2013 ജൂൺ 16, ഞായറാഴ്‌ച

ഗന്ധങ്ങൾ



ഗന്ധങ്ങൾ,
പലപ്പോഴും 
ഒരുപാട് പിറകിലേക്ക് 
കൂട്ടിക്കൊണ്ടു പോകുന്നു, നമ്മെ.

കട്ടിലിന്റെ, കസേരയുടെ 
ഒട്ടുന്ന ഗന്ധം
അതിട്ടേച്ചു പോയവരെ  
ഓര്മ്മപ്പെടുത്താറുണ്ട്..

ജൂണ്‍ മാസത്തിലെ
ചെമ്പകപ്പൂവിന്റെയും , 
പുസ്തക താളിന്റെയും, 
ഉശിരാര്ന്ന ഗന്ധങ്ങൾ 
നമ്മളറിയാതെ, 
സ്കൂളിന്റെ മുറികളിൽ 
കൊണ്ടിരുത്തിയേക്കും...

വൃത്തിയുള്ളതെങ്കിലും 
തിരക്കേറിയ വീഥി
പകര്ന്നു തരുന്ന ഗന്ധം 
വലിച്ചു കൊണ്ടുപോകുന്നത്  
ഭക്ഷണ ശാലയിലേക്കോ,  
മദ്യ ശാലയിലേക്കോ ആയിരിക്കാം 

ഗന്ധത്തിൽ 
സുഗന്ധം തേടിയാണ് 
ഏറിയ കൂറും സഞ്ചരിക്കുന്നത്..
അതുകൊണ്ടായിരിക്കാം 
പണിയെടുക്കുന്നവന്റെ ഗന്ധം 
ആരും ഇഷ്ട്ടപെടാതെ പോകുന്നത് 

അഴുകിയ ഇടവഴികൾ 
വഴിപിഴച്ച ചിന്തകൾക്കെന്നപോലെ 
വിപ്ലവത്തിന്റെ വഴിയിലേക്കും   
വെളിച്ചം തെളിച്ചേക്കും ...

ശുക്ലത്തിന്റെതുപോലെ,  
ദുര്ഗന്ധത്തിന്റെ വഴികൾ 
വെളിപാടുകളുടേതാണ് 

ഉല്പ്പത്തിയുടെതാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ