ്ടോപ്പുകളോ ഇല്ലാതെ, പ്രേക്ഷകനെ മടുപ്പിക്കാതെ 
ഒരു കഥ തിരശ്ശീലയിൽ കാണിച്ചു തരിക എന്നുള്ളത് വളരെ അഭിനന്ദനാർഹം തന്നെ.

ചെറുപ്പത്തിലെ വിധവയാകേണ്ടി വരുന്ന ഒരു സ്ത്രീക്ക് സ്ത്രീയായി, തന്റെ സ്വതം സമൂഹത്തിന്റെ ജീര്ണ്ണിച്ച്ച വാദമുഖങ്ങൾക്ക് മുന്പിൽ അടിയറ വെക്കാതെ ജീവിക്കാൻ  പ്രയത്നിക്കുന്ന സ്ത്രീ മനസ്സിന്റെ കഥ പറയുന്നു ചായില്യം.

ദൈവീക വിശ്വാസം രൂഡമൂലമായിരിക്കുന്ന ഒരു സമൂഹത്തിൽ  അത് എത്രത്തോളം ഫലപ്രാപ്തിയിലെത്തുന്നു എന്ന് കാണിച്ചു തരുന്നു, ഇരിക്കൂന മണ്ണ് കോരിയെടുക്കാൻ എത്തുന്ന ജെ സി ബി ക്ക് മുന്പിൽ നായിക ദൈവ വേഷത്തിലേക്ക് പക്ര്ന്നടുമ്പോൾ,
സാഷ്ടാങ്കം പ്രണമിക്കുന്ന ജെ സി ബിയിലൂടെ.... എത് ആൾ ദൈവങ്ങല്ക്ക് മുന്പിൽലും എല്ലാ അറിവുകളും അടിയറ വെക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിന്റെ ജീർണ്ണതയെ  കാണിച്ചു തരുന്നു ഈ രംഗങ്ങൾ ...
ഒരു പക്ഷെ മണ്ണും മലകളും ഇത്തരം യന്ത്രങ്ങൾ കോരിയെടുക്കാൻ എത്തുമ്പോൾ, നമുക്കും ഉറഞ്ഞു തുള്ളെണ്ടി വന്നേക്കാം ഇത്തരം വേഷങ്ങളാൽ  ....എന്നും പറയാതെ പറഞ്ഞു വെക്കുകയാകാം സംവിധായകൻ  ഇവിടെ. അതുപോലെ ആൾ ദൈവങ്ങൾ എങ്ങിനെ രൂപപ്പെടുന്നു എന്നും, എങ്ങിനെ  വാണിജ്യവൽക്കരിക്കപെടുന്നു എന്നതിലേക്കും എത്തിനോക്കുന്നുണ്ട് ചിത്രം. 

നിഷ്കളങ്കമായ സ്നേഹത്തിന്റെ അസുലഭമായ ചില മുഹൂർത്തങ്ങൾ നമ്മിലേക്ക്‌ ശരിക്കും ആഴ്ന്നിറങ്ങുന്നുണ്ട് എന്നാ കാര്യം അത്തരം രംഗങ്ങൾ തെളിയുമ്പോൾ, മനസ്സ് നിറഞ്ഞു തുളുമ്പിയത് നമ്മോടു പറയുന്നുണ്ട്... 

ജീവിതത്തിന്റെ നേര്പതിപ്പുകൾ നിറഞ്ഞ, കാപട്യമില്ലാത്ത ഭാഷയും, വേഷങ്ങളും.ഗ്രാമീണ ദ്രിശ്യങ്ങളും, തോറ്റം പാട്ടും, വായ്താരികളും ഇടകലര്ന്ന  പാശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടിയിരിക്കുന്നു.

ഒന്ന് രണ്ടു ഇടങ്ങളിൽ പാശ്ചാത്യ സംഗീതോപകരണങ്ങളുടെ ശബ്ദം ചിത്രത്തില്, ഗ്രാമീണതയുടെ സ്ത്യസന്ധമായ നിര്മ്മിതികളെ മുറിപ്പെടുത്തുന്നോ എന്ന് കാര്യം  മാത്രമാണ് വിമർശനാൽമകമായി എനിക്ക് തോന്നിയത്.

ഒരിക്കലും അവസാനിക്കാൻ ഇഷ്ട്ടപെടാത്ത ഒരു കഥയും, കഥാപാത്രങ്ങളും നമ്മെ അവരോടൊപ്പം കൊണ്ടുപോകുന്നു. എങ്കിലും പ്രേക്ഷകന് സംതൃപ്തി നല്കിക്കൊണ്ട് തന്നെയാണ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നതും. നല്ല സിനിമയുടെ കോപ്പുകൾ ഇനിയും ബാകിയുണ്ട്‌ എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. സംവിധായകനും, പിന്നണി പ്രവര്ത്തകരോക്കെ തന്നെയും അഭിനന്ദനമർഹിക്കുന്നു... 

സംവിധായകാൻ ശ്രീ  മനോജ്‌ കാന പറഞ്ഞത് പോലെ, മനുഷ്യരുടെതായ കഥകൾ, വിഷയങ്ങള, നിറഞ്ഞ ജനകീയ സിനിമകൾ ഇനിയും പിറക്കട്ടെ. മനുഷ്യ രാശി ഇന്ന് നേരിടുന്ന സാമ്പത്തീക ആഡ്യ ത്ത്വത്തെ നമുക്ക് തക്ര്ത്തെറിയാം....

2013 ജൂൺ 3, തിങ്കളാഴ്‌ച

ഒസ്സ്യത്ത്



പകുക്കണം 
ആറാ,യീ യിരിപ്പിടം 
ആറു പേരാ,മെൻ മക്കള്ക്കായ്‌..
പ്രായമേറി,യെന്നെന്നും 
ഒര്മ്മിപ്പിചിടുന്ന-
യെന്നരുമയാം മക്കള്ക്കായ്... 

ഒന്നുമില്ലായ്മയിൽ  നിന്നും 
കുന്നായ് പൊലിച്ചത് 
മണലാരണ്യത്തിൽ 
വിയര്ത്ത് തളിര്ത്തത്....

വസ്തുവായ്‌, പണമായ് 
ആസ്തികളേറവേ 
മറന്ന ജീവിതം...
മധുര  നൊമ്പരം...

മക്കളായ്‌, മരു-
മക്കളായ്  
വളരും പേരക്കിടാങ്ങളായ് 
വിട്ടൊഴിയേണ്ടും ദിനങ്ങളായ് 

ശടിപ്പൂ മക്കൾ 
പകുത്തെടുത്തീടുവാൻ..
അവരവർക്കുള്ളിലേ-
ക്കൊതുങ്ങിക്കൂടിടുവാൻ..

ചിരിപ്പൂ..നീ 
ഭാഗ്യവതീ, 
ഇരുത്തിയെന്നെ-
ക്കടന്നുപോയവൾ... 

ചെയ്തില്ലൊരിക്കലും 
ചോദിക്കാതെ, നിന്നോട് 
വീട്ടുക്കാരീ മുറിക്കട്ടെ, 
ആറുപേരാം നമ്മൾതൻ 
മക്കള്ക്കായൊരുപോലെ-
യിന്നീയിരിപ്പിടം..  

കാഴ്ചകൾ മങ്ങുന്നൂ 
തിമിരം ബാധിച്ചുപോയ്
തനിയെ, 
ചെയ്യേണ്ടും 
കാര്യങ്ങൾ മുടങ്ങുന്നൂ..
കുഴങ്ങുന്നൂ 
ഞാനാം'അസത്തിനെ 
ഏത് 
ഒസ്സ്യത്തിൽ പെടുത്തെണ്ടൂ..!!   

പനി



ഉടലിനെക്കാളേറെ ചൂട് 
ഉള്ളിലാണ്, ഉയിരിനാണ്..

കാലാവസ്ഥ മാറിയതിന്റെയെന്ന് 
ആലസ്യമോടെ മൊഴിയുന്ന ഭാര്യ. 
പ്രണയപ്പനിയെന്നു 
കാതരമായ വാക്കാൽ 
വാചാലയാകുന്ന കാമുകി..
പകർച്ചപ്പനിയെന്നു 
പേടിയൂറുന്ന 
മിഴികളോടെ മക്കൾ...

ആവിപ്പിടിക്കവേ 
പുതപ്പിന്റെ വല്മീകത്തിൽ നിന്നും 
പൊള്ളി പിടഞ്ഞ് 
ഉയിര്ത്തതൊക്കെയും 
അക്ഷരത്തിന്റെ 
കനൽത്തുള്ളികൾ...

2013 ജൂൺ 2, ഞായറാഴ്‌ച

നിഷ്കളങ്കത


തുണിക്കടയിലെ,
ചില്ലുക്കൂട്ടിനുള്ളിൽ  
തൂങ്ങികിടക്കുന്നു, 
വർണ്ണ പകിട്ടാര്ന്ന ഒരു കുഞ്ഞുടുപ്പ്‌...
മുഖമില്ലെങ്കിലും 
എത്ര നിഷ്ക്കളങ്കത..!