2017 മാർച്ച് 3, വെള്ളിയാഴ്‌ച

മുത്തച്ഛനും മുതു നെല്ലിക്കയും



അനുഗ്രഹമാണ് മറവി
മനുഷ്യർ പഴം ചൊല്ല് ചൊല്ലുന്നു
പോയ കാലം ഓർക്കാതിരിക്കുക  
നല്ലതാണെന്ന്
പുത്തൻ വാമനന്മാരും...

തെക്കേ ചുവരിലെ
ചിത്രത്തിൽ നിന്നും ഇറങ്ങി വന്ന്
ചെകിടത്ത് തന്ന പ്രഹരത്തിലാണ്
മുത്തച്ഛൻ പറഞ്ഞേച്ച് പോയ  
കാര്യങ്ങളത്രയും
വീണ്ടുമെൻറെ ഓർമ്മയിലെത്തീത്

മണ്ണിൽ കുഴി കുത്തി
പാളയിലിറ്റിച്ചു തന്ന കഞ്ഞിയിൽ
കണ്ണീര്
തൊട്ടു കൂട്ടിയ കാലം  

വേണ്ടത്ര വിളവില്ലെന്ന ചൊല്ലിനാൽ
ചാട്ടവാറാൽ മുതുകത്തടിച്ചതിൻ  
ഓർമ്മ തൊട്ടു
മുറിപ്പെട്ട നേരം..

അരക്കെട്ടിലെ തീണ്ടൽ മറന്ന
തമ്പുരാൻറെ ശീലക്കേടിനാൽ  
മുത്തിയമ്മ തൂങ്ങി ചത്ത
പ്ലാവിൻ കൊമ്പിൻറെ വെപ്രാളം
കണ്ടു കൺ മിഴിച്ച നേരം..
 
പതമളന്നു പൊലിക്കെ
കഥകളിയാട്ടം
ഏറുകണ്ണിട്ടൊന്നു, നോക്കിയതിന്
കീറിമുറിച്ച കണ്ണിൻറെ സൗന്ദര്യം
ഇരുട്ടിലൂടെ കാണിച്ചു തന്നതും,
 
രാമായണത്തിന്റെ ശീലു കേട്ട്
കാതൊന്നകത്തേക്ക് നീട്ടീയേന്
മുറുക്കീതൊക്കെയും തുപ്പി നിറച്ചു
ഉറച്ചു പോയ കാതിൻലെ
രുദ്ര  ഗീതം മൂളിച്ചു തന്നതും ..

കൊത്തിയെടുത്ത ദൈവത്തെ
അശുദ്ധി തൻ പേര് ചൊല്ലി
അമ്പലപ്പറമ്പിന്ന് ആട്ടിയോടിച്ച
ഉളിമുനയുടെ ആഴം,
കൈവെള്ളയിൽ കോർത്തു തന്നതും,

തമ്പ്രാൻ വരുമ്പോ
അടിയളന്നു നിന്ന
കറുത്ത കാലടികൾ
വിറക്കുന്നത് പകർന്നു തന്നതും  

പള്ളിക്കൂടത്തില്
പിള്ളേരെ വിട്ടേന്, കാലു
തല്ലിയൊടിച്ച,
വാക്കുകളുടെ തീമുന  
നുള്ളി തന്നതും..
 
പെണ്ണുങ്ങൾക്ക് മുലയുണ്ടായേന്
എണ്ണി വാങ്ങിയ രൂവേടെ കണക്കും,
കാമക്കണ്ണും, കണ്ണടയിട്ടു
കാണിച്ചു തന്നതും  
 
കുടിലിനും
കൂലിക്കും വേണ്ടി യാചിച്ചപ്പോ
വരത്തന്മാരുടെ പട്ടാളത്തെക്കൊണ്ടു
വെടി വെച്ചതിന്റെ ഒച്ച
പൊട്ടിച്ചു തന്നതും...
മറക്കാണ്ടിരുന്നാ
മനുഷ്യനായി ജീവിക്കാന്നും, വട്ട-
കണ്ണടക്കാരൻ മുത്തച്ഛൻറെ
നെഞ്ചിലേക്കൊഴിച്ച നഞ്ചിൻ
അടിയൊഴുക്കുകളൊക്കെയും
ഇടക്കിടെ, ഓർത്തോണ്ടിരുന്നാൽ
കപട മുഖങ്ങളെ കാണാം ന്നും
മുത്തച്ഛൻ പറഞ്ഞു തന്നിരുന്നല്ലോ
പുത്തൻ
പൂതങ്ങൾ പിടിക്കാതിരിക്കാൻ
ഇമ്മാതിരി ഓർമ്മകൾ
നല്ലതാണല്ലോ..!

-ശശി  കാട്ടൂർ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ