പൂത്ത മരക്കൊമ്പി-
ലൂഞ്ഞാലാടും പ്രണയമേ...
കണ്ടുവോ നീയെന്റെ കാമുകിയെ
കാട്ടുചോല തഴുകിയ
വരാലിന്നുടലിനെ
കിന്നാരം ചൊല്ലിയെൻ
കാതു കടിച്ചെടുത്തു
കടന്നു പോയവളെ
മണ്ണിന്റെ മദഗന്ധം
കുടിക്കുവാനെത്തും
മഴവള്ളി പോൽ നനുത്തവളെ
ചുംബനത്തിന്റെ കൈപ്പിനാലെൻറെ
ചുണ്ടു പൊള്ളിച്ച
വാക്കിന്റെ മൂദേവിയെ
കണ്ടുവോ, കണ്ടുവോ നീ
പൂത്ത മരക്കൊമ്പിലൂഞ്ഞാ-
ലാടുമെൻ പ്രണയമേ...
നിലാവ് പൂവിട്ട
തണലിന്റെ പാടത്ത്
വാക്കുകൾ
ഉന്മാദ നൃത്തം ചവിട്ടും
കളിയച്ചനൊരുക്കിയ
കളിത്തൊട്ടിലൊന്നിൽ
കാഞ്ഞിരത്തിന് കയ്പു മോന്തിയോൾ ,
കാട്ടു കിഴങ്ങിൻ മൂട്ടിൽ മുളച്ചവൾ
മണ്ണിന്റെ ചൂടും ചൂരും നിറഞ്ഞവൾ
ആരാലും തളക്കപ്പെടാതെ,യശ്വ-
മേധ കുതിരയായലയുവോൾ
പുണർന്നിട്ടും പുണർന്നിട്ടും
കൊതി തീരാതെ
മരണക്കയത്തിലേക്കു
കൊണ്ടു പോകുന്നവൾ
ശൂന്യമാം തേജസ്സിൽ
പേറ്റ് നോവാൽ പൊള്ളി കിടക്കുന്നു
നിന്റെ രേതസ്സ് ചുട്ടെടുത്തവൾ
കാല കാപട്യത്തിൻ
മുഖത്തേക്ക് തുപ്പുവാൻ
കാല വൈരിയാം കാമുകിയായവൾ .
-ശശി കാട്ടൂർ
.02.11.16.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ