2018 നവംബർ 27, ചൊവ്വാഴ്ച

യാത്രയിൽ ചിലർ.


യാത്രയിൽ  ചിലർ.

നടുറോഡിൽ 
ചോരയിൽ തകർന്നു കിടക്കുന്ന 
അയൽവാസിയാം ഇയാളെ 
ഞാൻ കണ്ടിട്ടുണ്ടെന്ന് നിശ്ചയം.

പലവട്ടം മുഖത്ത് നോക്കി ഞാൻ 
പുഞ്ചിരിക്കാൻ ശ്രമിച്ചതും 
അയാളുടെ മുഖമപ്പാടെ 
മൊബൈലിലേക്ക് വീണുപോയതും 
ഇവിടെ ഞാൻ ഓർത്തെടുക്കട്ടെ.

ഞാൻ താമസിക്കുന്ന വാടക വീടിന്റെ മതിലിന്നപ്പുറം 
ഒറ്റക്കിരിക്കുന്ന കണ്ട് 
കൊച്ചു വർത്തമാനം പറയുവാൻ 
കൊതിച്ചതും , കഴുത്തൊടിഞ്ഞപോലെ 
ഇയാളുടെ മുഖം
 മൊബൈലിലേക്ക് 
പൂണ്ടുപോയതും 
ഇവിടെ ഞാൻ ചേർത്തുവെക്കട്ടെ.

തകർന്ന ബൈക്കും 
തകർന്ന മൊബൈലും 
ചോരയിൽ കുതിർന്ന ഇയാളെ 
ഞാൻ കണ്ടിട്ടുണ്ടെന്ന് മാത്രം പറയട്ടെ.

പേരെന്ത്,നാടെന്ത് , ഭാഷയെന്ത് ...
ഇനി മോർച്ചറിയിൽ കിടക്കട്ടെ,
പോലീസുകാർ തിരക്കട്ടെ.

- ശശി കാട്ടൂർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ