സ്വാതന്ത്ര്യദിന ഘോഷങ്ങൾ മുഴങ് ങുന്നൂ,
കാതിൽ,
അധികാര കൂടാരത്തിന്നക-
ത്തളത്തിൽ നിന്നും...
നിൽപ്പുണ്ടതിൻ പുറത്തായൊരു ജനത,
തല ചായ്ക്കാനിത്തിരിയിടത്തിന്നായ്
കേണു കൊണ്ടങ്ങിനെ...
ഭൂമിതന്നാദിമ ജന്മങ്ങളത്രേ, യിവർ
ഭൂമിപാലരുടെ കണ്ണിലെ കരടാ-
യിന്നും നിലകൊള്ളുന്നവർ...!
ഓർത്തുപോകുന്നു, സ്വാതന്ത്ര്യത്തി-
ന്നർത്ഥവും അർത്ഥാന്തരങ്ങളും
കാലമേറെ പിന്നിട്ടു നില്ക്കവേ...
ആണ്ടുകൾക്ക് മുൻപൊരുകൂട്ട-
മാളുകളൊന്നുചേർന്ന് സമരം ചെയ്തും,
അടിയേറ്റു പുളഞ്ഞും, കാരാ-
ഗൃഹത്തിലമർന്നും വിളഞ്ഞും,
സഹിച്ചും നേടിയെടുത്തോ-
രവകാശങ്ങളത്രയും തീറെഴുതുന്നൂ,
നവ സാരഥികൾ, വൈദേശികര്ക്കായ്.
ഉള്ളവൻ മാത്രമുണ്ടാൽ മതിയെന്നും
ഉടുത്താൽ മതിയെന്നും തിരുത്തുന്നൂ
ജാതകം, നമ്മളാൽ തിരഞ്ഞെടുത്തവ-
രാലെന്നതും , കഷ്ടം.! ഇനിയെന്തെന്നല്ലോ
ചോദിപ്പൂ ബഹുജനം, കൈവിട്ടു പോകു-
മവകാശങ്ങളെ യോർത്തും ശപിച്ചും...
ആസുരതയാൽ പൊള്ളുമിക്കാലത്ത്
ആയുധം കൊണ്ടേ മറുപടിയെന്ന്,
ചിലർ പറയുമ്പോഴും, ഓർക്കുക
കൊലയും, കൊള്ളിവെപ്പും കൊണ്ട് നേടാ-
നാകില്ല നേട്ടം, വേണ്ടത് മാറ്റമത്രെ
നയിക്കുന്നവന്റെ മനോഭാവമത്രേ ..!
നമ്മളെ ഭരിക്കാതെ, നമുക്കായ്, ഭരിക്കു-
മെളിയവനാം ഒരുവൻ വരുമോ..?
കാളിയ വിഷ ദംശമേറ്റ് തമസ്സാൽ
പുളയുമീ ജനത്തെയുണർത്തുവാൻ
ഇല്ലായ്മയുടെ തൊഴുത്തിൽ നിന്നോ..
അസ്വാതന്ത്രത്തിന്നഴിക്കുള്ളിൽ നിന്നോ,
ചുരുട്ടി പിടിച്ച മുഷ്ടിയും,
ചാട്ടവാറും
ഓടക്കുഴലുമായ്
വരുമോ..വന്നെത്തുമോ..?
-ശശി കാട്ടൂർ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ