2017 മാർച്ച് 3, വെള്ളിയാഴ്‌ച

ആധി



ഇരുളുവാൻ നേരമായെന്ന് 
പാതിയടഞ്ഞ മിഴി പോലെ 
ചുരുളുന്നു ഇലകൾ, 
കൂടണയുവാൻ നേരമായെന്ന് 
പാടത്തു പണി കഴിഞ്ഞു, പടിഞ്ഞാട്ടു 
പറക്കുന്ന വെൺകൊറ്റികൾ .

വന്നില്ലല്ലോ വണ്ടിയിനിയും 
ഒറ്റക്കാണവൾ, വീട്ടിൽ 
മിണ്ടുവാനാകാത്ത മകൾ 
ഇരുളിലും 
നിഷ്ക്കളങ്കത കാണുന്നവൾ,.

വന്നിരിക്കുമോ പേരിൽ 
അച്ഛനായ് ചമയുന്നവൻ 
കണ്ടതാണല്ലോ കണ്ണുകൊ-
ണ്ടവളെ
യുഴിഞ്ഞു പോകുന്നതിന്നലെ.

മണ്ടിയാണവളിപ്പോഴും, അച്ഛനെ-
ന്നയാളെ ധരിക്കുന്നവൾ  
ചെന്നിരിക്കും മടിയിൽ 
വിളിച്ചാൽ, മടി കൂടാതിപ്പോഴും...

അയാളെത്തേണ്ട നേരം കഴിയുന്നു
ഭയത്തിൻ മുറിപ്പാടെന്നുടലു 
പൊതിയുന്നു  
മിടിപ്പ് കൂടുന്നു, ഹൃദയത്തിൻ 
തുടിത്താളം മുറുകുന്നു.
ഇരുട്ടു പടരുന്നു, 
പതറുന്നു ചിന്തകൾ....!

കാതിലൊന്നുണ്ടോ കേൾക്കുന്നു 
വായ് പൊത്തിപിടിച്ചതിൻ മൂളക്കം
മൃഗ തൃഷ്ണ  തന്നാരവം, പുതുമലർ 
ചീന്തി കുടിച്ച കിതപ്പുകൾ ..!

കൊന്നു കളയുമയാളെ, ഞാനിന്ന്  
പൊന്നുമോളെ, 
നിന്നയാൾ  
തൊട്ടെന്നു വന്നീടുകിൽ..!

ഒച്ചയില്ലാത്തവളാണവൾ 
ഒന്നു കരയുവാൻ പോലു, 
മെൻ പരദേവതേ...
നേരില്ലാ കാലത്തിൻറെ 
കോലായിൽ നിന്നും, 
ദൂരേക്കു-
കൊണ്ടുപോയാലുമവളെ നീ...

ഇല്ലല്ലോ ആധിയെനിക്കു, മകളെ നീ-
യില്ലെങ്കിൽ പിന്നെ...
ഏതു ദിക്കിലും പോയ് വരാം 
ഈയമ്മതൻ ഹൃദയം 
കാവൽ വിളക്കായ്  
വീട്ടിൽ, അടച്ചു വെക്കാതെ, 
ഭയക്കാതെ.....



-ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ