2013 ജൂലൈ 14, ഞായറാഴ്‌ച

മരണ വാറണ്ട്


താലിബാന്റെ പെണ്‍ട്ടികളുടെ വിദ്യാഭ്യാസ നയത്തിനും അടിച്ചമർത്തലിനുമെതിരെ ശബ്ദമുയര്ത്തിയ മലാല എന്ന ധീരയായ പെണ്‍ക്കുട്ടിയെ നമ്മൾ ഉയരത്തി കാണിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുമ്പോൾ തന്നെ, അമേരിക്കയുടെ കാപട്യത്തെയും ദാര്ഷ്ട്യത്തെയും, കൊള്ളരുതായ്മകളേയും തുറന്നു കാണിച്ച "എട്വേഡു സ്നോഡൻ" എന്ന മരണം ഉറപ്പിച്ച ചെറുപ്പക്കാരനെ നമ്മൾ ബോധപൂർവ്വം വിസ്മരിക്കുന്നു.

മരണ വാറണ്ട് 

പ്രിയപ്പെട്ട സ്നോഡൻ 
നീ കാണിച്ചു തന്ന സത്യങ്ങൾ 
നിനക്കുള്ള 
മരണ വാറണ്ടുകളാണ് 

അഭയത്തിനു വേണ്ടിയുള്ള 
കാത്തിരിപ്പിന്റെ ഒരോ നിമിഷത്തിലും 
മരണത്തിന്റെ കാലൊച്ചയാണ് 
നിന്റെ കാതുകളിൽ മുഴങ്ങുന്നത്...

എനിക്കറിയാം  
ധീരരായ, 
ഞങ്ങളുടെ മുൻഗാമികൾ 
ഇപ്പോൾ ലജ്ജിക്കുന്നുണ്ടാകാം... 

ഒരു പുൽത്തൊഴുത്തെങ്കിലും മതി 
നിനക്കിന്നു അഭയത്തിന്...
പക്ഷെ,
അഭയം തരേണ്ടവർ
ആമയെപ്പോലെ 
ഭയത്തിന്റെ പൊത്തിലേക്ക് 
തലയും  ഉൾവലിച്ചിരിപ്പാണ്.
ഒന്നും കാണേണ്ട, കേള്ക്കേണ്ട...

പ്രിയപ്പെട്ട സ്നോഡൻ
ക്ഷമിക്കുക..
ഞാനൊരു, 
കുഞ്ഞുകുട്ടി- 
പരാധീനക്കാരനായിരുന്നാൽ കൂടി
ഈ അക്ഷരങ്ങൾ കൊണ്ടെങ്കിലും  
എനിക്ക് 
നിന്നോട് ഐക്യപ്പെടണമെന്നുണ്ട്...

എന്റെ,  
അടിവസ്ത്രത്തിന്റെ നിറം പോലും 
അവർ 
സ്കാൻ ചെയ്തുകൊണ്ടിരിക്കയാണെന്ന 
തെളിഞ്ഞ അറിവോടുകൂടി തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ