എന്നെ, എടുത്തു കൊണ്ടുപോവുക
നിൻറെ, വന നിഗൂഢതയിലേക്ക്
എൻറെ കണ്ണുകളിലെ തിമിരം
തോണ്ടിക്കളയുവാൻ,
നിൻറെ
മുലപ്പാലിൻ മധുരമിറ്റിക്കുക
അടഞ്ഞുപോയോരെൻ
ചുണ്ടുകൾക്ക് മീതെ...
മണ്ണുടലിന്റെ തൈലം പുരട്ടുക
വറ്റിപ്പോയ സിരകളിൽ, കാട്ടു-
ചുംബനത്തിന്റെ പുഴയൊഴുക്കീടുക
ബധിരതയുറഞ്ഞ കാതുകളിൽ
ആർത്തവ രക്തത്തിൻ
മണം നീറ്റുക
തല പൂഴ്ത്തിയുറങ്ങുന്ന സർപ്പത്തെ
മകുടിയൂതി ഉണർത്തുക
കാലത്തിൻറെ ശൈത്യത്തെ
മറി കടക്കുവാൻ
മുറിപ്പാടുകളിൽ
കാന്താരി മുളകരച്ച് വെച്ചീടുക
ഒച്ചക്കൊണ്ടും
ആയുധം കൊണ്ടും
കീഴ്‌പ്പെടുത്താനെത്തുന്ന ശത്രുവിനെ
നേരറിവുകൊണ്ട്
മായ്ച്ചു കളയണം
നിവർന്ന് നിന്നൊന്നു പാടുവാൻ
നിന്നെ കൂടിയേ തീരു....
മരണമാകും ഇരുളിൽ നിന്നും
അറിവാകും
വെളിച്ചത്തിലേക്കു തെളിയുവാൻ
നീയാകട്ടെ ഔഷധം.
അക്ഷരമേ, നീയാകട്ടെ
എന്നിലെ ഔഷധം.
-ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ