2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

അമ്പട ഞാനേ...!!



മൂട്ടിൽ
ഫുട്ബോൾ കണക്കെ
തുന്നലില്ലാത്ത ഒരു ട്രൌസറായിരുന്നു
കുട്ടിക്കാലത്തെ,
 എന്റെ സ്വപ്നങ്ങളിലൊന്ന്..

വർഷത്തിൽ രണ്ടു തവണ 
വിദ്യാലയാങ്കണത്തിൽ 
പ്രദര്ശിപ്പിക്കുന്ന സിനിമക്ക് 
അൻപത് പൈസ കൊടുക്കുവാനില്ലാതെ 
വീടിന്റെ കോലായിൽ, 
കരിക്കട്ടയാൽ ജയനെയും നസീറിനെയും 
കോറി വരച്ചു 
കണ്ണിലെ സങ്കടത്തെ മറികടക്കുമ്പോഴും 
സൂട്ടും കോട്ടും ധരിച്ച 
മുതിര്ന്ന ഞാനായിരുന്നു മനസ്സില്...

അച്ചൻ കിടപ്പിലായപ്പോഴാണ് 
നാട്ടിലെ ചിലർ കുടിച്ചു തീര്ക്കുന്ന 
മദ്യത്തിന്റെ പണമുണ്ടായിരുന്നെങ്കിൽ 
അച്ഛനു മരുന്നും,
വീട്ടിലേക്കു അരിയും വാങ്ങാമായിരുന്നെന്നു 
തോന്നി തുടങ്ങിയത്...

കാലങ്ങൾ പോകെ, പോകെ..
ഞാനൊരു ഗൾഫുകാരനായി, 
വീടായി, വസ്തുവായി,
ബൈക്കായി, കാറായി...
ഞാനുമൊരാളായി ...

നാട്ടിലെ ചൂട്,
കൊതുക്, പാറ്റ, ഈച്ച 
അപരിഷ്കൃതരായ ആളുകള്....
നാട് വികസിച്ച്ചേ പറ്റു..

പച്ച നിറഞ്ഞ ഇടവഴികൾ 
നടക്കുവാൻ പോരെന്നായി 
പുതുതായി വാങ്ങിയ വണ്ടിക്കു 
വീതിയേറിയ വഴികൾ വേണം...

നാട് വികസിച്ച്ചേ പറ്റു...
വികസിച്ച്ചേ പറ്റു...
വികസിക്കാത്തവർ 
എവിടെങ്കിലും പോയി തുലയട്ടെ...

വീടും കൂടും കാറും ഉള്ളവർ 
ഒത്തു ചേർന്ന് 
വികസന കമ്മറ്റി ചമച്ചു 
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു 
നാട് വികസിച്ച്ചേ പറ്റു.
വികസിച്ച്ചേ പറ്റു.
വികസിക്കാത്തവർ 
എവിടെങ്കിലും പോയി തുലയട്ടെ...

പണ്ട്,
കൂടെ കൊടി പിടിച്ചു നടന്നവർ 
ഇന്നും, അതേ കൊടിയും താടിയുമായി 
നടക്കുന്നുണ്ട് 
കരിങ്കാലി എന്നെത്രേ അവർ 
എനിക്ക് വെച്ച പേര്...
പറഞ്ഞോട്ടെ, പറഞ്ഞോട്ടെ,...

വികസന കമ്മറ്റി ചെയർമാനോളം 
വരില്ലല്ലോ, 
ഒരു പേരും..
അമ്പട ഞാനേ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ