2013 ഏപ്രിൽ 21, ഞായറാഴ്‌ച

കാളിയാവുക



പെങ്ങളെ,
നിന്നെ 
തനിയെ ഞാൻ യാത്രയാക്കീടുവതെങ്ങിനെ 
മാംസ ദാഹം പെരുത്ത കാലൻ കഴുകുകൾ.. 
നിന്റെ വീഥിയിൽ 
 മുഴുക്കെ പിളര്ന്ന ചുണ്ടുമായ് 
കാത്തു, കാത്തിരിപ്പുണ്ടറിവേൻ... 

സര്പ്പ വക്ത്രത്തെ, വ്രണത്തിനെ  
ശുഭ്രമാം ചിരിയിൽ പൊതിഞ്ഞ് 
അമൃത കുംഭത്തിനായ് പായും 
നമ്ര ശിരസ്ക്കരാം സേവകർ..  
നിയമത്തെ കയ്യിലെടുത്ത കരിമ്പൂതങ്ങൾ 
കാപാലികർ... !

ജീവിത വീഥിയിൽ 
നേർവഴി വിരിക്കേണ്ട നാഥന്മാർ 
ഗുരു, പിതൃക്കളദ്ധ്യാപകർ..  
ഭോഗ തൃഷ്ണയിൽ 
ദൃഷ്ട്ടികൾ പായിച്ചു 
നേരുകൾ കാണാതെ,യന്യന്റെ-
ശ്വാസം കുടിക്കുന്ന രോഗികൾ 
പെണ്ണെന്നു കേള്ക്കെ 
കിടപ്പറ നണ്ണുന്ന ദേഹപ്പകുതികൾ

പെങ്ങളേ 
നിന്നെ
തനിയെ ഞാൻ യാത്രയാക്കീടുവതെങ്ങിനെ..?

ഭയമുണ്ടെനിക്കി-
ന്നെങ്കിലും സോദരീ...  
നിന്നെ അയക്കാതിരിക്കുന്നതെങ്ങിനെ
ഭൂമിയിൽ 
സ്വന്തമാം വേരുകളാഴ്ത്തി 
നിൽക്കേണ്ടവളല്ലോ നീ 

പെങ്ങളെ, യിനി നടക്കുക 
വിങ്ങുമീ വാക്കുകളോര്ക്കുക.. 
നടക്കും വഴിയി-
ലിരുളിൽ വെളിച്ചം തിരക്കുക 
നിത്യം കണ്ടിടുമോരോ മുഖത്തിലും 
ചിരിക്കും ചിരിയിലും 
കൊഞ്ചും മൊഴിയിലും 
ഉഗ്ര-
വിഷമുണ്ടെന്ന് നിനക്കുക... 

ആസുര ലോകമാണിതെന്നതോർക്കുക
മോഹിനീ രൂപം വെടിഞ്ഞിനി 
കണ്‍കളിൽ 
പന്തമാളിക്കുക... 
കയ്യിൽ 
പടവാളെടുക്കുക   
കണ്ണകിയാവുക... 
കരാള 
വദനയായലറി 
നീ, രുദ്ര-
മഹാക്കാളിയാവുക...   !!
 
(1992സൂര്യനെല്ലി സംഭവിച്ചപ്പോൾ എഴുതിയതു.)

2013 ഏപ്രിൽ 9, ചൊവ്വാഴ്ച

സഹചാരി

 

എന്തിനാണ് 
നീ 
എന്നെ വിടാതെ പിന്തുടരുന്നത് 
ചിലപ്പോൾ 
എനിക്ക് മുന്പിൽ 
അല്ലെങ്കിൽ പിന്പിൽ 
അതുമല്ലെങ്കിൽ 
ഒരു വൃത്തം കണക്കെ 
ഒരുവേള
വശങ്ങളിലേക്ക്.. 

ദൈവത്തിന് സ്തുതി !

നിനക്ക് 
മിണ്ടാൻ കഴിയാത്തത് 
എന്റെ ഭാഗ്യം 

ഞാൻ ഉണ്ടാക്കിയെടുത്ത 
അലങ്കാരങ്ങളൊന്നും  
അഴിഞ്ഞു വീണില്ലല്ലോ .!

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

മറഞ്ഞുപോകുമ്പോൾ .

 

ഇനിയില്ല നീയവിടെ 
വിടര്ന്ന ചിരിയുമായുമ്മറ-
പ്പടിയിൽ കാത്തു നിന്നീടുവാൻ.. 

ഇനിയില്ല നീയവിടെ 
ഇനിമയൂറുന്ന വാക്കുമാ-
യകത്തേക്കിരുത്തുവാൻ... 

ഇനിയില്ല നീയവിടെ 
വേനലവധി വന്നെത്തുമ്പോൾ 
സൂക്ഷിച്ചു വെച്ചൊരാ, നാട്ടു-
മാങ്ങയെടുത്ത് തന്നീടുവാൻ...  

ഇനിയില്ല നീയവിടെ 
തിരികെ വീട്ടിലേക്കു ഞാൻ 
പോരുമ്പോളിതു "വിഷുവിന്നു 
പൂത്തിരി കത്തിക്കുവാ"നെന്നു 
ചൊല്ലി, നാണയ തുട്ടുകൾ 
കൈവെള്ളയിൽ വെച്ചീടുവാൻ..  

ഇനിയില്ല നീയവിടെ, ഞാ-
നീ മരുഭൂവിൽ നിന്നുമ-
ങ്ങെത്തുമ്പോ,ളെന്റെ ബാല്യകാല
കുസൃതികൾ ചികഞ്ഞെടുത്തീടുവാൻ... 

ഇനിയില്ല നീയവിടെ 
ഇനിയൊന്നു കാണുവാൻ 
ഇനിയൊന്നു കേള്ക്കുവാൻ 
ഇനിയില്ല, ഇനിയില്ല...

ഇനിയില്ല നീയവിടെ
ഇനിയില്ലീ ഭൂവിൽ, 
ഇനി, നീ 
ഞങ്ങള്ക്കൊരോര്മ്മയാകുന്നു
ഇന്നലെവരെ,യിങ്ങുണ്ടായിരു-
ന്നെന്നൊരോർമ്മ...ഓര്മ്മ .!