2013 ജൂലൈ 11, വ്യാഴാഴ്‌ച

എനിക്കായ് മാറ്റിവെച്ചത്


അലച്ചിലാണ് 
ഈ കൊടും ചൂടിലും 
പരതുകയാണ് 
ചുറ്റിനും കണ്ണുകൾ..

ഒളിച്ചിരിപ്പുണ്ടാം 
എനിക്കായ് മാറ്റിവെച്ചത് 
കവിതയൊരെണ്ണം
എവിടെയെങ്കിലും..

കാളുന്ന വയറിന്റെ 
വാണിഭങ്ങളാൽ  കൊഴുക്കുന്ന 
തെരുവോരങ്ങളിൽ 

വേര്പ്പിന്റെ 
ചുടുനീർ കണങ്ങൾ 
പെയ്തിറങ്ങുന്ന 
ആകാശ കീറുകളിൽ...

മാനം മുട്ടെ 
ഉയര്ന്നു നില്ക്കും 
അഹങ്കാരത്തിന്റെ 
കെട്ടിടത്തലപ്പുകളിൽ 
അതിന്റെ,
ഓരോ അണുവിലും 
അലിഞ്ഞു ചേര്ന്ന 
വേര്പാടിന്റെ 
വേരറ്റവന്റെ 
പ്രാരബ്ദത്താൽ നീറുന്ന 
സ്പന്ദനങ്ങളിൽ....!

അഴുക്കു പുരണ്ട 
ശ്വാസോച്ച്വാസങ്ങൾ 
ഇടിമിന്നല് തീര്ക്കുന്ന 
പ്രവാസത്തിന്റെ 
ഇരുണ്ട മുറികളിൽ...

നാഭിയിലൊളിപ്പിച്ചു വെച്ച 
പൂർത്തികരിക്കാനാവാത്ത 
ചോദനകളാൽ 
തീ  തുപ്പുന്ന 
വിഷ സർപ്പങ്ങളിൽ..

നീ കേൾക്കുന്നുണ്ടോ 
എന്റെ 
സ്വരങ്ങളെന്ന് 
കടല് താണ്ടി വന്നെത്തുന്ന 
പരിഭവത്തിന്റെ 
ഉഷ്ണക്കാറ്റിൽ....

കൊടും മഴയാണിവി-
ടെന്നു പറഞ്ഞ് 
അലിഞ്ഞു ചേരാൻ കൊതിക്കുന്ന 
മനസ്സിന്റെ 
പറയാതെ പറയുന്ന 
കിതപ്പുകളിൽ...

ഉണ്ണിക്കഞ്ഞി വെക്കാത്ത 
മണ്ണപ്പം ചുടാത്ത 
ഉണ്ണികൾ 
ഓടി കളിക്കുന്ന 
അതിരിട്ട 
കല്ലുറഞ്ഞ 
കളിയിടങ്ങളിൽ....

എവിടെങ്കിലും 
ഒളിച്ചിരിപ്പുണ്ടാം 
എനിക്കായ് മാറ്റിവെച്ച 
കവിതയൊരെണ്ണം..

പരതുകയാണ്, 
കണ്ണുകളിപ്പോഴും... 
അറിവിന്റെ 
നീറുന്ന കവിതയൊരെണ്ണം  

ഒളിച്ചിരിപ്പുണ്ടാം  
എവിടെങ്കിലും 
എനിക്കായ് മാറ്റിവെച്ചത്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ