2015 മേയ് 28, വ്യാഴാഴ്‌ച

കാവലാൾ




കണ്ണടക്കാതിരിക്കുന്നു ഞാനെപ്പോഴും.
പരുന്തായ് വന്നു കൊത്തി പറന്നാലോ 
കാതുകൾ കൂർപ്പിച്ചിരിക്കുന്നു, നിശബ്ദത
 ശബ്ദമില്ലാതെ വന്നെടുത്തു പോയാലോ 

കുന്നുകൾ വന്നെപ്പൊഴാണോ 
പുഴയെ  പുതപ്പിക്കുകയും  പുക-
കുഴലുകളും യന്ത്രങ്ങളും കൊണ്ട്
പുഴുക്കളെ, പൂക്കളെ, പക്ഷിമൃഗങ്ങളെ 
കഴുകിക്കളയുന്നതെന്നുമറിയില്ല...
  
കാൽപ്പാദങ്ങളാ പുഴയിലുറപ്പിച്ചും 
കത്തും കണ്ണുകൾ കുന്നിൻ മുകളേറ്റി 
കുത്തി നിവർത്തി  വെച്ചതിനാ-
ലൊട്ടുമുറക്കം വരില്ലെന്ന നേരിലും..

എന്റെ നേരെ തൊടുക്കുവാനുള്ള 
അസ്ത്രങ്ങളത്രയും അണിയറയിൽ 
തയ്യാറാവുന്നുണ്ടെന്നറിവോടെ തന്നെ 
കണ്ണടക്കാതിരിക്കുന്നു ഞാനെപ്പൊഴും.
കണ്ണടക്കാതിരിക്കുന്നു ഞാനെപ്പൊഴും.


-ശശി കാട്ടൂർ 

2015 മേയ് 14, വ്യാഴാഴ്‌ച

തിരസ്കൃതകാലം




പൂക്കാറില്ല, 
നാളുകളേറെയായി 
വരാറില്ല 
ഈ വഴിയെ, 
ഒരു കിളിയും. 
സാന്ത്വനത്തിന്റെ തലോടലുമായി 
ഒരു 
ചെറു കാറ്റ് പോലും...!

പാദങ്ങളിലൂടെ 
തുടിച്ചു കേറി    
ഉടലിലാകെ നിറഞ്ഞു തൂവിയിരുന്ന 
പാദസരക്കാരി 
പാതാളത്തിലേക്കെങ്ങൊ 
വീണുപോയിരിക്കുന്നു 

ഈർപ്പം വറ്റിയ കാഴ്ചയും  
ധാർഷ്ട്യമേറിയ ഒച്ചകളും  
മാത്രമാണ്
അന്തിയാവും വരെയുള്ള, 
സാന്നിദ്ധ്യം.  

ചേലും ചൂരും നിറഞ്ഞ്  
പൂത്തു പൂത്തു നിന്നിരുന്ന 
പോയ കാലങ്ങളോർത്ത്‌ 
ഊർദ്ധ്വം വലിക്കലാണ് 
ഒരേയൊരു 
ജോലി. 

-ശശി കാട്ടൂർ.

2015 മേയ് 10, ഞായറാഴ്‌ച

ഭൂമി കുലുങ്ങുമ്പോൾ




ഓർമ്മയുണ്ടോ സാറേ 
ഈ മുഖം 

മിനുമിനുത്ത വലിയ കാറിൽ 
സാറിരിക്കുമ്പോൾ, വഴിവക്കിൽ 
റോസാപ്പൂവൊന്നു നീട്ടി 
വേണോന്നു ചോദിച്ചത്...
ഓർമ്മയുണ്ടോ സാറേ..

ഓർമ്മയില്ലായിരിക്കും 
സാറെന്നെ, യന്ന് ശരിക്കൊന്നു 
നോക്കിയില്ലല്ലോ..

സാറേ...
ആ പൂക്കളത്രയും വിറ്റിട്ട് വേണായിരുന്നു 
എന്റെ താഴെയുള്ളതുങ്ങൾക്ക് 
കഴിക്കാൻ വല്ലതും വാങ്ങിക്കൊടുക്കാൻ 

എന്ത് ചെയ്യാം...വണ്ടിയുടെ 
ചില്ല് താഴ്ത്താൻപ്പോലും  
ഏവർക്കും  മടിയായിരുന്നു 
വണ്ടിക്കകത്തെ കുളിര് 
പറന്നു പോയെങ്കിലോ...?

ഒർമ്മയിലില്ലാ സാറെ, എ-
ന്നമ്മയെയോ അച്ഛനെയോ... 
കുളിരു പുതച്ചുറങ്ങുവാനൊരു 
കൊച്ചു വീടിനെയോ...

കരയരുത്, സാറെ- 
ഒന്ന് ചോദിക്കട്ടെ 
ഉടഞ്ഞു കിടക്കുമീ കൂറ്റൻ 
കെട്ടിടമായിരുന്നോ സാറിന്റെ വീട്...?

ആയിരിക്കും ...അല്ലെ..
ആയിരിക്കും 

കോണ്‍ക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ 
തകർന്നു കിടക്കുന്ന 
ആ കാറിലല്ലേ, ഞാനന്ന് 
സാറിനെ കണ്ടത്.


-ശശി കാട്ടൂർ