കേരളത്തിൽ അവധിയുടെ ഘോഷയാത്രക്കിടെ, ഹർത്താലിലൂടെ കൈവന്ന ഒരധിക അവധി ദിനം കൂടിയായിരുന്നു ഇന്നലെ.
കോൺഗ്രസ്സുകാർ അഴിമതിക്കെതിരെ നടത്തുന്ന സമരം പോലെ ബി ജെ പി ക്കാർ അക്രമത്തിനെതിരെ നടത്തിയ ഒരു പൊറാട്ടു നാടകം.
അക്രമം ഏതു രാഷ്ട്രീയ കക്ഷി നടത്തിയാലും, തികച്ചും പ്രാകൃതവും, അനുവദിക്കാൻ പാടില്ലാത്തതും എന്നു പറയുന്നതോടൊപ്പം നിസ്സഹായരായ ജനതയ്ക്ക് മേലെ അധികാരത്തിന്റെയും, കരുത്തിന്റെയും പ്രകടനപരമായ അഹന്തയുടെ തേർവാഴ്ച്ച എന്ന് കൂടിയും വിലയിരുത്താം. വെറും പത്താളുകൾ മാത്രമുണ്ടായാലും ഒരു ഹർത്താൽ പ്രഖ്യാപിച്ചു വിജയം നേടാം എന്നതാണ് വർത്തമാന കാലത്തെ കേരളത്തിലെ ഒരു പ്രത്യേകത. അതുകൊണ്ടു തന്നെ എല്ലായ്പ്പോഴും പ്രസ്തുത കക്ഷികൾ അത് അവരുടെ വിജയമായി, അവരോടുള്ള അനുകൂല നിലപാടായി കാണാറുണ്ട് എന്നുള്ളത് കുരുടന്മാർ ആനയെ കണ്ട പോലെ എന്ന് പറയുന്നതായിരിക്കും ശരി.
മനുഷ്യൻ പുരോഗതി കൈ വരിച്ചിട്ടുള്ളത് നിരവധി സമര മാർഗ്ഗങ്ങളിലൂടെയും, ത്യാഗങ്ങളിലൂടെയും, സത്യാഗ്രഹങ്ങളിലൂടെയും ഒക്കെ തന്നെയാണെന്നത് പിന്നിട്ട ഓരോ നാളുകളും നമ്മോടു പറയുന്നുണ്ട്. ജനാധിപത്യ മേഖലയിൽ ജന ജീവിതത്തിന്റെ നിലനിൽപ്പിനും, മുന്നോട്ടുള്ള പ്രയാണങ്ങൾക്കും സമരവും, സത്യാഗ്രഹവും, ഒക്കെ ആവശ്യമാണെന്നിരിക്കെ, രാഷ്ട്രീയ കക്ഷികൾ ചെയ്തു കൂട്ടുന്ന അക്രമങ്ങൾക്കും നീതി കേടിനും അവർ തന്നെ ഹർത്താലും ബന്ദും പ്രഖ്യാപിച്ചു ആഘോഷമാക്കുന്നതു കാണുമ്പോൾ അത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയായി മാറുന്നു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ്.
പ്രിയ അക്രമ രാഷ്ട്രീയ സുഹൃത്തുക്കളെ, നിങ്ങൾ നടത്തുന്ന ഒരു ഹർത്താലും നിങ്ങളോടുള്ള അനുഭാവത്തിന്റെ വിജയമല്ലെന്നും, മറിച്ചു ജീവിക്കാനുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ ഉപോല്പന്നമായ ഭീതിയിൽ നിന്നും ഉളവാകുന്ന വിജയമാണെന്നും, അത് ഒരു ജനാധിപത്യ വ്യവസ്ഥിതിക്കു ഒരിക്കലും ഭൂഷണമല്ലെന്നും, ഓർക്കുക.
14.10.16
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ