2013 ഡിസംബർ 16, തിങ്കളാഴ്‌ച

വളര്‍ച്ച (വരള്‍ച്ച)



വിത പോയി 
കൊയ്ത്തു പോയി 
ഉരലു പോയി 
മുറം പോയി 
പുക പിടിച്ചു 
മുഖം കറുത്ത് 
കരിപിടിച്ചു 
പോകാന്‍ മടിച്ചു 

മടിച്ച്......

വീടിന്റെ കോണിലായ്‌  
നില്ക്കുന്നു 
അധ:കൃതയെപ്പോല്‍  
അടുക്കള.

വേശ്യ



തെണ്ടി തിരഞ്ഞു നടക്കുന്നുണ്ട് 
ഒരു കവിത 
മുറുക്കിച്ചുവപ്പിച്ചു 
മുല്ലപ്പൂ ചൂടി 

ഞാനോന്നെ നോക്കിയുള്ളൂ 
വയ്യ,
അവളുടെ കണ്ണില്‍ നോക്കാന്‍ 

ഒരിക്കല്‍,
വിളിച്ചുകൊണ്ടു പോയതോര്‍മ്മയുണ്ട്..
ചപ്പിയ പഴമാങ്ങപോലെ
കാര്യം കഴിഞ്ഞു 
കുടഞ്ഞെറിഞ്ഞതും...

ഇപ്പോഴും 
നോട്ടം എന്നെ ത്തന്നെ 
പോണോ...?
പോയാലോ,
ഇത്തിരി വേദനിച്ചെങ്കിലെന്ത് ..!!

പക്ഷിയുടെ പാട്ട്

പാടുക പക്ഷീ 
കൂടും മറന്നു പറന്നകലുന്ന പക്ഷീ 
വേടന്റെയമ്പിന്റെ,
ആഴമളന്നകന്നു പോകുന്ന പക്ഷീ 
പാടുക, 
ഹരിതഭംഗിയാര്‍ന്ന നിന് സ്വരത്തിനാല്‍ 
കാടിന്റെ ചരിതങ്ങളൊക്കെയും...

ഇല്ലില്ല ചേക്കേറുവാന്‍ ചില്ലകള്‍ 
തുള്ളി കളിക്കുന്ന വല്ലികള്‍, തടം-
തല്ലിയൊഴുകുന്ന ചോലകള്‍, പ്രണയ-
മന്ത്രമുരുക്കഴിക്കുന്ന കാറ്റുകള്‍...   

ഇല്ലില്ലിനിയുമീ ശീതള ഛായകള്‍, 
കണ്‍കളില്‍, ഹിമകണം പൊഴി-
ച്ചുണര്‍വേകിയ പച്ചപ്പുല്‍മേടുകള്‍
പുണരാന്‍ കൊതിക്കുമാദിമ താളങ്ങള്‍..

ഇല്ലില്ല ശാന്തി നികേതങ്ങള്‍
വല്ലായ്മയില്‍ ചിന്തയെ പറപ്പിച്ചു 
നിശ്ശബ്ദമിരിക്കുവാന്‍ പോന്ന 
വല്മീകങ്ങള്‍...

ഇല്ലില്ല, വിശപ്പൊടുങ്ങി മയങ്ങുന്ന 
ദംഷ്ട്രകള്‍, ചുട്ടുപൊള്ളുന്ന വറുതിയില്‍ 
ചുട്ടു തിന്നാന്‍ കൊതിക്കുന്ന കനികള്‍ 
പൊട്ടിയുണരുന്ന മണ്ണിന്റെ മധുരങ്ങള്‍...
 
കാടും മുറിച്ചു കടന്നു വരുന്ന വേടന്റെ 
വില്ലിന്‍  പ്രകമ്പനം കേട്ടു നടുങ്ങുന്നൂ 
കല്ലും കരിയുന്നു,...ഇല്ലില്ല ജീവനം 
ഇവിടെയിനിയെന്നുള്ളവും തേങ്ങുന്നു...!

ബോധത്തിലഴല്‍ ചിമ്മി നില്ക്കുന്ന ചങ്ങാതീ 
ചേതനയിലൊരു നുള്ളു നൊമ്പരവുമായി ഞാന്‍ 
മധുരമീ പാട്ടുമിവിടെ ഉപേക്ഷിച്ചു,  പോകട്ടെ, 
ഗതകാല സ്മരണ തന്‍ കാന്തിയും നെഞ്ചേറ്റി

മലമ്പുഴ യക്ഷി



പത്താംക്ലാസ്സില്‍ 
പഠിക്കുമ്പോഴാണ് 
ടൂര് പോയി വന്ന 
ചങ്ങാതിയുടെ വര്‍ണ്ണനയില്‍ 
ഉരുണ്ട മുലകളും 
അകത്തിവെച്ച തുടകളും 
നനുത്ത അടിവയറും 
മനസ്സിലാകെ
ഓളങ്ങള്‍ തീര്ത്തത്.. 

ഈയടുത്താണ് 
മലമ്പുഴയില്‍ ചെന്നത് 
പതിനാലും പതിനഞ്ചും 
വയസ്സ് ചെന്ന 
ആണ്‍കുട്ടികള്‍  
ചാഞ്ഞും ചെരിഞ്ഞും നോക്കി 
ആസ്വദിക്കുന്നുണ്ട്  
കാമറയില്‍ 
പകര്ത്തുന്നുണ്ട്....

മനസ്സിനെ മഥിക്കാന്‍ പോന്ന 
ഒന്നാന്തരം ശില്പ്പം 
പതിനഞ്ചാം വയസ്സില്‍ 
കൊതിപ്പിച്ചവള്‍ 
കാമന്റെ കണ്ണേറ് കൊണ്ട്, 
കല്ലിലും  
പൂത്തുലഞ്ഞിരിക്കുന്നവള്‍

ലേഖനം - ആള്‍ ദൈവങ്ങള്‍ ആളെ വിഴുങ്ങുമ്പോള്‍



കേരളം ഭ്രാന്താലയമാണെന്ന്  സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് തീര്ത്തും ശരി വക്കു ന്ന കാഴ്ചകള്‍ തന്നെയാണ്, കേരളം ഇന്ന് കാണുന്നത്. വിദ്യാഭ്യാസപരമായം മറ്റും ഏറെ മുനപന്തിയില്‍ നില്‍ക്കുമ്പോഴും ആത്മീയ അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും പുറകെ പായുന്ന ഒരു കൂട്ടം ആളുകളുടെ കേന്ദ്രം കൂടിയായി മാറിയിരിക്കുന്നു, കേരളം.

ഒരു തലമുറ പുറകിലേക് നോക്കുമ്പോള്‍ പോലും ഇല്ലാതിരുന്ന അത്രയും ആള്‍ ദൈവങ്ങള്‍ ഇന്ന് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും മുളച്ചു പൊന്തിക്കൊണ്ടിരിക്കുന്നു. ഇത്രമേല്‍ പുരോഗമനപരവും, ശാസ്ത്രാഭിമുഖ്യവും, ഉയര്ന്ന വിദ്യാഭ്യാസ നിലവാരവും പുലര്ത്തുന്ന ഒരു ജനതക്കിടയില്‍ എന്തുകൊണ്ട് ഇത്തരം ആത്മീയ വ്യവസായങ്ങള്‍ക്ക് വേരോട്ടമുണ്ടാകുന്നു  എന്നത് മനശാസ്ത്രപരമായ പഠനം വേണ്ട വിഷയമാണെന്ന് തോന്നുന്നു.

മറ്റൊരു വസ്ത്തുത ഇത്തരം ആള്‍ ദൈവങ്ങളെ കൊണ്ട് നടക്കുന്നതും, ഉയര്‍ത്തി  ക്കാണിക്കുന്നതും, ഏറിയകൂറും ദാരിദ്ര്യം അനുഭവികുന്നവരോ, സാധാരണക്കാരോ അല്ലെന്നുള്ളതും അതിലുപരി സാമ്പത്തീക സ്ഥിതി ഉയര്ന്നവരാണെന്നതുമാണ്.
വിദ്യാഭ്യാസവും ഉയര്ന്ന തൊഴിലും, അതിനനുസരിച്ചു സാമ്പത്തീക വളര്ച്ചയും കൈവരിച്ചപ്പോള്‍ എത്തിപിടിക്കാന്‍ വെമ്പുന്ന സീമയില്ലാത്തെ ആഗ്രഹങ്ങളാല്‍  മന:സംതൃപ്തി നഷ്ട്ടപ്പെട്ടതുകൊണ്ടായിരിക്കുമോ ...? എങ്കില്‍ അതിനു വേണ്ടത് യഥാ ര്‍ത്ത ജ്ഞാനമാണ്. അത് ചൊല്ലി കൊടുക്കാന്‍ ഉതകുന്ന ജ്ഞാനികളെയാണ്.

പല സ്വാമിമാരെയും, അവരുടെ ആത്മീയ കേന്ദ്രങ്ങളെയും, നേരും നെറിയും കെട്ട പ്രവര്‍ത്തികളെയും, പലപ്പോഴും മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ട് വന്നിട്ടും, നമ്മള്‍ ഒന്നും പഠിച്ചില്ലെന്നു വേണം കരുതാന്‍.  കപട സദാചാരത്തിന്റെതുപോലെ തന്നെ,  സാക്ഷര കേരളത്തിന്റെ ബലമിലാത്ത മനസ്സുകളുടെ, മറ്റൊരു മുഖം.

ചിലര് മനസ്സമാധാനത്തിന്റെ പര്യായമായി, ചിലര് സാമ്പത്തീക ഉയര്ച്ച്ചുകുള്ള ഏണി യുമായി, മറ്റു ചിലര് രോഗ വിമുകതിയുടെ മന്ത്രങ്ങളുമായി...അങ്ങിനെ അങ്ങിനെ പല പല മുഖങ്ങളിലൂടെയാണ് ഇവര ആളുകളിലേക്ക്‌ എത്തുന്നത്..

 ഇവരുടെ ആശയങ്ങള്‍ എത്രയും പെട്ടെന്ന് ആളുകളിലെക് എത്താനുള്ള ഒരു മാര്ഗ്ഗമായി ഇന്ന് ചിലര് "യോഗയെ" തിരഞ്ഞെടുത്തതായി കാണാന്‍ കഴിയും. അതിന്റെ ആദ്യപടിയായി, പ്രസ്തുത സംഘത്തിന്റെ ശിഷ്യരായി പ്രവര്ത്തിക്കുന്ന പുരുഷന്മാരിലൂടെയും സ്ത്രീകളിലൂടെയും,  സൗജന്യമായി യോഗ പഠിപ്പിക്കുക എന്നതാണ്. അതിലൂടെ ഈ കേന്ദ്രവുമായി മാനസ്സീകമായ അടുപ്പമുണ്ടാകിയെടുക്കുന്നു.   യോഗയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍, പിന്നീട് വരുന്ന ഓരോ ക്ലാസ്സിനും ദക്ഷിണ എര്പ്പെടുത്തുകയും അതിലൂടെ പണവും ആള്ബലവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

യോഗ എന്നത് ഇക്കാലത്ത് ശാരീരികമായും, മാനസീകമായും, ഉണര്‍വ്വിനുള്ള ഒരു ക്രിയയായി, അന്ഗീകരിക്കുമ്പോള്‍ തന്നെ അതിലൂടെ വന്നു ഭവിക്കുന്ന ചൂഷണങ്ങളെ കരുതിയിരിക്കേണ്ടതുണ്ട്. മനുഷ്യന്റെ ദുര്ബലമായ വികാരങ്ങളെയും, അടിസ്ഥാനപരമായ ആവശ്യങ്ങളെയും, കണ്ടറിഞ്ഞു ചൂഷണം ചെയ്യുന്നതിലൂടെയാണ് ഇത്തരം പല കേന്ദ്രങ്ങളും വളര്ന്നു വലുതായിട്ടുള്ളത് എന്ന  കാര്യം വിസ്മരിച്ചുകൂടാ.

കേരളത്തിന്റെ സാംസ്കാരിക പൂമുഖത്തു ഇത്തികണ്ണി പോലെ പന്തലിച്ചു കൊണ്ടിരിക്കുന്ന  ഇത്തരം ആത്മീയ വ്യവസായ കേന്ദ്രങ്ങളെ തടയിടേണ്ടത്,  യദാര്‍ത്ത ദൈവ വിശ്വാസിയെങ്കില്‍ അവന്റെയും അതുപോലെ, വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍  പ്രവര്ത്തിക്കുന്ന ഓരോരുത്തരുടെയും കടമ തന്നെയാണ്.

2013 നവംബർ 27, ബുധനാഴ്‌ച

കവിത - ചൂട്ട്



ചൂട്ടും കത്തിച്ചു പിടിച്ചു 
വരുന്നുണ്ട്
കൈമോശം വന്നുപോയ 
കവിതയൊരെണ്ണം 

മെല്ലെ വീശുമ്പോൾ 
ഇരുട്ടിൽ 
ചൂട്ടിൻ തലപ്പൊന്ന്-  
കാണേണ്ടതാണ് 

മിഴിച്ചു നോക്കുന്നു 
പുലിക്കണ്ണ്,  
വന്ന വഴിയെ മടങ്ങുന്ന  
കറുകറുത്ത ഒറ്റയാൻ
മാളത്തിലേക്ക്    
ഒലിച്ചിറങ്ങുന്ന വിഷപ്പാമ്പ്...

ഇരുട്ടിനെ പൊള്ളിച്ച്
ചിതറിത്തെറിക്കുന്നുണ്ട് 
ഇടയ്ക്കിടെ 
കനൽച്ചീളുകൾ...

കറുപ്പ് കെട്ടിയ 
കണ്ണിനു മീതെ 
തെളിഞ്ഞു വരുന്നുണ്ട് 
വഴികൾ..!  

2013 നവംബർ 17, ഞായറാഴ്‌ച

കഥ- കൊച്ചു കൊച്ചു സന്ദേഹങ്ങൾ.


ഉറക്കമുണരാൻ വൈകി.
വളരെ നേരത്തെ കാത്തു കിടപ്പിന്  ശേഷം വെളുപ്പാൻ കാലത്താണ് ഒന്ന് കണ്ണടച്ചത് .

കാലിനു വല്ലാത്ത വേദന. എണീക്കാൻ കഴിയുന്നില്ല. രാത്രിയിൽ ആണ് കാല്പാദം നീര് വന്നു വീര്തത്...നിലത്തു ഉറപ്പിച്ചു ചവിട്ടാൻ കഴിയാതെ, ഒരു വിധം കട്ടിലിലെക്കെത്തി. പത്തിരുപതു വർഷത്തെ ഗൾഫ്‌ ജീവിതത്തിന്റെ സമ്പാദ്യങ്ങളിൽ ഒന്ന്.

കിടന്നിടത്തു തന്നെ കയ്യെത്തിച്ച് മൊബൈൽ എടുത്തു നോക്കി...സമയം ഏഴു മണി. വീട്ടിലേക്കു വിളിക്കാറുള്ള സമയം കഴിഞ്ഞു. നിത്യവും അഞ്ചു മണിക്ക് ഉണർന്നാൽ ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന്. മക്കൾ സ്കൂളിൽ പോകുന്നതിനു മുന്പ് അവരുമായി സംസാരിക്കുക എന്നതാണ്, ഇടയിൽ  ഭാര്യയോടു വിശേഷങ്ങള തിരക്കും. പിന്നെ, ജോലി സ്ഥലത്തെത്തി അത്യാവശ്യം തിരക്കൊക്കെ തീര്ന്നതിനു ശേഷമാണ് വിശദമായ വിളിയും സംസാരവും.

ഇന്ന് ആ സമയത്ത് ഉണര്ന്നില്ല, വിളിച്ചില്ല.  
വിളിക്കാമെന്ന് കരുതി, കാലിലെ വേദനയെ അമര്ത്തി പ്പിടിച്ചു എണീറ്റിരിക്കാൻ ശ്രമിച്ചു....ഓ..വയ്യ....!

കിടന്നു കൊണ്ട്  തന്നെ മൊബൈൽ എടുത്ത് വീടിലേക്കുള്ള നമ്പറിൽ വിരലമർത്തി ...

നാശം...പൈസ തീര്ന്നിരിക്കുന്നു. 

പുറത്തു പോയി കാർഡ് വാങ്ങിക്കാനാണെങ്കിൽ, വലതു കാൽ ഒരു നിലക്കും സമ്മതിക്കുന്നില്ല. കുറച്ചു കഴിഞ്ഞ് ജോലി സ്ഥലത്ത് നിന്ന് ആരെങ്കിലും വിളിക്കും, ചെല്ലാത്തതെ പറ്റി അറിയാൻ. അവരോടു പറഞ്ഞു പൈസ കേറ്റാം. 

വീണ്ടും ഉറക്കത്തിലേക്കു വീഴുന്നതിനിടക്കാണ്, മൊബൈൽ ശബ്ദിച്ചത്.
വീട്ടിൽ നിന്നായിരിക്കും, പതിവ് സമയത്തുള്ള വിളി കാണാതായപ്പോ...അവൾ വിളിക്കുന്നതായിരിക്കും, പാവം!

അല്ല., ജോലി സ്ഥലത്തുനിന്നു മാനേജർ ആണ്. കാര്യം പറഞ്ഞു., രണ്ടു ദിവസത്തേക്ക് അവധിയായിരിക്കുമെന്നും. അനിലിനോട് എന്നെ വിളിക്കാൻ പറയണമെന്ന് കരുതി...അപ്പോഴേക്കും അദ്ദേഹം, ഫോണ്‍ കട്ടാക്കി. രാത്രിയായിട്ടും അനിലോ, സ്ഥിരം വിളിക്കാറുള്ള പ്രമോദോ  വിളിച്ചില്ല.

വീട്ടിലേക്കു വിളിക്കാൻ, പുറത്തു പോയി ഒരു ടെലിഫോണ്‍ കാർഡ് വാങ്ങണമെന്നുണ്ടായിരുന്നു . പക്ഷെ, എണീക്കാനുള്ള ശ്രമം പോലും കാലിലെ വേദന കൊണ്ട് പാഴായി.

പിന്നെ, പതിവ് വിളി കാണാതാകുമ്പോ രാവിലെ വിട്ടിൽ നിന്നും ഇങ്ങോട്ട് വിളിക്കും  എന്ന് സ്വയം ആശ്വാസം കൊണ്ടു. 
 
മക്കളെ സ്വപ്നം കണ്ടു കൊണ്ടാണ് ഉണര്ന്നത്.  ഇന്നലത്തെ പോലെ തന്നെ ഇന്നും വൈകിയിരിക്കുന്നു. 

കാലിലെ വേദന അല്പ്പം കുറഞ്ഞത്‌ പോലെ തോന്നുന്നു. പക്ഷെ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഉച്ചയായപ്പോഴേക്കും, മാംസത്തെ തുളക്കുന്ന വേദന സഹിച്ചാൽ, കുറേശ്ശെ നടക്കാമെന്നായി.

മെല്ലെ മെല്ലെ നടന്നു, കടയിൽ  പോയി ടെലിഫോണ്‍ കാര്ഡ് ഒന്ന് വാങ്ങി.
സമയം രണ്ടര കഴിഞ്ഞിരിക്കുന്നു...നാട്ടിൽ സമയം നാലര, മക്കൾ സ്കൂളിൽ നിന്നും വന്നു കാണും.

ഫോണെടുത്തത് മകളായിരുന്നു. ഓരോരുത്തരുമായി സംസാരിച്ചു. 
രണ്ടു ദിവസത്തെ പതിവ് വിളി കാണാതായതെ പറ്റി "ജോലി തിരക്കായിരുന്നോ..." എന്ന് മാത്രം ഭാര്യ ചോദിച്ചു.

"ഉം" ഒരു മൂളലിൽ അതിനുള്ള മറുപടിയും. കാലിലെ വേദന കൊണ്ടോ, മനസ്സിന്റെ വിഷമം കൊണ്ടോ കണ്ണുകൾ നിറഞ്ഞു.

കാലിലെ നീർ ക്കെട്ടിനെ പറ്റി,വേദനയെ പറ്റി,   എന്തോ ഒന്നും പറയാൻ തോന്നിയില്ല. അല്ല, അത് പറഞ്ഞു അവരെ കൂടി സങ്കടെപ്പെടുത്തേണ്ടല്ലോ. ഫോണ്‍ കട്ട് ചെയ്തു.

2013 നവംബർ 9, ശനിയാഴ്‌ച

കുമ്പസ്സാരം



നെഞ്ചിൽ കവിത വന്നു
മുട്ടുമ്പോൾ 
ചിരിക്കാനല്പ്പം പിശുക്കാണ്.
സംസാരിക്കുവാനും 

തെറ്റ് എന്റേതല്ല 
കാലവും നേരവും നോക്കാതെ 
കയറി വരുന്ന 
ഈ ഒരുമ്പെട്ടോളുടേതാണ് 

ഓഫീസിലെ തിരക്കിൽ 
ട്രാഫിക്കിലെ നിൽപ്പിൽ 
ഉണ്ണാനിരിക്കുന്ന ഇരുപ്പിൽ 
ഉച്ചവെയിൽക്കൊണ്ട്
നടക്കും നടപ്പിൽ...
പതുങ്ങി വന്ന് 
ചുണ്ടിൽ തത്തി കളിക്കും ...
കണ്ണിൽ ഇരുട്ട് നിറയ്ക്കും 
സുരതത്തിന്റെ
കാണാക്കയങ്ങളിലേക്ക് 
എടുത്തുകൊണ്ടുപോകും...
ലഹരിയുടെ 
ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ 
കണ്ടാലും 
നിങ്ങളെ  അറിഞ്ഞില്ലെന്നു വരും...

തെറ്റ് എന്റേതല്ല 
കാലവും നേരവും നോക്കാതെ 
കയറി വരുന്ന 
ഈ ഒരുമ്പെട്ടോളുടേതാണ് 

കൂട്ടുകാരെ, 
നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക 
ബോധത്തിലുറച്ചില്ലെങ്കിലും
ഞാൻ കേൾക്കുന്നുണ്ടായിരിക്കും...

2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

അമ്പട ഞാനേ...!!



മൂട്ടിൽ
ഫുട്ബോൾ കണക്കെ
തുന്നലില്ലാത്ത ഒരു ട്രൌസറായിരുന്നു
കുട്ടിക്കാലത്തെ,
 എന്റെ സ്വപ്നങ്ങളിലൊന്ന്..

വർഷത്തിൽ രണ്ടു തവണ 
വിദ്യാലയാങ്കണത്തിൽ 
പ്രദര്ശിപ്പിക്കുന്ന സിനിമക്ക് 
അൻപത് പൈസ കൊടുക്കുവാനില്ലാതെ 
വീടിന്റെ കോലായിൽ, 
കരിക്കട്ടയാൽ ജയനെയും നസീറിനെയും 
കോറി വരച്ചു 
കണ്ണിലെ സങ്കടത്തെ മറികടക്കുമ്പോഴും 
സൂട്ടും കോട്ടും ധരിച്ച 
മുതിര്ന്ന ഞാനായിരുന്നു മനസ്സില്...

അച്ചൻ കിടപ്പിലായപ്പോഴാണ് 
നാട്ടിലെ ചിലർ കുടിച്ചു തീര്ക്കുന്ന 
മദ്യത്തിന്റെ പണമുണ്ടായിരുന്നെങ്കിൽ 
അച്ഛനു മരുന്നും,
വീട്ടിലേക്കു അരിയും വാങ്ങാമായിരുന്നെന്നു 
തോന്നി തുടങ്ങിയത്...

കാലങ്ങൾ പോകെ, പോകെ..
ഞാനൊരു ഗൾഫുകാരനായി, 
വീടായി, വസ്തുവായി,
ബൈക്കായി, കാറായി...
ഞാനുമൊരാളായി ...

നാട്ടിലെ ചൂട്,
കൊതുക്, പാറ്റ, ഈച്ച 
അപരിഷ്കൃതരായ ആളുകള്....
നാട് വികസിച്ച്ചേ പറ്റു..

പച്ച നിറഞ്ഞ ഇടവഴികൾ 
നടക്കുവാൻ പോരെന്നായി 
പുതുതായി വാങ്ങിയ വണ്ടിക്കു 
വീതിയേറിയ വഴികൾ വേണം...

നാട് വികസിച്ച്ചേ പറ്റു...
വികസിച്ച്ചേ പറ്റു...
വികസിക്കാത്തവർ 
എവിടെങ്കിലും പോയി തുലയട്ടെ...

വീടും കൂടും കാറും ഉള്ളവർ 
ഒത്തു ചേർന്ന് 
വികസന കമ്മറ്റി ചമച്ചു 
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു 
നാട് വികസിച്ച്ചേ പറ്റു.
വികസിച്ച്ചേ പറ്റു.
വികസിക്കാത്തവർ 
എവിടെങ്കിലും പോയി തുലയട്ടെ...

പണ്ട്,
കൂടെ കൊടി പിടിച്ചു നടന്നവർ 
ഇന്നും, അതേ കൊടിയും താടിയുമായി 
നടക്കുന്നുണ്ട് 
കരിങ്കാലി എന്നെത്രേ അവർ 
എനിക്ക് വെച്ച പേര്...
പറഞ്ഞോട്ടെ, പറഞ്ഞോട്ടെ,...

വികസന കമ്മറ്റി ചെയർമാനോളം 
വരില്ലല്ലോ, 
ഒരു പേരും..
അമ്പട ഞാനേ..!!

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

വിജയദശമി.


അഹങ്കാരത്തിന്റെ ഇരുട്ട് ഒഴിഞ്ഞു വെളിച്ചത്തിന്റെ, അറിവിന്റെ കിരണം തെളിഞ്ഞു നില്ക്കുന്ന ശുഭദിനം....വിജയ ദശമി, കുഞ്ഞുങ്ങളെ ആദ്യാക്ഷരത്തിന്റെ തുടക്കം കുറിക്കുവാൻ കരുതിവെച്ച "എഴുത്തിനിരുത്തു ദിനം". 

വിദ്യക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി 
കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ തിരക്കിലാണ്, പ്രത്യേകിച്ചും ഇവിടെ ഗൾഫ്‌ നാടുകളിൽ....നാട്ടില നിന്നെത്തിയ സാഹിത്യ-സാംസ്കാരിക നായകര്, ശാസ്ത്രഞ്ജർ,ഐ എ എസ ഉദ്യോഗസ്ഥര് തുടങ്ങി നിരവധി പ്രഗൽഭന്മാർ...അവരുടെ സവിധത്തിൽ തങ്ങളുടെ മക്കളുടെ വിദ്യക്ക് തുടക്കം കുറിക്കണം എന്നാ ചിന്ത ഓരോരുത്തരെയും തിര്ക്കുളളവരാക്കി മാറ്റുന്നു.

ഇങ്ങിനെ പ്രഗൽഭരായവരെക്കൊണ്ട് എഴുത്താരംഭിച്ച്ചാൽ മക്കളും അതുപോലെ പ്രഗൽഭരാകും  എന്നുള്ള ചിന്തയുണ്ടോ, ആവോ...?. അതെന്തായാലും ഇങ്ങിനെയുള്ള ദിവസങ്ങളിലാണ് ഏതൊരു സാധാരണക്കാരനും ഒരു എഴുത്തുകാരനെ വിലമതിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഒരു നല്ല കാര്യം തന്നെ. 

പക്ഷെ, ഈ എഴുത്തിനിരുത്തലെല്ലാം കഴിഞ്ഞാൽ പിന്നെ സ്കൂളിൽ ചേര്ക്കാൻ നേരം ഓരോരുത്തരും തിരക്കുന്നത് അവരവരുടെ സാമ്പത്തീക ശേഷിക്കനുസരിച്ച്ചുള്ള മുന്തിയ സ്കൂളുകളെയാണ്...റ്റൈയെല്ലാം കെട്ടി ഇംഗ്ലീഷിൽ കൊഞ്ചി നടന്നു പോകുന്ന കുഞ്ഞുങ്ങളായിരിക്കണം നമ്മുടെതെന്ന് അറിവില്ലായ്മയുടെ ഒരു ശാട്യം സാധാരണക്കാരിൽ സാധാരണക്കാരിലും പകര്ന്നു കൂടിയിരിക്കുന്നു. അതുകൊണ്ട് കൂടിയാവണം, നമ്മുടെ നാട്ടിന്പുറത്തെ, നമ്മൾ പഠിച്ചു വളര്ന്ന സ്കൂളുകൾ അടച്ചു പൂട്ടേണ്ടി വരുന്നത് എന്നത് വലിയൊരു ദുഖ:സത്യമാണ്.

എന്നാൽ മേല്പ്പറഞ്ഞ ഉയര്ന്ന സൌകര്യങ്ങളുള്ള സ്കൂലുകളിലൂടെ നമ്മൾ  വളർത്തിയെടുക്കുന്നതോ പണിയെടുക്കാനുള്ള ഒരു കൂട്ടം യന്ത്രങ്ങളെ, എഞ്ചിനീറെന്നോ, ഡോക്ടരെന്നോ, ഐ ടി പ്രോഫെഷനലെന്നോ...അങ്ങിനെ പണമുണ്ടാക്കാൻ ഒരുക്കി കൂട്ടുന്ന ഒരു തലമുറയെ...പിന്നെന്തു സാഹിത്യം, എന്ത് സംസ്കാരം..! അവിടെ നഷ്ട്ടപ്പെടുന്നു, അറിവിന്റെ ആദ്യാക്ഷരം നാക്കിൽ കോറിയിട്ട പ്രഗല്ബരുടെ സാന്നിധ്യം.

വരും തലമുറയെ, അതായത് ഇന്നത്തെ കുട്ടികളെ എങ്ങിനെ നല്ല മനുഷ്യപറ്റുള്ള ജനതയായി വാര്ത്തെടുക്കം എന്നതാകട്ടെ ഈ വിജയദശമി ദിവസത്തിലൂടെ മുന്നോട്ടു വെക്കുന്നത്.  അതിലെക്കായി, അവരെ സുഖ സൌകര്യങ്ങളുടെ ഉത്തുംഗങ്ങളിൽ നിന്നും താഴേക്കു കൊണ്ട് വരേണ്ടതും അതിലൂടെഭൂമിയുടെ ഗന്ധവും രുചിയും അറിയാൻ ഇടമോരുക്കെണ്ടാതുമുണ്ട്. അവർ, മണ്ണിൽ കളിക്കട്ടെ, ചേറും ചെളിയും പുരളട്ടെ...അയല്പ്പക്കത്തെ കുട്ടികളോടൊപ്പം, മത- സാമ്പത്തീക വ്യത്യാസങ്ങളെ മറന്നുകൊണ്ട് ഇടപെടട്ടെ. ഇല്ലാത്തവന്റെ വിഷമങ്ങളും വേദനകളും അവരോടു പറഞ്ഞു കൊടുക്കുക....അവർ അറിയട്ടെ, കാണട്ടെ, അതിൽ നിന്നും പഠിക്കാൻ കഴിയുമെങ്കിൽ പഠിക്കട്ടെ. പണമുണ്ടാക്കാനുള്ള യന്ത്ര ജീവികള്ക്കു പകരം, മനുഷ്യപറ്റുള്ള ഒരു സമൂഹമായി വളരട്ടെ നാളത്തെ തലമുറ. അതായിരിക്കട്ടെ ഈ അറിവ് പകര്ന്നു കൊടുക്കുന്നതിലൂടെ, നേടിയെടുക്കേണ്ട ഈ ദിനത്തിന്റെ പുണ്യം. 

2013 ഒക്‌ടോബർ 13, ഞായറാഴ്‌ച

ആകാശം


നിന്നെ തൊട്ടു നില്‍ക്കുവാന്‍ മോഹം
നിന്നെ തേടി ഓടിയെത്തുംബോഴോ 
ഓടി മാറുന്നു നീയത്രയും കാതം..
ആധി പൂണ്ടു ഞാന്‍ നോക്കിടുംബോഴോ 
ആഹാ കാട്ടി നീ നില്‍ക്കുന്നു പിന്നെയും
ആരുണ്ടെന്നെ പിടിച്ചു കെട്ടീടുവാന്‍..
ആമുഖം ചൊല്ലി ചിരിച്ചു  കാട്ടീടവേ..
ഊമയെപ്പോല്‍ ഞാനല്ഭുതം തൂകുന്നു..

എത്തണം നിന്റെ അതിര് കണ്ടെത്തണം, 
എന്റെ ചിത്തത്തിലുണ്ടൊടുങ്ങാത്ത മോഹം  .
കൊച്ചു നാളിലേ, കണ്ണ് വെച്ചിരുന്നു ഞാനെ-
ന്നിച്ച്ചയെ തടഞ്ഞു, നീ കുടയായ് നില്‍ക്കുമ്പോഴെ..  

കാലമേറെ വളര്‍ന്നു, ഞാ,നെന്‍-   
കണ്ണടയിലൂടെ നിന്നെ നോക്കുമ്പോഴും, 
പണ്ടേപോൽ നീ ചിരിച്ചു  ചോദിക്കുന്നൂ 
പോരുന്നോയെന്നതിര് കണ്ടെത്തുവാന്‍...

മന്ദഹാസം നിറയുന്നു ചുണ്ടില്‍, അറിവിന്‍ 
അന്തമളക്കുവാനാളല്ല, നിന്നതിര് തേടി ഞാന്‍ 
വന്നെത്തിടുംബോഴോ അകന്നു പോകുന്നു നീ 
പിന്നെയും, സൌഗന്ധിക പുഷ്പം കണക്കെ!!

അഹങ്കാരത്തിന്‍ തല താഴ്ത്തി നില്‍ക്കുന്നീ-
മഹാപ്രബഞ്ച്ത്തിന്‍ വിസ്മയത്തിന്‍ മുന്പില്‍
കണ്ടതൊന്നും കാഴ്ച്ഛയല്ലെന്നറിവുമായ് നില്‍ക്കും 

കുണ്ടിത മാനസൻ.. ഞാന്‍, വെറുമൊരു  ബാലൻ..!.

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

ആര്ക്ക് കൊണ്ട് കൊടുത്തു നീ..?



കവിതയുടെ വസന്തമേ 
നീയെനിക്കു തരാമെന്നേറ്റ 
സങ്കടത്തിന്റെ 
നീറുന്ന പൂക്കളൊക്കെയും 
ആര്ക്ക് കൊണ്ട് കൊടുത്തു നീ..?

കാറ്റെന്നെ കടന്നു 
പോകും വഴികളില്‍    
പ്രതീക്ഷയുടെ വിളികള്‍ക്ക്   
കാതങ്ങളോളം കാതോര്‍ത്തും   

താളത്തില്‍ നൃത്തമാടി  
മണ്ണിന് 
പൊക്കിള്‍ ചുഴിയില്‍  ചുംബിച്ചു  
കടന്നുപോകുമാകാശനൂലുകളില്‍ 
കണ്ണയച്ച്ചും  

ഒരു വെയിലെങ്ങാന്‍ വീണുപോയാല്‍  
ദാഹിച്ചു നരക്കും 
മണല്‍പുഴയോട് ചോദിച്ചും  
കാത്തിരുന്നത് 
നീ തരാമെന്നേറ്റ പൂക്കളെ....

കവിതയുടെ വസന്തമേ പറയുക...
സങ്കടത്തിന്റെ 
നീറുന്ന പൂക്കളൊക്കെയും 
ആര്ക്ക് കൊണ്ട് കൊടുത്തു നീ..?
ആര്ക്ക് കൊണ്ട് കൊടുത്തു നീ..?

2013 ഒക്‌ടോബർ 10, വ്യാഴാഴ്‌ച

നിലനില്പ്പിന്റെ നീതി

നിങ്ങൾ  പറയുന്നു 
ഞങ്ങള്ക്കറിയാം 
പ്രതിയെ..

എന്നിട്ടും 
നിങ്ങൾ ഒറ്റുകൊടുത്തത് 
ഇരയെ...! 

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

അക്ഷരങ്ങൾ



വരുന്നുണ്ട്,
പരിചാരകർ
നിരത്തി കിടത്തി  
ഓരോ വടിവിലും 
സൂക്ഷ്മ ദര്ശിനി കൊണ്ട് 
ഉറ്റു നോക്കുന്നവര് !

നഗ്നനായ രാജാവിന്റെ 
കറുത്ത ഭൂപടങ്ങൾ 
ശത്രുക്കൾ പോലും കാണരുതേ 
എന്നായിരുന്നു പ്രാര്ത്ഥന.

കേട്ടപാടെ 
കേള്ക്കാത്തപാടെ 
കൂറുള്ളവരോക്കെയും 
വാലാട്ടികൊണ്ട്
മണം പിടിച്ചെത്തി 

വരിവരിയായി നിറുത്തി 
ഹരിച്ചും, ഗുണിച്ചും നോക്കി 
"ഹരിയോ, ഹരി..."
ഭക്തി പൂണ്ടവർ 
ഐക്യത്തോടെ പറഞ്ഞു
"ഇവന്റെ വാലിൽ തീ കൊളുത്തുക..."

അഗ്നിയിൽ പടര്ന്നു കയറുമ്പോഴും 
ഭീരുക്കളുടെ ലോകം നോക്കി 
തലയിളക്കി ചിരിക്കുകയാണ് 
ക്ഷരമില്ലാത്തവൻ...!

2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ആവേശം



ഭാമിനീ നീയെന്നരികിലിരിക്കുകി-
ലീയിരുളിലും പൊന് പ്രകാശം പരക്കുന്നു....
നുകര്ന്നിടട്ടെ, നിന് ചുണ്ടിൽ നി-
ന്നുതിര്ന്നു വീഴുമാ തേൻ കണം, ഞാൻ..!

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

അവൾ



ദിവസങ്ങളേറെയാ,യ്യിവ്വിധം  
ദിക്കുകൾ നാലിലും കാത്തിരിപ്പ്‌ തുടങ്ങിയിട്ട് 
എന്ത് പറ്റിയോ എന്തോ..?

ഒടുവിൽ പോകുമ്പോൾ 
എപ്പോൾ വരുമെന്ന് പറഞ്ഞിരുന്നില്ല...
അല്ല, അങ്ങിനെ ഒരു പതിവ് 
ഇപ്പോഴില്ലല്ലോ. 

കാലം മാറിയില്ലേ..?
മുന്പൊക്കെ 
ആണുങ്ങളുടെ ഒരു നോട്ടം മതി...
പേടിച്ചു മൂത്രമൊഴിക്കുമായിരുന്നു..
ഉമ്മറത്ത് വന്നു 
നേർക്ക്‌ നേര് സംസാരിക്കില്ലായിരുന്നു 
പറയുന്നതെല്ലാം കേള്ക്കണം 
മറുത്തൊന്നും പറയരുത്  
അടങ്ങി ഒതിങ്ങി നില്ക്കണം, 
മതി മറന്നു ചിരിക്കരുത് 
അനുവാദമില്ലാതെ,
ഒരിടത്തും പോകരുത്..
പണി കഴിഞ്ഞെത്തുമ്പോഴേക്കും 
തയ്യാറായിരിക്കണമെല്ലാം 
കുളിക്കാൻ, കഴിക്കാൻ, കിടക്കാനും! 


-കാലം പോയ പോക്കെ...!

ഇന്നിതാ അവൾ പോയിട്ട് 
ദിവസങ്ങള് കഴിഞ്ഞിരിക്കുന്നു...
പുതിയ ചെറുപ്പക്കാരുടെ കൂടെ 
ചുറ്റിയടിക്കുന്നുണ്ടായിരിക്കും..

കുഞ്ഞിരാമൻ നായരുണ്ടായിരുന്നപ്പോ 
അവിടെയായിരുന്നു..
പിന്നെ,
കുമാരനാശാൻ, വൈലോപ്പിള്ളി, 
വയലാര്, ഭാസ്കരൻ മാഷ്‌, ഇടശ്ശേരി  
ഓ എൻ വി, മദുസൂദനൻ നായര്...
തുടങ്ങിയ വൃത്തങ്ങളിൽ നിന്നും 
പുറത്തു ചാടി 
കെ ജി എസ, സച്ചിദാനന്ദൻ...
കടമ്മനിട്ട, ബാലചന്ദ്രൻ ചുള്ളിക്കാട്, 
എന്നിവരോടൊപ്പം തെറിച്ചു നടന്നവൾ....

ഇപ്പോഴെല്ലാം 
നേരെ വാ നേരെ പോ മട്ടല്ലേ..
ശ്ലീലം, അശ്ലീലം ഒന്നുമില്ലല്ലോ....
തുണിയുരിഞ്ഞും നടക്കാം...
എല്ലാരും കാണട്ടെ, അറിയട്ടെ 
പച്ചയായ നേരുകൾ...!

കേട്ടോ, അവൾ വരുന്നുണ്ട് 
പറയാനുള്ളതെല്ലാം 
പറഞ്ഞു കഴിഞ്ഞില്ലേ 
എന്ന് ചോദിക്കുന്നുമുണ്ട്.

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

ലേഖനം: കാതിക്കുടം ചില ചിന്തകള്‍


വായനയും, എഴുത്തും വിനിമയം ചെയ്യപെടാനുള്ളതും അതുപോലെ അക്ഷരങ്ങളെയും അറിവിനെയും ഏറ്റവും വലിയ ആയുധമായും കാലം വിലയിരുത്തപ്പെട്ടിട്ടുള്ള ഒന്നുമാണ്.

ഇന്നലെ, ബഹ്റിന്‍  "ഭൂമിക" സംഘടിപ്പിച്ച, കാതിക്കുടത്തെയും, എന്ടോ സള്‍ ഫാന്‍   പ്രദേശത്തെയും അവിടുത്തെ ജനതയുടെ വികാരങ്ങളെയും  തുറന്നു കാണിച്ചുകൊണ്ടുള്ള ശ്രീ ശരത് ചന്ദ്രന്റെ ഡോകുമെന്ററി പ്രദര്ശനവും, തുടര്ന്നുള്ള ചര്ച്ചയും അക്ഷരാര്‍ ത്ഥത്തില്‍  അതില്‍ പങ്കെടുത്ത ഓരോരുത്തരെയും ഉള്ളില്‍  വേദനയുടെ ചെറിയ ഒരു  മുറിപ്പാടെങ്കിലും തീര്ക്കാന്‍ പോന്നതായിരുന്നു. അതുകൊണ്ടായിരിക്കണം, ഏതാനും നിമിഷങ്ങളിലേക്ക് ഒന്നും മിണ്ടുവാനാകാതെ ഏറെപേരും നിശബ്ദതയിലേക്ക് ആണ്ടു പോയത്.

ഇത്രയും വലിയ അത്യാഹിതങ്ങള്‍ നടന്നിട്ടും എന്തുകൊണ്ടാണ് നമ്മില്‍  ഭൂരിഭാഗവും ഇത്തരം വിഷയങ്ങളില്‍  നിന്നും മുഖം തിരിക്കുന്നത്..? ആരാണ് യഥാര്‍ത്തത്തില്‍  ഇതിനു ഉത്തരവാദികള്‍..?
ആരാണ് ഇതില്‍ നിന്നും നേട്ടം കൊയ്യുന്നത്?

മണ്ണിനെയും, കുടിവെള്ള ശ്രോതസ്സുകളെയും, വായുവിനെയും വിഷലിപ്തമാക്കി കൊണ്ട് പ്രവത്തിച്ചു പോരുന്ന വ്യവസായ ശാലകള്‍. ഒരു പക്ഷെ ഇന്ത്യയില്‍ മാത്രമായിരിക്കും, നിയമപരമായ സകല മാനദണ്ടങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടു ഇത്തരം വ്യവസായ ലോബികള്‍ അരങ്ങു വാഴുന്നത്.

വര്ഷങ്ങളായുള്ള എന്ടോ സള്‍ഫാന്‍ മരുന്നിന്റെ തളിയിലൂടെ ആ ഭൂപ്രദേശത്തും, പുഴയിലേക്കും, വായുവിലെക്കും തള്ളി വിടുന്ന മാലിന്ന്യങ്ങളാല്‍  കാതിക്കുടത്തും ജീവിക്കാന്‍  വേണ്ടി നടത്തപ്പെടുന്ന 
ജനതയുടെ അവകാശ സമരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന നമ്മുടെ മുഖ്യധാര രാഷ്ട്രീയ കക്ഷികളും, ഭരണകൂടവും.  ഇക്കഴിഞ്ഞ മാസം കാതിക്കുടത്തു നടത്തപ്പെട്ട ശക്തമായ സമരങ്ങളില്‍  നമ്മുടെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും, ഹരിത എം എല് എ മ്മാരുടെയും മന്ത്രിമാരുടെയും നിലപാടുകള്‍  നമ്മള്‍  തിരിച്ചറിഞ്ഞതാണ് .ഒടുവില്‍  ഭരണകൂടത്തിന്റെ കയ്യൊപ്പോടെ, പോലീസിനാല്‍  സമരക്കാരെ തല്ലിച്ചതക്കുകയും, അവരുടെ വീടുകളില കയറി അതിക്രമങ്ങള്‍  കാണിക്കുകയും ചെയ്തത് നമ്മള്‍  കണ്ടതാണ്.... ഒരു ജനാധിപത്ത്യ രാജ്യത്തെ ജനതയുടെ അവകാശങ്ങളെ മാനിക്കാതെ കപട ന്യായങ്ങളുയര്ത്തി കുത്തകകള്‍ക്ക് കൂട്ട് നില്ക്കുന്നതാണ് നമ്മുടെ ഭരണകൂടങ്ങള്‍  എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 
 
കാതിക്കുടം സമരത്തിനു ഐക്യദാര്ഡ്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍  ജില്ലയില്‍  നടത്തപ്പെട്ട ഹര്‍ത്താല്‍, ഭാഗീകമായി മാത്രമേ വിജയം കണ്ടുള്ളൂ. അതായത് തദ്ദേശ വാസികള്‍  ഒഴികെ ആരും തന്നെ അതിനെ ഗൌരവത്തിലെടുത്തില്ല എന്ന് വേണം കരുതാന്‍. ഇത്തരം മനുഷ്യന്റെ നിലനില്പ്പിനായുള്ള ജനകീയ സമരങ്ങള്‍  അതതു  പ്രദേശങ്ങളില്‍  മാത്രം ഒതുങ്ങുകയും, അതില്‍ പങ്കെടുക്കുന്നവരെ വികസന വിരോധികളെന്നും, മറ്റും മുദ്ര കുത്തി ഒറ്റപ്പെടുത്തുവാനുമാണ് നമ്മില്‍  ഏറെ പേര്ക്കും താല്പ്പര്യം. ഇതില്‍  പ്രധാനം വികസനം എന്ന പദത്തെ കുറിച്ചുള്ള തികഞ്ഞ അജ്ഞത തന്നെയാണ്. ഏതൊരുവന്റെ നെഞ്ചത്ത് കൂടെയാണെങ്കിലും എന്റെ കാര്യം സാധിക്കട്ടെ എന്ന സ്വാര്ത്ത ബോധത്തിന്റെയും, മുതലാളിത്ത കൂട്ടികൊടുപ്പിന്റെയും നിലപാടുകളാണ് ഇവിടെ തെളിഞ്ഞു കാണുന്നത്.

വേദനിക്കുന്നവന്‍  ഒഴികെ, അവന്റെ വേദനയില്‍  പങ്കു കൊള്ളൂവാനോ, ആശ്വസിപ്പിക്കാനോ, ആ ഇടങ്ങളില്‍ എന്ത് നടക്കുന്നുവെന്ന് അറിയുവാനോ ഉള്ള വ്യഗ്രതയും, സാമൂഹ്യ ബോധവും,  പ്രതിബദ്ധതയും നമ്മുടെ സമൂഹത്തില്‍ നിന്ന് കൈമോശം വന്നിരിക്കുന്നു. എന്തിനേറെ പറയുന്നു, ഇവിടെ എഫ് ബി യിലും സ്ഥിതി മറിച്ചല്ല എന്ന് തോന്നുന്നു...ജനകീയ പ്രശ്നങ്ങള്‍  ചര്ച്ച ചെയ്യപ്പെടുന്ന ഇടങ്ങളില്‍  നിന്നും പലപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍  ഒളിച്ചോടുകയും, പകരം ബ്രിറ്റീഷ് രാജകുമാരിയുടെ പ്രസവവും, പേരിടലിലും അഭിരമിച്ചു നേരം പോക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണുവാന്‍  കഴിയുന്നത്‌.

ജനാധിപത്ത്യ രാജ്യത്ത് ജനങ്ങള്‍ക്ക്‌ വേണ്ടാത്ത പദ്ധതികള്‍ വികസനത്തിന്റെ പേരില് യാതൊരു വിധ മുന്‍ കരുതലുകളുമില്ലാതെ ജനത്തിന്റെ മേലെ അടിച്ചേല്‍ പ്പിക്കുവാനുള്ള ഭരണകൂടങ്ങളുടെ താല്പ്പര്യം, വ്യവസായ ഭീമന്‍മാരെ സുഖിപ്പിക്കുകയും അതിലൂടെ തങ്ങളുടെ കസേരകള്‍ ഉറപ്പിച്ചു നിര്‍ത്തുവാനുമുള്ള ശ്രമമായി തന്നെയാണ് വിലയിരുത്തേണ്ടത്.

ഒരു വ്യവസായ സ്ഥാപനം പ്രവര്ത്തിക്കുവാന്‍  അനുമതി തേടുമ്പോല്‍, ആ വ്യവസായ ഉല്‍പ്പന്നത്തിന്റെ ഭാഗമായ, അവശിഷ്ടങ്ങള്‍ എന്ത് ചെയ്യും എന്നുള്ളതെങ്കിലും അന്വേഷിക്കുവാന്‍ നമ്മുടെ ഭരണ നേതൃത്വങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. അല്ലാതെ നമ്മുടെ ജീവന്റെ നിലനില്പ്പുകളായ പുഴകളിലെക്കോ, രാത്രികാലങ്ങളില്‍ ആരും അറിയാതെ വായുവിലേക്കോ, അല്ലെങ്കില്‍ ഏതെങ്കിലും ചേരി പ്രദേശങ്ങളിലോ കൊണ്ട് തള്ളൂവാനാകരുത്. അതുകൊണ്ട് തന്നെ അതിനു വേണ്ടതായ സജ്ജീകരണങ്ങള്‍ക്ക് മുന്‍ ഗണന നല്കുകയും, അത് പ്രാവര്‍ത്തീകമായതിനു ശേഷവുമായിരിക്കണം പ്രസ്തുത സ്ഥാപനം തുറക്കുവാന്‍ അനുവധിക്കേണ്ടത്. 

ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രത്തോടു കൂറും, ജനങ്ങളോട് പ്രതിബദ്ധതയുള്ള നട്ടെല്ലുള്ള ഭരണകര്‍ത്താക്കളെയാണ് നമുക്ക് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില ഇന്ന് ഇല്ലാതെ പോയതും അത് തന്നെയാണ്.    

കാതിക്കുടത്തും, എന്ടോ സള്‍ഫാന്‍ പ്രദേശങ്ങളിലൂടെയുമെല്ലാം വീശുന്ന കാറ്റ് അവിടെ മാത്രം ഒതുങ്ങിന്നില്ലെന്നും, അവിടങ്ങളിലെ പുഴയിലെ വെള്ളം പമ്പ് ചെയ്തു മറ്റു പലയിടങ്ങളിലെക്കും വിതരണം ചെയുന്നുവെന്നും, ഉല്പ്പാദിപ്പിക്കപ്പെടുന്ന പഴവര്ഗ്ഗങ്ങളും പച്ചക്കറികളും രാജ്യത്തിന്റെ മറ്റു ദിക്കുകളിലേക്കും എത്തുന്നുണ്ടെന്നും അതിലെല്ലാം ആ പ്രദേശത്തുള്ളവരെ  ബാധിച്ചിരിക്കുന്ന മാരക രോഗത്തിന് കാരണമായ വിഷത്തിന്റെ കണികകള്‍ ഒളിഞ്ഞിരിക്കുന്നുവെന്നും മനസ്സിലാക്കി അതിനെ പ്രധിരോധിക്കുവാന്‍ സമരക്കാരോട് നമ്മളും ഐക്യദാര്ഡ്യം ഉറപ്പിക്കെണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ നമ്മുടെ വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിര്ക്കും ഇതിലൂടെ അടിച്ചമര്‍ത്തപ്പെടുന്നത്.

2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ലേഖനം - ഉപരോധ സമരം

തൂറിയവനെ ചുമന്നാൽ, ചുമന്നവനും നാറും എന്നൊരു ചൊല്ലുണ്ട്. അതാണ്‌ ഇപ്പൊ മലയാള ഭാഷയുടെ സ്ഥിതി...സംഭവമെന്തെന്നല്ലെ, കൊണ്ഗ്രസ്സുകാരുടെ വെടിവട്ടങ്ങൾക്കും, വെള്ളപ്പൂശലുകൾക്കും, വിവരമില്ലായ്മകൾക്കും  നിന്ന് കൊടുക്കേണ്ടി വന്നതിനാൽ, ഭാഷക്ക് പോലും നാണം!.  

വെറും ഒരേ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാര തലപ്പത്ത് വാഴുന്ന, ജനാധിപത്യം എന്നാൽ ജനങ്ങളുടെ മേലുള്ള ആധിപത്യമാണെന്ന് ധരിച്ചു വശായ  കുഞ്ഞൂഞ്ഞു അവർകൾ !!!  ഇവരുടെ സങ്കൽപ്പത്തിൽ ജനങ്ങള് എന്ന് പറഞ്ഞാൽ കൊണ്ഗ്രസ്സുകാർ മാത്രമാണ്. 

ഉമ്മാ, ഒരിക്കൽ അധികാരം കൈവന്നു എന്ന കാരണത്താൽ പൊതുജനം താങ്കളുടെ ധാര്ഷ്ടത്തിനും, മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തികൾക്കും കുടപിടിക്കണം എന്ന് കരുതുന്നുവെങ്കിൽ , താങ്കൾക്കു തെറ്റി. ഇത്രമേൽ നാറിയിട്ടും, കസേര വിടാതെ പിടിച്ചിരിക്കുന്നതിലൂടെ, താങ്കളുടെ കീഴിൽ നടന്നിരിക്കുന്ന സകല ആഭാസത്തരങ്ങളും പൊതു ജനങ്ങൾക്ക്‌ ബോധ്യപ്പെട്ടിരിക്കുന്നു. ഒടുവിലായി, ഔദ്യോഗിക തലത്തിൽ നിന്നും പുറത്താക്കപ്പെട്ട താങ്കളുടെ "ഗണ്‍മാനെ" രക്ഷിക്കാനുള്ള കൈവിട്ട വ്യഗ്രത കൂടി അനുവര്ത്തിച്ഛതോടെ.  അതുകൊണ്ട് തന്നെ ജനങ്ങൾക്കറിയാം, താങ്കള്, കള്ളൻ മാത്രമല്ല കള്ളനു കഞ്ഞി വെച്ചവൻ കൂടിയാണെന്ന്. 

അധികാരം കൈവിട്ടു പോയാൽ സരവ്വവും അവസാനിച്ചു എന്നു താങ്കൾ ഭയക്ക്ന്നു. ആ പരിഭ്രമം താങ്കളെ ഒരു സ്വേച്ചാധിപതിയാക്കി മാറ്റിയിരിക്കുന്നു. അതിന്റെ അടയാളങ്ങളാണ്, തലസ്ഥാനത്ത് കാണാൻ കഴിയുന്നത്‌. ജനാധിപത്ത്യ രീതിയിലുള്ള ഒരു സമരത്തെ നേരിടാൻ, അടിയന്തരാവസ്ഥയെ ഒര്മ്മിപ്പിക്കും വിധം, സൈന്യത്തെ വിളിക്കുകയും, സ്വാതന്ത്ര്യത്തിനു അതിരുകള നിശ്ചയിച്ചുകൊണ്ട് തൂറുന്നതിനും, മുള്ളൂന്നതിനും താങ്കളുടെ അനുമതി വേണമെന്ന നിയമങ്ങള നടപ്പക്കിയതിലൂടെ. തീർച്ചയായും തങ്ക ലിപികളാൽ താങ്കളുടെ നാമം ചരിത്രത്തിൽ വാഴ്ത്തപ്പെടും....അധികാര ഭ്രാന്തിന്റെ അടയാളമെന്നോണം!!!

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സമരം ഒരിക്കലും താങ്കളുടെ സര്ക്കാരിനെ ഭരണത്തിൽ നിന്നും ഇറക്കാൻ വേണ്ടിയല്ല...പകരം ഉത്തരവാദിത്വ ബോധമില്ലാത്ത, കുറ്റാരോപിതനായ, നുണയനായ, എകാധിപത്യ ശൈലിക്ക് ഉടമയായ ഒരാള് മുഖ്യമന്ത്രി കസ്സെരയിൽ തുടരുന്നത് ജനാധിപത്ത്യത്തോടുള്ള വെല്ലുവിളിയാണെന്ന് തിരിച്ചറിഞ്ഞ ജനതയുടെ അഭിലാഷത്തിന്റെ പൂര്ത്തീകരണമാണത് ., ഉമ്മന്ചാണ്ടിയെന്ന വ്യക്തിയെ മുഖ്യമന്ത്രി പദത്തിൽ നിന്നും ഒഴിവാക്കുക എന്ന കര്ത്തവ്യം. ഒരു ജാനാധിപത്യ വ്യവസ്ഥിതിയിൽ, അത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്ത്വം.  

എഫ് ബി യിലെ  കൊണ്ഗ്രസ്സുകാരായ ചില കൂട്ടുകാരുടെ ജല്പ്പനങ്ങൾ കാണുമ്പോൾ സഹതപിക്കയല്ലാതെ എന്ത് ചെയ്യാൻ... സ്വന്തം താല്പ്പര്യങ്ങളും, വളര്ച്ഛകളും ലക്‌ഷ്യം വെക്കുന്നവരായ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് അവരെന്ന് തിരിച്ചറിയാതെ കണ്ണടച്ചു ഇരുട്ടാക്കുന്ന പാവങ്ങൾ!!!. മുതലാളിത്തം ലക്‌ഷ്യം വെച്ചു സാധാരണക്കാരന്റെ നെഞ്ചത്ത് കൂടെ ഭരണചക്രം ഉരുട്ടുന്നവർ..വികസനത്തിന്റെയും സ്വന്തം പോക്കറ്റിന്റെയും പേരില് എന്തും വിറ്റു തുലക്കുന്നവർ, ദിനംപ്രതി രാജ്യത്തെ കൊള്ളയടിച്ച്ചു കൊണ്ടിരിക്കുന്ന വർ....ഇവിടെയും, എവിടെയും, ലോകത്തെവിടെയായിരുന്നാലും  ഇപ്പോഴും എപ്പോഴും  ഇവരുടെ മുഖവും, വാക്കും പ്രവര്ത്തികളും ഒന്നു തന്നെയായിരിക്കും.സുഹൃത്തുക്കളെ...അതാണ്‌ അന്ധമായ സ്നേഹം കൊണ്ട് നിങ്ങൾ കാണാതെ പോകുന്ന കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ഇന്നിന്റെ യാഥാര്ത്യങ്ങൾ.

ചരിത്രത്തെ നവീകരിക്കാൻ എന്നും ഇടതു പക്ഷ ആശയങ്ങള്ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ...അത് ഇന്നലെകളിലായാലും, ഈ കാലത്തായാലും  വരാൻ പോകുന്ന തലമുറകളുടെ കാലത്തായാലും അങ്ങിനെ തന്നെയായിരിക്കും.അത് സമയാ സമയങ്ങളിൽ അതിന്റെ കര്ത്തവ്യം നിറവേറ്റികൊണ്ടേയിരിക്കും. അല്ലാതെ ഏതെങ്കിലും ജാതി-മത സംഘടനകൾക്കോ, കൊണ്ഗ്രസ്സിനെപോലുള്ള മുതലാളിത്തത്തെ ഉന്നം വെക്കുന്ന പ്രസ്ഥാനങ്ങൾക്കോ കഴിയില്ല എന്നുള്ളത് എന്നത്തേയും യാഥാര്ത്യമായിത്തന്നെ  അവശേഷിക്കും.. 

2013 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ലേഖനം - ശനിദശാകാലം


കോണ്ഗ്രസ്സുകാർക്കിതു ശനിദശാകാലം... 
കരിംകൊടി കാണിക്കുന്നു, ചെരിപ്പേറ് കിട്ടുന്നു , പോരാത്തതിന് ജനം വളഞ്ഞിട്ട് തല്ലാനും തുടങ്ങിയിരിക്കുന്നു.

എന്റെ ചെറുപ്രായത്തിൽ, അമ്മുമ്മ പറഞ്ഞു കേട്ടിരുന്നത് കോണ്ഗ്രസ് ആണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്, അതുകൊണ്ട് അവ്ര്ക്കാണ് വോട്ടു ചെയ്യേണ്ടത് എന്നത്രെ. അമ്മുമ്മയുടെ ആ വാക്കുകൾ കുട്ടിക്കാലത്ത് കൊണ്ഗ്രസ്സിനോട് സ്നേഹം തോന്നാൻ ഇടയാക്കിയിരുന്നുവെങ്കിലും, വളരും തോറും, പഠനങ്ങളിലൂടെ, മനനങ്ങളിലൂടെ, കാഴ്ച്ചകളിലൂടെ എന്നെ നടത്തിച്ചത്  എതിർദിശയിലെക്കായിരുന്നു.

വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരനുമേലുള്ള കോണ്ഗ്രസ്സിന്റെ ആധിപത്യം അത്രമേലുണ്ടായിരുന്നു എന്നാണ് അമ്മുമ്മയുടെ വാക്കില നിന്നും പിന്നീട് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നും വിദ്യാഭ്യാസം കടന്നു ചെല്ലാത്ത വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കോണ്ഗ്രസ് ജയിച്ചു കയറുന്നതിന്റെ കാരണവും ഇതു തന്നെ. 

സ്വാതന്ത്ര്യത്തിന്റെ അറുപത്തിയാറ് വർഷങ്ങൾ പിന്നിടുമ്പോൾ, രാഷ്ട്ര സേവനത്തിനു എന്ന് പറഞ്ഞു, ഖദറിന്റെ കുപ്പായവും എടുത്തു അണിഞ്ഞവരിൽ ഏതാണ്ട് ഏറിയ പേരും ഇന്ന് വൻ സാമ്പത്തീക ആസ്തിയുള്ളവരും,  എന്തിനു ചില വ്യവസായ ശ്രുംഖലകളുടെ അധിപന്മാര് പോലും ആയി മാറിയിരിക്കുന്നു. 

സ്വാതന്ത്ര്യ സമരത്തിനു ചുക്കാൻ പിടിക്കാൻ പടുത്തുയര്ത്തിയ കോണ്ഗ്രസ്സിനെ കയ്യോടെ പിരിച്ചു വിടണമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞതും മറ്റൊന്നും കൊണ്ടായിരിക്കില്ല. ഭാവിയിൽ ഈ പ്രസ്ഥാനത്തിലൂടെ ജനത്തെ ചൂഷണം ചെയ്യാനും, വഞ്ചിക്കാനും ഇട വരും എന്ന് മുന്കൂട്ടി അദ്ദേഹം കണ്ടിട്ടുണ്ട്ടായിരിക്കണം.

ജനങ്ങൾക്ക്‌ വേണ്ടാത്ത വികസന പദ്ധതികളും, പരിപാടികളുമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നായകന്മാർ, ചിലരുടെ സ്ഥാപിത താല്പ്പര്യങ്ങൾക്കോ അവരുടെ തന്നെ സാമ്പത്തീക നേട്ടങ്ങൾക്കോ വേണ്ടി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങള്ക്ക് അത് പ്രതിരോധിക്കേണ്ടി വരുന്നത് സ്വാഭാവികം. 

ജനങ്ങളുടെ ജീവനോ, പ്രകൃതിയുടെ നിലനില്പ്പിനോ ഉപരി വികസനമാണ് നമുക്ക് വേണ്ടത് എന്നാ തലതിരിഞ്ഞ കാഴ്ചപാടുകളും,കണ്ണടച്ചു ഇരുട്ടാക്കി അവന്റെയും, അവന്റെ കുടുംബത്തിന്റെയും, കൂട്ടാളികളുടെയും സാമ്പത്തീക ഭദ്രത ലക്ഷ്യം വെക്കുന്ന നേതാക്കളും ആണ് നമ്മുടെ നാടിന്റെ ശാപം. 

കാതിക്കുടത്തെ ജനങ്ങളുടെ ജീവനെക്കാളുപരി വിദേശ കുത്തകയുടെ വ്യവസായമാണ്‌ പ്രധാനം. കുടിക്കാൻ വെള്ളമില്ല, ശ്വസിക്കാൻ നല്ല വായുവില്ല..ഇതിനിടയിൽ ജീവനെ നിലനിര്ത്താൻ, വരും തലമുറക്ക് നിന്ന് പഴിക്കാൻ വേണ്ട ചുറ്റുപാടിനായി സമരം ചെയ്ത ജനതയെ, വ്യവസായ മേലാളന്മാര്ക്കു കുടപ്പിടിക്കുന്ന ഭരണകൂടത്തിന്റെ പോലീസിനെക്കൊണ്ട്  തല്ലി ചതച്ചത് കഴിഞ്ഞ ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് .

മാന്യതയും സംസ്കാരവും, നഷ്ട്ടപെട്ടു, അഴിമതിയിലും കുറ്റകൃത്യങ്ങളിലും കുളിച്ചു നില്ക്കുന്ന ഭരണകൂടത്തോട് വെറുപ്പും വിദ്വേഷവും വളരുകയും, അത് തീവ്രമായ ചെയ്തികളിലെക്കോ, അല്ലങ്കിൽ അരാഷ്ട്രീയ വാദങ്ങളിലെക്കോ സമൂഹത്തെ നയിച്ചേക്കാം. ഭരിക്കുന്നവർ ചെയ്യുന്ന തെറ്റുകളൊക്കെ തന്നെയും ഭരണത്തിന്റെ തണലിൽ ഇരുന്നു കൊണ്ട് തെറ്റല്ലാതാക്കി തീര്ക്കുക കൂടി ചെയ്യുന്നത് കാണുമ്പോൾ ജനം പിന്നെ കയ്യേറ്റങ്ങളിലേക്ക് തിരിഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടേണ്ടു.

ഇന്നലെ ആറന്മുളയിൽ എം എല്ലേ ക്ക് നേരെ നടന്ന കയ്യേറ്റവും, ജനങ്ങളെ തിരസ്കരിക്കുന്ന ഭരണകൂടത്തോടും, ഭരണ കര്ത്താക്കളോടുമുള്ള പ്രതിഷേധമായിട്ടു വേണം കാണുവാൻ, ജനാധിപത്ത്യ സംവിധാനത്തിൽ അത് ശാശ്വതമല്ലെങ്കിൽ കൂടി. ഒരു പക്ഷെ ഭരണാധിപന്മാർ ഇങ്ങനെ, നീതികെടുകളോട് പോരുതുന്നവരെ ഭീകരവാദികളും,  തീവ്രവാദികളുമൊക്കെയായി മുദ്രക്കുത്തിയെക്കാം...അതാണല്ലോ ഇക്കാലത്ത് നേരും നെറിവും കാംക്ഷിക്കുന്ന ജനത്തെ അടിച്ചമര്ത്താനുള്ള ഏറ്റവും നല്ല ഉപാധിയും.

എത്രയൊക്കെയായാലും ഈ പോക്ക് നമ്മുടെ നാടിനു ഒരിക്കലും ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെ അധ:പതിക്കുവാൻ നമ്മൾ അനുവധിച്ചുകൂടാ. 

കാപട്യങ്ങൾ ഒളിപ്പിക്കുവാനുള്ള വസ്ത്രമായി ഖദറിനെ മാറ്റിയെടുത്ത, ആറു പതിറ്റാണ്ടോളം ഭരണം നടത്തിയിട്ടും അടിസ്ഥാന വികസനത്തിൽ കാതലായ മാറ്റം വരാത്ത രാഷ്ട്രീയ വ്യവസ്ഥിതിയെ, തിരിച്ചറിയുകയും അവർ ലക്‌ഷ്യം വെക്കുന്ന മുതലാളിത്തത്തെ പുറം തള്ളുകയും ചെയ്യേണ്ടത് ഈ ക്കാലഘട്ടത്തിനു, പ്രത്യേകിച്ചു കേരളത്തെ പോലെ ജനസാന്ദ്രത ഏറിയ ചെറിയ ഇടങ്ങൾക്ക്  ആവശ്യമായി വന്നിരിക്കുന്നു. 

ലേഖനം - ശനിദശാകാലം


കോണ്ഗ്രസ്സുകാർക്കിതു ശനിദശാകാലം... 
കരിംകൊടി കാണിക്കുന്നു, ചെരിപ്പേറ് കിട്ടുന്നു , പോരാത്തതിന് ജനം വളഞ്ഞിട്ട് തല്ലാനും തുടങ്ങിയിരിക്കുന്നു.

എന്റെ ചെറുപ്രായത്തിൽ, അമ്മുമ്മ പറഞ്ഞു കേട്ടിരുന്നത് കോണ്ഗ്രസ് ആണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്, അതുകൊണ്ട് അവ്ര്ക്കാണ് വോട്ടു ചെയ്യേണ്ടത് എന്നത്രെ. അമ്മുമ്മയുടെ ആ വാക്കുകൾ കുട്ടിക്കാലത്ത് കൊണ്ഗ്രസ്സിനോട് സ്നേഹം തോന്നാൻ ഇടയാക്കിയിരുന്നുവെങ്കിലും, വളരും തോറും, പഠനങ്ങളിലൂടെ, മനനങ്ങളിലൂടെ, കാഴ്ച്ചകളിലൂടെ എന്നെ നടത്തിച്ചത്  എതിർദിശയിലെക്കായിരുന്നു.

വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരനുമേലുള്ള കോണ്ഗ്രസ്സിന്റെ ആധിപത്യം അത്രമേലുണ്ടായിരുന്നു എന്നാണ് അമ്മുമ്മയുടെ വാക്കില നിന്നും പിന്നീട് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നും വിദ്യാഭ്യാസം കടന്നു ചെല്ലാത്ത വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കോണ്ഗ്രസ് ജയിച്ചു കയറുന്നതിന്റെ കാരണവും ഇതു തന്നെ. 

സ്വാതന്ത്ര്യത്തിന്റെ അറുപത്തിയാറ് വർഷങ്ങൾ പിന്നിടുമ്പോൾ, രാഷ്ട്ര സേവനത്തിനു എന്ന് പറഞ്ഞു, ഖദറിന്റെ കുപ്പായവും എടുത്തു അണിഞ്ഞവരിൽ ഏതാണ്ട് ഏറിയ പേരും ഇന്ന് വൻ സാമ്പത്തീക ആസ്തിയുള്ളവരും,  എന്തിനു ചില വ്യവസായ ശ്രുംഖലകളുടെ അധിപന്മാര് പോലും ആയി മാറിയിരിക്കുന്നു. 

സ്വാതന്ത്ര്യ സമരത്തിനു ചുക്കാൻ പിടിക്കാൻ പടുത്തുയര്ത്തിയ കോണ്ഗ്രസ്സിനെ കയ്യോടെ പിരിച്ചു വിടണമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞതും മറ്റൊന്നും കൊണ്ടായിരിക്കില്ല. ഭാവിയിൽ ഈ പ്രസ്ഥാനത്തിലൂടെ ജനത്തെ ചൂഷണം ചെയ്യാനും, വഞ്ചിക്കാനും ഇട വരും എന്ന് മുന്കൂട്ടി അദ്ദേഹം കണ്ടിട്ടുണ്ട്ടായിരിക്കണം.

ജനങ്ങൾക്ക്‌ വേണ്ടാത്ത വികസന പദ്ധതികളും, പരിപാടികളുമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നായകന്മാർ, ചിലരുടെ സ്ഥാപിത താല്പ്പര്യങ്ങൾക്കോ അവരുടെ തന്നെ സാമ്പത്തീക നേട്ടങ്ങൾക്കോ വേണ്ടി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങള്ക്ക് അത് പ്രതിരോധിക്കേണ്ടി വരുന്നത് സ്വാഭാവികം. 

ജനങ്ങളുടെ ജീവനോ, പ്രകൃതിയുടെ നിലനില്പ്പിനോ ഉപരി വികസനമാണ് നമുക്ക് വേണ്ടത് എന്നാ തലതിരിഞ്ഞ കാഴ്ചപാടുകളും,കണ്ണടച്ചു ഇരുട്ടാക്കി അവന്റെയും, അവന്റെ കുടുംബത്തിന്റെയും, കൂട്ടാളികളുടെയും സാമ്പത്തീക ഭദ്രത ലക്ഷ്യം വെക്കുന്ന നേതാക്കളും ആണ് നമ്മുടെ നാടിന്റെ ശാപം. 

കാതിക്കുടത്തെ ജനങ്ങളുടെ ജീവനെക്കാളുപരി വിദേശ കുത്തകയുടെ വ്യവസായമാണ്‌ പ്രധാനം. കുടിക്കാൻ വെള്ളമില്ല, ശ്വസിക്കാൻ നല്ല വായുവില്ല..ഇതിനിടയിൽ ജീവനെ നിലനിര്ത്താൻ, വരും തലമുറക്ക് നിന്ന് പഴിക്കാൻ വേണ്ട ചുറ്റുപാടിനായി സമരം ചെയ്ത ജനതയെ, വ്യവസായ മേലാളന്മാര്ക്കു കുടപ്പിടിക്കുന്ന ഭരണകൂടത്തിന്റെ പോലീസിനെക്കൊണ്ട്  തല്ലി ചതച്ചത് കഴിഞ്ഞ ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് .

മാന്യതയും സംസ്കാരവും, നഷ്ട്ടപെട്ടു, അഴിമതിയിലും കുറ്റകൃത്യങ്ങളിലും കുളിച്ചു നില്ക്കുന്ന ഭരണകൂടത്തോട് വെറുപ്പും വിദ്വേഷവും വളരുകയും, അത് തീവ്രമായ ചെയ്തികളിലെക്കോ, അല്ലങ്കിൽ അരാഷ്ട്രീയ വാദങ്ങളിലെക്കോ സമൂഹത്തെ നയിച്ചേക്കാം. ഭരിക്കുന്നവർ ചെയ്യുന്ന തെറ്റുകളൊക്കെ തന്നെയും ഭരണത്തിന്റെ തണലിൽ ഇരുന്നു കൊണ്ട് തെറ്റല്ലാതാക്കി തീര്ക്കുക കൂടി ചെയ്യുന്നത് കാണുമ്പോൾ ജനം പിന്നെ കയ്യേറ്റങ്ങളിലേക്ക് തിരിഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടേണ്ടു.

ഇന്നലെ ആറന്മുളയിൽ എം എല്ലേ ക്ക് നേരെ നടന്ന കയ്യേറ്റവും, ജനങ്ങളെ തിരസ്കരിക്കുന്ന ഭരണകൂടത്തോടും, ഭരണ കര്ത്താക്കളോടുമുള്ള പ്രതിഷേധമായിട്ടു വേണം കാണുവാൻ, ജനാധിപത്ത്യ സംവിധാനത്തിൽ അത് ശാശ്വതമല്ലെങ്കിൽ കൂടി. ഒരു പക്ഷെ ഭരണാധിപന്മാർ ഇങ്ങനെ, നീതികെടുകളോട് പോരുതുന്നവരെ ഭീകരവാദികളും,  തീവ്രവാദികളുമൊക്കെയായി മുദ്രക്കുത്തിയെക്കാം...അതാണല്ലോ ഇക്കാലത്ത് നേരും നെറിവും കാംക്ഷിക്കുന്ന ജനത്തെ അടിച്ചമര്ത്താനുള്ള ഏറ്റവും നല്ല ഉപാധിയും.

എത്രയൊക്കെയായാലും ഈ പോക്ക് നമ്മുടെ നാടിനു ഒരിക്കലും ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെ അധ:പതിക്കുവാൻ നമ്മൾ അനുവധിച്ചുകൂടാ. 

കാപട്യങ്ങൾ ഒളിപ്പിക്കുവാനുള്ള വസ്ത്രമായി ഖദറിനെ മാറ്റിയെടുത്ത, ആറു പതിറ്റാണ്ടോളം ഭരണം നടത്തിയിട്ടും അടിസ്ഥാന വികസനത്തിൽ കാതലായ മാറ്റം വരാത്ത രാഷ്ട്രീയ വ്യവസ്ഥിതിയെ, തിരിച്ചറിയുകയും അവർ ലക്‌ഷ്യം വെക്കുന്ന മുതലാളിത്തത്തെ പുറം തള്ളുകയും ചെയ്യേണ്ടത് ഈ ക്കാലഘട്ടത്തിനു, പ്രത്യേകിച്ചു കേരളത്തെ പോലെ ജനസാന്ദ്രത ഏറിയ ചെറിയ ഇടങ്ങൾക്ക്  ആവശ്യമായി വന്നിരിക്കുന്നു. 

2013 ജൂലൈ 28, ഞായറാഴ്‌ച

വളരേണ്ടായിരുന്നു...

എന്തിനാടാ... 
നീയെന്നെ കൊന്നു കളഞ്ഞത് ..?
ഒന്നുമില്ലെങ്കിലും 
നമ്മൾ
ഒരേ ക്ലാസ്സിൽ 
ഒരേ ബെഞ്ചിൽ 
ഒന്നായി ചേർന്നിരുന്നവരല്ലേടാ ...

എത്ര ചാമ്പക്ക 
എത്ര കശുമാങ്ങ 
എന്തെല്ലാം, 
എന്തെല്ലാം നമ്മൾ പകുത്തു 
കഴിച്ചിരുന്നെടാ..
എത്ര ഉച്ച്ചകൾ 
നമ്മുടെ ചോറ്റുപാത്രം 
പരസ്പ്പരം ഊട്ടിയിരുന്നെടാ...

എന്റെ പെങ്ങളെ, വഴി-  
പോക്കനൊരുത്തൻ കേറിപ്പിടിക്കെ 
തല്ലി നീ, യവനെയോടിച്ച്ചു വിട്ടത് 
എന്റെ പെങ്ങൾ, നിന്റെയുമെന്ന്  
നമ്മൾ പണ്ടേ 
അറിഞ്ഞു കൊണ്ടല്ലേടാ....

ഓണത്തിനും പെരു-
ന്നാളിനും നമ്മുടെ വീട്ടുകാർ  
കാത്തുവെച്ചിരുന്ന 
പലഹാരത്തിന്റെ മണം 
അങ്ങോട്ടും ഇങ്ങോട്ടും 
കയറിയിറങ്ങുന്നത് നമ്മ-
ളെന്തേ മറന്നു പോയോടാ...? 

കേള്ക്കുന്നുണ്ടോടാ 
നമ്മുടെ 
അമ്മമാരുടെ 
കൂട്ടക്കരച്ചിൽ....

-എന്തിനാടാ 
നീയെന്നെ കൊന്നുകളഞ്ഞത്‌...?

ഒരു വാക്ക് 
ചോദിക്കാമായിരുന്നില്ലേ.
നിനക്കെന്നോട്...
ഒന്നുമില്ലെങ്കിലും, നമ്മൾ 
ഒന്നുപോലെ വളർന്നവരല്ലെടാ...!  

നിന്നോടന്നവർ പറഞ്ഞത് പോലെ
ആരാധനാലയത്തിന്നു മുൻപിൽ 
പോസ്റ്ററൊട്ടിച്ചതും, വേദ-
പുസ്തകം തീയിട്ടെരിച്ച്ചതും 
രക്തം തളിച്ഛശുദ്ധീ വരുത്തീതും  
സത്യം, ഞാനല്ലായിരുന്നെടാ

എന്തിനാടാ, നമ്മ-
ളിങ്ങനെ വളർന്നുപോയത്....?
നമുക്ക് 
ആ.. 
പഴയ 
കുട്ടികളായിരുന്നാൽ 
മതിയായിരുന്നെടാ..
കുട്ടികളായിരുന്നാൽ 
മതിയായിരുന്നെടാ..!!

2013 ജൂലൈ 27, ശനിയാഴ്‌ച

പൂതികള്‍


പുഴയില്‍ മുങ്ങി കുളിക്കുന്നത് 
സ്വപ്നം കണ്ടാണ്‌ 
ഉറക്കമുണര്ന്നത്
നനുത്ത കുളിരിലൂടെ 
ഊളിയിട്ട്
നേര്മ്മയുള്ള ചൂടിന്റെ 
അടിത്തട്ടിലേക്ക്....
"ഹൊ..!"
സോപ്പും തോര്ത്തുമെടുത്തു 
അടുക്കളയിലേക്കു 
തല നീട്ടി പറഞ്ഞു 
ഞാനൊന്ന് കുളിച്ചിട്ടു വരാം
അല്ല, നിങ്ങളീ ലോകത്തൊന്നുമല്ലേ..?
മീനായ മീനെല്ലാം 
ചത്തുപൊന്തീതും 
തെളിഞ്ഞ വെള്ളം 
കരഞ്ഞു കരഞ്ഞു
കറുത്തു പോയതും....
അറിഞ്ഞില്ലേ?

അറിയാഞ്ഞിട്ടല്ല, 
നീണ്ട പ്രവാസത്തിന്റെ
വിടുതലില്‍ നിന്നും 
നാടിന്റെ നിറവിലേക്ക്
വന്നിറങ്ങിയവന്റെ   
ഓരോരോ പൂതികള്‍ !

ആറടി നീളമുള്ള ബാത് ടബ്ബില്‍  
വെള്ളം നിറച്ചു
മലര്ന്നു കിടക്കുമ്പോള്‍  
ഇതില്‍ നീന്തി തുടിക്കാന്‍ മാത്രം 
താനൊരു കുഞ്ഞായി,
കുഞ്ഞു ശരീരമായി 
മാറിയെങ്കിലെന്ന് 
വെറുതെ,
വെറുതെ ഒരു പൂതി ...!

2013 ജൂലൈ 22, തിങ്കളാഴ്‌ച

ലേഖനം -- അതിജീവനത്തിന്റെ സമരങ്ങൾ



പത്രത്തിലെ ഏതാനും വാർത്തകൾ ഏറെ സങ്കടമായിരുന്നു ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങലെപ്പോലെ തന്നെ ഇന്നും എനിക്ക് പകര്ന്നു തന്നത് .

ബീഹാറിലെ പാട്നയിൽ വിഷം കലര്ന്ന ഭക്ഷണം കഴിച്ചു മരണമടഞ്ഞ കൊച്ചു കുഞ്ഞുങ്ങൾ....
കരിമ്പ്‌ മുതലായ കൃഷികൾക്കു തളിക്കാൻ ഉപയോഗിക്കുന്ന മാരകമായ കീടനാശിനിയാണത്രെ ഭക്ഷണത്തിൽ കലര്ന്നിരിക്കുന്നത്....!!!!

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ "ഈ ഭക്ഷണം നല്ലതല്ല"  എന്ന് പറഞ്ഞ കുട്ടികളെ നിര്ബന്ധിപ്പിച്ച്ചു ഭക്ഷണം കഴിപ്പിച്ച അധ്യാപകര്....!!!

എന്തായിരുന്നു നിഷ്കളങ്കരായ ഒരു പറ്റം കുഞ്ഞു മക്കളോട് ഇങ്ങനെ കാണിക്കുവാനുണ്ടായ കാരണം..? 

ഇത് സംഭവിച്ചത് വടക്കൻ സംസ്ഥാനമായ ബീഹാരിലായിരുന്നുവെങ്കിൽ, ബുദ്ധിക്കും, അറിവിനും പേരുകേട്ട, ദൈവത്തിന്റെ സ്വന്തം നാട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന കുട്ടികളോടുള്ള ക്രൂരതകളുടെ വാർത്തകൾ ഒരു തരത്തിലും ആശാസ്യമല്ല.

സ്വാർത്ഥത പിടിമുറുക്കിയ സമൂഹത്തിൽ, മാതാപിതാക്കളിൽ നിന്ന് തന്നെ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്ന പിഞ്ചു കുട്ടികൾ...അത്തരം പീഡനത്തിനിരയായ ഒരു കുഞ്ഞു ഇപ്പോഴും ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവർത്തികളുടെയെല്ലാം കാരണങ്ങൾ എന്തൊക്കെ തന്നെയായാലും ഒരിക്കലും മാപ്പര്ഹിക്കാത്ത ചെയ്തികളാണ് ഇതെന്നതിൽ തര്ക്കമില്ല ..!!!

ഇങ്ങിനെ മൃഗീയ വാസനകളാൽ ക്രൂശിക്കപ്പെടുന്ന നിസ്സഹായരായ കുട്ടികളുടെയും, സ്ത്രീകളുടെയും ദയനീയ മുഖം ഒരു വശത്ത്‌....

ഒരു കൂട്ടര് അതിജീവനത്തിനു വേണ്ടി പൊരുതുമ്പോൾ, ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയങ്ങളല്ലെന്ന മട്ടിൽ പണത്തിന്റെ ഹുങ്കിനാൽ സഞ്ചരിക്കുന്ന സമ്പന്നരുടെയും, വ്യാവസായികളുടെയും ഒരു ലോകം. ഒപ്പം അവരുടെ താല്പ്പര്യങ്ങൾക്കനുസൃതമായി വികസനത്തിന്റെ പുതിയ ലോകം കെട്ടിപ്പടുക്കാൻ പണിപ്പെടുന്നതിലൂടെ തകര്ന്നടിയുന്ന പ്രകൃതിയും, നിസ്സഹായരും ദരിദ്രരുമായ ജനതയും.......കൂടാതെ, ഇന്ന് മനുഷ്യ മനസ്സുകളെ ജാതിയുടെ പേരില് വിഘടിപ്പിച്ച് നിർത്തി തങ്ങളുടെ സ്വകാര്യ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന മത ആന്ധ്യം ബാധിച്ച വേറൊരു കൂട്ടര്...

അഴിമതിയും, സ്വജന പക്ഷപ്പാതവും, സ്വന്തം സുഖസൌകര്യങ്ങളും മാത്രം ലക്‌ഷ്യം വെക്കുന്ന ഭരണക്കർത്താക്കളും. സത്യത്തെ വിളിച്ചു പറയുന്നവരെ തെറ്റുകാരാക്കി ചിത്രീകരിക്കാനും, അടിച്ചമർത്താനും, ജയിലിലടക്കാനുമുള്ള അധികാര പ്രമത്തത ബാധിച്ച ഭരണകൂടത്തിന്റെ വ്യഗ്രത മറ്റൊരു വശത്ത്‌.....

അത്തരത്തിലുള്ള ഭരണകൂടത്തിന്റെ നിഷേധ നിലപാടുകളുടെ ഏറ്റവും അടുത്ത ഉദാഹരണമായിരുന്നു ഇന്നലെ കാതിക്കുടത്തു സംഭവിച്ചതും.

ചാലക്കുടിക്കടുത്ത കാതിക്കുടം എന്നാ ഗ്രാമത്തിലെ നിറ്റജലാറ്റിൻ എന്ന കമ്പനിയിൽ നിന്നും ബഹിര്ഗമിക്കുന്ന മാലിന്യമാണ് മനുഷ്യ ജീവിതത്തെ പോലും അസ്സാധ്യമാക്കികൊണ്ട് പ്രവര്ത്തിക്കുന്നത്. മൃഗങ്ങളുടെയും മറ്റും എല്ലിനെ സംസ്കരിച്ചെടുത്തു വളമാക്കി മാറ്റുന്ന പ്രക്രിയയാണ് ഈ കമ്പനിയിലൂടെ നടന്നു വരുന്നത്. ഇങ്ങനെ സംസ്കരിച്ചെടുക്കുന്നതിൽ നിന്നും ഉണ്ടാകുന്ന അവശിഷ്ട്ടങ്ങളൊക്കെയും, പുറംത്തള്ളൂന്നത് കുളിക്കുകയും,കുടിക്കുകയും ചെയ്തിരുന്ന ചാലക്കുടി പുഴയിലേക്കും. ഏതാനും ദിവസ്സങ്ങൾക്കു മുന്പാണ് പുഴയിലെ മീനുകളൊക്കെ തന്നെ ചത്തു പൊന്തിയത് എന്ന് പ്രത്യേകം ശ്രദ്ധെയമത്രെ.

പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലേക്കും, ശ്വസിക്കാനാവാത്ത വിധം അന്തരീക്ഷത്തിലേക്കും മാലിന്യത്തിന്റെ പ്രസരണം ശക്തമായപ്പോഴാണ് പ്രദേശ വാസികൾ കമ്പനി അധികൃതരുമായി ചർച്ചകൾക്ക് ഒരുങ്ങിയത്. ആദ്യമൊക്കെ ജനപക്ഷത്തു നിന്ന സര്ക്കാരും, ചില താല്പ്പര കക്ഷികളും പിന്നീട് അതിൽ നിന്നും പിന്മാറി ജനങൾക്ക് നേരെ തിരിയുകയും ചെയ്തതിന്റെ ഫലമായാണ്, ജീവിക്കാനുള്ള അവകാശത്തെ ചൊല്ലി ജനങ്ങള് സമരപരിപാടികളുമായി മുന്നോട്ടു പോയത്.

അങ്ങിനെ ജീവിക്കാനുള്ള ഇടത്തിനും, വെള്ളത്തിനും, വായുവിനും വേണ്ടി,ഏറെക്കാലമായി  തുടർന്ന് വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി,  വളരെ സമാധാനപരമായി  സമരം ചെയ്ത കാതിക്കുടത്തെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന  ജനതയെയാണ്, ഇന്നലെ ന്യായീകരിക്കാനാകാത്ത വിധം അധികാരം ഉപയോഗിച്ചു തല്ലി ചതച്ചിരിക്കുന്നത്.. 

ഇതെല്ലാം കാണുമ്പോഴും കേള്ക്കുമ്പോഴും ഭയം തോന്നുന്നു...ഒപ്പം  രോഷവും, അതിലേറെ സങ്കടവും. 
ഏതു രീതിയിലാണ് ഇതിനോടെല്ലാം പ്രതികരിക്കേണ്ടത്....??? 

ഇത്തരത്തിലുള്ള സങ്കടങ്ങളാണ് എപ്പോഴും പീഡിപ്പിക്കപ്പെടുന്നവന്റെ, നിസ്സഹായന്റെ ഒപ്പം നില്ക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. സമരത്തിൽ പങ്കു ചേർന്നിട്ടുള്ള ധീരരായ ഓരോ സുഹൃത്തുക്കള്ക്കും അഭിവാദ്യങ്ങൾ....!

2013 ജൂലൈ 14, ഞായറാഴ്‌ച

മരണ വാറണ്ട്


താലിബാന്റെ പെണ്‍ട്ടികളുടെ വിദ്യാഭ്യാസ നയത്തിനും അടിച്ചമർത്തലിനുമെതിരെ ശബ്ദമുയര്ത്തിയ മലാല എന്ന ധീരയായ പെണ്‍ക്കുട്ടിയെ നമ്മൾ ഉയരത്തി കാണിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ, അമേരിക്കയുടെ കാപട്യത്തെയും ദാര്ഷ്ട്യത്തെയും, കൊള്ളരുതായ്മകളേയും തുറന്നു കാണിച്ച "എട്വേഡു സ്നോഡൻ" എന്ന മരണം ഉറപ്പിച്ച ചെറുപ്പക്കാരനെ നമ്മൾ ബോധപൂർവ്വം വിസ്മരിക്കുന്നു.

മരണ വാറണ്ട് 

പ്രിയപ്പെട്ട സ്നോഡൻ 
നീ കാണിച്ചു തന്ന സത്യങ്ങൾ 
നിനക്കുള്ള 
മരണ വാറണ്ടുകളാണ് 

അഭയത്തിനു വേണ്ടിയുള്ള 
കാത്തിരിപ്പിന്റെ ഒരോ നിമിഷത്തിലും 
മരണത്തിന്റെ കാലൊച്ചയാണ് 
നിന്റെ കാതുകളിൽ മുഴങ്ങുന്നത്...

എനിക്കറിയാം  
ധീരരായ, 
ഞങ്ങളുടെ മുൻഗാമികൾ 
ഇപ്പോൾ ലജ്ജിക്കുന്നുണ്ടാകാം... 

ഒരു പുൽത്തൊഴുത്തെങ്കിലും മതി 
നിനക്കിന്നു അഭയത്തിന്...
പക്ഷെ,
അഭയം തരേണ്ടവർ
ആമയെപ്പോലെ 
ഭയത്തിന്റെ പൊത്തിലേക്ക് 
തലയും  ഉൾവലിച്ചിരിപ്പാണ്.
ഒന്നും കാണേണ്ട, കേള്ക്കേണ്ട...

പ്രിയപ്പെട്ട സ്നോഡൻ
ക്ഷമിക്കുക..
ഞാനൊരു, 
കുഞ്ഞുകുട്ടി- 
പരാധീനക്കാരനായിരുന്നാൽ കൂടി
ഈ അക്ഷരങ്ങൾ കൊണ്ടെങ്കിലും  
എനിക്ക് 
നിന്നോട് ഐക്യപ്പെടണമെന്നുണ്ട്...

എന്റെ,  
അടിവസ്ത്രത്തിന്റെ നിറം പോലും 
അവർ 
സ്കാൻ ചെയ്തുകൊണ്ടിരിക്കയാണെന്ന 
തെളിഞ്ഞ അറിവോടുകൂടി തന്നെ!

2013 ജൂലൈ 11, വ്യാഴാഴ്‌ച

എനിക്കായ് മാറ്റിവെച്ചത്


അലച്ചിലാണ് 
ഈ കൊടും ചൂടിലും 
പരതുകയാണ് 
ചുറ്റിനും കണ്ണുകൾ..

ഒളിച്ചിരിപ്പുണ്ടാം 
എനിക്കായ് മാറ്റിവെച്ചത് 
കവിതയൊരെണ്ണം
എവിടെയെങ്കിലും..

കാളുന്ന വയറിന്റെ 
വാണിഭങ്ങളാൽ  കൊഴുക്കുന്ന 
തെരുവോരങ്ങളിൽ 

വേര്പ്പിന്റെ 
ചുടുനീർ കണങ്ങൾ 
പെയ്തിറങ്ങുന്ന 
ആകാശ കീറുകളിൽ...

മാനം മുട്ടെ 
ഉയര്ന്നു നില്ക്കും 
അഹങ്കാരത്തിന്റെ 
കെട്ടിടത്തലപ്പുകളിൽ 
അതിന്റെ,
ഓരോ അണുവിലും 
അലിഞ്ഞു ചേര്ന്ന 
വേര്പാടിന്റെ 
വേരറ്റവന്റെ 
പ്രാരബ്ദത്താൽ നീറുന്ന 
സ്പന്ദനങ്ങളിൽ....!

അഴുക്കു പുരണ്ട 
ശ്വാസോച്ച്വാസങ്ങൾ 
ഇടിമിന്നല് തീര്ക്കുന്ന 
പ്രവാസത്തിന്റെ 
ഇരുണ്ട മുറികളിൽ...

നാഭിയിലൊളിപ്പിച്ചു വെച്ച 
പൂർത്തികരിക്കാനാവാത്ത 
ചോദനകളാൽ 
തീ  തുപ്പുന്ന 
വിഷ സർപ്പങ്ങളിൽ..

നീ കേൾക്കുന്നുണ്ടോ 
എന്റെ 
സ്വരങ്ങളെന്ന് 
കടല് താണ്ടി വന്നെത്തുന്ന 
പരിഭവത്തിന്റെ 
ഉഷ്ണക്കാറ്റിൽ....

കൊടും മഴയാണിവി-
ടെന്നു പറഞ്ഞ് 
അലിഞ്ഞു ചേരാൻ കൊതിക്കുന്ന 
മനസ്സിന്റെ 
പറയാതെ പറയുന്ന 
കിതപ്പുകളിൽ...

ഉണ്ണിക്കഞ്ഞി വെക്കാത്ത 
മണ്ണപ്പം ചുടാത്ത 
ഉണ്ണികൾ 
ഓടി കളിക്കുന്ന 
അതിരിട്ട 
കല്ലുറഞ്ഞ 
കളിയിടങ്ങളിൽ....

എവിടെങ്കിലും 
ഒളിച്ചിരിപ്പുണ്ടാം 
എനിക്കായ് മാറ്റിവെച്ച 
കവിതയൊരെണ്ണം..

പരതുകയാണ്, 
കണ്ണുകളിപ്പോഴും... 
അറിവിന്റെ 
നീറുന്ന കവിതയൊരെണ്ണം  

ഒളിച്ചിരിപ്പുണ്ടാം  
എവിടെങ്കിലും 
എനിക്കായ് മാറ്റിവെച്ചത്....

2013 ജൂലൈ 8, തിങ്കളാഴ്‌ച

പ്രണയ പർവ്വം



അവന്റെ പ്രണയാഭ്യര്ഥന 
തള്ളികളയാനായില്ലവൾക്ക്
ബൈക്കുണ്ട്‌,
പുത്തൻ മൊബൈലുണ്ട്...
കാണാനേറെ 
ചന്തവുമുണ്ട് .... 

ഒരു നാൾ, 
അച്ചനും അമ്മയും അറിയാതെ 
വേണ്ടപ്പെട്ടതെല്ലാം കെട്ടിപ്പൂട്ടി 
അവനോടൊപ്പം... 

നാടും നാട്ടുകാരും 
പഴി പറഞ്ഞും 
കളി പറഞ്ഞും 
വളര്ത്തു ദോഷം പറഞ്ഞും  
നാളുകളേറെ കഴിയവേ 
കരിഞ്ഞുണങ്ങിയ മുഖവും 
കറുത്ത മുലക്കണ്ണുമായി
അവൾ...

കെട്ടിപ്പൂട്ടിയതെല്ലാം 
അഴിച്ചെടുത്തു 
അവൻ 

കടന്നു കളഞ്ഞുവത്രേ...