നിന്റെ വിയർപ്പിന്റെ ഗന്ധം
എനിക്കെത്ര ആസ്വാദ്യകര-
മായിരുന്നെന്നോ...
രാവേറെ വൈകിയാലും
നീ നടന്നു തീർത്ത ഗന്ധങ്ങളോരോന്നും
എന്നിലേക്ക് അഴിച്ചടുക്കുമ്പോൾ
തീർത്തും, ഉന്മാദം കൊള്ളു-
മായിരുന്നു ഞാൻ.
തിരികെയുള്ള നിന്റെ പോക്കുണ്ടല്ലോ
ശരിക്കും സങ്കടം തന്നെയാണ് കേട്ടോ....
നീ പോകുന്നതോടെ
എവിടെയെങ്കിലും എന്നെ
കൊണ്ട് കളയുമോ....? അതോ
മറ്റാർക്കെങ്കിലും കൈമാറുമോ
നിങ്ങൾ മനുഷ്യർക്ക്
ഉപയോഗം കഴിഞ്ഞാൽ
കളയേണ്ട വസ്തുക്കൾ മാത്രമല്ലേ, ഞങ്ങൾ...!
നിങ്ങളുടെ ഭാഷയും വിരുതും
വശമുണ്ടായിരുന്നെങ്കിൽ
നിന്റെ അടിവസ്ത്രങ്ങളൊക്കെയും
കാമാതുരനായ ഒരുവനെപ്പോലെ
നിശ്ശബ്ദം ഒളിപ്പിച്ചു വെച്ചേനെ,
നിന്റെ ഗന്ധത്തിലലിഞ്ഞ്
ഒരിക്കലും വേർപിരിയാൻ
കഴിയാത്ത വിധത്തിൽ.
-ശശി കാട്ടൂർ