2013 ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ലേഖനം - ശനിദശാകാലം


കോണ്ഗ്രസ്സുകാർക്കിതു ശനിദശാകാലം... 
കരിംകൊടി കാണിക്കുന്നു, ചെരിപ്പേറ് കിട്ടുന്നു , പോരാത്തതിന് ജനം വളഞ്ഞിട്ട് തല്ലാനും തുടങ്ങിയിരിക്കുന്നു.

എന്റെ ചെറുപ്രായത്തിൽ, അമ്മുമ്മ പറഞ്ഞു കേട്ടിരുന്നത് കോണ്ഗ്രസ് ആണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്നത്, അതുകൊണ്ട് അവ്ര്ക്കാണ് വോട്ടു ചെയ്യേണ്ടത് എന്നത്രെ. അമ്മുമ്മയുടെ ആ വാക്കുകൾ കുട്ടിക്കാലത്ത് കൊണ്ഗ്രസ്സിനോട് സ്നേഹം തോന്നാൻ ഇടയാക്കിയിരുന്നുവെങ്കിലും, വളരും തോറും, പഠനങ്ങളിലൂടെ, മനനങ്ങളിലൂടെ, കാഴ്ച്ചകളിലൂടെ എന്നെ നടത്തിച്ചത്  എതിർദിശയിലെക്കായിരുന്നു.

വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരനുമേലുള്ള കോണ്ഗ്രസ്സിന്റെ ആധിപത്യം അത്രമേലുണ്ടായിരുന്നു എന്നാണ് അമ്മുമ്മയുടെ വാക്കില നിന്നും പിന്നീട് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നും വിദ്യാഭ്യാസം കടന്നു ചെല്ലാത്ത വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കോണ്ഗ്രസ് ജയിച്ചു കയറുന്നതിന്റെ കാരണവും ഇതു തന്നെ. 

സ്വാതന്ത്ര്യത്തിന്റെ അറുപത്തിയാറ് വർഷങ്ങൾ പിന്നിടുമ്പോൾ, രാഷ്ട്ര സേവനത്തിനു എന്ന് പറഞ്ഞു, ഖദറിന്റെ കുപ്പായവും എടുത്തു അണിഞ്ഞവരിൽ ഏതാണ്ട് ഏറിയ പേരും ഇന്ന് വൻ സാമ്പത്തീക ആസ്തിയുള്ളവരും,  എന്തിനു ചില വ്യവസായ ശ്രുംഖലകളുടെ അധിപന്മാര് പോലും ആയി മാറിയിരിക്കുന്നു. 

സ്വാതന്ത്ര്യ സമരത്തിനു ചുക്കാൻ പിടിക്കാൻ പടുത്തുയര്ത്തിയ കോണ്ഗ്രസ്സിനെ കയ്യോടെ പിരിച്ചു വിടണമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞതും മറ്റൊന്നും കൊണ്ടായിരിക്കില്ല. ഭാവിയിൽ ഈ പ്രസ്ഥാനത്തിലൂടെ ജനത്തെ ചൂഷണം ചെയ്യാനും, വഞ്ചിക്കാനും ഇട വരും എന്ന് മുന്കൂട്ടി അദ്ദേഹം കണ്ടിട്ടുണ്ട്ടായിരിക്കണം.

ജനങ്ങൾക്ക്‌ വേണ്ടാത്ത വികസന പദ്ധതികളും, പരിപാടികളുമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട നായകന്മാർ, ചിലരുടെ സ്ഥാപിത താല്പ്പര്യങ്ങൾക്കോ അവരുടെ തന്നെ സാമ്പത്തീക നേട്ടങ്ങൾക്കോ വേണ്ടി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങള്ക്ക് അത് പ്രതിരോധിക്കേണ്ടി വരുന്നത് സ്വാഭാവികം. 

ജനങ്ങളുടെ ജീവനോ, പ്രകൃതിയുടെ നിലനില്പ്പിനോ ഉപരി വികസനമാണ് നമുക്ക് വേണ്ടത് എന്നാ തലതിരിഞ്ഞ കാഴ്ചപാടുകളും,കണ്ണടച്ചു ഇരുട്ടാക്കി അവന്റെയും, അവന്റെ കുടുംബത്തിന്റെയും, കൂട്ടാളികളുടെയും സാമ്പത്തീക ഭദ്രത ലക്ഷ്യം വെക്കുന്ന നേതാക്കളും ആണ് നമ്മുടെ നാടിന്റെ ശാപം. 

കാതിക്കുടത്തെ ജനങ്ങളുടെ ജീവനെക്കാളുപരി വിദേശ കുത്തകയുടെ വ്യവസായമാണ്‌ പ്രധാനം. കുടിക്കാൻ വെള്ളമില്ല, ശ്വസിക്കാൻ നല്ല വായുവില്ല..ഇതിനിടയിൽ ജീവനെ നിലനിര്ത്താൻ, വരും തലമുറക്ക് നിന്ന് പഴിക്കാൻ വേണ്ട ചുറ്റുപാടിനായി സമരം ചെയ്ത ജനതയെ, വ്യവസായ മേലാളന്മാര്ക്കു കുടപ്പിടിക്കുന്ന ഭരണകൂടത്തിന്റെ പോലീസിനെക്കൊണ്ട്  തല്ലി ചതച്ചത് കഴിഞ്ഞ ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് .

മാന്യതയും സംസ്കാരവും, നഷ്ട്ടപെട്ടു, അഴിമതിയിലും കുറ്റകൃത്യങ്ങളിലും കുളിച്ചു നില്ക്കുന്ന ഭരണകൂടത്തോട് വെറുപ്പും വിദ്വേഷവും വളരുകയും, അത് തീവ്രമായ ചെയ്തികളിലെക്കോ, അല്ലങ്കിൽ അരാഷ്ട്രീയ വാദങ്ങളിലെക്കോ സമൂഹത്തെ നയിച്ചേക്കാം. ഭരിക്കുന്നവർ ചെയ്യുന്ന തെറ്റുകളൊക്കെ തന്നെയും ഭരണത്തിന്റെ തണലിൽ ഇരുന്നു കൊണ്ട് തെറ്റല്ലാതാക്കി തീര്ക്കുക കൂടി ചെയ്യുന്നത് കാണുമ്പോൾ ജനം പിന്നെ കയ്യേറ്റങ്ങളിലേക്ക് തിരിഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടേണ്ടു.

ഇന്നലെ ആറന്മുളയിൽ എം എല്ലേ ക്ക് നേരെ നടന്ന കയ്യേറ്റവും, ജനങ്ങളെ തിരസ്കരിക്കുന്ന ഭരണകൂടത്തോടും, ഭരണ കര്ത്താക്കളോടുമുള്ള പ്രതിഷേധമായിട്ടു വേണം കാണുവാൻ, ജനാധിപത്ത്യ സംവിധാനത്തിൽ അത് ശാശ്വതമല്ലെങ്കിൽ കൂടി. ഒരു പക്ഷെ ഭരണാധിപന്മാർ ഇങ്ങനെ, നീതികെടുകളോട് പോരുതുന്നവരെ ഭീകരവാദികളും,  തീവ്രവാദികളുമൊക്കെയായി മുദ്രക്കുത്തിയെക്കാം...അതാണല്ലോ ഇക്കാലത്ത് നേരും നെറിവും കാംക്ഷിക്കുന്ന ജനത്തെ അടിച്ചമര്ത്താനുള്ള ഏറ്റവും നല്ല ഉപാധിയും.

എത്രയൊക്കെയായാലും ഈ പോക്ക് നമ്മുടെ നാടിനു ഒരിക്കലും ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.  ദൈവത്തിന്റെ സ്വന്തം നാട് ഇങ്ങനെ അധ:പതിക്കുവാൻ നമ്മൾ അനുവധിച്ചുകൂടാ. 

കാപട്യങ്ങൾ ഒളിപ്പിക്കുവാനുള്ള വസ്ത്രമായി ഖദറിനെ മാറ്റിയെടുത്ത, ആറു പതിറ്റാണ്ടോളം ഭരണം നടത്തിയിട്ടും അടിസ്ഥാന വികസനത്തിൽ കാതലായ മാറ്റം വരാത്ത രാഷ്ട്രീയ വ്യവസ്ഥിതിയെ, തിരിച്ചറിയുകയും അവർ ലക്‌ഷ്യം വെക്കുന്ന മുതലാളിത്തത്തെ പുറം തള്ളുകയും ചെയ്യേണ്ടത് ഈ ക്കാലഘട്ടത്തിനു, പ്രത്യേകിച്ചു കേരളത്തെ പോലെ ജനസാന്ദ്രത ഏറിയ ചെറിയ ഇടങ്ങൾക്ക്  ആവശ്യമായി വന്നിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ