2013 നവംബർ 17, ഞായറാഴ്‌ച

കഥ- കൊച്ചു കൊച്ചു സന്ദേഹങ്ങൾ.


ഉറക്കമുണരാൻ വൈകി.
വളരെ നേരത്തെ കാത്തു കിടപ്പിന്  ശേഷം വെളുപ്പാൻ കാലത്താണ് ഒന്ന് കണ്ണടച്ചത് .

കാലിനു വല്ലാത്ത വേദന. എണീക്കാൻ കഴിയുന്നില്ല. രാത്രിയിൽ ആണ് കാല്പാദം നീര് വന്നു വീര്തത്...നിലത്തു ഉറപ്പിച്ചു ചവിട്ടാൻ കഴിയാതെ, ഒരു വിധം കട്ടിലിലെക്കെത്തി. പത്തിരുപതു വർഷത്തെ ഗൾഫ്‌ ജീവിതത്തിന്റെ സമ്പാദ്യങ്ങളിൽ ഒന്ന്.

കിടന്നിടത്തു തന്നെ കയ്യെത്തിച്ച് മൊബൈൽ എടുത്തു നോക്കി...സമയം ഏഴു മണി. വീട്ടിലേക്കു വിളിക്കാറുള്ള സമയം കഴിഞ്ഞു. നിത്യവും അഞ്ചു മണിക്ക് ഉണർന്നാൽ ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന്. മക്കൾ സ്കൂളിൽ പോകുന്നതിനു മുന്പ് അവരുമായി സംസാരിക്കുക എന്നതാണ്, ഇടയിൽ  ഭാര്യയോടു വിശേഷങ്ങള തിരക്കും. പിന്നെ, ജോലി സ്ഥലത്തെത്തി അത്യാവശ്യം തിരക്കൊക്കെ തീര്ന്നതിനു ശേഷമാണ് വിശദമായ വിളിയും സംസാരവും.

ഇന്ന് ആ സമയത്ത് ഉണര്ന്നില്ല, വിളിച്ചില്ല.  
വിളിക്കാമെന്ന് കരുതി, കാലിലെ വേദനയെ അമര്ത്തി പ്പിടിച്ചു എണീറ്റിരിക്കാൻ ശ്രമിച്ചു....ഓ..വയ്യ....!

കിടന്നു കൊണ്ട്  തന്നെ മൊബൈൽ എടുത്ത് വീടിലേക്കുള്ള നമ്പറിൽ വിരലമർത്തി ...

നാശം...പൈസ തീര്ന്നിരിക്കുന്നു. 

പുറത്തു പോയി കാർഡ് വാങ്ങിക്കാനാണെങ്കിൽ, വലതു കാൽ ഒരു നിലക്കും സമ്മതിക്കുന്നില്ല. കുറച്ചു കഴിഞ്ഞ് ജോലി സ്ഥലത്ത് നിന്ന് ആരെങ്കിലും വിളിക്കും, ചെല്ലാത്തതെ പറ്റി അറിയാൻ. അവരോടു പറഞ്ഞു പൈസ കേറ്റാം. 

വീണ്ടും ഉറക്കത്തിലേക്കു വീഴുന്നതിനിടക്കാണ്, മൊബൈൽ ശബ്ദിച്ചത്.
വീട്ടിൽ നിന്നായിരിക്കും, പതിവ് സമയത്തുള്ള വിളി കാണാതായപ്പോ...അവൾ വിളിക്കുന്നതായിരിക്കും, പാവം!

അല്ല., ജോലി സ്ഥലത്തുനിന്നു മാനേജർ ആണ്. കാര്യം പറഞ്ഞു., രണ്ടു ദിവസത്തേക്ക് അവധിയായിരിക്കുമെന്നും. അനിലിനോട് എന്നെ വിളിക്കാൻ പറയണമെന്ന് കരുതി...അപ്പോഴേക്കും അദ്ദേഹം, ഫോണ്‍ കട്ടാക്കി. രാത്രിയായിട്ടും അനിലോ, സ്ഥിരം വിളിക്കാറുള്ള പ്രമോദോ  വിളിച്ചില്ല.

വീട്ടിലേക്കു വിളിക്കാൻ, പുറത്തു പോയി ഒരു ടെലിഫോണ്‍ കാർഡ് വാങ്ങണമെന്നുണ്ടായിരുന്നു . പക്ഷെ, എണീക്കാനുള്ള ശ്രമം പോലും കാലിലെ വേദന കൊണ്ട് പാഴായി.

പിന്നെ, പതിവ് വിളി കാണാതാകുമ്പോ രാവിലെ വിട്ടിൽ നിന്നും ഇങ്ങോട്ട് വിളിക്കും  എന്ന് സ്വയം ആശ്വാസം കൊണ്ടു. 
 
മക്കളെ സ്വപ്നം കണ്ടു കൊണ്ടാണ് ഉണര്ന്നത്.  ഇന്നലത്തെ പോലെ തന്നെ ഇന്നും വൈകിയിരിക്കുന്നു. 

കാലിലെ വേദന അല്പ്പം കുറഞ്ഞത്‌ പോലെ തോന്നുന്നു. പക്ഷെ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഉച്ചയായപ്പോഴേക്കും, മാംസത്തെ തുളക്കുന്ന വേദന സഹിച്ചാൽ, കുറേശ്ശെ നടക്കാമെന്നായി.

മെല്ലെ മെല്ലെ നടന്നു, കടയിൽ  പോയി ടെലിഫോണ്‍ കാര്ഡ് ഒന്ന് വാങ്ങി.
സമയം രണ്ടര കഴിഞ്ഞിരിക്കുന്നു...നാട്ടിൽ സമയം നാലര, മക്കൾ സ്കൂളിൽ നിന്നും വന്നു കാണും.

ഫോണെടുത്തത് മകളായിരുന്നു. ഓരോരുത്തരുമായി സംസാരിച്ചു. 
രണ്ടു ദിവസത്തെ പതിവ് വിളി കാണാതായതെ പറ്റി "ജോലി തിരക്കായിരുന്നോ..." എന്ന് മാത്രം ഭാര്യ ചോദിച്ചു.

"ഉം" ഒരു മൂളലിൽ അതിനുള്ള മറുപടിയും. കാലിലെ വേദന കൊണ്ടോ, മനസ്സിന്റെ വിഷമം കൊണ്ടോ കണ്ണുകൾ നിറഞ്ഞു.

കാലിലെ നീർ ക്കെട്ടിനെ പറ്റി,വേദനയെ പറ്റി,   എന്തോ ഒന്നും പറയാൻ തോന്നിയില്ല. അല്ല, അത് പറഞ്ഞു അവരെ കൂടി സങ്കടെപ്പെടുത്തേണ്ടല്ലോ. ഫോണ്‍ കട്ട് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ