നിനച്ചിരിക്കാതെയാണ്
പേമാരി വന്നത്.
അത്,
ഒരു പ്രളയത്തിന്റെ തുടക്കമായിരുന്നു
സർവ്വവും നശിച്ചിരിക്കുന്നു
മണ്ണും, മലയും, മരങ്ങളും
മനുഷ്യനും മൃഗങ്ങളും, പക്ഷികളും
എല്ലാം..എല്ലാം.....
ഓർമ്മ വരുമ്പോൾ.
ചു റ്റും ശൂന്യത,
ജഡങ്ങൾ...
അരിച്ചെത്തുന്ന കാറ്റിനു പോലും നിശബ്ദത
തിരകൾ വന്ന്
കരക്കുപേക്ഷിച്ച പോലെ,
അയാൾ മാത്രം
എത്ര ദിവസം കിടന്നെന്നറിയില്ല...
ജീവന്റെ ചൂടൊന്ന്
കാതിൽ മുട്ടിയപ്പോഴാണ്
ഉണർന്നതെന്ന് തോന്നുന്നു.
അയാൾ കണ്ടു
ഒരു സ്ത്രീയെ, അവൾ
പൂർണ്ണ നഗ്നയായിരുന്നു
നാണത്തോടെ
സ്വയമേ നോക്കിയപ്പോഴാണ്
താനും നഗ്നനാണല്ലോ
എന്നറിഞ്ഞത്.
അവൾ..
ഓർമ്മയിൽ തെളിയുന്നുണ്ട്
പേരും ഊരും വീടും..
അവളൊരു ,
മുസ്ലീം ആയിരുന്നില്ലേ....
താൻ, ആഡ്യനായ ഒരു ഹിന്ദുവും.
"എല്ലാം നശിച്ചിരിക്കുന്നു
നാടും, വീടും
മാതാപിതാക്കളും, കുട്ടികളും..."
രണ്ടു പേരും പറഞ്ഞത്
ഒരേ സമയത്തായിരുന്നു....
" എല്ലാം നശിച്ചിരിക്കുന്നു "
എന്റെ ജാതിയും, നിന്റെ ജാതിയും.
നോക്കു,
നമ്മൾ ഇപ്പോൾ നഗ്നരാണ്..
നഗ്നരായ മനുഷ്യർ.
സ്ത്രീയും പുരുഷനും എന്ന ഭേദം മാത്രം "
അയാൾ അവളിലേക്കും
അവൾ അയാളിലേക്കും ചാഞ്ഞു.
പ്രപഞ്ചം
പുനർന്നിർമ്മിതിയിൽ എർപ്പെട്ടു.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ