2013 ഡിസംബർ 16, തിങ്കളാഴ്‌ച

പക്ഷിയുടെ പാട്ട്

പാടുക പക്ഷീ 
കൂടും മറന്നു പറന്നകലുന്ന പക്ഷീ 
വേടന്റെയമ്പിന്റെ,
ആഴമളന്നകന്നു പോകുന്ന പക്ഷീ 
പാടുക, 
ഹരിതഭംഗിയാര്‍ന്ന നിന് സ്വരത്തിനാല്‍ 
കാടിന്റെ ചരിതങ്ങളൊക്കെയും...

ഇല്ലില്ല ചേക്കേറുവാന്‍ ചില്ലകള്‍ 
തുള്ളി കളിക്കുന്ന വല്ലികള്‍, തടം-
തല്ലിയൊഴുകുന്ന ചോലകള്‍, പ്രണയ-
മന്ത്രമുരുക്കഴിക്കുന്ന കാറ്റുകള്‍...   

ഇല്ലില്ലിനിയുമീ ശീതള ഛായകള്‍, 
കണ്‍കളില്‍, ഹിമകണം പൊഴി-
ച്ചുണര്‍വേകിയ പച്ചപ്പുല്‍മേടുകള്‍
പുണരാന്‍ കൊതിക്കുമാദിമ താളങ്ങള്‍..

ഇല്ലില്ല ശാന്തി നികേതങ്ങള്‍
വല്ലായ്മയില്‍ ചിന്തയെ പറപ്പിച്ചു 
നിശ്ശബ്ദമിരിക്കുവാന്‍ പോന്ന 
വല്മീകങ്ങള്‍...

ഇല്ലില്ല, വിശപ്പൊടുങ്ങി മയങ്ങുന്ന 
ദംഷ്ട്രകള്‍, ചുട്ടുപൊള്ളുന്ന വറുതിയില്‍ 
ചുട്ടു തിന്നാന്‍ കൊതിക്കുന്ന കനികള്‍ 
പൊട്ടിയുണരുന്ന മണ്ണിന്റെ മധുരങ്ങള്‍...
 
കാടും മുറിച്ചു കടന്നു വരുന്ന വേടന്റെ 
വില്ലിന്‍  പ്രകമ്പനം കേട്ടു നടുങ്ങുന്നൂ 
കല്ലും കരിയുന്നു,...ഇല്ലില്ല ജീവനം 
ഇവിടെയിനിയെന്നുള്ളവും തേങ്ങുന്നു...!

ബോധത്തിലഴല്‍ ചിമ്മി നില്ക്കുന്ന ചങ്ങാതീ 
ചേതനയിലൊരു നുള്ളു നൊമ്പരവുമായി ഞാന്‍ 
മധുരമീ പാട്ടുമിവിടെ ഉപേക്ഷിച്ചു,  പോകട്ടെ, 
ഗതകാല സ്മരണ തന്‍ കാന്തിയും നെഞ്ചേറ്റി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ