പ്രിയതമേ നമുക്ക് പ്രായമാകുന്നുവോ
എന്ത് സൗരഭ്യമായിരുന്നു, പണ്ട്
നീയെൻറെ ചാരെ വന്നു നിന്നീടുമ്പോൾ
താമരപ്പൂ വിരിയുന്ന ഗന്ധം
പൂവിതൾ തൊട്ടു നോക്കും മൃദുലത
എപ്പോഴും മൊത്തി കുടിക്കുവാൻ തോന്നും
സ്നിഗ്ദ സൗന്ദര്യ മധുപൂർണ്ണ ചന്ദ്രിക !
ഇന്ന് നീയെൻ അരികത്തിരിക്കെ
വെന്തു നീറിയ അരിയുടേതാകാം
അരിഞ്ഞു വെക്കെ നിന്നോടലിഞ്ഞ
എരിവേറിയ മുളകിന്റേതാകാം,
കണ്ണ് നീറ്റിയ സവാളയുമാകാം
കൂട്ട് ചേർക്കേ ഉടുപ്പിൽ തെറിച്ച
കറി മസാല തൻ ഗന്ധവുമായിടാം
കുട്ടിക്കൂറയും ഫയർ ആൻറ് ലൗവ്ലിയും
മാറി നിന്നതിന് മനുഷ്യ മണമാകാം ...!
ഇന്ന് നിന്നെ തൊട്ടു നോക്കീടവേ, തള്ളി-
മിനുക്കാത്തുരുപ്പടി പോലെയാം
കാലം നിൻറെ മെയ്യിൽ പുരട്ടിയ
അനുഭവത്തിൻറെ പരു പരുപ്പായിടാം
എങ്കിലും പ്രിയേ ഒന്നുണ്ട് കാണുന്നു, ഉഷ-
സന്ധ്യ വന്നു വിളിക്കുന്നതിന് മുൻപേ
ഭാരമെല്ലാം ഒന്നായെടുത്തു നീ
രാഗ ദ്വേഷ വികാരങ്ങളെല്ലാം
മക്കളോടുള്ള പ്രേമത്തിൽ മുക്കി
രാവിരുട്ടി തല ചായ്ക്കും വരെ, ഋതു-
ഭേദങ്ങൾ വന്നു പോകുന്നതറിയാതെ
ഭൂമിയെപ്പോൽ നിന്ന് തിരിയുന്നു,
ചോർന്നു പോകാത്ത സഹനത്തെയോർത്ത്
പാതിയാളെ നിന്നെ നമിക്കുന്നു.!
പ്രിയതമേ നമുക്ക് പ്രായമായെങ്കിലും
പ്രണയിച്ചു പോകുന്നു നിന്നെ ഞാൻ വീണ്ടും.
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ