വാർത്തിങ്കളെ,
വാതായനങ്ങൾ തുറന്നിട്ടു,
ഉറക്കം വരാതെ ഞാ-
നിരിക്കുമീ രാവിതിൽ...!
ചിരിച്ചിരിച്ചെത്തുന്ന പൂംകാറ്റിനൊപ്പം
മരക്കൊമ്പിലും,ഇലയിലും
പൊൻപ്രഭ തുളിച്ചും, അരികെ
വരികെന്നു കൈകാട്ടി വിളിച്ചൂം
കിലുങ്ങും അരമണി താളത്തി, ലിളകി
പുലരും വരേക്കു മധുര മധു നുകർന്ന്
പുതിയൊരുഷസ്സിന്റെ വെളിപാടുമായി
കുതികൊൾകെന്നു മൊഴിയുന്നുവോ നീ..
മറവിയുടെ മാളത്തിലമർന്നു പോയ
കറയറ്റ പദങ്ങളത്രയും
തിരകെ വന്നെന്റെ പാദങ്ങളിലൂടെ
പിണഞ്ഞേറുന്നു...നീ വിരിച്ചിട്ട
നന നിലാവത്രയും, എന്നെ പൊതിഞ്ഞു
ധ്യാനത്തിലാഴ്ത്തുന്നു
മാറാല കെട്ടിയ പെരുംകാല
മറക്കപ്പുറത്തു നിന്നെത്തി
നോക്കുന്നുണ്ടൊരുടലും ഉടലിനെ
കാത്തുപോന്ന മൺപുറ്റും
ഞാനൊന്നലറി വിളിക്കവേ,
ഉടഞ്ഞുവോ, അറിവിന്റെ
മൺകവചമൊക്കെയും,
അടഞ്ഞ മിഴിയോടെ
നടകൊൾകയായ് രത്നാകരൻ,
ദിവാകരനുദിക്കുന്ന ദിക്ക് നോക്കി,
അവിടെയുണ്ടൊരു കിളിയുടെ
രോദനം കേൾക്കുന്നുവോ...
കവിത തൻ ആദ്യപ്രപഞ്ചമുദിച്ചപോൽ
കൺകളുണർന്നെണീറ്റുവോ..!! ...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ