പാടാൻ മറന്ന
എൻറെ നാക്ക്
അടുത്ത കാലത്തായ്
ഉള്ളിലേക്ക് വളർന്നു പോകുന്നു
കാലക്കേട് തീർത്ത
അഴുക്കുകൾ
അടിഞ്ഞതു കൊണ്ടാകാം
വടിക്കാത്തതുകൊണ്ടാകാം
പുറത്തേക്കെടുക്കുവാൻ
വലിച്ചു നോക്കീട്ടും
വഴുതി വഴുതി
ഉള്ളിലേക്ക് നൂണ്ടു പോകുന്നു
അക്ഷരം
കോറിയിട്ടൊരെൻ നാക്ക്. !
വാക്കൊന്നു പോലും
മിണ്ടുവാൻ കഴിയാതെ
ഉള്ളിലേക്കൊളിച്ച നാക്ക്
ഗുദത്തിലൂടെ
നീണ്ടു നീണ്ട്
വാലായി വരുമായിരിക്കും
ദേശീയത
വിജൃംഭിച്ച് നിൽക്കുന്നത്
കാണുമ്പോഴും കേൾക്കുമ്പോഴും
എഴുന്നേറ്റ് നിൽക്കുവാൻ
എൻറെ വാലെ,
നീയൊരു
തടസ്സമാകാതിരിക്കട്ടെ
അതാണെന്റെ പ്രാർത്ഥന.
ഇപ്പോഴത്തെ പ്രാർത്ഥന.
-ശശി കാട്ടൂർ
23.01.17
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ