ഒരു കൂട പൂ തരുമോ പാണ്ടി നാട്ടിൻ പൂക്കാരാ
ഒരു ചെറു പൂക്കളം തീർത്ത് കൊള്ളാൻ..
ഉള്ളിലുണ്ടൊരുപാട് നിറമാര്ന്ന,മണമാര്ന്ന
ബാല്യ കൌമാരത്തിൻ പൂക്കളങ്ങൾ...
കര്ക്കിട മഴയൊട്ടു പെയ്തിറങ്ങീടവേ
മുറ്റത്തും, വേലിപ്പടര്പ്പിലും താനേ, പൊട്ടി-
മുളക്കുവതെത്ര പൂക്കൾ...പൊന്നിൻ-
ചിങ്ങ മാസപ്പെരും പുണ്യമായി..!
അരയന്നചേലൊത്ത ശുഭ്രമാം തുമ്പയും
അരപ്പവൻ പൊന്നാൽ തീര്ത്ത മുക്കുറ്റിയും
ചിരിതൂകി കളിയാടും കൃഷ്ണ കിരീടവും
പേരില്ലാ പൂക്കളോ..വിരുന്നുക്കാരെത്ര പേർ..!
ഇല്ലിന്നു കാണുവാൻ, പുഞ്ചിരി തിങ്കളാ-
ലുള്ളിലെ ഖേദങ്ങളൊക്കെ ഹരിച്ചവ..
ഓടിയൊളിച്ചുവോ, മണ്ണിന് തെളിച്ചങ്ങൾ,
മോടി കൂട്ടി,യവനവൻപ്പെരുമ വിളിച്ചോതി-
യാടിപ്പാടുമിക്കാലത്ത്, മണ്ണ് തീണ്ടാരിയത്രേ,
പാടില്ല, പാടില്ല തൊട്ടീടുവാൻ..!
കാണുവാനില്ലെങ്ങുമീ മതിൽക്കെട്ടി-
ന്നുള്ളിലൊരു നുള്ള് പൂ പോലും
പൂക്കളമൊന്നുരുക്കുവാ,നെൻ പഴ-
മനസ്സ് കൊതിക്കവേ..ആരറിവൂ
മണ്ണിന് സങ്കടങ്ങൾ, പുനർജനിക്കുവാൻ
വെമ്പും വിത്തിന്റെ വിങ്ങലുകൾ.. .!
തഴുകി തലോടുവാൻ, വിസ്മയകണ്കളാ-
ലഴകിൽ മുഴുകിയത്തൽ തീർത്തീടുവാൻ
ആരുമില്ലെങ്കിലെന്തിനു പിറക്കുന്നുവെ-
ന്നുരുകി,മണ്ണിന്നടിയിൽ കിടപ്പു ണ്ടാം
പുതുനാമ്പുകൾ....!
ഒരു കൂട പൂ തരുമോ പാണ്ടി നാട്ടിൻ പൂക്കാരാ
ഒരു ചെറു പൂക്കളം തീർത്തിടട്ടെ..!!
-ശശി കാട്ടൂർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ