അന്ധകാര ഭൂമികൾ
കൊടുങ്കാറ്റിന്റെ ചൂളം വിളിയിൽ
എന്റെ ഒച്ച മുങ്ങിപ്പോയതായിരിക്കും
അമ്മേ .....
ഞാനെത്ര തവണ നിങ്ങളെ വിളിച് അലറിക്കരഞ്ഞുവെന്നോ....
ഇടിവാളിന് വെട്ടത്തിൽ മരങ്ങളും തെങ്ങിൻ തലപ്പുകളും കോമരം തുള്ളുന്നത് കണ്ട്
ഞാനെത്ര, എത്ര പേടിച്ചുവെന്നോ...!
അപ്പാ..
തൊഴുത്തിലെ പശുവിന്റെ അമറലൊന്നു കേട്ടാൽ , ഞെട്ടി ഉണരാറുള്ള
എന്റെ അപ്പാ....
ഞാൻ പറഞ്ഞിരുന്നില്ലേ
ആ കൂരയിൽ , വൈക്കോൽ വിരിപ്പിൽ, ഒറ്റയ്ക്ക് കിടക്കാൻ
എനിക്ക് പേടിയാണെന്ന്.!
നിങ്ങളെ ഞാൻ കുറ്റം പറയില്ല,
അത്രമേൽ മഴയും തണുപ്പുമായിരുന്നല്ലോ
നമ്മുടെ മേൽക്കൂരയിൽ താളമിടുന്ന മഴത്തുള്ളികളുടെ ചിണുക്കം കേട്ട് ഉറങ്ങാൻ എന്ത് രസമായിരിക്കും...!
അമ്മേ ...
എന്റെ അനുജത്തിയെ
എന്നെപ്പോലെ നിങ്ങൾ മാറ്റിക്കിടത്തരുത്.
അവൾക്ക് പേടിയാവില്ലേ...
അവൾക്ക് വളരേണ്ടേ ,
പെണ്ണായി, വസന്തമായി
വിടർന്നുല്ലസിക്കേണ്ടേ ...
അമ്മേ , അപ്പാ...
ഇനി നിങ്ങൾ സങ്കടപ്പെട്ടിട്ടെന്തിന് ...?
നിങ്ങളുടെ ഓരോ ചലനത്തിനും കാതോർത്ത്
എന്റെ അനുജത്തിമാർക്കൊക്കെയും ഓർമ്മപ്പെടുത്തലായി
ഞാനിവിടെ,
ഈ മൺകൂനക്കടിയിൽ
എപ്പൊഴും ഉണർന്നു കിടപ്പുണ്ട്.....!
- ശശി കാട്ടൂർ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ