വെറുതെയിരിക്കുമ്പോൾ
കാലുകൾ കാട് കയറുന്നു
പുഴയും പെരുമ്പാമ്പും
പുലിയും കടുവയും
കൈകോർത്ത് ചിരിക്കുന്നു
കാറ്റിലുലാത്തുന്നു
കണ്ണ് കെട്ടിയ മനസ്സ്
പണ്ടു കണ്ട,പരിചിതരെപ്പോൽ
അത്ഭുതം കൂറുന്നു
ഇന്നലെ വരെ വലിച്ചു കേറ്റിയ
അഹങ്കാരത്തിൻ പുടവയെല്ലാം
അഴിഞ്ഞു വീഴുന്നു
എന്തിനേ വന്നുവെന്ന ചോദ്യം നിഴലിക്കേ
നഗ്നനായോരെന്റെ
ഉടല് പൊള്ളുന്നു
കാട് വിട്ട് വീട് പൂകാനാകാതെ
തുള വീണ വെയില് നോക്കി തുള്ളി കളിക്കെ,
ഓർമ്മയിൽ നിന്നുമന്ന്യനാകുന്നു....
ഞാൻ,
പൂത്ത് നില്ക്കുമൊരു വനമായി
വസന്തമായി മാറുന്നു.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ