2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

മാഞ്ഞു പോകുന്നത്.



പാതിരാത്രിയിൽ 
നക്ഷത്ര കുഞ്ഞുങ്ങളെ 
പെറ്റു കൂട്ടുന്നു
കണ്ണുകൾ..

കണാമറയത്തിരുന്നു
വിവിധ താളത്തിൽ 
ചെറുജീവികളുടെ 
നാദമധുരിമ    

ഒരിളംകാറ്റ്, 
കാറ്റിലുലാത്തുന്ന 
പാൽ മണമുള്ള
നിലാവ്..

ഉലയൂതി തെളിയും പോലെ  
കുഞ്ഞു വെളിച്ചവുമായി 
തെന്നി തെന്നി പറക്കുന്ന 
മിന്നാമിന്നികൂട്ടങ്ങൾ 
 
യാത്രക്കുമുന്പേ, 
ഇനിയും മതിവരാത്ത 
ഈ കാഴ്ചയും കേൾവിയും പെറുക്കിയെടുത്ത് 
നാളെ
തൊട്ടുകൂട്ടാൻ പാകത്തിൽ 
മനസ്സിന്റെ ഭരണിയിൽ 
നനവോടെ ഇറക്കി വെക്കവെ 
വർഷങ്ങൾക്കുമുന്പേ അതിലടുക്കി വെച്ച 
കാടു പൂത്ത മലയും 
ആർക്കൊക്കെയോ വെള്ളം കൊടുക്കാൻ 
ആർത്തിയോടലഞ്ഞിരുന്ന പുഴയും
മരിച്ചുപോയവരെപ്പോലെ
പുറംലോകം നോക്കി 
നിലവിളിച്ചുകൊണ്ടേയിരിക്കുന്നു.!


-ശശി കാട്ടൂർ 
06.07.14 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ