നോക്കരുത് പിന്നിലേക്ക് നിങ്ങൾ
പിന്നിലുണ്ട് ചരിത്രങ്ങൾ...
എത്രയൊക്കെ മൂടിവെച്ചാലും
കുറിക്കു കൊള്ളുന്ന സത്യങ്ങളായി
നിങ്ങളെ, യവ വിളിച്ചെന്നിരിക്കും
ഗതി മുടക്കിയെന്നിരിക്കും
അറിവല്ല, ആയുധം
നെഞ്ചളവും കൈക്കരുത്തും
കാഴ്ചയിൽ പച്ചയും
കർമ്മത്തിൽ കത്തിയും
എന്നതത്രേ, യി-
ക്കാലത്തിൻ പ്രമാണം.
വെളുക്കുന്നതിനു മുൻപൊ,രുവൻ
തൂറിയിട്ടുപോയ മന്ത്രങ്ങളാണ്
അധികാരത്തിലേക്കുള്ളോരെളുപ്പ വഴി
അത് മുറുകെ പിടിക്കണം, നടക്കണം.
അവസരങ്ങൾക്കൊത്തു
വേഷഭൂഷാദികൾ മാറ്റണം
വർണ്ണങ്ങൾ നോക്കി
വരിയുടക്കണം
ബാങ്ക് വിളികൾക്കും,
ശാന്തി മന്ത്രങ്ങൾക്കും മീതെ
അശാന്തി അലയടിക്കട്ടെ.....
മർഗ്ഗമല്ലല്ലൊ
ലക്ഷ്യമല്ലേ, നമു-
ക്കിന്ന് പ്രധാനം.
-ശശി കാട്ടൂർ.