2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

മറഞ്ഞുപോകുമ്പോൾ .

 

ഇനിയില്ല നീയവിടെ 
വിടര്ന്ന ചിരിയുമായുമ്മറ-
പ്പടിയിൽ കാത്തു നിന്നീടുവാൻ.. 

ഇനിയില്ല നീയവിടെ 
ഇനിമയൂറുന്ന വാക്കുമാ-
യകത്തേക്കിരുത്തുവാൻ... 

ഇനിയില്ല നീയവിടെ 
വേനലവധി വന്നെത്തുമ്പോൾ 
സൂക്ഷിച്ചു വെച്ചൊരാ, നാട്ടു-
മാങ്ങയെടുത്ത് തന്നീടുവാൻ...  

ഇനിയില്ല നീയവിടെ 
തിരികെ വീട്ടിലേക്കു ഞാൻ 
പോരുമ്പോളിതു "വിഷുവിന്നു 
പൂത്തിരി കത്തിക്കുവാ"നെന്നു 
ചൊല്ലി, നാണയ തുട്ടുകൾ 
കൈവെള്ളയിൽ വെച്ചീടുവാൻ..  

ഇനിയില്ല നീയവിടെ, ഞാ-
നീ മരുഭൂവിൽ നിന്നുമ-
ങ്ങെത്തുമ്പോ,ളെന്റെ ബാല്യകാല
കുസൃതികൾ ചികഞ്ഞെടുത്തീടുവാൻ... 

ഇനിയില്ല നീയവിടെ 
ഇനിയൊന്നു കാണുവാൻ 
ഇനിയൊന്നു കേള്ക്കുവാൻ 
ഇനിയില്ല, ഇനിയില്ല...

ഇനിയില്ല നീയവിടെ
ഇനിയില്ലീ ഭൂവിൽ, 
ഇനി, നീ 
ഞങ്ങള്ക്കൊരോര്മ്മയാകുന്നു
ഇന്നലെവരെ,യിങ്ങുണ്ടായിരു-
ന്നെന്നൊരോർമ്മ...ഓര്മ്മ .!       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ